ഇന്ത്യയുടെ രാഷ്ട്രീയചരിത്രം കോറിയിടുന്ന നൂറ്റമ്പതിലധികം ശങ്കര്‍ കാര്‍ട്ടൂണുകള്‍ കായംകുളം കൃഷ്ണപുരത്ത് ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. സ്വാതന്ത്യ്രപൂര്‍വകാലംമുതല്‍ എഴുപതുകള്‍വരെയുള്ള ഇന്ത്യയുടെ രാഷ്ട്രീയചരിത്രം തന്നെയാണ് ശങ്കറിന്റെ വരകളില്‍ തെളിയുന്നത്. അതുകൊണ്ടുതന്നെ ഈ മ്യൂസിയത്തില്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ ചരിത്രത്തിനൊപ്പമുള്ള സഞ്ചാരമാകുന്നു

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍
നെഹ്റുവിന്റെ ഭരണകാലം. ലോക്സഭയിലെ ഭൂരിപക്ഷവുമുപയോഗിച്ച് പ്രധാനമന്ത്രി തുടരെത്തുടരെ ബില്ലുകള്‍ പാസാക്കിക്കൊണ്ടിരുന്നു. സഭയില്‍ വേണ്ടത്ര ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെയാണ് ജനാധിപത്യത്തിന്റെ കാവലാളെന്ന് സ്വയം അവകാശപ്പെട്ടിരുന്ന നെഹ്റു നിയമനിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന വിമര്‍ശനമുയര്‍ന്നു. ഏറ്റവും ശക്തമായ പ്രതികരണമുണ്ടായത് ജവാഹര്‍ലാലിന്റെ ആത്മമിത്രമായ കാര്‍ട്ടൂണിസ്റ്റ് ശങ്കറില്‍നിന്ന്. പാര്‍ലമെന്റിനെ റബര്‍സ്റ്റാമ്പാക്കി ബില്ലുകള്‍ സീലടിച്ചുതള്ളുന്ന പ്രധാനമന്ത്രിയെ ചിത്രീകരിച്ച കാര്‍ട്ടൂണ്‍ ചാട്ടുളിപോലെ ചുഴറ്റുന്ന രാഷ്ട്രീയവിമര്‍ശനമായി.
1952ല്‍ സി രാജഗോപാലാചാരി ഭിന്നജാതിയില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹത്തെ അനുകൂലിച്ച് ഒരു പ്രസ്താവന നടത്തുകയുണ്ടായി. സമൂഹത്തിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാന്‍ ഇതല്ലാതെ മറ്റുവഴികളില്ലെന്നാണ് രാജാജി അഭിപ്രായപ്പെട്ടത്. തൊട്ടടുത്ത ദിവസമെത്തി ശങ്കറിന്റെ കാര്‍ട്ടൂണ്‍. തറവാട്ടുകാരണവരായ രാജാജിയുടെ അടുത്തേക്ക് തമിഴ്നാട് കോണ്‍ഗ്രസ് പാര്‍ടി പര്‍ദയിട്ട ഒരു മുസ്ളിംയുവതിയെയും കൈയില്‍പിടിച്ച് വരികയാണ്. പര്‍ദയ്ക്കുള്ളില്‍ തമിഴ്നാട് മുസ്ളിംലീഗ്. തങ്ങളെ സ്വീകരിക്കണമെന്ന ആവശ്യവുമായാണ് നവദമ്പതികളുടെ വരവ്.
ഇങ്ങനെ ചിരിയും ചിന്തയും ഒരുമിച്ചുണര്‍ത്തുന്ന, ഇന്ത്യയുടെ രാഷ്ട്രീയചരിത്രം കോറിയിടുന്ന, നൂറ്റമ്പതിലധികം ശങ്കര്‍ കാര്‍ട്ടൂണുകള്‍ ഒരു മേല്‍ക്കുരയ്ക്കുള്ളില്‍ ക്രമീകരിച്ചിരിക്കുന്നു. കായംകുളം കൃഷ്ണപുരത്ത് ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയത്തില്‍.
പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും സമ്മാനിച്ച് രാജ്യം ആദരിച്ച 'ചിരിവരയുടെ കുലപതി'ക്ക് ജന്മനാടിന്റെ ഉചിതമായ ശ്രദ്ധാഞ്ജലിയായി ഈ സാംസ്കാരികകേന്ദ്രം മാറുന്നു.
ശങ്കര്‍ വരച്ച നൂറ്റമ്പതോളം കാര്‍ട്ടൂണുകള്‍, വരയ്ക്കാനുപയോഗിച്ച മേശയും കസേരയും പ്രത്യേക തരത്തില്‍ സജ്ജീകരിച്ചിട്ടുള്ള ലൈറ്റും, ആശയങ്ങളുടെയും ഭാവനയുടെയും ലോകത്ത് മനോസഞ്ചാരംചെയ്യുമ്പോള്‍ സ്വയം മറന്നിരുന്ന ചാരുകസേര, മൂന്ന് രാഷ്ട്രപതിമാരുടെ കൈയൊപ്പുപതിഞ്ഞ ദേശീയ ബഹുമതി പത്രങ്ങള്‍, ഇന്ത്യയിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ തറവാട്ടുകാരണവരെ അനുസ്മരിച്ചെഴുതിയ കുറിപ്പുകള്‍, അപൂര്‍വ ഫോട്ടോഗ്രാഫുകള്‍... മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളുടെ പട്ടിക ഇങ്ങനെ നീളുന്നു.
ഇവിടെ സജ്ജീകരിച്ചിരിക്കുന്നത് കേവലം കൌതുകവസ്തുക്കളല്ല, സ്വാതന്ത്യ്രപൂര്‍വകാലംമുതല്‍ എഴുപതുകള്‍വരെയുള്ള ഇന്ത്യയുടെ രാഷ്ട്രീയചരിത്രംതന്നെയാണ് ശങ്കറിന്റെ വരകളില്‍ തെളിയുന്നത്. അതിനുമപ്പുറം ഓരോ രാഷ്ട്രീയസംഭവങ്ങളും സൂക്ഷ്മനിരീക്ഷണംചെയ്യുമ്പോള്‍ ലഭിക്കുന്ന ഉള്‍ക്കാഴ്ചകളുടെ ചിത്രീകരണമാണ് ശങ്കര്‍ കാര്‍ട്ടൂണുകള്‍. അതുകൊണ്ടുതന്നെ ഈ മ്യൂസിയത്തില്‍ ചെലവഴിക്കുന്ന നിമിഷങ്ങള്‍ ചരിത്രത്തിനൊപ്പമുള്ള സഞ്ചാരമാകുന്നു.
ആര്‍ട്ട് ഗ്യാലറിയും സാംസ്കാരികകേന്ദ്രവും
രണ്ടുനിലകളില്‍ മൂന്നുഭാഗങ്ങളിലായി പ്രദര്‍ശനവസ്തുക്കള്‍സജ്ജീകരിച്ചിരിക്കുന്നു. ഒന്നാംനിലയില്‍ ശങ്കര്‍ മ്യൂസിയം, മണ്‍മറഞ്ഞ മറ്റു പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളുടെ ഗ്യാലറി, കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര പെയിന്റിങ് മത്സരത്തില്‍ സമ്മാനാര്‍ഹരായവരുടെ പെയിന്റിങ്ങുകള്‍ക്കായി ആര്‍ട്ട് ഗ്യാലറി എന്നിവ ഉണ്ട്.
അബു എബ്രഹാം, മിക്കി പട്ടേല്‍, വാഹി, പ്രാണി, പ്രകാശ്, റെബോക്കി ഭൂഷണ്‍, കേരളവര്‍മ, ഒ വി വിജയന്‍, രങ്ക, ബി ജി വര്‍മ, ശിവറാം, നരേന്ദ്ര, ഉഗ്ര, ബി എം ഗഫൂര്‍ തുടങ്ങിയവരുടെ അമ്പതിലധികം കാര്‍ട്ടൂണുകളില്‍ ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പരിച്ഛേദം കാണാം.
ശങ്കര്‍തന്നെ തുടങ്ങിവച്ച കുട്ടികളുടെ ചിത്രരചനാമത്സരത്തില്‍ സമ്മാനാര്‍ഹമായ പെയിന്റിങ്ങുകളുടെ ശേഖരം കുട്ടികളെമാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കും. ചൈന, ബള്‍ഗേറിയ, പാലസ്തീന്‍, തായ്ലന്‍ഡ്, കുവൈത്ത്, ജര്‍മനി, ഇറാന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ കുട്ടിചിത്രകാരന്മാര്‍ ഇവിടെ അണിനിരക്കുന്നു.
മ്യൂസിയത്തിലേക്ക് സന്ദര്‍ശകരെ വരവേല്‍ക്കുന്നത് മനോഹരമായ പത്ത് കോണ്‍ക്രീറ്റ് ശില്‍പ്പങ്ങളാണ്. കേരള ലളിതകലാ അക്കാദമി കൃഷ്ണപുരത്ത് സംഘടിപ്പിച്ച ക്യാമ്പിന്റെ ഭാഗമായി ചെയ്ത ശില്‍പ്പങ്ങള്‍ മ്യൂസിയത്തിന്റെ ദൃശ്യഭംഗിയെ പതിന്മടങ്ങാക്കിയിരിക്കുന്നു.
നെഹ്റുവും ഇന്ദിരയും
ശങ്കറിന്റെ കാര്‍ട്ടൂണുകളില്‍ ജവാഹര്‍ലാല്‍ നെഹ്റുവും ഇന്ദിര ഗാന്ധിയും ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നു. 20 രചനകളില്‍ നെഹ്റുവും 15 എണ്ണത്തില്‍ ഇന്ദിരയും കടന്നുവരുന്നു. ഇന്ത്യയുടെ ദേശീയഗാനവും ദേശീയഗീതവും തമ്മിലുള്ള വടംവലിക്കിടെ രണ്ട് തലയുമായി ഇടത്തോട്ടും വലത്തോട്ടും കൈവീശുന്ന നെഹ്റുവും കണ്ണാടിയില്‍ നോക്കുമ്പോള്‍ തന്റെ പിതാവിന്റെ വലിയ പ്രതിബിംബം കണ്ട് താനെത്ര ചെറുതാണെന്ന് തിരിച്ചറിയുന്ന ഇന്ദിരയുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
നെഹ്റുവിന്റെ രണ്ടും ഇന്ദിരയുടെ ഒന്നുംവീതം കാരിക്കേച്ചറുകള്‍ പ്രദര്‍ശനത്തിനുണ്ട്. ചാര്‍ലിചാപ്ളിന്‍, മാവോ, എ കെ ജി, ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍, ടാഗോര്‍, കാമരാജ്, ഗോവിന്ദവല്ലഭ പന്ത്, ആചാര്യ കൃപലാനി തുടങ്ങിയവരുടെ കാരിക്കേച്ചറുകളുമുണ്ട്. പത്മ ബഹുമതികളുടെ പ്രശംസാപത്രങ്ങളാണ് മറ്റൊരു അപൂര്‍വ പ്രദര്‍ശനവസ്തു.
ഡല്‍ഹിയിലെ ഡോള്‍സ് മ്യൂസിയത്തില്‍നിന്ന് കൊണ്ടുവന്ന ഏതാനും പാവകള്‍ ഇവിടെ കാണാം. 1965ല്‍ അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്ത ഡോള്‍സ് മ്യൂസിയത്തിന്റെ സ്ഥാപകന്‍ ശങ്കറാണല്ലോ. ഏഴായിരത്തിലധികം പാവകള്‍ ഇപ്പോള്‍ ഡല്‍ഹിയിലെ മ്യൂസിയത്തിലുണ്ട്.
ചരിത്രം
കായംകുളം ഇല്ലിക്കുളത്തുവീട്ടില്‍ 1902 ജൂലൈ 31ന് ജനിച്ച് രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറം വളര്‍ന്ന കെ ശങ്കരപ്പിള്ള എന്ന ശങ്കറിന് ജന്മനാട്ടില്‍ ഉചിതമായ സ്മാരകം നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയത് എംഎല്‍എ സി കെ സദാശിവന്‍. കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രത്തിന് എതിര്‍വശത്തുള്ള നാലേക്കര്‍ ചതുപ്പുപ്രദേശം വൃത്തിയാക്കി കരഭാഗം നികത്തി എംഎല്‍എഫണ്ടില്‍നിന്ന് മൂന്നു കോടിരൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചു. 2011ല്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ് തറക്കല്ലിട്ടത്. 2014ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മ്യൂസിയവും സാംസ്കാരികകേന്ദ്രവും നാടിന് സമര്‍പ്പിച്ചു.
ഇതിന്റെ ചുറ്റുമുള്ള കുളവും പരിസരപ്രദേശവും സാംസ്കാരികകേന്ദ്രമായി വികസിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് സി കെ സദാശിവന്‍ പറഞ്ഞു. കെപിഎസി സുലോചന സ്മാരക ഗ്രന്ഥശാലയും ഓച്ചിറ വേലുക്കുട്ടി സ്മാരക ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഉദ്ഘാടനംചെയ്തുകഴിഞ്ഞു. കൃത്രിമതടാകവും ബോട്ടിങ് സൌകര്യവുമാണ് ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
aburaj@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..