30 January Monday

കുട്ടിക്കളിയല്ല കുട്ടിവര

എം എസ് അശോകന്‍Updated: Sunday Jun 19, 2016

കുട്ടിക്കളിയാണോ കുട്ടികള്‍ക്കുവേണ്ടിയുള്ള വര. കുഞ്ഞുകാഴ്ചകളെയും ഭാവനയെയും തകിടംമറിക്കുംവിധം കണ്ണഞ്ചിപ്പോകുന്ന നിറങ്ങളില്‍ വാര്‍പ്പുമാതൃകകള്‍ വരച്ചിടുന്നതാണോ കുട്ടിവര. പാഠങ്ങളുടെ ഉള്ളടക്കത്തിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും കാഴ്ചയുടെ സംവേദനത്തിലൂടെ കുഞ്ഞുഭാവനയ്ക്ക് നിറംപകരാനും കഴിയുന്നതാകേണ്ടേ നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളിലെ ചിത്രീകരണങ്ങള്‍. പാഠപുസ്തകങ്ങളുടെ അക്കാദമിക് ഉള്ളടക്കം തീരുമാനിക്കാന്‍ പണ്ഡിതസമിതികള്‍ ഉണ്ടെങ്കിലും അവയോടൊപ്പം ചേര്‍ക്കേണ്ട ചിത്രങ്ങള്‍ എന്താകണം, എങ്ങനെയാകണം എന്ന് ആരും നിര്‍ബന്ധിക്കാറില്ല. അത് എങ്ങനെയായാലും കുഴപ്പമില്ല എന്ന സൌകര്യംകൂടി നിലനില്‍ക്കുന്നു. കാലങ്ങളായി തുടരുന്ന ഈ ഗുരുതര വൈകല്യത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് പാലക്കാട് കുമരപുരം ഗവ. എച്ച്എസ്എസിലെ ചിത്രകലാ അധ്യാപകന്‍കൂടിയായ ബൈജുദേവ്. സംസ്ഥാന സ്കൂള്‍ സിലബസിലെ ഒമ്പത്, പത്ത് ഹിന്ദി പാഠാവലിയില്‍ അദ്ദേഹം നടത്തിയിട്ടുള്ള ചിത്രീകരണം ഈ രംഗത്ത് നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കാനുള്ള ചിത്ര പാഠാവലികൂടിയാണ്.

കുട്ടികള്‍ക്കുവേണ്ടിയുള്ള വര കുട്ടിക്കളിയല്ലെന്ന് ബൈജുദേവ് പറയുന്നു. അവരിലെ സംവേദനനിലവാരവും ആസ്വാദനക്ഷമതയും മനസ്സിലാക്കുകയും ലളിതവും ആകര്‍ഷകവുമായി ചിത്രഭാഷ കുട്ടികളിലേക്ക് പകരുകയും ചെയ്യുന്നതാകണം കുട്ടിവരകള്‍ എന്ന് ഈ ചിത്രകലാധ്യാപകന്‍ കരുതുന്നു. പുസ്തക രൂപകല്‍പ്പനയുടെ അവസാനഘട്ടത്തില്‍മാത്രം പേരിന് എന്തെങ്കിലും വരച്ചുചേര്‍ക്കുന്ന അവസ്ഥയുണ്ടാകരുത്. പലപ്പോഴും പൈങ്കിളിവാരികകളിലെ ചിത്രീകരണംപോലെ അത് അവസാനിപ്പിക്കുകയാണ് പതിവെന്നും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ബൈജുദേവ് പറഞ്ഞു. മുന്നൂറോളം ചിത്രങ്ങളാണ് ബൈജുദേവ് ഹിന്ദി പാഠാവലിക്കായി ചെയ്തത്.

മാവേലിക്കര ഫൈനാര്‍ട്സ് കോളേജില്‍നിന്ന് ചിത്രകലാ പരിശീലനം നേടിയ ബൈജുദേവ് കൊല്ലം അഷ്ടമുടി സ്വദേശിയാണ്. പാലക്കാട്ട് സ്ഥിരതാമസമാക്കിയ അദ്ദേഹം ചിത്രകലാധ്യാപനത്തിനൊപ്പം സര്‍ഗാത്മക രചനയ്ക്കും സമയം കണ്ടെത്തുന്നു. പ്രമുഖ ആനുകാലികങ്ങളിലും സാഹിത്യമാസികകളിലും ഇല്ലസ്ട്രേഷനും ചെയ്യുന്നു. സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ സാഹിത്യലോകത്തില്‍ പതിവായി ചിത്രീകരണം നടത്തിവരുന്നു. പ്രമുഖ പ്രസാധകര്‍ക്കുവേണ്ടി കവര്‍ചിത്രങ്ങളും ചെയ്യുന്നു.

ബൈജുദേവ്

ബൈജുദേവ്

നരേറ്റീവായ ചിത്രങ്ങളും അമൂര്‍ത്ത രചനകളും ഇല്ലസ്ട്രേഷനും ബൈജുദേവിന്റെ രചനകളില്‍ ഉള്‍പ്പെടുന്നു. ചിത്രങ്ങളില്‍ പ്രകൃതിയോട് വൈകാരികമായ അടുപ്പം പ്രകടം. കാഴ്ചകളെ തീക്ഷ്ണ വര്‍ണഭാഷയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് നരേറ്റീവ് രചനകള്‍. വഴക്കമാര്‍ന്ന കോറലുകളിലൂടെ വശ്യസുന്ദരമായ കാഴ്ചയിമ്പവും സംവേദനവും പകരുന്നതാണ് സമകാലികങ്ങളിലെ ഇല്ലസ്ട്രേഷനുകള്‍. അക്രിലിക്കിലും ചാര്‍ക്കോളിലും പെന്‍ ആന്‍ഡ് ഇങ്കിലുമാണ് വര. പാലക്കാട് മുനിസിപ്പല്‍ ലൈബ്രറി ഹാള്‍ ചുമരില്‍ കൊങ്ങന്‍പടയുടെ ചരിത്രചിത്രീകരണം നടത്തുന്നതിന്റെ തിരക്കിലാണ് ബൈജുദേവ് ഇപ്പോള്‍. ചുമര്‍ചിത്രങ്ങളെക്കുറിച്ചുള്ള മുഖ്യധാരയിലെ അറിവും നിര്‍വചനവും തിരുത്താനും ഈ ദൌത്യത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നു. ക്ഷേത്ര ചുമര്‍ ചിത്ര ശൈലിയെ വികൃതമായി അനുകരിക്കുകയും സാമാന്യ ജനത്തെ കബളിപ്പിക്കുകയും ചെയ്യുന്ന പ്രവണതയെ തുറന്നുകാണിക്കാനും ബൈജുദേവ് ആഗ്രഹിക്കുന്നു. ചുമരില്‍ ചെയ്യുന്നതെല്ലാം ചുമര്‍ചിത്രമാണെന്നിരിക്കെ കച്ചവടംമാത്രം ലക്ഷ്യമിട്ട് നടത്തുന്ന വഞ്ചനയെയാണ് ബൈജുദേവ് ഇവിടെ തുറന്നുകാണിക്കാന്‍ ശ്രമിക്കുക.
കെഎസ്ഇബി ഉദ്യോഗസ്ഥ മായയാണ് ഭാര്യ. മക്കള്‍: ഹേമന്ത്ദേവ്, നന്ദിത.

msasokms@gmail.co


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top