16 February Saturday

ശില്‍പ്പ കാവ്യങ്ങള്‍

എം എസ് അശോകന്‍Updated: Sunday Jan 17, 2016

സതീശന്‍ നിര്‍മിച്ച ശില്‍പ്പം

ശില്‍പ്പനിര്‍മാണം അഭ്യസിച്ചവര്‍പോലും പിന്നീട് അതില്‍നിന്ന് മാറിനില്‍ക്കാന്‍ പല ന്യായങ്ങള്‍ കണ്ടെത്താറുണ്ട്. ഭാരിച്ച പണച്ചെലവ്, സൂക്ഷിക്കാനും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനുമുള്ള പ്രയാസം, വില്‍പ്പനസാധ്യത കുറവ് അങ്ങനെ പലതും. കളിപ്പാട്ടങ്ങള്‍ സ്വയം ഉണ്ടാക്കിയിരുന്ന കുട്ടിക്കാലം ഓര്‍ത്തെടുക്കുന്ന തിരുവനന്തപുരം കാപ്പില്‍ സ്വദേശി വി സതീശന്‍ പിന്നീട് പഠിച്ചതും അഭ്യസിക്കുന്നതും ശില്‍പ്പനിര്‍മാണംതന്നെ. തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയയില്‍ ചിത്രകലാധ്യാപകന്‍കൂടിയായ സതീശന്‍ അത്തരം ചുമതലകള്‍ നിര്‍വഹിക്കുമ്പോഴും ശില്‍പ്പനിര്‍മാണത്തിനും പ്രദര്‍ശനത്തിനും സമയം കണ്ടെത്തുന്നു. ശില്‍പ്പകലയെ കൈയൊഴിയാന്‍ പലരും കണ്ടെത്തുന്ന ന്യായങ്ങളുടെ മുനയൊടിക്കുന്ന അനുഭവപാഠങ്ങള്‍ അദ്ദേഹം പങ്കിടുകയും ചെയ്യുന്നു. പ്രകൃതിയുമായുള്ള സൌഹാര്‍ദവും സഹജീവനവുമാണ് മിക്ക ശില്‍പ്പങ്ങളുടെയും പ്രമേയപരമായ അടിയൊഴുക്ക്. വെള്ളപ്പൊക്കം എന്ന ശില്‍പ്പം, പകുതിയോളം മുങ്ങിയ മനുഷ്യന്‍ സമ്പാദ്യങ്ങളും ചുമന്ന് സ്വച്ഛമായി നടന്നുനീങ്ങുന്നതിന്റേതാണ് ടുഗതര്‍ എന്ന ശില്‍പ്പം, കാട്ടുപോത്തിന്റെ വലിയ കൊമ്പുകളില്‍ പറന്നിരിക്കുന്ന പക്ഷികളുടേതാണ്. സതീശന്‍ ശില്‍പ്പങ്ങളിലൂടെ പങ്കിടുന്ന പ്രമേയങ്ങള്‍പോലെതന്നെ കാവ്യാത്മകമാണ് അവയുടെ രൂപഭദ്രതയും. ഫിഗറേറ്റീവായ നിര്‍മിതികള്‍ കാഴ്ചയെ അങ്ങേയറ്റം മോഹിപ്പിക്കുന്നു.

തിരുവനന്തപുരം ഫൈനാര്‍ട്സ് കോളേജില്‍നിന്ന് ശില്‍പ്പകലയില്‍ ബിരുദവും ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയ സതീശന്‍, വെങ്കലത്തിലും ശിലയിലുമാണ് പ്രധാനമായി ശില്‍പ്പങ്ങള്‍ മെനയുന്നത്. വിലകൂടിയ കളിപ്പാട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാതിരുന്നപ്പോള്‍ അതിന്റെ പകര്‍പ്പുകള്‍ സ്വയം ഉണ്ടാക്കിയെടുത്തിരുന്ന കുട്ടിക്കാലത്തിലാണ് സതീശന്റെ ശില്‍പ്പനിര്‍മാണ അഭിരുചിയുടെ വേരുകള്‍. വായനയില്‍നിന്നും യാത്രയില്‍നിന്നും ഹൃദയത്തിലേക്ക് കയറുന്ന അനുഭവങ്ങളില്‍നിന്നാണ് സതീശന്റെ ശില്‍പ്പസൃഷ്ടി. അതുകൊണ്ടാകണം അതിന്റെ മൌലികതയും വൈയക്തികതയും കാഴ്ചക്കാരന് വ്യത്യസ്തമായ ആസ്വാദനവഴി തുറന്നുകൊടുക്കുന്നത്. പട്ടം പറത്തുന്ന കുട്ടിയുടെ വെങ്കലശില്‍പ്പം (ചൈല്‍ഡ്ഹുഡ്) മിനിയേച്ചറിനോളം ചെറുതാണെങ്കിലും ആകാശനീലിമയോളം കൊതിപ്പിക്കുന്ന വ്യാപ്തിയിലേക്കാണ് ആസ്വാദകനെ നയിക്കുന്നത്.  ചെറുശില്‍പ്പങ്ങളാണ് സതീശന്റേത്. ശില്‍പ്പനിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്ന പ്രായോഗികപ്രയാസങ്ങളില്‍ ചിലത് മറികടക്കാന്‍ ഇതിലൂടെ സതീശന് കഴിയുന്നു. വലിയ പണച്ചെലവില്ലാതെ ഇത്തരം നിര്‍മാണങ്ങള്‍ നടത്താം. സൂക്ഷിച്ചുവയ്ക്കാനും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും പ്രയാസമില്ല. അതേസമയം, ആസ്വാദനത്തിന് കൂടുതല്‍ ഏകാഗ്രതയും മിഴിവും നല്‍കാന്‍ ചെറുശില്‍പ്പങ്ങള്‍ക്ക് കഴിയുമെന്ന സൌകര്യവുമുണ്ട്. ഗ്യാലറികളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും തടസ്സമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും വലിയ ശില്‍പ്പങ്ങള്‍ ചെയ്യുന്നതില്‍ സതീശന് വിമുഖതയില്ല. ശില്‍പ്പങ്ങള്‍ ചെറുതായാലും വലുതായാലും ചെയ്തുകൊണ്ടിരിക്കലാണ് പ്രധാനം. അനുഭവങ്ങളിലൂടെ ഊറി ഉള്ളില്‍ ശിലയാകുന്ന ശില്‍പ്പത്തെ സാധ്യമായവിധത്തില്‍ സൃഷ്ടിപഥത്തിലെത്തിക്കുകയാണ് സതീശന്‍ ചെയ്യുന്നത്. അത് ചെയ്യുന്നതിലൂടെ കൈവരുന്ന ആശ്വാസവും ആനന്ദവുമാണ് കലാകാരനെന്ന നിലയില്‍ പ്രധാനമെന്നും സതീശന്‍ വിശ്വസിക്കുന്നു.

1983ല്‍ മികച്ച ശില്‍പ്പിക്കുള്ള രാജസ്ഥാന്‍ ലളിതകലാ അക്കാദമി അവാര്‍ഡും 2012ല്‍ കേരള ലളിതകലാ അക്കാദമി അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്കാരം നേടി. പ്രമുഖ ഗ്യാലറികളിലെല്ലാം സതീശന്റെ ശില്‍പ്പങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ഇന്‍ക്രഡിബിള്‍ ഇമേജസ്, ഫ്രോസന്‍ പോയട്രി എന്നീ രണ്ട് ശില്‍പ്പകലാ സംബന്ധിയായ പുസ്തകങ്ങളും രചിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. ഭാര്യ: രേഖ. മക്കള്‍: നവീന്‍, നവനീത്.
 

പ്രധാന വാർത്തകൾ
 Top