29 January Sunday

പ്രതീക്ഷയറ്റുപോകുന്ന ഇറ്റ്ഫോക്ക്

കെ ഗിരീഷ്Updated: Sunday Jan 24, 2016

കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ എട്ടാമത് പതിപ്പ് സമാപിച്ചു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന  മേളയില്‍നിന്ന് അങ്ങേയറ്റം  അസംതൃപ്തരായി കാണികള്‍ പിരിഞ്ഞുപോയി. ഒരുപക്ഷേ,  ഇറ്റ്ഫോക് എന്ന  അഭിമാനാര്‍ഹമായ ഒത്തുചേരലിന്റെ ഭാവിയെപ്പറ്റി പ്പോലും സംശയിക്കേണ്ട നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയാണ് അക്കാദമി ചെയ്തത്

കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ എട്ടാമത് പതിപ്പ് സമാപിച്ചു. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന മേളയില്‍നിന്ന് അങ്ങേയറ്റം അസംതൃപ്തരായി കാണികള്‍ പിരിഞ്ഞുപോയി. 2008ലെ ഏഷ്യന്‍ ഫെസ്റ്റിവലില്‍ തുടങ്ങി ആഫ്രിക്കന്‍ ഫെസ്റ്റിവലിലേക്കും തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ ഫെസ്റ്റിവലിലേക്കും എത്തിയതോടെ കത്തിക്കയറി ലോകശ്രദ്ധയാകര്‍ഷിച്ച കഠഎഛഗ നാലാംവര്‍ഷംമുതല്‍ താഴോട്ട് പോന്നു. പതിയെപ്പതിയെ താഴ്ന്നുതാഴ്ന്ന് അതിങ്ങനെ നിറംകെട്ട മേളയായതിന് ചില കാരണങ്ങളുണ്ട്.

നടന്‍ മുരളിയെപ്പോലൊരു അക്കാദമി ചെയര്‍മാന്റെയും എം എ ബേബിയെപ്പോലൊരു സാംസ്കാരികമന്ത്രിയുടെയും സാന്നിധ്യമില്ലാതായതുതന്നെയാണ് ആദ്യകാരണം. ആ രണ്ടുപേരും രണ്ട് അധികാരസ്ഥാനങ്ങളുടെ പ്രതീകമായിട്ടല്ല ഇറ്റ്ഫോക്കിനെ സമീപിച്ചത്. തികഞ്ഞ ദര്‍ശനവും ലക്ഷ്യവുമുള്ള സാംസ്കാരികപ്രവര്‍ത്തകരുടെ മനസ്സായിരുന്നു. നാടകങ്ങളുടെ തെരഞ്ഞെടുപ്പുമുതല്‍ തുടങ്ങുന്ന ഈ കാഴ്ചപ്പാട് ഫെസ്റ്റിവല്‍ സമാപിക്കുന്നതുവരെ തുടര്‍ന്നു.

എന്നാല്‍, നാലാം ഫെസ്റ്റിവല്‍മുതല്‍ ഇതേ സ്ഥാനത്തുള്ളവര്‍ക്ക് നാടകത്തെ ഭയമായിരുന്നു. പണം അനുവദിക്കാതെ നാടകോത്സവം ഇല്ലാതാക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ചലച്ചിത്രോത്സവത്തിന് പണം വാരിക്കോരി ചെലവഴിക്കുന്ന നാട്ടില്‍ നാടകോത്സവത്തിന് അതിന്റെ മൂന്നിലൊന്നു പണംപോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാരണം, നാടകത്തെ, നാടകപ്രവര്‍ത്തകരുടെ ഒത്തുചേരലിനെ അവര്‍ക്ക് ഭയമാണ്.

എന്തായാലും ഇറ്റ്ഫോക് കേരളത്തിലെ നാടകക്കാഴ്ചയ്ക്ക് പുതുരുചികള്‍ നല്‍കി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളനാടകചരിത്രത്തിലെ ഒരു വഴിത്തിരിവായും അത് മാറി. നല്ലതും ചീത്തയുമായ ലോകനാടകവേദിയിലെ കാഴ്ചകള്‍ മലയാളിപ്രേക്ഷകനുമുന്നില്‍ തുറന്നിട്ടത് ഇറ്റ്ഫോക്കാണ്. അവന്റെ ആസ്വാദനനിലവാരത്തെ ഉയര്‍ത്തി എന്നതുതന്നെയാണ് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പ്രസക്തി.

എട്ടാമത് ഇറ്റ്ഫോക് ഏറ്റവും നിറംകെട്ടുപോയത് മികച്ച നാടകങ്ങളെ തെരഞ്ഞെടുത്ത് എത്തിക്കാന്‍ മതിയായ പണം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെയാണ്. ഒരേ സംഘത്തെക്കൊണ്ടുതന്നെ ഒന്നിലേറെ നാടകങ്ങള്‍ കളിപ്പിച്ചതും, ഒറ്റയാള്‍ നാടകങ്ങള്‍ക്കും നൃത്തനാടകങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയതും ഇതുമൂലമായിരുന്നു.

ഇരുപത് നാടകങ്ങളുടെ 33 അവതരണമാണ് എട്ടാമത് ഇറ്റ്ഫോക്കില്‍ നടന്നത്. ഇവയില്‍ 14 അവതരണങ്ങള്‍ 200 മുതല്‍ 50 പേര്‍ക്കുവരെമാത്രം പ്രവേശനം നല്‍കുന്ന ഇന്റിമേറ്റ് തിയറ്റര്‍ അവതരണങ്ങളായിരുന്നു. അഞ്ചെണ്ണം നൃത്തനാടകങ്ങളോ ഏകാംഗപ്രദര്‍ശനങ്ങളോ ആയിരുന്നു. രണ്ട് പാവനാടകങ്ങളും. ജപ്പാന്‍, ജര്‍മനി, ലബനോണ്‍, ഇറാന്‍, ഇറാക്ക്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് എത്തിയത്. കേരളത്തിനു പുറത്തുനിന്ന് നാലുസംഘങ്ങളും എത്തി. മലയാളത്തില്‍നിന്ന് നാല് അവതരണങ്ങളുണ്ടായി.
ഇരുപത് നാടകങ്ങളില്‍നിന്ന് പ്രേക്ഷകര്‍ സ്വീകരിച്ചത് അഞ്ചോ ആറോ മാത്രമായിരുന്നു എന്നതാണ് കൌതുകം. തൃക്കരിപ്പൂര്‍ കെ എംകെ കലാസമിതി അവതരിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം, ചെന്നൈ പന്‍മയ് തിയറ്ററിന്റെ കളര്‍ ഓഫ് ട്രാന്‍സ് 2.0, ഇറാനിലെ ബൊഹേമി തിയറ്ററിന്റെ നാടകം 'ഐ കാണ്‍ഡ് ഇമാജിന്‍ ടുമാറോ', ലബനോണിലെ സൂക്കാക്കിന്റെ 'സില്‍ക്ക് ത്രഡ്, ബാറ്റില്‍ സീന്‍', പുനെ ആസക്ത കലാമഞ്ചിന്റെ 'എഫ്1/105', മലേഷ്യയിലെ ഫൈവ് ആര്‍ട്സിന്റെ 'ബാലിങ്' എന്നിവയാണ് പ്രിയനാടകങ്ങളായത്. തിരുവനന്തപുരം പ്ളേറൈറ്റ്സ് തിയറ്ററിന്റെ മറിയാമ്മ, കൊച്ചി ഫ്ളോട്ടിങ് ഐലന്റ് ആക്ടേഴ്സ് ഗ്രൂപ്പിന്റെ അദ്ദേഹവും മൃതദേഹവും, ജര്‍മനിയില്‍നിന്നുള്ള ഉര്‍സ് ഡീട്രിച്ചിന്റെ 'തലാമസ്', സിംഗപ്പൂരില്‍നിന്നുള്ള ഡാനിയേല്‍ കോക്കിന്റെ 'ചിയര്‍ ലീഡര്‍ ഓഫ് യൂറോപ്പ്', എന്നിവയും ഒരു വിഭാഗം കാണികളെ ആകര്‍ഷിച്ചു.

ഖസാക്ക് സമ്പൂര്‍ണ നാടകം

ഒരു ഗ്രാമംമുഴുവന്‍ നാടകം കളിക്കുക എന്ന അത്ഭുതപ്രതിഭാസമാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യകൌതുകം. തൃക്കരിപ്പൂരിലെ കുട്ടികളും വീട്ടമ്മമാരും പുരുഷന്മാരും ചേര്‍ന്ന് ഒരു ഇതിഹാസമൊരുക്കുക. അരങ്ങിലെത്തിയപ്പോള്‍ മലയാളനാടകക്കാഴ്ചയിലെ ഇതിഹാസമായി അതു മാറി. ആദ്യവസാനം തിയറ്ററിന്റെ  സമഗ്രത നാടകത്തിലുണ്ടായി. ദൃശ്യസമൃദ്ധിയുടെയും വിശാലമായ രംഗവേദിയുടെയും കാഴ്ചയായി ഖസാക്ക്. അതോടൊപ്പം ഒ വി വിജയന്റെ വിഖ്യാതകൃതിയെ ഉടച്ചുവാര്‍ത്തു സംവിധായകന്‍ ദീപന്‍ ശിവരാമന്‍. രവിയുടെ അസ്തിത്വപ്രശ്നങ്ങളിലേക്ക് നിരൂപകര്‍ ചുരുക്കിക്കെട്ടുകയും ആ നിരൂപണങ്ങളിലൂടെയുള്ള ഖസാക്ക് വായനയിലേക്ക് മലയാളിവായനക്കാരനെ കൊണ്ടെത്തിക്കുകയുംചെയ്ത നോവലിലെ മറ്റു കഥാപാത്രങ്ങളെയാണ് ദീപന്‍ പ്രധാനമായും കണ്ടെടുത്തത്. സ്വന്തം വ്യക്തിത്വവും അസ്തിത്വവുമുള്ള നൂറുകണക്കിനു കഥാപാത്രങ്ങള്‍കൂടി ചേര്‍ന്നതാണ് ഖസാക്ക് എന്ന് നാടകം ബോധ്യപ്പെടുത്തുന്നു. സംഗീതംകൊണ്ടും ദീപവിതാനംകൊണ്ടും നാടകീയസാധ്യതകള്‍കൊണ്ടും ഖസാക്ക് പൂര്‍ണനാടകമായി കാണിയിലേക്ക് പാഞ്ഞുകയറി. ആഗ്രഹിച്ച എല്ലാവര്‍ക്കും കാണാന്‍ കഴിഞ്ഞില്ല എന്നതിന് പഴിക്കേണ്ടത് ഇറ്റ്ഫോക് സംഘാടകരെയാണ്.

ഉള്ളുലച്ച് പന്‍മയ് തിയറ്റര്‍
പന്‍മയ് തിയറ്റര്‍ ഗ്രൂപ്പ് ലിംഗമാറ്റം സംഭവിക്കുന്നവരുടെ നാടകസംഘമാണ്. അവരുടെ കളേഴ്സ് ഓഫ് ട്രാന്‍സ് 2.0 കാണികളെ കുറ്റബോധത്തിന്റെയും തിരിച്ചറിവിന്റെയും തലത്തിലേക്ക് പിടിച്ചുയര്‍ത്തിയ രംഗാവതരണമായിരുന്നു. മലയാളനാടകം കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ മികച്ചതെന്നു വാഴ്ത്തിയ നാടകമായിരുന്നു കളേഴ്സ് ഓഫ് ട്രാന്‍സ്. അത് അത്യപൂര്‍വമായ ഒരു നാടകപ്രയോഗമായതുകൊണ്ടല്ല. ലളിതമായ രംഗഭാഷയില്‍ കഥപറച്ചിലിന്റെ സാധ്യതകളിലൂടെ പന്‍മയ് പറഞ്ഞ കാര്യങ്ങള്‍ കാണിയുടെ ഉള്ളുലച്ചതുകൊണ്ടായിരുന്നു. ആണ്‍, പെണ്‍ അഹന്തയുടെ മുഖത്തേക്ക് സ്വന്തം ഉടുവസ്ത്രമുരിഞ്ഞെറിഞ്ഞ് എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരുകൂട്ടം മനുഷ്യര്‍ സംസാരിച്ചപ്പോള്‍ കാണികളുടെ തലകുനിഞ്ഞുപോയി.

നാടകത്തിലെ അഭിനേതാക്കളുടെ ജീവിതാനുഭവങ്ങളാണ് അവര്‍ പങ്കുവച്ചത്. ലണ്ടന്‍ സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സില്‍ പഠനം പൂര്‍ത്തിയാക്കിയ ലിവിങ് സ്മൈല്‍ വിദ്യയാണ് നാടകസംവിധാനം. എഴുത്തുകാരിയും സിനിമാപ്രവര്‍ത്തകയുമാണ് വിദ്യ. ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍നിന്ന് ആര്‍ട് ആന്‍ഡ് ഏയ്സ്തെറ്റിക്സില്‍ ബിരുദാനന്തരബിരുദമുള്ള ഗീ ഇമാന്‍ ശെമ്മലര്‍ എന്ന മലയാളി, അറിയപ്പെടുന്ന എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമാണ്. ഏയ്ഞ്ചല്‍ ഗ്ളാഡി മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദധാരിയും സൌത്ത് കൊറിയയിലെ റ്റ്യൂയ്ഡി നാടകസംഘത്തിലെ അഭിനേത്രിയുമാണ്.

മൂവര്‍ക്കും വീട്ടില്‍നിന്നും സ്കൂളില്‍നിന്നും നാട്ടില്‍നിന്നും എന്തിന് സംരക്ഷകരാകേണ്ട പൊലീസില്‍നിന്നും ഭരണകൂടത്തില്‍നിന്നും അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളാണ് നാടകത്തിന്റെ വിഷയം. ഇത് കേവലവിലാപമല്ല. തങ്ങള്‍ക്കു വേണ്ടത് അനുതാപമല്ലെന്ന് തീര്‍ത്തുപറയുന്ന ഇവര്‍, മൂന്നാംലിംഗക്കാര്‍ക്കും ലിംഗമാറ്റക്കാര്‍ക്കും നേര്‍ക്കുള്ള മതങ്ങളുടെയും സമൂഹത്തിന്റെയും കപടസദാചാരബോധത്തെ വെല്ലുവിളിക്കുന്നു. ഒപ്പം ലോകത്തെമ്പാടും നടക്കുന്ന വംശീയതയുടെയും ഇന്ത്യയിലെ ദളിത് പീഡനത്തിന്റെയും പ്രശ്നങ്ങളെക്കൂടി നാടകത്തില്‍ ചേര്‍ത്തുവായിക്കുന്നുണ്ട്. സിനിമയും ക്ളൌണ്‍ തിയറ്ററും ക്യാബറേയും മൊണോലോഗും എല്ലാം ചേര്‍ന്ന് വിവിധതലങ്ങളിലാണ് അവതരണം.

ഇറാനിയന്‍ ഏകാന്തത
ഇറാനിലെ ബൊഹേമി തിയറ്ററിന്റെ 'ഐ കാണ്‍ഡ് ഇമാജിന്‍ ടുമാറോ' കൃത്യമായും ഇറാനിയന്‍ അവസ്ഥകളെ സൂചിപ്പിക്കുന്ന നാടകമാണ്. വേണമെങ്കില്‍ മധുരമുള്ളൊരു പ്രണയകാവ്യം എന്നുവിളിച്ച് അവസാനിപ്പിക്കാനാകുമെങ്കിലും അതിനപ്പുറത്ത് ഇറാനിയന്‍ മാനസികാവസ്ഥയുടെ പ്രതിഫലനമാണത്. ഇറാനിയന്‍ സിനിമപോലെ പറയാനുള്ളത് കുഞ്ഞുങ്ങളിലൂടെ, കുടുംബത്തിലൂടെ പ്രണയത്തിലൂടെ വിളിച്ചുപറയുന്ന രീതി. രാഷ്ട്രീയം പറയാന്‍ വിലക്കുള്ള നാട്ടില്‍ അതിന് മറ്റ് സാധ്യതകള്‍ തേടുകയാണ് നാടകം. ദുരൂഹജീവിതം നയിക്കുന്ന യുവതിയും അങ്ങോട്ട് കടന്നുവരുന്ന ഏകനായ മനുഷ്യനുമാണ് കഥാപാത്രങ്ങള്‍. വളരെ നിഷ്കളങ്കമായ സന്ദര്‍ശനങ്ങളില്‍ അവര്‍ തിരിച്ചറിയുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന്. ഏകാന്തതയുടെയും മടുപ്പിന്റെയും അന്തരീക്ഷവും ചലനങ്ങളുമായി വിളറിയ വെള്ളവെളിച്ചത്തില്‍ അരങ്ങേറിയ നാടകം വല്ലാത്ത വൈകാരികതയാണുണ്ടാക്കിയത്.

തീക്കാറ്റുപോലെ ലബനോണ്‍

ലബനോണില്‍നിന്നുള്ള സൂക്കാക് ഒരു ചെറുനാടകസംഘമാണ്. പക്ഷേ, അരങ്ങില്‍ അവര്‍ തീര്‍ത്ത ചിത്രങ്ങള്‍ വലിയ രാഷ്ട്രീയംതന്നെ പറഞ്ഞു. ലോകത്തിലേറ്റവും കൂടുതല്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരാല്‍ കൊല്ലപ്പെടുന്ന നാട്ടിലെ കഥയില്‍ മധുരം വിളമ്പുക അസാധ്യമാണ്. അവരുടെ സില്‍ക്ക് ത്രഡ് നാടോടിക്കഥയിലൂടെ കടന്ന് വീട്ടില്‍, തെരുവില്‍ എവിടെയൊക്കെ പെണ്ണ് പീഡനത്തിന് ഇരയാകുന്നുവെന്നു പറയുന്നു. ലബനോണിയന്‍ ആഭ്യന്തരയുദ്ധകാലത്ത് ഭര്‍ത്താക്കന്മാരെ കാത്തിരുന്ന സ്ത്രീകളുടെ വിലാപങ്ങളും ഗാര്‍ഹികപീഡനത്തിനെതിരെ നിയമം നടപ്പാക്കാന്‍ ആര്‍ജവമില്ലാത്ത സര്‍ക്കാരും എല്ലാം നാടകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഇന്‍സ്റ്റലേഷനുകളും എണ്‍വയോണ്‍മെന്റല്‍ തിയറ്റര്‍ ഘടകങ്ങളും ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് നാടകം.

ഇവരുടെ മറ്റൊരു നാടകമായ ബാറ്റില്‍ സീന്‍ കുറെക്കൂടി മൂര്‍ച്ചയുള്ള സമകാലീന രാഷ്ട്രീയമാണ് പറഞ്ഞത്. അറബ് രാഷ്ട്രീയത്തിന്റെ ദുര്‍ബലതകളെ അപഹസിച്ച നാടകം ഒരു ചെറു കഥാതന്തുവിനെ എങ്ങനെ സമഗ്രനാടകാനുഭവമാക്കാം എന്നതിനുദാഹരണമായിരുന്നു. തെരുവ് നാടകത്തിന്റെ രംഗപ്രയോഗങ്ങള്‍ നടത്തി മൂര്‍ച്ചയോടെ കാര്യം പറയാനാകുന്നതാണ് സൂക്കാക് നാടകങ്ങളെ സവിശേഷമാക്കിയത്.

ഇന്ത്യയില്‍ നിറങ്ങളുടെ രാഷ്ട്രീയം
വാചാലമായ മറാഠി നാടകവേദി എന്നും മൂര്‍ച്ചയോടെ സാമൂഹ്യവിമര്‍ശം നടത്തിയിട്ടുണ്ട്. പുനെ ആസക്ത കലാമഞ്ച് ഇറ്റ്ഫോക്കില്‍ അവതരിപ്പിച്ച നാടകം എഫ്–1/105 സമകാലീന ഇന്ത്യനവസ്ഥയെ സൂചിപ്പിക്കുന്നു. നിറങ്ങളുടെ രാഷ്ട്രീയമാണ് വിഷയം. പച്ച എങ്ങനെ അപകടത്തിന്റെ അടയാളമാകപ്പെടുന്നുവെന്ന് നാടകം ചര്‍ച്ചചെയ്യുന്നു. ലളിതവും അതേസമയം മൂര്‍ച്ചറിേയതുമായ നാടകഭാഷയില്‍ അഭിനയത്തിന്റെ സര്‍വവിധസാധ്യതയും പ്രയോഗിച്ചാണ് നാടകം ഹൃദ്യമാക്കിയത്. നഗരത്തിലെ ദമ്പതികള്‍ അവര്‍ താമസിക്കുന്ന മുറി പെയ്ന്റടിക്കാന്‍ തീരുമാനിക്കുന്നേടത്തുനിന്നാണ് നാടകം ആരംഭിക്കുന്നത്. പച്ച നിറം അടിക്കാമെന്ന തീരുമാനം, അതേച്ചൊല്ലിയുള്ള ചര്‍ച്ച വളര്‍ന്ന് വല്ലാത്തൊരു അസ്വസ്ഥതയിലേക്ക് പടരുന്നതാണ് കഥാതന്തു.

ബാലിങ് ചര്‍ച്ച വേദിയില്‍
മലേഷ്യന്‍ ഉപദ്വീപുകളില്‍ സമാധാനം സ്ഥാപിക്കുന്നതിനായി 1955 ഡിസംബര്‍ 28ന് നടത്തിയ ചര്‍ച്ചയാണ് ബാലിങ് ചര്‍ച്ച എന്നറിയപ്പെടുന്നത്. ചരിത്രപ്രാധാന്യമുള്ള ഈ സംഭവത്തെ പുനരവതരിപ്പിക്കുന്നതിലൂടെ ചില ആശയങ്ങള്‍ നാടകം ഉന്നയിക്കുന്നു. ദേശസ്നേഹം, രാഷ്ട്രം, തീവ്രവാദം, ഒത്തുതീര്‍പ്പ്, സ്വാതന്ത്യ്രം എന്നിവയുടെ അര്‍ഥം നിരന്തരമായി മാറ്റപ്പെടുന്നതും നീക്കുപോക്കുകള്‍ക്ക് വിധേയമാകുന്നതുമാണെന്ന് നാടകം പറയുന്നു. വല്ലാത്തൊരു അന്തരീക്ഷമാണ് നാടകം ഒരുക്കുന്നത്. അവതരണത്തില്‍ പങ്കെടുക്കുന്നവരുടെ ഭാഗധേയവും ഇടയ്ക്കിടെ നാടകത്തിന്റെ ആശയംപോലെ മാറിക്കൊണ്ടിരിക്കുന്നുമുണ്ട്. തികഞ്ഞ രാഷ്ട്രീയ തത്വശാസ്ത്ര പ്രയോഗമെന്ന രീതിയിലാണ് നാടകം അംഗീകരിക്കപ്പെട്ടത്.

ഇറ്റ്ഫോക്കില്‍ അവതരിപ്പിക്കപ്പെട്ടവയേക്കാളും പുറന്തള്ളിയവയാണ് കൂടുതല്‍ ശക്തമായ രചനകള്‍ എന്നതായിരുന്നു ശരി. മലയാളത്തിലെ തെരഞ്ഞെടുപ്പില്‍ത്തന്നെ ഉണ്ടായ പക്ഷപാതിത്വവും മാനദണ്ഡവും ഭരണസമിതിയുടെ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിരുന്നു. ഒരുപക്ഷേ, ഇറ്റ്ഫോക് എന്ന അഭിമാനാര്‍ഹമായ ഒത്തുചേരലിന്റെ ഭാവിയെപ്പറ്റിപ്പോലും സംശയിക്കേണ്ട നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നത്തിക്കുകയാണ് അക്കാദമി ചെയ്തത്.

ഴശൃശവെ.ിമശേസമ@ഴാമശഹ.രീാ


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top