തൃശൂര്‍ > കേരളത്തിന്റെ അന്തരാഷ്ട്ര നാടകോത്സവം–ഇറ്റ്ഫോക്ക് എട്ടാമത് പതിപ്പിന് തിരശ്ശീലയുയര്‍ന്നു. ഇനി ആറുനാള്‍ സാംസ്കാരികനഗരിയില്‍ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും രംഗാവതരണങ്ങള്‍. ഉടലിന്റെ രാഷ്ട്രീയം കേന്ദ്രപ്രമേയമാകുന്ന ഇറ്റ്ഫോക്കില്‍ 14 വിദേശ നാടകവും അഞ്ച് ദേശീയ നാടകവും നാല് മലയാളനാടകവുമാണ് അരങ്ങേറുന്നത്.
നടന്‍ മുരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങിനെത്തിയ അതിഥികള്‍ ദീപം തെളിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. ശങ്കര്‍ വെങ്കിടേശ്വരന്‍ ആമുഖപ്രഭാഷണം നടത്തി. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, ചീഫ്വിപ്പ് തോമസ് ഉണ്ണിയാടന്‍, കലാമണ്ഡലം ഗോപി, ഡോ. എം ലീലാവതി എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍ നായര്‍ സ്വാഗതവും പെരുവനം കുട്ടന്‍ മാരാര്‍ നന്ദിയും പറഞ്ഞു. പെരുവനം കുട്ടന്‍ മാരാരും സംഘവും അവതരിപ്പിച്ച മേളത്തോടെയാണ് പ്രതിനിധികളെ സ്വാഗതം ചെയ്തത്.
ചെന്നൈയിലെ ചന്ദ്രലേഖ തിയറ്റര്‍ഗ്രൂപ്പിന്റെ 'ശരീര' എന്ന നൃത്തനാടകമായിരുന്നു ആദ്യാവതരണം. പ്രശസ്ത സൂഫി സംഗീതജ്ഞരായ ഗുണ്ടേച്ചാ ബ്രദേഴ്സിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ശരീര ശ്രദ്ധേയമായി.
ഉടല്‍ ഒരേ സമയം അധികാരരൂപമാകുന്നതും ഒപ്പം പ്രതിരോധത്തിന്റേയും പ്രതിഷേധത്തിന്റെയും അടയാളവും ആയുധമാവുന്നതും വരച്ചു കാണിക്കുന്നു. ലിംഗനീതി, പ്രതിരോധം പ്രതിഷേധം എന്നിവ നാടകങ്ങളില്‍ തെളിയും
വിദേശനാടകങ്ങളില്‍ അറബ്സംസ്കൃതിയെയും സാംസ്കാരികപ്രതിരോധത്തേയും വിളിച്ചുചൊല്ലുന്ന രംഗാവതരണങ്ങള്‍ തന്നെയാകും ഇത്തവണയും ശ്രദ്ധേയമാവുക. മലേഷ്യ, ജര്‍മനി, ജപ്പാന്‍, തുര്‍ക്കി, ഇറാന്‍, സിംഗപ്പുര്‍, ബല്‍ജിയം എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ അരങ്ങിലെത്തും.
ഓര്‍ക്കുക; ശരീരം
പാപത്താഴ്‌വരയല്ല
തൃശൂര്‍ > ഇറ്റ്ഫോക്കിന്റെ ആദ്യദിനത്തില്‍ അവതരിപ്പിച്ച ചെന്നൈ ചന്ദ്രലേഖ തിയറ്റര്‍ ഗ്രൂപ്പിന്റെ 'ശരീര' കാണികളെ ആഹ്ളാദിപ്പിച്ചു. നാടകോത്സവത്തിന്റെ കേന്ദ്രആശയമായ ശരീരം രാഷ്ട്രീയം എന്നതിനെ പ്രതിഫലിപ്പിക്കുന്ന ഒന്നായി അവതരണം. ശരീരത്തെ പാപത്തിന്റെ താഴ്വരയല്ലെന്നും ലൈംഗികതയുമായി കൂട്ടി വായിക്കുന്ന പതിവുരീതിയില്‍ നിന്ന് ശരീരം എന്ന പദത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും 'ശരീര' ഓര്‍മിപ്പിക്കുന്നു.
ഒരേ സമയം ആത്മീയവും ഭൌതികവുമായ അതിരുകളെ ഭേദിക്കലാണ് ശരീര. ശരീരത്തെ സംബന്ധിക്കുന്ന വികലകാഴ്ചകള്‍ രൂപപ്പെടുത്തുന്ന സംസ്കാര പരിസരങ്ങളോടുള്ള പ്രതിഷേധവുമാണ്. പെണ്‍ശരീരമെന്നത് പൊതിഞ്ഞു സൂക്ഷിക്കപ്പെടേണ്ടതാണെന്നും അല്ലാത്ത എല്ലാറ്റിനേയും അടിച്ചമര്‍ത്തുമെന്നുമുള്ള പ്രഖ്യാപനങ്ങളുടെ കാലത്തോട് 'ശരീര' എതിരിടുന്നു. അനന്തമായ സാധ്യതകളുള്ള പ്രതിരോധോപകരണം കൂടിയാണതെന്നും ശരീര ഓര്‍മിപ്പിക്കുന്നു.
കളരിപ്പയറ്റിന്റേയും യോഗയുടേയും അനന്തസാധ്യതകളെ സമന്വയിപ്പിക്കുന്ന സമകാലീന നൃത്ത രൂപത്തിന് ദ്രുപദിന്റെ അനുപമസംഗീതം അകമ്പടിയായി. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞരായ ഉമാകാന്ത് ഗുണ്ടേച്ച, രമാകാന്ത് ഗുണ്ടേച്ച എന്നിവര്‍ വായ്പാട്ടിലും അഖിലേഷ് ഗുണ്ടേച്ച പക്കവാദ്യവുമൊരുക്കി. സദാനന്ദ് മേനോന്‍ ദീപസംവിധാനമൊരുക്കി. മലയാളിയായ ഷാജി കെ ജോണ്‍, റ്റിഷാനി ദോഷി എന്നിവരാണ് അരങ്ങിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..