ജീവിതം ഏങ്ങനെയുള്ളതാണെന്ന് വരയിട്ട് വിവക്ഷിക്കല്‍ അസാധ്യമാണ്. അസംബന്ധങ്ങളുടെ പരമ്പരകളാകും പലപ്പോഴും ജീവിതത്തെ പിന്തുടരുന്നത്. എല്ലാ ജീവിതപ്രക്രിയക്കുശേഷവും പിന്തിരിഞ്ഞുനോക്കുമ്പോഴാണ് അര്‍ഥരാഹിത്യത്തിന്റെ വലിയ മലകള്‍ പുറകില്‍ കുമിഞ്ഞുകൂടുന്നത് കാണാനാകുന്നത്. ജീവിതത്തെ വിഡ്ഢിക്കഥയായി ഷേക്സ്പിയര്‍ പറഞ്ഞുവച്ചതും ഈ തലത്തിലാണ്. അര്‍ഥരഹിതമായ പാച്ചിലുകള്‍, വേദനകള്‍, കാത്തിരുപ്പുകള്‍ എല്ലാറ്റിന്റെയും ഒടുവില്‍ ഒന്നും ബാക്കിയില്ലാതാകുന്ന ശൂന്യത– അതാണ് ജീവിതമെന്ന് വിവക്ഷ. ജീവിതത്തിന്റെ അര്‍ഥരാഹിത്യത്തെ, മടുപ്പിനെ, വെറുപ്പിനെ, ഇഴയുന്ന കാലത്തെ ഒക്കെയാണ് അസംബന്ധ നാടകവേദി ആവിഷ്കരിക്കുന്നത്. അടിസ്ഥാനപരമായി ജീവിതം അര്‍ഥശൂന്യമാണെന്നും അതിനുമേല്‍ കെട്ടിയേല്‍പ്പിക്കുന്നതാണ് അര്‍ഥസാരങ്ങളെന്നുമാണ് അസംബന്ധ നാടകങ്ങള്‍ പൊതുവെ പറഞ്ഞുവയ്ക്കുന്നത്. അയനസ്കോ, സാമുവല്‍ ബക്കറ്റ്, ഴെനെ, എഡ്വാര്‍ഡ് ആല്‍ബി എന്നിവരുടെ നാടകങ്ങളിലെല്ലാം പൊതുവായ ധാര ഇതുതന്നെയാണ്.
എഡ്വാര്‍ഡ് ആല്‍ബിയുടെ പ്രശസ്ത രചനയായ 'സൂ സ്റ്റോറി'ക്ക് തൃശൂര്‍ രംഗചേതന നല്‍കിയ ആവിഷ്കാരം എല്ലാ അര്‍ഥത്തിലും മൂലരചനയുടെയും അന്തരിച്ച പ്രശസ്ത നടന്‍ ഭരത് മുരളിയുടെ മൊഴിമാറ്റത്തിന്റെയും മുഴുവന്‍ സത്തയും ഉള്‍ക്കൊള്ളുന്നതായി.
പീറ്ററും ജെറിയും ഒരേ ബിന്ദുവിലിരിക്കുന്ന എന്നാല്‍ വ്യത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്. ജീവിതത്തിന്റെ ദുരന്തമുഖത്തെ അഭിമുഖീകരിക്കുന്നയാളാണ് ജെറി. സ്നേഹരാഹിത്യത്തിന് നിരന്തരം ഇരയാക്കപ്പെട്ട ഒറ്റപ്പെട്ട ഒരാള്‍. ആധുനികവല്‍ക്കരണം തീര്‍ത്ത ദയാരാഹിത്യത്തിന്റെ ഇര.വേരറ്റുപോയവന്‍. എങ്കിലും ആ ഒഴുക്കില്‍ നീന്താന്‍ വിധിക്കപ്പെട്ടവന്‍. പീറ്ററാകട്ടെ എല്ലാ സൌഭാഗ്യങ്ങളുമുള്ള കുടുംബജീവിതം അനുഭവിക്കുന്നവന്‍. എന്നാല്‍, സത്യംതേടുന്ന ജെറിയില്‍നിന്ന് തികച്ചും വ്യതിരിക്തന്‍. സത്യംതേടുന്ന ഒരുവന്‍ ക്രൂശിക്കപ്പെടുന്നതുപോലെ മുള്‍വഴികളിലൂടെയാണ് ജെറിയുടെ യാത്ര. ഇവരുടെ ആത്മസംഘര്‍ഷങ്ങളാണ് ഈ ലഘുനാടകം. ജീവിതം നിശ്ചയിച്ചുതന്ന വഴികളിലൂടെ യാത്രചെയ്യുമ്പോഴും അത് ആദ്യന്തം സംഘര്‍ഷഭരിതമാണെന്ന് നാടകം കാണിച്ചുതരുന്നു. രണ്ടുവഴികളും മൃഗശാലയിലെ കൂടുകള്‍പോലെ പരസ്പരം വേര്‍തിരിച്ച് നിര്‍ത്തേണ്ടതല്ലെന്നും വനത്തിന്റെ ഉള്‍ത്തുടിപ്പുപോലെ ഇഴചേര്‍ന്നു നില്‍ക്കേണ്ടതാണെന്നും നാടകം പറയുന്നു.
രണ്ടു മികച്ച നടന്മാരുടെ സാന്നിധ്യമാണ് നാടകത്തിന്റെ മുഖ്യവിജയം. കേരളത്തിലങ്ങോളമിങ്ങോളം തിയറ്റര്‍ വര്‍ക്ഷോപ്പുകളിലൂടെയും തന്റെ നാടകങ്ങളിലൂടെയും പ്രശസ്തനായ ടി വി ബാലകൃഷ്ണനും യുവതലമുറയിലെ ശ്രദ്ധേയനടനും സംവിധായകനും രചയിതാവുമായ കെ എന്‍ പ്രശാന്തുമാണ് രംഗത്തെത്തിയത്. ബാലകൃഷ്ണനാണ് സംവിധാനവും. സംഗീതം സത്യജിത്തും സംഗീതനിയന്ത്രണം നിജില്‍ ദാസും ലൈറ്റ് വിഷ്ണു, റോഷിന്‍ എന്നിവരും സെറ്റ് രാജന്‍ പൂത്തറയ്ക്കലും മാനേജ്മെന്റ് കരീം വെള്ളാങ്കല്ലുരും നിര്‍വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..