12 April Monday

ചിത്രസ്മരണകള്‍

എം എസ് അശോകന്‍Updated: Sunday Jul 17, 2016

സുനിലിന്റെ ഓര്‍മകള്‍ പെയ്യുകയാണ്. ഡ്രോയിങ് ബോര്‍ഡില്‍ നിവര്‍ത്തിയിട്ട 52/48 സെന്റിമീറ്റര്‍ വലിപ്പത്തിലുള്ള വെള്ളക്കടലാസിലേക്ക് ഓര്‍മകളുടെ കാറ്റ് കൊണ്ടുവരുന്ന തോരാത്ത വര്‍ണമഴയായി. മണല്‍ക്കാറ്റില്‍ പൊഴിയുന്ന വേര്‍പ്പുതുള്ളികളില്‍ നിന്നുകൊണ്ടാണ് തലശേരി പാട്യത്തെ മണ്ണിന്റെ ഈര്‍പ്പമുള്ള ഗൃഹാതുരതയെ സുനില്‍ പൂക്കോട് വര്‍ണങ്ങളില്‍ പുനസഷ്ടിക്കുന്നത്. ആ ചിത്രങ്ങള്‍ തലശേരിയുടെ മാത്രമല്ല, മലയാളത്തിന്റെ കുറുമ്പു നിറഞ്ഞ കുട്ടിക്കാലത്തിന്റെയാകെ ചിത്രസ്മരണകളുടെ സമാഹാരമായി നാളെ മാറിയേക്കാം.

പതിനെട്ടുവര്‍ഷമായി കുവൈറ്റില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി നോക്കുന്ന സുനില്‍ പൂക്കോട് വീട്ടിലെ വിശ്രമ വേളയിലാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഓര്‍മകള്‍ എന്ന പരമ്പരയില്‍ ഇതുവരെ നൂറ്റമ്പതിലേറെചിത്രങ്ങളായി. ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ തന്നില്‍ ഇങ്ങനെ തിങ്ങുകയാണെന്ന് സുനില്‍ പറയും. പലതും ഫോട്ടോഗ്രാഫുകള്‍ പോലെ കടലാസിലേക്ക് പകര്‍ത്തുകയാണ്. ചില ഫ്രയിമുകളില്‍ നാട്ടുവഴികളും ലാന്‍ഡ്സ്കേപ്പുകളുമെല്ലാം അതേപടിയുണ്ടാകും. നിറയെ മനുഷ്യരും. ടീച്ചറെ ഉപ്പുമാവിന്റെ അടുപ്പില്‍ തീകത്തുന്നില്ല. എന്നാണ് സ്കൂള്‍ കാലത്തിന്റെ ഓര്‍മ ചിത്രങ്ങളിലൊന്നില്‍. കുട്ടികള്‍ തിങ്ങി നിറഞ്ഞ ക്ളാസ് മുറിയിലേക്ക് സ്കൂള്‍ അടുക്കളയില്‍ നിന്നുവരുന്ന പുക വായിച്ച് പിന്‍ ബഞ്ചുകാരന്‍ പറയുന്നതാണ് കമന്റ് എന്ന് ചിത്രത്തില്‍ നിന്നു വ്യക്തം. വീട്ടുമുറ്റത്തെ കളികള്‍, നാട്ടുവഴിയിലെകൂട്ടുകൂടല്‍, സിനിമാകൊട്ടക, ബസ്യാത്രയുടെ അല്‍ഭുതങ്ങള്‍, സ്കൂള്‍കാലപ്രണയം എന്നുവേണ്ട കാഴ്ചക്കാരനെയും മധുരം നിറഞ്ഞ ഗൃഹാതുരത്വത്തിലാക്കുന്നവയാണ് ഓര്‍മ പരമ്പരയിലെ ചിത്രങ്ങളോരോന്നും. ഈ പരമ്പരയില്‍ ബാല്യത്തിന്റെയും കൌമാരത്തിന്റെയും ചിത്രങ്ങള്‍ എത്ര വരച്ചാലും തീരുകയില്ലെന്നാണ് സുനില്‍ പറയുക. പോയകാലത്തിലേക്ക് പ്രവാസിയായിരുന്നുകൊണ്ടുള്ള നോട്ടമാകുമ്പോള്‍ പ്രത്യേകിച്ചും.

സുനില്‍ പൂക്കോട്

സുനില്‍ പൂക്കോട്

ചിത്രങ്ങള്‍ എല്ലാം അപ്പപ്പോള്‍ ഫേസ്ബുക്ക് പേജില്‍ പോസ്ററുചെയ്യുകയാണ് പതിവ്. പ്രവാസി സുഹൃത്തുക്കളില്‍ നിന്ന്് പ്രത്യേകിച്ചും അപ്പപ്പോള്‍ പ്രതികരണം ഉണ്ടാകുന്നതിനാല്‍ കൂടുല്‍ വരയ്ക്കാന്‍ പ്രോത്സാഹനമാകുന്നു. ഇതുവരെ സ്വന്തം നിലയില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തിയിട്ടില്ല. സുഹൃത്തുക്കളില്‍ ചിലര്‍ ചിത്രങ്ങളുടെ പ്രിന്റ് എടുത്തു പ്രദര്‍ശിപ്പിച്ചതായി അറിയാം.  ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഗ്രാഫിക് നോവല്‍ പോലെ പുസ്തക രൂപത്തിലാക്കാനുമുള്ള ചില ആലോചനകള്‍ നടക്കുന്നതായും സുനില്‍ പറഞ്ഞു. 

തലശേരി സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രരചന അഭ്യസിച്ചാണ് കുവൈറ്റിലേക്ക് ചേക്കേറിയത്. ജലച്ചായമാണ് ഇഷ്ട മാധ്യമം. ജലച്ചായ രചനയില്‍ നിഷ്കര്‍ഷിക്കുന്ന പരമ്പരാഗത സാങ്കേതിക രീതികളൊന്നും സുനില്‍ പിന്തുടരുന്നില്ല. താന്‍ തന്നെ കണ്ടെത്തിയതെന്ന് സുനില്‍ അവകാശപ്പെടുന്ന രചനാശൈലിയിലാണ് വരപ്പ്. ജലച്ചായ രചനക്കുള്ള ആസിഡ് ഫ്രീ കടലാസ് സുനിലിന് നിര്‍ബന്ധമില്ല. നിറങ്ങള്‍ വയ്ക്കും മുമ്പ് കടലാസില്‍ വെള്ളം പൂശുന്ന ഏര്‍പ്പാടുമില്ല. ജലച്ചായ രചനയില്‍ ആദ്യം വരയ്ക്കേണ്ടതൊക്കെ അവസാനവും അവസാനം വരയ്ക്കേണ്ടതൊക്കെ ആദ്യവും എന്ന തലതിരിഞ്ഞ രീതിയാണ് സുനിലിന്റെത്. ഇംപ്രഷനിസ്റ്റ് ശൈലിയിലേതു പോലെ വ്യത്യസ്ത ടോണുകളുടെ ചെറുസ്ട്രോക്കുകളില്‍ നിന്നു രൂപപ്പെടുത്തുന്ന നരേറ്റീവ് മാതൃകയിലുള്ള രചന സുനിലില്‍ കൈകാര്യംചെയ്യുന്ന പ്രമേയത്തിന്റെ സവിശേഷതയാല്‍ കൂടുതല്‍ ആകര്‍ഷകമാകുന്നു. ചിത്രങ്ങളിലൊന്ന് കമ്യൂണിസ്റ്റ് നേതാവായിരുന്ന പാട്യം ഗോപാലന്റെ അന്ത്യയാത്രയുടെതാണ്. കന്മതിലില്‍ കയറി നില്‍ക്കുന്ന കുട്ടിയുടെ കാഴ്ചയാണ് മുന്നില്‍. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തി കേന്ദ്രമായ പാട്യം അതുല്യ നേതാവിന്റെ അവസാനയാത്രയില്‍ നടത്തുന്ന അനുയാത്രയുടെ സത്യസന്ധമായ സ്മൃതിചിത്രമാണ് സുനില്‍ വരച്ചിടുന്നത്. സുനിലിന്റെ ഓര്‍മകള്‍ കാലത്തിന്റെതു കൂടിയാകുന്നതാണ് ആ ചിത്രങ്ങളെ വിലപിടിച്ചതാക്കുന്നത്. 

കുവൈറ്റില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അധ്യാപിക റീനയാണ് ഭാര്യ. മക്കള്‍: ജയസൂര്യ, ആദിത്യ.

msasokms@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top