07 June Wednesday

തലമുറകള്‍ ഏറ്റുവാങ്ങിയ കൈത്തിരി നാളം;'ബലികുടീരങ്ങളേ' അറുപതിന്റെ നിറവില്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

കോട്ടയം > ഒരു കാലഘട്ടത്തിന്റെ വിപ്‌ളവ ശബ്‌ദ‌മായിരുന്നു ആ ഗാനം. കേള്‍വിക്കാരുടെ ഹൃദയത്തില്‍ വിപ്‌ളവച്ചൂടുള്ള, ഗൃഹാതുരത്വം നിറയ്‌‌‌‌‌‌‌ക്കുന്ന വരികള്‍. കാലമെത്ര ചെന്നാലും പുതുമ വറ്റാത്ത വിപ്‌ളവ വീര്യമായിരുന്നു ബലികുടീരങ്ങളേ എന്ന ഗാനത്തിലെ വരികളിലൂടെ വയലാര്‍ രാമവര്‍മ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയത്.

ഒന്നാം സ്വാതന്ത്യ്ര സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 1957ല്‍ തിരുവനന്തപുരം പാളയത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടന വേളയില്‍ ആലപിക്കാനാണ് 'ബലികുടീരങ്ങളേ' ഗാനം തയ്യാറാക്കിയത്. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവന്‍ പേര്‍ക്കുമുള്ള സ്മാരകത്തിന്റെ ഉദ്ഘാടന വേളയില്‍ ആവേശം പകരുന്ന ഗാനം തന്നെ ഒരുക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധമായിരുന്നു. രചന വയലാറും സംഗീതം ജി ദേവരാജനും ആകണമെന്ന് നിര്‍ദേശിച്ചത് ജോസഫ് മുണ്ടശേരിയായിരുന്നു.

1957 ജൂലൈ മാസത്തില്‍ കോട്ടയം 'ബെസ്റ്റ് ഹോട്ടലി'ല്‍ താമസിച്ച് മൂന്നുദിവസം കൊണ്ട് വയലാര്‍ ഗാനരചന പൂര്‍ത്തിയാക്കി. രക്തസാക്ഷി മണ്ഡപം തുറന്നുകൊടുത്തത് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദായിരുന്നു. ഇതിന്റെ ഭാഗമായാണ് വിജെടി ഹാളില്‍ 50 ഗായകര്‍ ചേര്‍ന്ന് 'ബലികുടീരങ്ങളേ' ആദ്യമായി ആലപിച്ചത്. ഗായകരില്‍ കെ എസ് ജോര്‍ജ്, പിന്നീട് നടനായി മാറിയ ജോസ് പ്രകാശ്, അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്, കെപിഎസി സുലോചന എന്നിവരുമുണ്ടായിരുന്നു. ഗാനം രചിക്കാന്‍ അന്ന് മറ്റു പല രചയിതാക്കളുടെയും പേര് നിര്‍ദേശിച്ചെങ്കിലും വിപ്‌ളവത്തിന്റെ തീയുള്ള മനസ്സില്‍ നിന്നാവണം വരികളെന്ന തീരുമാനമാണ് വയലാറില്‍ എത്തിയത്.

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയ വര്‍ഷം കൂടിയായിരുന്നു അത്. സാമ്രാജ്യത്വ ചൂഷണത്തിനെതിരെ പോരാടാന്‍ നെഞ്ചൂക്കുള്ള എല്ലാവര്‍ക്കും പിന്നീടുള്ള ആറ് പതിറ്റാണ്ട് ആവേശം പകര്‍ന്നുതന്ന വരികളായി ബലികുടീരങ്ങളേ ഗാനം. വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടിന് തുടക്കമിടാനും ഇത് നിമിത്തമായി.

'നെടിയൊരു പച്ചത്താഴ്‌വരയില്‍ നൂറുനൂറു ചില്ലകളില്‍ ഗ്രീഷ്മപൂക്കള്‍ വിടര്‍ത്തി നില്‍ക്കുന്ന ഒരു പൂവാകയെ ആ ഗാനം അനുസ്മരിപ്പിക്കുന്നു; തന്നെ തപിപ്പിക്കുന്ന വേനലിനോട് അത് സ്വന്തം അസ്തിത്വാഭിമാനം വിളംബരം ചെയ്യുന്നു' ബലികുടീരങ്ങളേ ഗാനത്തെക്കുറിച്ച് ഓഎന്‍വി പറഞ്ഞത് ഇപ്രകാരമായിരുന്നു.

കവി കുറിച്ചിട്ടതു പോലെ ഒരോ തലമുറയും കെടാത്ത കൈത്തിരി നാളം പോലെ ആ തീജ്വാല അണയാതെ സൂക്ഷിക്കുകയാണ്..

ബലികുടീരങ്ങളേ.....

ബലികുടീരങ്ങളേ ബലികുടീരങ്ങളേ

സ്മരണകളിരമ്പും രണസ്മാരകങ്ങളേ

ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍

സമര പുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍ (ബലികുടീരങ്ങളേ...)

ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ

കടലുകള്‍ പടഹമുയര്‍ത്തീ 

യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍

വിരിഞ്ഞു താമര മുകുളങ്ങള്‍.. 

ഭൂപടങ്ങളിലൊരിന്ത്യ നിവര്‍ന്നു

ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു 

ചുണ്ടില്‍ ഗാഥകള്‍ കരങ്ങളിലിപ്പൂ

ച്ചെണ്ടുകള്‍ പുതിയ പൌരനുണര്‍ന്നൂ (ബലികുടീരങ്ങളേ...)

തുടിപ്പൂ നിങ്ങളില്‍ നൂറ്റാണ്ടുകളുടെ

ചരിത്രമെഴുതിയ ഹൃദയങ്ങള്‍ 

കൊളുത്തി നിങ്ങള്‍ തലമുറ തോറും

കെടാത്ത കൈത്തിരി നാളങ്ങള്‍ 

നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍

നിന്നണിഞ്ഞ കവചങ്ങളുമായി 

വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍

നിന്നിതാ പുതിയ ചെങ്കൊടി നേടി 
(ബലികുടീരങ്ങളേ...)

പാട്ട് ഇവിടെ കേള്‍ക്കാം

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top