അവര്‍ എന്തിനുവേണ്ടി ജീവിച്ചുവെന്നും എന്തിനുവേണ്ടി പൊരുതിയെന്നും എന്തിനായ് മരണം വരിച്ചുവെന്നും സകല ജനതയെയും ഓര്‍മിപ്പിക്കേണ്ട കാലമാണിത്. രക്തസാക്ഷി ഒരുവനല്ല. ഒരു വംശമാണത്. ഈ വംശം തുടരുംകാലത്തോളം ഓര്‍മപ്പെടുത്തലുണ്ടാകണം. ചവിട്ടിക്കടന്നുപോന്നതൊക്കെ വെറും മണലാണെന്നു കരുതുന്നവരെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു, ചവിട്ടടികളില്‍നിന്ന് കാലില്‍ പുരണ്ടതൊക്കെ ജീവിതങ്ങളായിരുന്നുവെന്ന.് നിങ്ങള്‍ക്കു പുറകില്‍ പോരാളികളുടെ, നീതിമാന്‍മാരുടെ തലമുറകള്‍ ഈ മണ്ണില്‍ വീണുപോയിട്ടുണ്ടെന്ന്. അവരെ ഉണര്‍ത്തിനിര്‍ത്തലാണ് മുന്നോട്ടുപോകാനുള്ള ഏകമാര്‍ഗമെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊടുക്കണം. സുബ്ബരായന്‍മാരുടെ പരമ്പരകള്‍ ഒടുങ്ങുന്നില്ലായെന്നും ഒര്‍മിപ്പിക്കണം. രൂപഭാവങ്ങളിലെ മാറ്റത്തോടെ അവരിനിയും അവതരിക്കും. തൊപ്പിക്കും ലാത്തിക്കുമുള്ള ഭാവവ്യതിയാനംമാത്രം.
മണ്‍മറഞ്ഞിട്ടും ഉണര്‍ന്നിരുന്നു പാടുന്ന മഠത്തില്‍ അപ്പുവും കോയിത്താറ്റില്‍ ചിരുകണ്ടനും പൊടോര കുഞ്ഞമ്പുനായരും പള്ളിക്കല്‍ അബൂബക്കറും കയ്യൂരിന്റെ കഥയാണ്്. എന്നാല്‍, അത് കേരളത്തിന്റെ കഥയാണെന്ന് ഇടയ്ക്കിടെ പറയേണ്ടിവരുന്ന കാലമാണിത്. അത് മാത്രമല്ല, ഒഞ്ചിയവും പുന്നപ്രയും വയലാറും കാവുമ്പായിയും മുനയന്‍കുന്നും കരിവെള്ളൂരും ഇടയ്ക്കിടെ ഓര്‍മപ്പെടുത്തണം.
കയ്യൂര്‍ കലാകാരന്മാരെയും പ്രചോദിപ്പിച്ചിട്ടുണ്ട് എക്കാലവും. സിനിമയിലും നാടകത്തിലും കയ്യൂര്‍ തെളിഞ്ഞുനിന്നു. എന്നാല്‍, നടന്നതിനേക്കാള്‍ മനോഹരമായിരുന്നു നടക്കാതെ പോയത്. ജോണ്‍ എബ്രഹാമും മൃണാള്‍സെന്നും കയ്യൂര്‍ചരിത്രം സ്വപ്നം കണ്ടവരായിരുന്നു. കവിതയായും കഥയായും കയ്യൂര്‍ ഉണര്‍ന്നു പാടുകയും പറയുകയുമുണ്ടായി. കയ്യൂര്‍ ചരിത്രരേഖ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന 'കുളകുന്ത ശിവരായ' എന്ന നിരഞ്ജനയുടെ ചിരസ്മരണ ഇവയിലേറ്റവും മനോഹരം. ചിരസ്മരണയ്ക്ക് നാടകസാധ്യത കൂടുതലാണ്. കാരണം, നിരഞ്ജന മികച്ച നാടകകൃത്തുകൂടിയായിരുന്നു. ഇത്രയേറെ നാടകവ്യാഖ്യാനങ്ങള്‍ ഉണ്ടായ കൃതിയും മലയാളത്തില്‍ കുറവാണ്. ഇപ്പോള്‍ പയ്യന്നൂര്‍ ദൃശ്യ ചിരസ്മരണയ്ക്ക് നല്‍കിയ രംഗാവിഷ്കാരം ശ്രദ്ധേയമാകുന്നത് അതിന്റെ ലാളിത്യത്തോടൊപ്പം സമകാലീന രാഷ്ട്രീയാവസ്ഥയോട് സംവദിച്ചുകൊണ്ടാണ് നാടകം ആരംഭിക്കുന്നത് എന്നതുകൊണ്ടുകൂടിയാണ്.
കയ്യൂരിന്റെ കഥയേറെ പരിചിതമാണ് വിശേഷിച്ച് ആത്മാഭിമാനം കൈമോശംവന്നിട്ടില്ലാത്തവര്‍ക്ക്്. 1943 മാര്‍ച്ച് 29നാണ് നാല് ധീരന്മാരെ തൂക്കിലേറ്റുന്നത്. എന്നാല്‍, അതിനുമുമ്പുണ്ടായ ചില സംഭവങ്ങള്‍, ചരിത്രത്തിലെ അങ്ങേയറ്റം വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ അങ്ങേയറ്റം തീവ്രതയോടെ പകര്‍ത്താന്‍ നാടകത്തിനായിട്ടുണ്ട്. ഒന്ന് പി സി ജോഷിയുടെ ജയില്‍ സന്ദര്‍ശനമാണ്. സഖാക്കളുടെ ധീരമനസ്സിനും വാക്കുകള്‍ക്കും മുന്നില്‍ പകരംവാക്കില്ലായെന്ന് സഖാവ് ജോഷി പൊട്ടിക്കരഞ്ഞത്. കാണാനെത്തിയ ബന്ധുക്കളോടുള്ള സംഭാഷണവും അങ്ങേയറ്റം ആവേശഭരിതമായി പകര്‍ത്താന്‍ നാടകത്തിനായി. കമ്യൂണിസ്റ്റ് ചരിതമെഴുതാന്‍ തുടങ്ങുന്ന നാടകകൃത്തിനെ പൊലീസ് തടയുന്നേടത്തുനിന്നാണ് നാടകം ആരംഭിക്കുന്നത്. തുടര്‍ന്ന് കയ്യൂര്‍ ചരിത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കയ്യൂരമ്പലത്തിലെ ഭണ്ഡാരം കൊണ്ടുപോകുന്ന ജന്മിയെ സഖാക്കള്‍ തടയുന്നതാണ് തുടക്കം. നിശാപാഠശാലയും ചിരുകണ്ടന്റെ അച്ഛന്റെ നിലം നഷ്ടമാകുന്നതും എല്ലാം നാടകത്തെ ചരിത്രത്തോട് ചേര്‍ത്തുനിര്‍ത്തുന്നു.
റിയലിസ്റ്റിക് രീതിയില്‍ പറഞ്ഞുപോകുന്ന നാടകം വിപ്ളവചരിത്രത്തെ അങ്ങേയറ്റം വികാരതീക്ഷ്ണമായി കാണിയിലേക്ക് സന്നിവേശിപ്പിക്കുന്നുണ്ട്. ഒപ്പം ഒ എന്‍ വി, പി ഭാസ്കരന്‍, കെ എ കേരളീയന്‍ എന്നിവര്‍ രചിച്ച് രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കി വി ടി മുരളി ആലപിച്ച ഗാനങ്ങളും നാടകാന്തരീക്ഷത്തിന് കരുത്താവുന്നു. കരിവെള്ളൂര്‍ മുരളി രചിച്ച് പ്രേംകുമാര്‍ വടകര ഈണം നല്‍കി കവിത ബാലകൃഷ്ണനും രതീഷ്കുമാറും പാടിയ ഗാനങ്ങളും നാടകഗാത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നു. സജി സരിഗയാണ് പശ്ചാത്തലസംഗീതം.
നിര്‍മാണ നിര്‍വഹണം: കമലാക്ഷന്‍, രാജന്‍ അന്നൂര്‍, രംഗപടം: വിജയന്‍ കടമ്പേരി, ചമയം: ഒ മോഹനന്‍, വസ്ത്രാലങ്കാരം: അനില്‍ അലവില്‍, രംഗോപകരണം: പ്രമോദ് അന്നൂര്‍ എന്നിവരും രചന, സംവിധാനം: പ്രദീപ് മണ്ടൂരുമാണ് നിര്‍വഹിച്ചത്.
രംഗത്ത് ബോബി സുരേഷ്, ജിതിന, ഉഷ പയ്യന്നൂര്‍, വിലാസിനി അന്നൂര്‍, തേജസ്വിനി, പി രഘുനാഥന്‍, വിജയന്‍ ഇടയിലക്കാട്, മണി മുക്കം, ഷാജി പടുവളം, അഡ്വ. അമരേശന്‍, അഡ്വ. ഗണേശന്‍, കമലാക്ഷന്‍ കെ, ചന്ദ്രന്‍ കണ്ടോത്ത്, സാജീവ് കൊളമ്പ, രതീഷ് പയ്യന്നൂര്‍, ജഗദീശന്‍ രാമന്തളി, സജിത് കുഞ്ഞിമംഗലം, അനില്‍ രാഗേഷ്, അഭിരാം പാടാചേരി, അഭിജിത്, സംഗീത്, ചിന്മയ സുരേഷ്, ജിജിത് ഗോവിന്ദ്, രനിത് കുഞ്ഞിമംഗലം, മഹേഷ് രാമന്തളി, സുനില്‍ പാടാചേരി എന്നിവരാണ്.
girish.natika@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..