28 May Thursday

തീരുമ്പോള്‍ അവശേഷിക്കുന്നത് പന്‍മയ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2016

ഇറാഖ്–ബല്‍ജിയം സംയുക്തസംരംഭം 'വെയ്റ്റിങ്' എന്ന നാടകത്തില്‍ നിന്ന്

തൃശൂര്‍ > നാടകോത്സവം അവസാന ദിവസത്തേക്ക് കടന്നപ്പോള്‍ തരംഗമായത് ചെന്നൈ പന്‍മയ് തിയറ്റര്‍ കമ്പനിയുടെ 'കളര്‍ ഓഫ് ട്രാന്‍സ് 2.0, തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതിയുടെ 'ഖസാക്കിന്റെ ഇതിഹാസം', ലബനോണിലെ സൂക്കാക്ക് തിയറ്ററിന്റെ 'ബാറ്റില്‍ സീന്‍' എന്നിവയാണ്.
ഇക്കൂട്ടത്തില്‍ ഒന്നുകൂടി സൂക്ഷ്മവിശകലനം നടത്തിയാല്‍ നിസ്സംശയം നാടകസ്നേഹികള്‍ തിരഞ്ഞെടുക്കുന്നത് 'കളര്‍ ഓഫ് ട്രാന്‍സ് 2.0' തന്നെയാകും. കാരണം അഭിനേതാക്കളുടെ ഹൃദയമാണ്, ജീവിതമാണ് അരങ്ങില്‍ തുറന്നുവച്ചത്.

ലിംഗവ്യതിയാനക്കാരുടെ നാടകസംഘമാണ് പന്‍മയ്. ലിവിങ് സ്മൈല്‍ വിദ്യ, ജീ ഇമാന്‍ സെമ്മലര്‍, ഏയ്ഞ്ചല്‍ ഗ്ളാഡി എന്നിവരാണ് അഭിനേതാക്കള്‍. അഭിനേതാക്കളുടെ സ്വന്തം ജീവിതാനുഭവങ്ങളാണ് അവര്‍ അരങ്ങില്‍ കെട്ടഴിച്ചിട്ടത്. ഓരോ സംഭാഷണവും അനുഭവവും പൊതുസമൂഹത്തിന്റെ മുഖത്ത് ലഭിച്ച ഓരോ അടിയായി മാറുകയായിരുന്നു. സ്കൂളില്‍, വീട്ടില്‍, തൊഴിലിടത്തില്‍ നത്യജീവിതത്തിന്റെ ഓരോ അണുവിലും തങ്ങള്‍ പേറേണ്ടി വന്ന ദുരന്തങ്ങളെയാണ് മലയാളിയായ ഇമാനും തമിഴ്നാട് സ്വദേശികളായ വിദ്യയും ഏയ്ഞ്ചലും ചേര്‍ന്നവതരിപ്പിച്ചത്. സിനിമയും ക്ളൌണ്‍ ഷോയും കാബറേയും ചേര്‍ന്നുള്ള സമ്മിശ്രാവതരണം ലളിതമായ നാടകരൂപമായിരുന്നുവെങ്കിലും നാടകാന്ത്യത്തില്‍ കുറ്റബോധം കൊണ്ടും കപടസദാചാരത്തിന്റെ ഭാരം കൊണ്ടും കാണികള്‍ നിശ്ശബ്ദരായി. ഹൃദയം തുറന്ന വൈകാരികതയോടെയാണ് തിങ്ങിനിറഞ്ഞ സദസ്സ് നടീനടന്മാരെയും സാങ്കേതികപ്രവര്‍ത്തകരെയും ഏറ്റു വാങ്ങിയത്.

ഒരു കൊച്ചു കഥയിലൂന്നി തെരുവ് അവതരണത്തിന്റെ മൂര്‍ച്ചയുള്ള ഘടകങ്ങളെ സംയോജിപ്പിച്ച് അറബ് രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ പരിശോധിച്ച 'ബാറ്റില്‍ സീന്‍ആ തികഞ്ഞ രാഷ്ട്രീയാനുഭവമാണ് നല്‍കിയത്. നടീനടന്മാരുടെ ഊര്‍ജംതന്നെയാണ് നാടകത്തെ മികച്ചതാക്കിയത്.
സമ്പൂര്‍ണമായ ഒരു തിയറ്റര്‍ അഅനുഭവമായിരുന്നു ഖസാക്ക്. ഒ വി വിജയന്റെ നോവലിനെ അധികരിച്ച് സ്വന്തം  വ്യാഖ്യാനമാണ് നാടകത്തിന് ദീപന്‍ ശിവരാമന്‍ നല്‍കിയത്. ദൃശ്യസമൃദ്ധികൊണ്ടും സൂഷ്മമായ വെളിച്ചത്തിന്റെയും നിഴലിന്റെയും പ്രയോഗംകൊണ്ടും നാടകം കാണികളെ ആവേശം കൊള്ളിച്ചു.

ആറാം ദിവസമായ വെള്ളിയാഴ്ച സിംഗപ്പുരില്‍നിന്നുള്ള ഡാനിയല്‍ കോക്കിന്റെ 'ചിയര്‍ ലീഡര്‍ ഓഫ് യൂറോപ്പ്' ഒരു വിഭാഗം കാണികളെ രസിപ്പിച്ചു. യൂറോപ്യന്‍ രാഷ്ട്രീയത്തെ ഏഷ്യന്‍ കണ്ണിലൂടെ നോക്കിക്കണ്ട നാടകം കാണികളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് ഒരു ആഹ്ളാദോത്സവമാക്കി. അതേസമയം ഇറാഖ്–ബല്‍ജിയം സംയുക്തസംരംഭം 'വെയ്റ്റിങ്' കാണികളെ മടുപ്പിച്ചു.

അവസാനദിവസം അവതരിപ്പിക്കാനിരിക്കുന്ന എഫ്–1/105, ഥോഡാ ധ്യാന്‍ സേ എന്നിവ പ്രതീക്ഷ പുലര്‍ത്തുന്ന അവതരണങ്ങളാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top