02 October Monday

മുറിമീശക്കു കീഴിലെ ലോകം

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2016

ഭൂഗോളം വിരല്‍ത്തുമ്പില്‍ കറക്കിക്കളിക്കുന്ന ഹിറ്റ്ലറുടെ ദൃശ്യം ലോകസിനിമാചരിത്രത്തിലെതന്നെ ഏറ്റവും പൊളിറ്റിക്കലായ ഒന്നായിരുന്നു.  ഒരു മുറിമീശയുടെ തൊട്ടുതാഴെയിരുന്ന് ലോകത്തെ നോക്കിക്കാണുകയും വിഭ്രാന്തമായ മനസ്സില്‍ തോന്നുന്നതൊക്കെ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കയും ചെയ്തവരുടെ കഥകള്‍ വീണ്ടും വായിക്കുന്നത് അനിവാര്യമാകുന്ന കാലമാണിത്.

ഈ മുറിമീശകള്‍ വെറുതെ ഒരു തമാശയല്ല. രക്തം മണക്കുന്ന ചിന്തയുടെ മുഖലക്ഷണങ്ങളാണ് പലപ്പോഴും. ചെയ്തുകൂട്ടുന്ന ഭ്രാന്തുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അവര്‍ തലപുകയ്ക്കുന്നു. ആസൂത്രിത ഗൂഢാലോചനകള്‍ നടത്തുന്നു. സംഘടിതമായി നടത്തുന്ന ഇത്തരം ഗൂഢാലോചനകളെ, ശുദ്ധതെമ്മാടിത്തങ്ങളെ വെളുപ്പിക്കാന്‍ എക്കാലത്തും അക്കാലത്തെ പ്രചാരകക്കൂട്ടങ്ങളുമുണ്ടാക്കും. അവര്‍ കഥകളെഴുതും.

മീശകളുടെ പരിണാമത്തിന്റെ രാഷ്ട്രീയമാണ് പാലക്കാട് വിക്ടോറിയ കോളേജിലെ ക്യാമ്പസ് തിയറ്റര്‍ 'ചെമ്പരത്തി'യുടെ നാടകം 'മെറ്റാമോര്‍ഫസീസ് ഓഫ് എ മൊഷ്റ്റാക്' (ഒരു മീശയുടെ രൂപാന്തരണം) പറയുന്നത്.

ചാര്‍ലി ചാപ്ളിന്റെ 'ദ ഗ്രേറ്റ് ഡിറ്റേക്ടര്‍', ഹിറ്റ്ലറുടെ ആത്മകഥ.'മെയ്ന്‍ കാംഫ്', എം എന്‍ വിജയന്റെ 'ഹിറ്റ്ലര്‍ ഇന്ത്യയിലേക്ക് വരുന്നവഴി' എന്ന ലേഖനം എന്നിവയില്‍നിന്ന് ആശയമുള്‍ക്കൊണ്ട് ശബരീഷ് രചിച്ച നാടകം ഇതിനകം നിരവധി വേദികളില്‍ അവതരിപ്പിച്ചു. ശരത് രേവതിയാണ് സംവിധാനം.

കുഞ്ഞുങ്ങളുടെ രക്തവും മൃതദേഹവും സ്വപ്നംകണ്ട ഹിറ്റ്ലര്‍ക്ക് ചിലപ്പോള്‍ സമനില തെറ്റുന്നേടത്താണ് നാടകം തുടങ്ങുന്നത്. സമകാലീന ഇന്ത്യനവസ്ഥയോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ഒട്ടേറെ മാനങ്ങളുള്ള നാടകത്തില്‍ ഹിറ്റ്ലറുടെ സൈക്യാട്രിസ്റ്റും പാചകക്കാരനുമാണ് മുഖ്യകഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. ഇന്ത്യന്‍ ഫാസിസത്തിന്റെ നടവഴികളെ കണ്ടെടുക്കുന്നതോടൊപ്പം ഹിറ്റ്ലറുടെ വ്യക്തിചിന്തകളെ നാടകം കൂട്ടിവായിക്കുകയാണ്. 

വ്യവസ്ഥാപിത നാടകരൂപങ്ങളെ നിഷേധിക്കുകയാണ് ശരത്തിന്റെ എല്ലാ നാടകങ്ങളും. ഈ നാടകവും എല്ലാ വ്യവസ്ഥകളെയും നിഷേധിക്കുന്നു. അതേസമയം, നിറഞ്ഞ നാടകീയതയോടൊപ്പം മൂര്‍ച്ചയുള്ള രാഷ്ട്രീയം പറയാന്‍ ശബരീഷിനും ശരത്തിനുമാകുന്നുണ്ട്. സറ്റയറില്‍ തുടങ്ങുന്ന നാടകത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കാണിയില്‍ ചലനമുണ്ടാക്കും.
വിക്ടോറിയ വിദ്യാര്‍ഥികളായ  ഉണ്ണിക്കുട്ടന്‍, രഞ്ജിത, ആദിത്യ, അര്‍ജുന്‍, രാഹുല്‍, റോഷ്നി, ഹരിത, സുരാജ്, ദീപിക, ശ്യാം, വര്‍ഷ, അജിത്, മുഹമ്മദ് സന്‍വര്‍ എന്നിവരാണ് അരങ്ങിലും അണിയറയിലുമുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top