07 December Saturday

കരുതി വയ്ക്കേണ്ട താക്കോലുകള്‍

കെ ഗിരീഷ്Updated: Sunday Dec 20, 2015

താക്കോല്‍ കരുതിവയ്ക്കുക പ്രധാനമാണ്. പലപ്പോഴും ഒരു താക്കോലില്‍ കുരുങ്ങിയാണ് ജീവിതം ചലിക്കുന്നതുതന്നെ. സ്വന്തം തിരിച്ചറിവിന്റെ താക്കോലെങ്കിലും സൂക്ഷിച്ച് വയ്ക്കാത്തവര്‍ക്ക് ചിവട്ടിനില്‍ക്കുന്ന തറപോലും പലപ്പോഴും കൈമോശംവന്നേക്കാം. ഒരു ഫ്ളാറ്റിന്റെ താക്കോലിലാകും പലപ്പോഴും ഒരു നഗരജീവിതം ചലിക്കുന്നത്. അതു നഷ്ടമാകുന്നതോടെ സകല താളവും പിഴയ്ക്കുകയും ജീവിതത്തില്‍നിന്നുതന്നെ വലിച്ചെറിയപ്പെടുകയുംചെയ്യും.

അഷ്ടമൂര്‍ത്തിയുടെ അല്‍പ്പം പഴയ കഥ 'താക്കോല്‍' ചില ഓര്‍മപ്പെടുത്തലാണ്. കാലത്തെയും ചവിട്ടടികളെയും ഓമപ്പെടുത്തല്‍. പാര്‍ട്ട് ഒഎന്‍ഒ ഫിലിംസിനുവേണ്ടി ചാക്കോ ഡി അന്തിക്കാട് ഈ കഥയെ അതേ പേരില്‍ രംഗത്തെത്തിക്കുന്നതോടെ താക്കോല്‍ അഷ്ടമൂര്‍ത്തിക്കുമപ്പുറത്തേക്ക് ചലിക്കുന്നു.
നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന ഒരാള്‍ താക്കോല്‍ മറന്നു വയ്ക്കുന്നതാണ് കഥ. ഫ്ളാറ്റ് തുറന്ന് പണവും ഔദ്യോഗികയോഗത്തില്‍ അവതരിപ്പിക്കാനുള്ള പേപ്പറുകളുമെടുത്ത് അല്‍പ്പസമയത്തിനുള്ളില്‍ ബോസിനോടൊപ്പം യാത്ര തിരിക്കേണ്ടതാണ്. അടുത്ത ഫ്ളാറ്റിലെ അമ്മയും മകളും ഒരു ചുറ്റിക നല്‍കുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന ശബ്ദം അവരെ അലോസരപ്പെടുത്തുന്നതിനാല്‍ ആ ശ്രമം അയാളുപേക്ഷിക്കുന്നു. ഒരു കൊല്ലനെ അന്വേഷിച്ച് ചെല്ലുമ്പോള്‍ അഞ്ചുമണിക്കുശേഷം താക്കോല്‍ നഷ്ടപ്പട്ടുവെന്ന പരാതികള്‍ സ്വീകരിക്കില്ലെന്ന കൊല്ലന്റെ നീതിന്യായങ്ങളും ധാര്‍മികതയും അയാളെ വലയ്ക്കുന്നു. ഒടുവില്‍ സുഹൃത്തിന്റെയും മറ്റൊരു മുടന്തന്റെയും ഉപദേശപ്രകാരം അയാള്‍ പുറകിലെ പൈപ്പിലൂടെ വലിഞ്ഞുകയറി തുറന്നുകിടക്കുന്ന പിന്‍ജനല്‍വഴി അകത്ത് മേശമേലുള്ള രണ്ടാംതാക്കോല്‍ എടുക്കാനുള്ള ശ്രമമാരംഭിക്കുമ്പോള്‍ സിനിമ കഴിഞ്ഞുപോകുന്നവര്‍ അയാളെ കള്ളനായി മുദ്രകുത്തുന്നു. താഴെ നില്‍ക്കുന്ന മുടന്തനാകട്ടെ അയാള്‍ സൂക്ഷിക്കാനേല്‍പ്പിച്ച വസ്ത്രവും മറ്റുമായി സ്ഥലംവിടുകയും അയാള്‍ക്കെതിരായി വിളിച്ചുകുവുകയുംചെയ്യുന്നു. നാട്ടുകാര്‍ എറിഞ്ഞ ആദ്യകല്ല് അയാളുടെ ഇടതുകണ്ണില്‍ത്തന്നെ കൊണ്ടു. പാതിയടഞ്ഞ കണ്ണിലൂടെ മുടന്തന്‍ തന്റെ സാധനസാമഗ്രികളുമായി കടന്നുകളയുന്നത് അയാള്‍ കാണുന്നു. നാട്ടുകാരോട് എന്ത് പറയുമെന്നതാണ് അയാളെ അലട്ടുന്നത്.
താക്കോല്‍ ഒരുപക്ഷേ തിരിച്ചറിവിന്റേതാകം, ജീവിതത്തിന്റേതാകാം. എന്തുതന്നെയായാലും ചില താക്കോലുകള്‍ക്കുമുകളിലാണ് ജീവിതമിങ്ങനെ കറങ്ങുന്നതെന്ന വെളിച്ചമാണ് അയാളുടെ തലയിലേക്ക് കടന്നുകയറുന്നത്. താക്കോല്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യുമെന്നറിയാതെ ഉഴലുന്ന കാലം.
കഥയുടെ നാടകരൂപം പക്ഷേ അല്‍പ്പംകൂടി സമകാലികവും കുറെക്കൂടി മുറുക്കമുള്ള രാഷ്ട്രീയസംജ്ഞകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ഒട്ടനേകം കഥാപാത്രങ്ങള്‍ മിന്നിമറയുമ്പോഴും നായകനില്‍ത്തന്നെയാണ് കഥയും നാടകവും ഊന്നുന്നത്. അതുകൊണ്ടുതന്നെ ഒറ്റയാള്‍ നാടകഘടനയിലേക്ക് താക്കോല്‍ ഇണങ്ങുന്നുമുണ്ട്.
പൂര്‍ണമായും നടന്റെ ശേഷിയെ ആശ്രയിച്ചാണ് നാടകം രൂപപ്പെടുത്തിയിട്ടുള്ളത്. ശരീരവും ശബ്ദവുംമാത്രമാണ് നാടകത്തിന്റെ മുന്നോട്ടുപോക്കിനെ പ്രോത്സാഹിപ്പിക്കുന്നത്. സംഗീതം സെറ്റ്, വെളിച്ചം എന്നിവയെ പൂര്‍ണമായും നിരാകരിച്ച് ആക്ട് ആന്‍ഡ് ബിഹേവിലൂടെ അംഗചലനങ്ങളെയും കൊച്ചുസംഭാഷണങ്ങളെയും ആശ്രയിച്ച് അരമണിക്കൂറിനുള്ളില്‍ നാടകം കൃത്യമായി കാണിയിലേക്ക് സന്നിവേശിപ്പിക്കാന്‍ ചാക്കോയ്ക്കായിട്ടുണ്ട്. ദീര്‍ഘകാലമായുള്ള നാടകപ്രവര്‍ത്തനത്തിലൂടെ ആര്‍ജിച്ച തിയറ്റര്‍ അവബോധംതന്നെയാണ് പിന്‍ബലം. നാടകരൂപം നല്‍കിയതും അവതരിപ്പിക്കുന്നതും ചാക്കോതന്നെയാണ്.

പ്രധാന വാർത്തകൾ
 Top