24 January Monday

മരണത്തിന്റെ കാരണം

കെ ഗിരീഷ്Updated: Sunday Jan 17, 2016

മൃതദേഹത്തിന് കാവലിരിക്കുക അത്ര സുഖകരമല്ല. പലപ്പോഴും പൊലീസുകാരന്റെ വിധിയില്‍ അതും വരുന്നു. പാതിരാവുകളില്‍പോലും മൃതദേഹത്തിന് കാവലിരിക്കേണ്ട ഗതികേട് വന്നു ഭവിക്കാറുണ്ട്. എപ്പോഴെങ്കിലും ഏതെങ്കിലും പൊലീസുകാരന്‍ തൂങ്ങിമരിച്ചവന്റെ മരണകാരണത്തെക്കുറിച്ച് ആലോചിട്ടുണ്ടാകുമോ. അതൊരു ചോദ്യമാണ്. വിരസമായ ഏകാന്തതകളിലാണ് ഇത്തരം ഒരു ചിന്ത കടന്നുവരുന്നത്. മുന്നിലെ മരക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്നവന്‍ എന്തിനാകും തൂങ്ങിമരിച്ചതെന്ന് അന്വേഷിച്ചുപോയാല്‍ അതെവിടെ ചെന്നുനില്‍ക്കും.

തീര്‍ച്ചയായും കാവല്‍നില്‍ക്കാന്‍ വരുമ്പോള്‍ തൂങ്ങിമരിച്ചവനോടുള്ള പകയും വെറുപ്പുമാകും പൊലീസുകാരന്റെ മനസ്സില്‍. എന്നാല്‍, ആലോചന മരണകാരണത്തെക്കുറിച്ചാകുമ്പോള്‍ പതിയെ ഈ മനസ്സുമാറിയേക്കാം. എല്ലാ മരണങ്ങള്‍ക്കും ഒരു കാരണമുണ്ടാകാം. തികച്ചും മാനുഷികമായ കാരണങ്ങള്‍. ഒപ്പം മരണകാരണം മൃതദേഹത്തോടുള്ള ജീവിച്ചിരിക്കുന്നവന്റെ സമീപനത്തെയും വ്യത്യസ്തമാക്കുന്നുണ്ടാകാം. പലപ്പോഴും മരണകാരണം ചിന്തയ്ക്ക് വിഷയമാകാറില്ല. മരിച്ചവനെക്കുറിച്ച് ഓര്‍ക്കാനുള്ള നേരം ജീവിച്ചിരിക്കുന്നവന് ലഭിക്കുന്നില്ല എന്നതാണ് കാരണം. എപ്പോഴെങ്കിലും ഒരേകാന്തതയില്‍ ഒന്നാലോചിച്ചാല്‍ കഥ മാറും.

കൊച്ചി ഫ്ളോട്ടിങ് ഐലന്റ് ആക്ടേഴ്സ് തിയറ്ററിന്റെ 'അദ്ദേഹവും മൃതദേഹവും' എന്ന ഒറ്റയാള്‍ നാടകം ഇത്തരമൊരു കഥയാണുപറയുന്നത്. കൊടുംകാടിനുള്ളില്‍ ആത്മഹത്യചെയ്ത യുവാവിന്റെ മൃതദേഹത്തിന് കാവലിരിക്കാന്‍ എത്തുന്ന സതീശന്‍ എന്ന പൊലീസുകാരനാണ് കഥാപാത്രം. പതിവുപോലെ എന്തിനാടാ നീയിങ്ങനെ എന്നെ.....എന്ന ചോദ്യംതന്നെയാണ് സതീശനുമുയര്‍ത്തുന്നത്. എന്നാല്‍, ഇന്‍ക്വസ്റ്റിന് മേലുദ്യോഗസ്ഥന്‍ എത്താന്‍ വൈകുമെന്നായതോടെ തന്റെ ആ വിധി അയാള്‍ ഏറ്റെടുക്കുന്നു. കാത്തിരിപ്പിനിടയില്‍ ഒരു നേരംപോക്കിനോ അല്ലെങ്കില്‍ മനുഷ്യസഹജതകൊണ്ടോ മരണകാരണത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നു സതീശന്‍.

ഈ ആകാംക്ഷ മൃതദേഹത്തോടുള്ള സതീശന്റെ മനോഭാവത്തെയാണ് മാറ്റുന്നത്. മരിക്കുക എന്നത് അനിവാര്യമാണ്. എല്ലാവരും മരിക്കും. പക്ഷേ ഓരോ മരണകാരണവും മൃതദേഹത്തോടുള്ള നമ്മുടെ മനോഭാവം മാറ്റും. മരണകാരണത്തിനും മൃതദേഹത്തോടുള്ള ജീവിച്ചിരിക്കുന്നവന്റെ മനോഭാവത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചിലപ്പോള്‍ അത് കാരുണ്യവും സഹതാപവും സ്നേഹവും ബഹുമാനവും വെറുപ്പുമൊക്കെയായി മാറുന്നു.

ഷാബു കെ മാധവന്റെ തിളക്കമുള്ള അഭിനയമാണ് നാടകത്തിലുടനീളം കാണിയെ പിടിച്ചിരുത്തുന്നത്. നാല്‍പ്പതു മിനിറ്റ് നേരം മിന്നിയിറങ്ങുന്ന വിവിധഭാവങ്ങളിലൂടെ ഷാബു നടത്തിയ പകര്‍ന്നാട്ടം അതീവഹൃദ്യംതന്നെ. ഒപ്പം ജോഫി ചിറയത്തിന്റെ സംഗീതവും ഷനോജിന്റെ ലൈറ്റും ഗംഭീരമായിരിക്കുന്നു. തൃശൂര്‍ ഗോപാല്‍ജിയാണ് നാടകസംവിധാനം. കല അഭിലാഷ് ഉണ്ണിയും സാങ്കേതികസഹായം ഷാന്‍ റഹ്മാനും നിര്‍വഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top