23 September Saturday

എങ്ങനെ ജീവിക്കരുത്

കെ ഗിരീഷ്Updated: Sunday Mar 13, 2016

എങ്ങനെയൊക്കെ ജീവിക്കാം. കടന്നുപോന്ന വഴികളെ മറന്ന് വര്‍ത്തമാനകാലത്തുമാത്രം ജീവിക്കുന്നവരുണ്ട്. അതിലൂടെ ദുരന്തങ്ങളിലേക്ക് നടന്നുനീങ്ങുന്നവരുണ്ട്. ഉയരങ്ങളിലേക്ക് നടന്നു കയറുമ്പോള്‍ ചവിട്ടിയ പടികളൊക്കെ തള്ളിക്കളഞ്ഞ് ഒടുവില്‍ ആകാശത്തിന്റെ ശൂന്യതയില്‍നിന്ന് മണ്ണിലേക്ക് ചാടി മരിക്കുന്നവര്‍. അത്തരം മനുഷ്യരുടേതാണ് ഈ കാലം.
സിനിമ അത്തരമൊരു ലോകമാണ്. കൂടെ നിന്നവരെയും ചേര്‍ന്നു നില്‍ക്കുന്നവരെയും ചവിട്ടിയെറിഞ്ഞ് മതിഭ്രമത്തില്‍ ജീവിക്കുന്ന ഒട്ടേറെ പേരുടെ ലോകമാണത്. ജീവിതാന്ത്യത്തില്‍ കഴിഞ്ഞുപോയതൊക്കെ ഓര്‍മമാത്രമായി ഒറ്റയ്ക്ക് ജീവിച്ച് പിടഞ്ഞുവീഴുന്നവരുടെയും. കളിമുറ്റം നാടകവേദിയുടെ നാടകം 'ഒറ്റമുറിയിലെ മനുഷ്യന്‍' എന്ന ഒറ്റയാള്‍ നാടകം ഇത്തരമൊരു കഥയാണ് പറയുന്നത്.

മെഗാസ്റ്റാര്‍ ഭരത് ശങ്കറിന്റെ ജീവിതത്തിലൂടെ എന്താണ് മനുഷ്യന് ചെയ്യാവുന്നത്, ചെയ്യരുതാത്തത് എന്ന് പറയുകയാണ് നാടകം. ഭരത് ശങ്കര്‍ പദവികളുടെ ഉന്നതിയിലേക്ക് കയറുംതോറും അയാള്‍ ഉപേക്ഷിക്കുന്ന ബന്ധങ്ങളുടെ, നന്മകളുടെ കണക്കെടുപ്പാണത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോകുന്ന അയാള്‍ ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ഒറ്റമുറിയില്‍ സ്വയം പിണ്ഡംവച്ച് മരിക്കുന്നു.

ഒരു സോദ്ദേശകഥ വളരെ മികച്ചതും പുതുമയുള്ളതുമായ രീതിയില്‍ പറഞ്ഞുപോകാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അഭിനയിച്ച കെ പി സജീവനായിട്ടുണ്ട്.
ബാലന്‍ വാളേരിയാണ് ഉപദേശം. സംഗീതം അജിത് ശ്രീധറും ദീപനിയന്ത്രണം ലിബിന്‍ലാല്‍, പ്രദീപ് മുദ്ര എന്നിവരും നിര്‍മാണം ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുമാണ് നിര്‍വഹിച്ചത്. ഒറ്റയാള്‍ നാടകത്തിന്റെ പരിമിതികളെ മികച്ച പ്രകടനംകൊണ്ട് മറികടന്നുവെന്നതാണ് സജീവന്റെ വിജയം.

ഒട്ടേറെ നാടകങ്ങള്‍ ഇതിനകം അവതരിപ്പിച്ചുകഴിഞ്ഞ ഈ സംഘത്തിന്റെ പുതിയ നാടകം ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. സ്കൂളുകളിലും മറ്റും സോദ്ദേശനാടകങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് സംഘം ഏറെ ഊന്നുന്നത്. 2500 നാടകക്യാമ്പുകള്‍ സംഘടിപ്പിച്ച് ശ്രദ്ധേയമായ സജീവനും സംഘവും കേരളത്തിനു പുറത്തും ഒട്ടേറെ അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top