12 April Monday

കാലത്തിന്റെ പുരാവൃത്തം

എം എസ് അശോകന്‍Updated: Sunday Jul 10, 2016

കാലം ബാക്കിയാക്കിയവയെ എടുത്തുകാട്ടി മനുഷ്യബന്ധങ്ങളെ തമ്മിലിണക്കുന്ന കാലാതിവര്‍ത്തിയായ കലയെയും സംസ്കാരത്തെയും കുറിച്ചാണ് മധു വേണുഗോപാല്‍ തന്റെ ചിത്രങ്ങളിലൂടെ സംസാരിക്കുന്നത്. സ്ഥലകാലങ്ങളുടെ അനിവാര്യമായ മാറ്റത്തിലും മറയലിലും  ജീര്‍ണതയേല്‍ക്കാതെ തലമുറകളിലേക്ക് പടരുന്ന ജീവബന്ധങ്ങളെ കുട്ടിയോജിപ്പിക്കുന്ന സംസ്കൃതിയുടെ തുടിപ്പുകളെയാണ് മധു തന്റെ ചിത്രങ്ങളിലൂടെ അന്വേഷിക്കുന്നത്. ആന്‍ ആന്റിക് പീസ് ഓഫ് ലൌ എന്ന ചിത്രപരമ്പരയിലെ പുതിയ രചനകളില്‍ മട്ടാഞ്ചേരിയിലെ പുരാതന നിര്‍മിതികളെ പ്രതിഷ്ഠാപന ശൈലിയില്‍ ക്യാന്‍വാസില്‍ പുനഃസൃഷ്ടിക്കുകയാണ് മധു. പുരാവസ്തു മൂല്യമുള്ളതെങ്കിലും മട്ടാഞ്ചേരിയിലെ ആ കെട്ടിടങ്ങളില്‍ ഇപ്പോഴും വികസന വായ്ത്താരികളുടെ പാരഡി പ്രതിധ്വനിപ്പിക്കുന്ന ജീവിതങ്ങളുണ്ട് എന്ന അറിവ് ചിത്രകാരന്റെ കാഴ്ചകളുടെ ആഴമേറ്റുന്നു.

കൊച്ചി കലൂര്‍ സ്വദേശിയാണ് മധു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍നിന്ന് പെയ്ന്റിങ്ങില്‍ ബിഎഫ്എയും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്ന് എംഎഫ്എയും പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തെ പഠനകാലത്തുതന്നെ മതാതീത ആത്മീയാന്വേഷണത്തിന്റേതായ ജീവിതശൈലി സ്വീകരിച്ച മധു തന്റെ കാഴ്ചപ്പാടുകളെ ആ നിലയില്‍ തീര്‍ച്ചപ്പെടുത്താനുള്ള യാത്രകളിലും അന്വേഷണങ്ങളിലുമാണ്. വെള്ളമുണ്ടുടുത്ത് കുപ്പായത്തിനു പകരം മേല്‍മുണ്ട് പുതച്ചാണ് എവിടേക്കുമുള്ള സഞ്ചാരം. പരസ്പര വൈരത്തിലേക്ക് തൊടുത്തുവച്ച മതചിന്തകള്‍ക്കപ്പുറം അവയെ ആഴത്തില്‍ അറിയാനാണ് ശ്രമം. എല്ലാറ്റിന്റെയും ഉള്ളില്‍ വിളങ്ങുന്ന ജീവനെ അറിയുന്നതിലൂടെ അവനവനെയും അന്യനെയും അറിയാനും അതിലൂടെ സ്വയം സാക്ഷാല്‍ക്കരിക്കാനുമാണ് അന്വേഷണവും യാത്രകളും.മധു സ്വയം എടുത്തണിഞ്ഞിട്ടുള്ള വ്യത്യസ്ത ജീവിതശൈലിയോടു ചേര്‍ത്തുവച്ചാല്‍ അദ്ദേഹത്തിന്റെ രചനകളിലേക്കുള്ള പ്രവേശിക സുഗമമാണ്. കാര്‍ഷിക, വ്യാവസായിക സംസ്കാരങ്ങളുടെ പൌരാണിക ഇമേജുകളെ ചിത്രീകരിച്ച റീ അഷ്വറന്‍സ് എന്നു പേരിട്ട പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ രണ്ടു സംസ്കാരങ്ങളും പിന്നിട്ട വഴികളിലേക്കെന്നപോലെ മണ്ണടിഞ്ഞതും അരികുചേര്‍ക്കപ്പെട്ടതുമായ ജീവിതങ്ങളിലേക്കും കാഴ്ച തിരിക്കുന്നു. യന്ത്രവല്‍ക്കരണത്തിനുമുമ്പുള്ള കാലത്തെ കുറിക്കുന്ന കാര്‍ഷിക ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഏണിയും തൂണിയും പായയുമൊക്കെ ഇത്തരം ഓര്‍മപ്പെടുത്തലുകളിലുണ്ട്. കമ്പിലോ കയറിലോ ഒക്കെ തൂക്കിയിട്ട മട്ടിലാണ് അവ ക്യാന്‍വാസില്‍ പ്രത്യക്ഷപ്പെടുന്നത്. കാലഹരണപ്പെട്ട ഒന്നിന്റെ ഞാന്നുകിടക്കലായോ നവീകരിച്ച് കൈവശം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയായോ ഒക്കെ ഇതിനെ വായിക്കാം. ആന്‍ ആന്റിക് പീസ് ഓഫ് ലൌവില്‍ എത്തുമ്പോള്‍ ഇത്തരം എടുത്തുവയ്ക്കലുകളെ കുറെക്കൂടി പ്രശ്നവല്‍ക്കരിക്കാന്‍ മധുവിന് കഴിയുന്നു.

ഇതുവരെ അഞ്ച് ഏകാംഗപ്രദര്‍ശനങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി നടത്തി. ദുബായിലും ഡെല്‍ഹിയിലും നടത്തിയ പ്രദര്‍ശനങ്ങള്‍ ശ്രദ്ധനേടി. കേന്ദ്ര ലളിതകലാ അക്കാദമി ക്യുറേറ്റ് ചെയ്ത ഏഷ്യന്‍ ആര്‍ട്ട് ബിനാലെയിലും 2014 കൊച്ചി മുസരിസ് ബിനാലെയിലും മധുവിന്റെ രചനകള്‍ സ്ഥാനം നേടി. നിരവധി ക്യാമ്പുകളിലും റെസിഡന്‍സ് പ്രോഗ്രാമുകളിലും പങ്കാളിയായി. 2009ല്‍ സംസ്ഥാന ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. കലാപഠനത്തിനുശേഷം ചിത്രകലാധ്യാപകനും വാസ്തുകലാധ്യാപകനുമായി ജോലി നോക്കിയിരുന്നു. മലയാറ്റൂരില്‍ സ്ഥിരതാമമാക്കി രചന നടത്തുന്നു. ഭാര്യ: ശ്രീദേവി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top