29 March Wednesday

പരാജിതരുടെ നീതിശാസ്ത്രങ്ങള്‍

കെ ഗിരീഷ്Updated: Sunday Oct 16, 2016

പരാജിതരുടെ നീതിശാസ്ത്രങ്ങള്‍ പുനര്‍വായിക്കേണ്ടതുണ്ട്. ചരിത്രത്തിലുടനീളം പുറമ്പോക്കുകളിലേക്ക് തള്ളിമാറ്റപ്പെട്ടവര്‍, നിഷേധികളായും, നിഷ്ഠുരരായും എഴുതപ്പെട്ടവര്‍, പൊതുസഭകളില്‍ അവഹേളിക്കപ്പെട്ടും സ്വന്തം ജന്മംപോലും അപമാനിതമാക്കപ്പെട്ടും വാഴേണ്ടിവന്നവരുടെ ചരിതങ്ങളെ പുനര്‍വായിക്കുകയെന്നത് കാലത്തിന്റെ അനിവാര്യതയാണ്.

എക്കാലത്തും ഇത്തരം കഥാപാത്രങ്ങള്‍ രൂപംകൊണ്ടിട്ടുണ്ട്. ഗുരുവിന് വിരലറുത്തുനല്‍കേണ്ടിവന്ന ഏകലവ്യന്‍, കവചകുണ്ഡലങ്ങള്‍ അഴിച്ചുനല്‍കേണ്ടിവന്ന കര്‍ണന്‍, തുട തകര്‍ന്നുവീണ ദുര്യോധനന്‍മുതല്‍ ഒരു കുറിപ്പില്‍ ജീവിതം മുഴുവന്‍ എഴുതിത്തീര്‍ത്ത രോഹിത് വെമുലവരെയുള്ളവരുടെ പരമ്പരയ്ക്കുമുകളില്‍ വിജയം കൊയ്തവരാരാണ് എന്ന ചോദ്യം കാലം ചോദിച്ചുകൊണ്ടേയിരിക്കുന്നു. 

ശ്രീജിത് പൊയില്‍കാവ്

ശ്രീജിത് പൊയില്‍കാവ്

യുഎഇയിലുള്ള കേരളത്തിലെ തീരദേശവാസികളുടെ കൂട്ടായ്മയായ 'തീരം  ദുബായ്' അരങ്ങിലെത്തിച്ച 'കുരുക്ഷേത്രയില്‍ പതിനെട്ടാം നാള്‍' എന്ന നാടകം കര്‍ണനെയും ദുര്യോധനനെയുമാണ് രംഗത്തെത്തിക്കുന്നത്. കുരുക്ഷേത്രയുദ്ധത്തിലെ അവസാനദിനമായ പതിനെട്ടാം നാള്‍ ആണ് നാടകത്തിലെ പ്രതിപാദ്യവിഷയം. മഹാകവി ഭാസന്റെ ഊരുഭംഗം, കര്‍ണഭാരം എന്നീ നാടകങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നാടകം രചിച്ചിട്ടുള്ളത്. കര്‍ണഭാരത്തെയും ഊരുഭംഗത്തെയും ഒരു കീഴാള പരിപ്രേക്ഷ്യത്തിലാണ് നാടകം വിലയിരുത്തുന്നത്. നാടകാരംഭത്തില്‍ തുടയ്ക്കടിയേറ്റ്  ജീവന്‍ അറ്റുപോകാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിയുള്ള ദുര്യോധനനെയാണ് കാണുന്നത്. അവിടേക്ക് പ്രവേശിക്കുന്ന ദുര്യോധനകുടുംബം, പൊട്ടിക്കരയുന്ന കുടുംബാംഗങ്ങള്‍. 'എന്തിനാണ് കരയുന്നത്' എന്ന് ദുര്യോധനപുത്രന്‍ ദുര്‍ജയന്‍ ചോദിക്കുന്നതും അവന്‍ ദുര്യോധനന്റെ മടിയില്‍ ഇരിക്കുന്നതും വൈകാരികരംഗങ്ങള്‍ ആണ്. ശേഷം ദുര്യോധനനെ കാണാന്‍ കര്‍ണന്റെ ആത്മാവ് എത്തുന്നു. പതിനാറാം നാള്‍ കുരുക്ഷേത്രത്തില്‍ കര്‍ണന്‍ വീരസ്വര്‍ഗം പൂകിയതിന്റെ കഥകള്‍ കര്‍ണന്‍ ദുര്യോധനനോട് പറയുമ്പോള്‍ കര്‍ണഭാരം നാടകം അരങ്ങില്‍ ആരംഭിക്കുന്നു. കര്‍ണനില്‍നിന്ന് കവചകുണ്ഡലങ്ങള്‍ തട്ടിയെടുക്കുന്ന ബ്രാഹ്മണന്‍ സമകാലീന ഫാസിസ്റ്റ് ബ്രാഹ്മണ്യത്തിന്റെ ഒരുപാട് ധ്വനിപാഠങ്ങള്‍ നല്‍കുന്നു. കര്‍ണന്റെ ശാപത്തിന്റെയും മരണത്തിന്റെയും കഥപറച്ചിലിനൊടുവില്‍ നാടകം ദുര്യോധനന്റെ അന്ത്യത്തില്‍ അവസാനിക്കുന്നു. യുദ്ധം ഒന്നിനും പ്രതിവിധിഅല്ല എന്ന പ്രഖ്യാപനത്തിലാണ് നാടകം അവസാനിക്കുന്നത്. വെളിച്ചത്തിന്റെയും രംഗപടത്തിന്റെയും സൂക്ഷ്മപ്രയോഗംകൊണ്ടും അഭിനേതാക്കളുടെ മികവുകൊണ്ടും രംഗാനുഭവമായ നാടകം വ്യാഖ്യാനത്തിലെ സമകാലീനതകൊണ്ട് ശ്രദ്ധേയവുമാണ്.

ശ്രീജിത് പൊയില്‍കാവ് ആണ് നാടകരചനയും രൂപകല്‍പനയും സംവിധാനവും ദീപവിതാനവും നിര്‍വഹിച്ചത്. സഹസംവിധാനം സെയ്ഫുദീന്‍ മാമൂട്ടി. ഷാജി കുറുപ്പത്ത്, ഡോക്ടര്‍ ഹരി റാം, സുദേഷ് സുന്ദര്‍, മഹേഷ്ബാബുരാജ് രാഘവന്‍, സുമിനേഷ്, പി പി രാജു, സജിനേഷ്, പ്രദീപ്, അശ്വതി, ഐശ്വര്യ, സിജി, ആശ്രി, അജേഷ്, ബാബുരാജ് എന്നിവരായിരുന്നു അരങ്ങില്‍.

നരേഷ് കോവില്‍ മുഖ്യസംഘാടകനായി. സതീഷ് കോട്ടക്കലും വിജു ജോസഫും സംഗീതംനല്‍കി. നിസാര്‍ ഇബ്രാഹിം, ശശി വെള്ളിക്കോത്ത് എന്നിവരാണ് കലാസംവിധാനം. ചമയം ക്ളിന്റ് പവിത്രനും വേഷവിധാനം പ്രേമന്‍ ലാലുരും  അഭിലാഷും ചേര്‍ന്നുമാണ് നിര്‍വഹിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top