ഒന്നും രണ്ടും ബിനാലെകളുടെ നടത്തിപ്പില്‍ സംഘാടകര്‍ നേരിട്ടതില്‍നിന്നു വ്യത്യസ്തമായ വെല്ലുവിളികളെ അഭിമുഖീകരിച്ചാണ്് കൊച്ചി-മുസരിസ് ബിനാലെയുടെ മൂന്നാംപതിപ്പിന് ഡിസംബര്‍ 12ന് കൊച്ചിയില്‍ തിരിതെളിയുന്നത്. കഴിഞ്ഞ രണ്ടു പതിപ്പുകളിലും നേരിട്ട വെല്ലുവിളികള്‍ അതേ നിലയ്ക്ക് തുടരുമ്പോള്‍ തന്നെയാണ് ഭീമാകാരം പൂണ്ട നോട്ട് റദ്ദാക്കല്‍ അതിന്റെ വരുംവരായ്കകള്‍ ഓര്‍മിപ്പിച്ച് ബിനാലെക്കു മുന്നില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിലപിടിപ്പുള്ള കലാകാരന്മാരും കലാകാരികളും ബിനാലെയുടെ ഭാഗമാകുമ്പോള്‍ നോട്ട് റദ്ദാക്കല്‍ പരിഷ്കാരം വരുത്തിവച്ച കെടുതികള്‍ ബിനാലെ സംഘാടകര്‍ക്ക് ഒരുപാട് നേരിടേണ്ടിവരുന്നു.
ബിനാലെയുടെ ഫണ്ടിങ്ങും അത് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് ആദ്യ ബിനാലെക്ക് കടമ്പ തീര്‍ത്തത്. എന്നാല്‍, ആ വിവാദങ്ങള്‍ കലാ മാമാങ്കത്തിന്റെ നിറം കെടുത്തിയില്ലെന്ന് അതിലുണ്ടായ ജനപങ്കാളിത്തം വ്യക്തമാക്കി. കേരളത്തിലെ കലാകാരന്മാരിലെ ഒരുവിഭാഗം ബിനാലെയുടെ പ്രസക്തിയെയും സാംഗത്യത്തെയും ചോദ്യംചെയ്ത് രംഗത്തുവന്നിരുന്നു. ആര്‍ക്കും അന്തിമ വിജയം നല്‍കാത്ത വിഷയമാണ് ആ തര്‍ക്കത്തില്‍ ഉന്നയിക്കപ്പെട്ടത് എന്നതുകൊണ്ടു തന്നെ എല്ലാ ബിനാലെകള്‍ക്കുമൊപ്പം അവ തുടരുമെന്നും കരുതാം. ഒന്നാം ബിനാലെ ബാക്കിവച്ച തര്‍ക്കങ്ങള്‍ രണ്ടാം ബിനാലെയുടെ ഫണ്ടിങ്ങിനെ തൃശങ്കുവിലാക്കിയെങ്കിലും സംഘാടകരുടെ മിടുക്ക് രണ്ടാം പതിപ്പിനെ യാഥാര്‍ഥ്യമാക്കി. എന്നാല്‍, ആദ്യ ബിനാലെയിലുണ്ടായ പങ്കാളിത്തം പൊതുസമൂഹത്തില്‍നിന്ന് ഉണ്ടായില്ല. അതിന്റെ കാരണങ്ങള്‍ പലതാകാം.

സ്വിസ് ശില്‍പ്പി ബോബ് ഗ്രംസ്മായുടെ ഇന്‍സ്റ്റലേഷന്റെ നിര്‍മാണം പുരോഗമിക്കുന്നു
മുപ്പത്തിയാറു രാജ്യങ്ങളില്‍നിന്നുള്ള 97 കലാകാരന്മാരാണ് മൂന്നാം ബിനാലെയില്‍ നിരക്കുന്നത്. 11 വേദികളിലാണ് ഇവരുടെ കലാസൃഷ്ടികള്‍ ഒരുങ്ങിയിട്ടുള്ളത്. രാജ്യാന്തര പ്രശസ്തരായ കലാകാരന്മാരില്‍ തൈവാനില്‍നിന്നുള്ള വു ടിയന്‍ചാങ്, ഫ്രാന്‍സില്‍ നിന്നുള്ള ഫ്രാങ്കേയിസ് മസാബ്രോഡ്, പാക് ചിത്രകാരന്‍ നൈസാഖാന്‍, പോളിഷ് ചിത്രകാരന്‍ പാവല്‍ അല്‍താമര്‍, ലബനീസ് കലാകാരന്‍ കലീദ് സബ്സബി എന്നിവര്‍ ഉള്‍പ്പെടും. ഫോട്ടോഗ്രാഫര്‍ ഗൌരി ഗില്‍, ചിത്രകാരന്‍ സുനില്‍ പട്വാള്‍, ശില്‍പ്പി ഹിമ്മത് ഷാ തുടങ്ങിയവരാണ് ഇന്ത്യന്‍ കലാകാരസംഘത്തിലെ പ്രമുഖര്‍. രാജ്യത്തെ കലാപഠനത്തെയും ആവിഷ്കാര സമ്പ്രദായങ്ങളെയും സ്വാധീനിക്കാന്‍ ലക്ഷ്യമിടുന്ന വ്യത്യസ്ത കലാസ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സ്റ്റുഡന്റ്സ് ബിനാലെയും ഇതോടൊപ്പം നടക്കും. രാജ്യത്തെ 55 കലാവിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് ഇതില്‍ പങ്കാളികളാകുന്നത്.
ശില്‍പ്പിയും ഇന്‍സ്റ്റലേഷന്‍ കലാകാരനുമായ സുദര്‍ശന്‍ ഷെട്ടിയാണ് മൂന്നാംപതിപ്പിന്റെ ക്യുറേറ്റര്‍. ചിത്രങ്ങള്‍ക്കും ശില്‍പ്പങ്ങള്‍ക്കുമൊപ്പം നൃത്തത്തെയും സംഗീതത്തെയും സാഹിത്യത്തെയും ന്യൂ മീഡിയയെയും ബിനാലെയോട് സംയോജിപ്പിക്കുന്നു എന്ന പ്രത്യേകതയും മൂന്നാം പതിപ്പിനുണ്ട്. പ്രശസ്ത നര്‍ത്തകിയും തീയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ചന്ദ്രലേഖയുടെ അവതരണമാണ് ഇതില്‍ പ്രധാനം. പ്രദര്‍ശനം കാണാനെത്തുന്ന സാധാരണക്കാരായ ആസ്വാദകരെ മുന്നില്‍കണ്ട് പരിശീലനം നേടിയ വളന്റിയര്‍മാരെ എല്ലാ വേദികളിലും നിയോഗിക്കുന്നുണ്ട്. വ്യത്യസ്ത രംഗങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള വളന്റിയര്‍മാര്‍ അവരുടെതായ രീതിയില്‍ കലാ സൃഷ്ടികളെ ആസ്വാദകര്‍ക്കായി വ്യാഖ്യാനിക്കും.
ആദ്യ രണ്ട് ബിനാലെകളുടെ വിജയം സമ്മാനിച്ച ആത്മവിശ്വാസത്തോടെ കൊച്ചി-മുസരിസ് ബിനാലെ ഫൌണ്ടേഷന്റെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയും സെക്രട്ടറി റിയാസ് കോമുവുമാണ് മൂന്നാം പതിപ്പിനും ചുക്കാന്‍ പിടിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാണികള്‍ ബിനാലെ വേദികളിലേക്കെത്തുമെന്നാണ് ഇവര്‍ കണക്കാക്കുന്നത്. 108 ദിവസം നീളുന്ന കലാമാമാങ്കം പുതിയ കാഴ്ചകളിലേക്ക് കണ്‍തുറക്കുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നു.
msasokms@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..