30 January Monday

മരയാന

എം എസ് അശോകന്‍Updated: Monday Jul 17, 2017

ഗിത്താറിന്റെ അകമ്പടിയില്‍ സൂരജ് പാടുന്ന ആനപ്പാട്ടിനൊപ്പം സ്ക്രീനില്‍ ഉളിയും ചുറ്റികയും ഇടയുന്ന ശബ്ദം. കൂറ്റന്‍ കുന്നിവാകത്തടിയില്‍ വരച്ചിട്ട ചിത്രത്തില്‍നിന്ന് തലയും കുന്നിയും കന്നവും ചെവിയും നടയും അമരവുമൊക്കെയായി തലപ്പൊക്കത്തോടെ ഒരു കൊമ്പന്‍ പിറക്കുന്നു. അതിനെ ആന എന്നു വിളിച്ചാല്‍ പോരാ. രാമചന്ദ്രനാടാ കൈയടിക്ക് എന്ന് പാട്ടിനിടെ ഇടപെടല്‍. മലയാളത്തിലെ ആനപ്രേമികളുടെയാകെ പ്രേമഭാജനമായ ആനസൌന്ദര്യത്തിലെ ബിഹാറിവിസ്മയം. ശൌര്യത്തിന്റെയും തലപ്പൊക്കത്തിന്റെയും അവസാനവാക്ക് സൂരജ് നമ്പ്യാട്ടിന്റെ കരവിരുതില്‍ എഴുന്നള്ളിനില്‍ക്കുകയാണ്. കേരളക്കരയില്‍ മണ്‍മറഞ്ഞതും ജീവിച്ചിരിക്കുന്നതുമായ ആനസൌന്ദര്യങ്ങളുടെ ഛായാപ്രതിമകള്‍ നിര്‍മിച്ച് ആനകളോളംതന്നെ ആനപ്രേമികളുടെ ഇഷ്ടം നേടിക്കഴിഞ്ഞു സൂരജ് എന്ന വടക്കന്‍ പറവൂരുകാരന്‍ യുവ ശില്‍പ്പി.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്ന് ശില്‍പ്പകലയില്‍ ബിരുദാനന്തരബിരുദം നേടിയ സൂരജ് ആനപ്രാന്തനോ ആനപ്രേമിയോപോലുമായിരുന്നില്ല. മരപ്പണി ഉപജീവനമാര്‍ഗമായി സ്വീകരിച്ച കുടുംബത്തിലെ അംഗമെന്ന നിലയില്‍ ശില്‍പ്പവേലയോട് കുട്ടിക്കാലംമുതല്‍ കമ്പമുണ്ട്. ആനക്കമ്പക്കാരുടെ നാട്ടിലെ ശില്‍പ്പകലാ പഠനത്തിനിടെ വെറും കൌതുകംകൊണ്ടുമാത്രമാണ് ഒരിക്കല്‍ ആനശില്‍പ്പമുണ്ടാക്കിയത്. പരമ്പരാഗത ആനശില്‍പ്പങ്ങളില്‍നിന്ന് വ്യത്യസ്തമായി ആനയുടെ മുഖസൌന്ദര്യവും ശരീരവടിവും നിലവും ശരീരത്തിലെ വിശദാംശങ്ങളുമെല്ലാം ഒരടിയോളംമാത്രം വലുപ്പമുള്ള ആ ശില്‍പ്പത്തിലുണ്ടായിരുന്നത് ആനക്കമ്പക്കാരുടെ ശ്രദ്ധ നേടി. സൂരജിന്റെ നാടായ പറവൂര്‍ എറണാകുളം ജില്ലയിലെ ആനത്തറവാടാണ്.

കിളിയന്തിയും മാരാമിറ്റവും മിന്നപ്രഭുവുമൊക്കെ പറവൂരിലെ അറിയപ്പെടുന്ന ആനത്തറവാടുകളാണ്. ചെറായിയും പള്ളത്താംകുളങ്ങരയുമൊക്കെ ആന ഉത്സവങ്ങള്‍ക്ക് പേരുകേട്ട ക്ഷേത്രദേശങ്ങളും. തന്റെ ആനശില്‍പ്പത്തിന് ലഭിച്ച സ്വീകാര്യത ഇത്തരം ശില്‍പ്പങ്ങളുടെ നിര്‍മാണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സൂരജിനെ പ്രേരിപ്പിച്ചു. ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെയും പാമ്പാടി രാജന്റെയും തിരുവമ്പാടി ശിവസുന്ദറിന്റെയും ശില്‍പ്പങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയായി. മണ്‍മറഞ്ഞ ആനകളില്‍ ഗുരുവായൂര്‍ പത്മനാഭനും പൂതൃക്കോവില്‍ ആനയ്ക്കും ചന്ദ്രശേഖരനുമൊക്കെയാണ് പ്രിയം. പത്തുവര്‍ഷത്തിനിടെ ആനപ്രേമികളുടെ ആവശ്യാര്‍ഥം എത്ര ആനകളുടെ ശില്‍പ്പം നിര്‍മിച്ചുകഴിഞ്ഞെന്ന കണക്കെടുപ്പുപോലും അസാധ്യം.

കൊത്താന്‍ കടുപ്പമുള്ള തകരയിനത്തില്‍പ്പെട്ട കുന്നിവാകത്തടിയിലാണ് നിര്‍മാണം. ഏതു വലുപ്പത്തിലും തടി ലഭിക്കുമെന്നതാണ് സൌകര്യം. മിക്കവാറും ഒറ്റത്തടിയിലാണ് കൊത്തുക. അഞ്ചടി വലുപ്പത്തില്‍ കൊത്തിയ ഉയരക്കാരന്‍ തെച്ചിക്കോട്ടുകാവ് ആനയുടെ ശില്‍പ്പമാണ് ഇതുവരെ നിര്‍മിച്ച ആനശില്‍പ്പത്തില്‍ വലുത്. 2000 കിലോയോളം ഭാരമുണ്ടായിരുന്നു. ഒന്നരയടിമുതല്‍ വലുപ്പത്തിലാണ് കൊത്തുക. മറ്റ് മൃഗശില്‍പ്പങ്ങളെ അപേക്ഷിച്ച് കൊത്തിയുണ്ടാക്കാന്‍ പ്രയാസമുള്ള രൂപമാണ് ആനയുടേതെന്ന് സൂരജ് പറഞ്ഞു. ശരീര-മുഖ സൌന്ദര്യത്തിന്റെ അഴകളവുകള്‍ ഒത്തുവരണം. നടയും നിലയുമൊക്കെ നന്നായാല്‍മാത്രമേ ശില്‍പ്പം ഭംഗിയാകൂ.

ആനപ്രേമികള്‍ക്ക് ഇതെല്ലാം അറിയാം. അറിയപ്പെടുന്ന ആനകളാണെങ്കില്‍ അതിന്റെ അഴകളവുകള്‍ ആരാധകര്‍ക്ക് മനപ്പാഠമായിരിക്കും. പഠനകാലത്ത് നാട്ടാനകളുടെയും ബിഹാറി ആനകളുടെയും ശാരീരികമായ പ്രത്യേകതകള്‍ പ്രോജക്ടായി ചെയ്തത് ശില്‍പ്പനിര്‍മാണത്തില്‍ ഏറെ പ്രയോജനം ചെയ്തെന്നും സൂരജ് പറഞ്ഞു. രൂപപ്പെടുത്തിയ ആനകളുടെ വിശദാംശങ്ങള്‍ കൊത്തിയും വരച്ചും ചേര്‍ക്കാന്‍ സഹായികളുണ്ട്. മര പോളിഷ് ചായം കലര്‍ത്തി തേച്ചാണ് വര്‍ണഭംഗി വരുത്തുക. തൊലിയുടെ ചുളിവും പുള്ളികളും കൊമ്പിലെ കറുത്ത നേര്‍ത്തവരകളുംപോലും വിട്ടുപോകാതെ ചേര്‍ക്കും.

മണ്‍മറഞ്ഞ പ്രമുഖ ആനകളുടെയെല്ലാം ശില്‍പ്പം നിര്‍മിക്കുന്ന ഒരു പ്രോജക്ടിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ സൂരജ്. ചെങ്ങല്ലൂര്‍ രംഗനാഥന്‍മുതലുള്ള ആനകള്‍ ഈ പരമ്പരയില്‍ വരും. ആവശ്യക്കാരുടെ ഓര്‍ഡര്‍ അനുസരിച്ചുള്ള നിര്‍മാണത്തിന്റെ തിരക്കൊഴിയുന്നില്ല. കേരളത്തിനു പുറത്തുനിന്നും വിദേശത്തു നിന്നും ആവശ്യക്കാരുണ്ട്. സിമന്റിലും ആനശില്‍പ്പങ്ങള്‍ ചെയ്തിട്ടുണ്ട്. ലോഹത്തിലും കരിങ്കല്ലിലുമൊക്കെ ചെയ്യാനും ആലോചിക്കുന്നു. 
ഗായകനും ഗിത്താറിസ്റ്റുമായ സൂരജിന് സ്വന്തമായി ബാന്‍ഡ് ഗ്രൂപ്പുണ്ട്. അസാസീല്‍ എന്ന പേരിലുണ്ടായിരുന്ന ബാന്‍ഡ് ചാനല്‍ റിയാലിറ്റിഷോയില്‍ തിളങ്ങി. ആനശില്‍പ്പനിര്‍മാണത്തിന്റെ ദൃശ്യങ്ങള്‍ ചേര്‍ത്ത ആനപ്പാട്ടുകള്‍ ബാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: ബിനിത. മകള്‍: വ്യാനി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top