ഈനാട് എങ്ങനെയാണ് ഇങ്ങനെയൊക്കെയായത്. ചരിത്രത്തിലൊരുപാട് കഥകളുണ്ട്. മനുഷ്യരൊന്നായി ചേര്‍ന്ന് പട്ടിണിമാറ്റിയിരുന്ന കാലം. അമ്പലവും പള്ളിയും ചുമരോടു ചുമര്‍ചേര്‍ന്നുനിന്ന് മനുഷ്യര്‍ക്കായി വാതിലുകള്‍ തുറന്നിട്ട കാലം. തെയ്യവും ചന്ദനക്കുടം നേര്‍ച്ചയും നാടിന്റെ ആഘോഷമായിരുന്ന കാലം. എവിടെവച്ചാണ് ചുമരുകള്‍ക്കിടയില്‍ മതിലുകള്‍ ഉയര്‍ന്നതെന്ന് ഓര്‍ത്തെടുക്കേണ്ട നേരമാണ് ഇപ്പോള്‍. വിശപ്പിനും പ്രണയത്തിനും മതമുണ്ടെന്ന് എന്നുമുതലാണ് മനുഷ്യര്‍ ചിന്തിക്കാന്‍ തുടങ്ങിയത് അന്നുമുതലാണ് ഈ മണ്ണിന്റെ ഉറപ്പിന് ഇളക്കംതട്ടാന്‍ തുടങ്ങിയത്. ഇടയ്ക്കിടെ ഭൂതകാലമോര്‍പ്പിക്കാന്‍ ചില തോറ്റങ്ങളോ പുനര്‍ജന്മങ്ങളോ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. മനുഷ്യരക്തംവീണ് മണ്ണ് നനയാതിരിക്കാന്‍ മല കേറി പോയവര്‍ വന്ന് കണ്ണു തുറപ്പിക്കേണ്ടിയിരിക്കുന്നു.
വല്ലച്ചിറ യൂണിവേഴ്സല്‍ അവതരിപ്പിക്കുന്ന 'ഉള്ളാള്‍' നാടകം ഒരു നാടിന്റെ ചരിത്രവും സമകാലീന മനുഷ്യത്വരാഹിത്യവുമാണ് കാണിക്കുന്നത്. പി വി ഷാജികുമാറിന്റെ ഇതേപേരിലുള്ള കഥയെ നാടകരൂപത്തിലാക്കിയപ്പോള്‍ കഥയേക്കാള്‍ ശക്തമായ രംഗഭാഷയൊരുക്കാന്‍ നാടകഭാഷ്യവും സംവിധാനവും നിര്‍വഹിച്ച പ്രശാന്തിനായി.
സുജനും ഹാഷിമും ബാല്യകാലസുഹൃത്തുക്കള്‍. മുതിര്‍ന്നപ്പോള്‍ ഹാഷിമും സുജന്റെ സഹോദരിയും പ്രണയബദ്ധരാവുകയും വിവാഹിതരാവുകയും ചെയ്യുന്നു. സ്വാഭാവികമായും സുജനുണ്ടായ ചെറിയ വേദനയെ ആളിക്കത്തിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നേടത്താണ് നാടകം തുടങ്ങുന്നത്. സുജനോട് തെയ്യം കലാകാരനായ അച്ഛന്റെ മരണം മുസ്ളിം ആസൂത്രണമായിരുന്നുവെന്നും ഹാഷിം ചതിച്ചതാണെന്നും ഓതിയോതി ഒടുവില്‍ സുജന്‍ സഹോദരീഭര്‍ത്താവും ബാല്യകാലസൃഹൃത്തുമായ ഹാഷിമിനെ ഒറ്റുകൊടുക്കാന്‍ തീരുമാനിക്കുന്നു. അതിനുള്ള യാത്രയ്ക്കിടെ നാരായണിയേടത്തിയുടെ ചായക്കടയില്‍വച്ച് ഗ്രാമത്തിന്റെ വിളക്കായ നാരായണിയേടത്തിയാണ് ഉള്ളാള്‍ പള്ളിയുടെ കഥ പറയുന്നത്. പള്ളിയില്‍നിന്ന് ആടുകളെ കഴുത്തില്‍ സഞ്ചിയുമായി ഭിക്ഷയ്ക്ക് വിടുന്നത് ഒരാചാരവും നേര്‍ച്ചയുമായിരുന്നു. അങ്ങനെ കിട്ടുന്ന വകകൊണ്ടാണ് ഗ്രാമത്തിലെ ജാതിമതഭേദമെന്യേ മുഴുവന്‍ കുട്ടികളും കഞ്ഞികുടിച്ചിരുന്നത്. അത്തരത്തില്‍ നേര്‍ച്ച നേര്‍ന്നുണ്ടായ മകനാണ് നീയെന്ന് സുജനെ നാരായണിയേടത്തി ഓര്‍മിപ്പിക്കുന്നു. പിന്നെ പിന്നെ ആടുകള്‍ മടങ്ങിവരുമ്പോള്‍ സഞ്ചിയില്‍ ഒന്നുമില്ലാതായി. കുറെക്കൂടി കഴിഞ്ഞപ്പോള്‍ ആടുകള്‍തന്നെ മടങ്ങിവരാതായി. കുട്ടികളുടെ വിശപ്പിന് ജാതിയും മതവുമായി. മനുഷ്യര്‍ക്ക് മതിലുകളുമായി. ഇതിനിടയില്‍ മുസല്‍മാന്‍ കൊന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന സുജന്റെ അച്ഛന്‍ രംഗത്തെത്തുന്നു. പള്ളിപ്പറമ്പിലൂടെ തെയ്യം പോയപ്പോള്‍ തടഞ്ഞതാണെന്നും കലികയറി അബോധാവസ്ഥയിലായിരുന്ന തന്റെ വാള്‍കൊണ്ട് ഒരു മുസ്ളിം കൊല്ലപ്പെട്ടതാണന്നും വീണ്ടും വര്‍ഗീയകലാപമുണ്ടാകാതിരിക്കാന്‍ താന്‍ മലകയറിമറഞ്ഞതാണെന്നും അച്ഛന്‍ അറിയിക്കുന്നു. ഇതോടെ സുജന്റെ മനസ്സ് മാറുന്നു. ഹാഷിമിനെ രക്ഷപ്പെടുത്തിയ സുജന്‍ വര്‍ഗീയവാദികളുടെ വാളിന് ഇരയാകുകയും അവന്‍തന്നെ തെയ്യമായി ഉയരുകയും ചെയ്യുന്നതാണ് കഥാചുരുക്കം. എന്നാല്‍, മൂലകഥയില്‍നിന്ന് വ്യത്യസ്തമായി അച്ഛന്‍ എന്ന കഥാപാത്രം വരുന്നതോടെ നാടകത്തിന് മൂര്‍ച്ഛ കൂടുകയും ശക്തമായ രംഗഭാഷയ്ക്ക് സാധ്യതയേറുകയും ചെയ്തു. സംഗീതം– സത്യജിത്. നിയന്ത്രണം– ഹെന്‍സണ്‍. ലൈറ്റ്– കെ ഡി സന്തോഷ്. സെറ്റ്– ഷിനോജ്, രാജന്‍ പൂത്തറയ്ക്കല്‍, രാജേഷ്. മെയ്ക്കപ് –ശങ്കര്‍ജി.
ഷാജു മാങ്കുളം, വി കെ രാജേഷ് മനോജ്, ദേവദാസ്, ശ്രിജി പ്രസാദ്, ശ്രുതി, അരുണ്‍, അഖില്‍, അക്ഷയ് കുമാര്‍, അക്ഷയ്, രാഹിത്, രാഹുല്‍, സുധീപ്, സുധീഷ്, കിഷോര്‍, ഉമേഷ്, രതീഷ്, വിഷ്ണു, അനൂപ്, പവിന്‍ ദാസ്, സുനില്‍കുമാര്‍, വിജയകുമാര്‍,രാധാകൃഷ്ണന്‍, സതീഷ് എന്നിവരാണ് അരങ്ങില്‍.
girish.natika@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..