നാടകം നാലുചുമരുകളെ തകര്‍ത്ത് മണ്ണിലിറങ്ങുകയും നാടാകെ സഞ്ചരിക്കുകയുംചെയ്യുമ്പോള് നാടാകെ നാടകമുണ്ടാകും. അത് മനുഷ്യരുമായി മുഖാമുഖം മറവില്ലാതെ വര്‍ത്തമാനം പറയും. ഇരുട്ടുമൂടിയ ഹാളിലിരുന്ന് വെളിച്ചത്തിലെ, പലതരം വര്ണവെളിച്ചത്തിലെ കളികണ്ട് രസിച്ച് എഴുന്നേറ്റ് പോകുന്നവരുടേതുമാത്രമല്ല നാടകം. തെരുവുകളിലേക്ക് നോക്കൂ. അവിടെ എത്രയെത്ര കഥാപാത്രങ്ങള്‍ ഇടംവലംപായുന്നു. പീഡാനുഭവങ്ങള്‍ പേറുന്നവര്‍, മരണത്തിലേക്ക് നടന്നടുക്കുന്നവര്‍. ഗുണ്ടകള്‍, കൊലപാതകികള്‍, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളുമായി ഒഴുകുന്നവര്‍. ഒരുവേള അവരെ വിളിച്ചുനിര്‍ത്തി ചില കാര്യങ്ങള്‍ പറയാനാവുക അത്ര എളുപ്പമല്ല. തെരുവ് അരങ്ങാക്കുക നിസ്സാരകാര്യമല്ല. അതാണിവിടെ സംഭവിക്കുന്നത്.
എന്തുകൊണ്ട് തെരുവ്. എപ്പോഴാണ് തെരുവ് രംഗവേദിയായി മാറിയത്. മനുഷ്യനെ കുലുക്കിയുണര്ത്തേണ്ടുന്ന ഘട്ടത്തിലാണ് തീര്‍ച്ചയായും നാടകം ചുമരുകള്‍ ഭേദിച്ചത്. കാണിക്ക് കരയാനും ചിരിക്കാനും മാത്രം സ്വാതന്ത്യ്രമുള്ള പ്രൊസീനിയത്തിന്റെ ഇരുട്ടിനെ തകര്‍ത്ത് കാണിക്ക് ഇടപെടാനും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവസരമാണ് നാടകം അതുവഴി നല്‍കിയത്. അവിടെ കാഴ്ചക്കാരനില്ല എല്ലാവരും അഭിനേതാക്കളായി. നാടകം അവരുടെ പ്രശ്നങ്ങള്‍ സംസാരിച്ചു. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും രൂപം കൈവരിച്ചു. ഉരുട്ടിയെടുത്ത സങ്കടവും സന്തോഷവും ചാലിച്ച സാഹിത്യം നിരാകരിച്ച് നാടകം മനുഷ്യഭാഷയില്‍ തെരുവിനോട് വര്‍ത്തമാനം പറഞ്ഞു.
അതെ, തെരുവ് ജീവിതത്തിന്റെ നേര്‍പകര്‍പ്പാണെന്ന് തിരിച്ചറിയുന്നേടത്താണ് നാടകം തെരുവിലേക്ക് പോയത്. കൃത്യമായ അളവുകളില്ലാതെ, ചുവടുകള്‍ക്ക് നിയതമായ താളങ്ങളില്ലാതെ നാടകം ഇടംവലം പാഞ്ഞുനടന്നു. ചിലപ്പോള്‍ അത് കെട്ടിടത്തിനുമുകളില്‍, മരത്തിനു മുകളില്‍, ഹോട്ടല്‍ ഇടനാഴികളില്‍, കാര്പാര്ക്കിങ്ങുകളില് എല്ലായിടത്തും പാഞ്ഞുനടന്നു. അത് ബസിനുള്ളില്‍, ബസിനുമുകളില്‍ കയറി. ഒരു യാത്രക്കാരന്റെ ചുമലില്‍ കൈയിട്ട് വര്‍ത്തമാനം പറഞ്ഞു. അങ്ങനെയങ്ങനെ നാടകം മനുഷ്യന്റേതായി, തെരുവിന്റേതായി.
സംഗീത നാടക അക്കാദമിയുടെ ഒമ്പതാമത് അന്താരാഷ്ട്ര നാടകോത്സവം 20ന് ആരംഭിക്കുമ്പോള്‍ നാടകോത്സവത്തിന്റെ മുഖം മാറുകയാണ്. മങ്ങിമങ്ങി മരിക്കുമെന്ന് തോന്നിയേടത്തുനിന്നാണ് ഇറ്റ്ഫോക് ജീവിതത്തിലേക്ക് തിരികെ വരുന്നത്. നാടാകെ നാടകവുമായൊരു തിരിച്ചുവരവാണ് ഇറ്റ്ഫോക്കിന്റേത്. തൃശൂര്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ഗ്യാരേജിലും സ്വിമ്മിങ് പൂളിലും കാട്ടിലും തെരുവിലും നാടകം നടക്കുകയാണ്.
അതെ, ഇത്തവണത്തെ ഇറ്റ്ഫോക് തെരുവരങ്ങിന്റെ സൌന്ദര്യശാസ്ത്രത്തിലാണ് ഊന്നുന്നത്. പ്രൊസീനിയത്തിന്റെ കാപട്യങ്ങളെ പൊളിച്ചെഴുതുന്ന രംഗാവതരണങ്ങളാണ് അധികവും.
നാടകത്തിന്റെ 9 ദിനങ്ങള്‍
ശങ്കര്‍ വെങ്കിടേശ്വരന്റെ ഉള്ളുറവ് രംഗാവതരണത്തോടെയാണ് നാടകോത്സവം ആരംഭിക്കുന്നത്. 20 മുതല്‍ 28 വരെയുള്ള ഒമ്പതുദിവസങ്ങളിലായി 15 രാജ്യാന്തരനാടകങ്ങള്, എട്ട് ദേശീയനാടകങ്ങള്, ഏഴ് മലയാളനാടകങ്ങള്‍ എന്നിവയാണ് അരങ്ങിലെത്തുക. സെര്‍ബിയ, ഫ്രാന്‍സ്, സ്പെയിന്, ലിത്വാനിയ, ബള്‍ഗേറിയ, ചിലി, ഇറ്റലി, യുഎസ്എ, ഇറാന് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ തിയറ്റര്‍ സംഘങ്ങളും ഇന്ത്യയിലെ വിവിധ തിയറ്റര്‍ കമ്പനികളും നാടകങ്ങള്‍ അവതരിപ്പിക്കും.
കോഴിക്കോട് റിമംബറന്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന, ശശിധരന് നടുവില്‍ സംവിധാനംചെയ്ത, ഫ്രഞ്ച് നാടകകൃത്തും നോവലിസ്റ്റുമായ ഴാങ് ഴെനെയുടെ 'ബാല്‍ക്കണി', ടി വി കൊച്ചുബാവയുടെ ഉപന്യാസം എന്ന കഥയെ അധികരിച്ച് ജയിംസ് ഏലിയ രചിച്ച് ജോസ് കോശി സംവിധാനംചെയ്ത് തൃശൂര്‍ ഇന്‍വിസിബ്ള്‍ ലൈറ്റിങ് സൊലൂഷന്‍സ് അവതരിപ്പിക്കുന്ന 'ചരിത്രപുസ്തകത്തിലേക്കൊരേട്', ചേര്‍പ്പ് നാടകപ്പുരയുടെ നാടകം 'തീയൂര്‍ രേഖകള്‍', സജിത മഠത്തില്‍ രചനയും പ്രൊഫ. ചന്ദ്രദാസന്‍ സംവിധാനവും നിര്‍വഹിച്ച കൊച്ചി ലോക്ധര്മിയുടെ 'കാളിനാടകം', ഡോ. ഗോപന് ചിദംബരന് രചനയും ശിവന് വെങ്കിടങ് സംവിധാനവും നിര്‍വഹിച്ച തൃശൂര്‍ ശില സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിന്റെ 'സദൃശവാക്യങ്ങള്‍', ശ്രീജിത് രമണന് രചനയും സംവിധാനവും നിര്‍വഹിച്ച് സ്കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന 'മിസ്റ്റി മൌണ്ടന്‍സ് ഓഫ് മഹാഭാരത', ജി ശങ്കരപ്പിള്ളയുടെ വിഖ്യാത രചനയ്ക്ക് ഡി രഘൂത്തമന് രംഗാവിഷ്കാരം നല്കി തിരുവനന്തപുരം അഭിനയ അവതരിപ്പിക്കുന്ന 'കര്‍ണഭാരം' എന്നിവയാണ് മലയാള നാടകങ്ങള്‍.
പ്ളേ ഓണ്‍ പ്രൊഡക്ഷന്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി വിജയധാന് ദത്ത രചിച്ച് ഗുര്‍ലീന്‍ ജഡ്ജ്് സംവിധാനംചെയ്ത ഹിന്ദി നാടകം 'ദോഹ്രി സിന്ദഗി', ആസക്ത കലാമഞ്ചിനുവേണ്ടി മോഹിത് തകാല്കര് സംവിധാനവും അമീര്‍ നിസാര്‍ സുആബി രചനയും നിര്‍വഹിച്ച ഹിന്ദിയിലും ഉര്‍ദുവിലുമുള്ള നാടകം 'മേ ഹൂ യൂസഫ് ഓര് യേ ഹെ മേരാ ഭായ്', ഓമ്നി ഫ്ളെയിം ദ ആര്‍ട്ട് സൊസൈറ്റിക്കുവേണ്ടി പലാഷ് പ്രൊതിം മെക് സംവിധാനംചെയ്ത ആസാമീസ് നാടകം 'ഫാള്‍ ഓഫ് എ കിങ്', പെര്‍ഫോമന്‍സ് സ്റ്റഡി കളക്ടീവ് ന്യൂഡല്ഹിക്കുവേണ്ടി ദീപന് ശിവരാമന് സംവിധാനംചെയ്ത ഇംഗ്ളീഷ് നാടകം 'ദ കാബിനറ്റ് ഓഫ് ഡോ കലിഗറി', എബോങ് അമ്ര വെസ്റ്റ് ബംഗാള്‍ കല്ലോല്‍ ഭട്ടാചാര്യയുടെ സംവിധാനത്തില്‍ ധരംവീര്‍ ഭാരതിയുടെ ഇന്ത്യാവിഭജനകാലത്തെ വിഖ്യാതരചനയെ ആധാരമാക്കി അവതരിപ്പിക്കുന്ന ബംഗാളിനാടകം 'അന്ധായുഗ', ലോക്ജാഗ്രിതി സന്‍സ്ഥ മഹാരാഷ്ട്ര അവതരിപ്പിക്കുന്ന മനോഹര്‍ പാട്ടീലിന്റെ നോവലിനെ ആധാരമാക്കിയുള്ള മറാത്തി നാടകം 'തല്വ', മുരുഗഭൂപതി സംവിധാനംചെയ്ത് മനല്മാഗുഡി തിയറ്റര്‍ ലാന്‍ഡ് അവതരിപ്പിക്കുന്ന തമിഴ്നാടകം 'മായകോമാളികളിന് ജല കണ്ണാടി' എന്നിവയാണ് ദേശീയനാടകങ്ങള്.
തീക്ഷ്ണമായ രാഷ്ട്രീയരചനകള്‍
വിദേശനാടകങ്ങളില്‍ നാലെണ്ണം സംയുക്താവതരണങ്ങളാണ്. അവയില്‍ മുഖ്യപങ്കുവഹിക്കുന്നത് മലയാളികളാണ്. ഫ്രാന്‍സില്‍നിന്നുള്ള സ്ട്രിങ്സ് തിയറ്റര്‍ കമ്പനിയുടെ 'സ്ട്രിങ്സ്' എന്ന അവതരണത്തില്‍ മലയാളികളായ മൂന്ന് കലാകാരന്മാരുണ്ട്. പോളണ്ട് ആര്‍ട്ട് ജങ്ഷനും തിയറ്റര്‍ കണക്ടും സംയുക്തമായി അവതരിപ്പിക്കുന്ന 'നോട്ട് ഔര്‍ ബിസിനസി'ല്‍ ഏതാണ്ട് എല്ലാവരും മലയാളികളാണ്. സ്പെയിനില്‍നിന്നുള്ള കംചഡ്കയുടെ 'മൈഗ്രാര്‍' എന്ന അവതരണത്തില്‍ 30 ഇന്ത്യന്‍ കലാകാരന്മാരാണുള്ളത്. ചിലിയില്‍നിന്നുള്ള ലാ പെട്രിയോട്രിയോക്കയുടെ 'സാരി റോസ'യില്‍ മുപ്പതോളം മലയാളനാടകപ്രവര്ത്തകരുണ്ട്്.
ഈ നാടകങ്ങളെല്ലാം തീക്ഷ്ണമായ രാഷ്ട്രീയസാമൂഹ്യവിഷയങ്ങളെയാണ് പരാമര്‍ശിക്കുന്നത്. പി സായ്നാഥ്, അമര്‍ത്യ സെന്‍ എന്നിവരുടെയും പാശ്ചാത്യ സാമൂഹ്യ സാമ്പത്തിക ശാസ്ത്രജ്ഞരുടെയും പഠനങ്ങളെ കേന്ദ്രീകരിച്ചാണ് 'നോട്ട് ഔര്‍ ബിസിനസ്' രൂപപ്പെടുത്തിയത്്. എക്കാലത്തും പലായനം എന്ന വിഷയത്തില്‍ ഊന്നിയ അവതരണങ്ങള്‍ നടത്തിയ കംചഡ്ക, ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ അവതരണം നടത്തുന്നത്. സാരി റോസ പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന രാഷ്ട്രീയം പറയുന്നു. സെര്‍ബിയയിലെ ബ്ളഫ് തിയറ്ററിന്റെ 'ഫ്രീഡം മോസ്റ്റ് എക്സ്പെന്‍സീവ് കാപ്പിറ്റലിസ്റ്റ് വേള്‍ഡ്' നാടകം കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ചുള്ള മുതലാളിത്ത പ്രചാരണങ്ങളിലെ നുണകളെ തുറന്നുകാണിക്കുന്നതാണ്. ബള്‍ഗേറിയയില്‍നിന്നുള്ള 'ദ സ്റ്റേറ്റും' ഇത്തരത്തില്‍ മൂര്‍ച്ചയുള്ള രാഷ്ട്രീയം പറയുന്ന നാടകമാണ്.
സ്പെയിനിലെ ബാംബലീന തിയറ്റര്‍ പ്രാക്ടിക്കബിളിന്റെ 'ക്വോട്ട്', ഡെന്മാര്ക്കിലെ മെര്ലിന് പപ്പറ്റ് തിയറ്ററിന്റെ 'ക്ളൌണ്സ് ഹൌസസ്', അമേരിക്കയില്‍നിന്നുള്ള ദിസ് ഈസ് നോട്ട് എ തിയറ്റര്‍ കമ്പനിയുടെ 'പൂള് പ്ളേ', ഇറ്റലിയിലെ ഒഫീസിന് മൊണ്ടേക്രിസ്റ്റോയുടെ സംഗീതനാടകം 'ഡ്രീംസ് ഓഫ് ഡ്രീംസ്', സ്പെയിന് ലിത്വാനിയന്‍ സംയുക്ത സംരംഭമായ 'അറൈവ്ഡ്', കുട്ടികള്‍ക്കുള്ള രംഗാവതരണം ഇറാനില്‍നിന്നുള്ള 'സാറ', ഗുജറാത്തില്‍നിന്നുള്ള നിശ്ശബ്ദനാടകം 'ലാ പോ ലാ', ജര്‍മന്‍ ഇസ്രയേല്‍ സംയുക്തസംരംഭം 'ലോസ്റ്റ് വീല്‍സ് ഓഫ് ടൈം', ഇറ്റലിയിലെ തിയറ്റര്‍ ഡി വെന്റിയുടെ 'പെന്റസീലിയ' എന്നിവയാണ് മറ്റു പ്രധാന വിദേശനാടകങ്ങള്‍.
ഇവയ്ക്കിടയില്‍ ഏറ്റവും ശ്രദ്ധേയമാകുന്ന അവതരണം കേരളത്തില്നിന്നുള്ളതാകും. എല്ലാതരത്തിലും പ്രക്ഷോഭ പ്രതിരോധ നാടകമാകുന്ന 'ഐ ആം അണ്‍ടച്ചബിള്‍, ഐ ആം രോഹിത് വെമുല' എന്ന നാടകം അവതരിപ്പിക്കുന്നത് എക്കാലത്തും തന്റെ അവതരണങ്ങള്‍കൊണ്ട് നാടകവേദിക്ക് തീപിടിപ്പിച്ച രാമചന്ദ്രന് മൊകേരിയാണ്.
സംവാദവേദികള്‍ തിരിച്ചുപിടിക്കുന്നു
ഇതിനു പുറമെ അന്താരാഷ്ട്രനിലവാരത്തിലുള്ള കൊളോക്യങ്ങളില് ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖരെയാണ് പങ്കെടുപ്പിക്കുന്നത്.
കഴിഞ്ഞ നാല് ഇറ്റ്ഫോക്കിലൂടെ അന്താരാഷ്ട്ര നാടകോത്സവത്തിന്റ മികവും മിനുക്കവും ഇല്ലാതാക്കിയതിനെയാണ് കുറഞ്ഞകാലംകൊണ്ട് തിരിച്ചുപിടിക്കാന്‍ അക്കാദമി ശ്രമം നടത്തുന്നത്്. ജനങ്ങളെ അക്കാദമി പൂര്‍ണമായും ഒഴിവാക്കുകയും നാടകോത്സവം കേവല ഉദ്യോഗസ്ഥമേളയാക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര നാടകോത്സവങ്ങളിലെല്ലാം സുപ്രധാനഘടകമായ കൊളോക്യങ്ങള് തിരിച്ചുകൊണ്ടുവരികയാണ് ഇത്തവണ. നാടകരംഗത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ അമ്മന്നൂര്‍ പുരസ്കാരം യുഡിഎഫ് ഭരണകാലത്ത് നിര്‍ത്തലാക്കിയിരുന്നു. ഇത്തവണ ലോകനാടകവേദിയില്‍ ശ്രദ്ധേയരായ ദമ്പതികള്‍ക്ക് പ്രഖ്യാപിച്ച് അത് പുനഃസ്ഥാപിക്കുകയുംചെയ്തു. മണിപ്പുരി നാടകപ്രവര്‍ത്തകനായ ഹെയ്സനം കനൈലാലിന് മരണാനന്തര ബഹുമതിയായും അദ്ദേഹത്തിന്റെ പത്നി സാബിത്രി ഹെയ്സനത്തിനും ചേര്‍ന്നാണ് ഇത്തവണ അമ്മനൂര്‍ പുരസ്കാരം നല്‍കുന്നത്.
എല്ലാ അര്‍ഥത്തിലും കേരളം അന്താരാഷ്ട്ര നാടകവേദിയില്‍ ഇടംപിടിക്കുന്നതരത്തിലുള്ളതാകും ഇറ്റ്ഫോക് 2017.
girish.natika@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..