20 March Monday

മടിശ്ശീലയുടെ കനവും ഭ്രാന്തിലേക്കുള്ള വഴിയാണ്

കെ ഗിരീഷ്Updated: Sunday Jan 10, 2016

നാടകം നടക്കുന്നുണ്ട്. കേരളത്തിന്റെ മുക്കിലും മൂലയിലും അതുണ്ട്. ഒരുപക്ഷേ ഇടക്കാലത്തു സംഭവിച്ച ഒരു പകച്ചുനില്‍പ്പിനപ്പുറം കേരളത്തിലെ നാടകവേദിയില്‍ വീണ്ടും സജീവമായ ഇടപെടലുകള്‍ നടക്കുന്നുണ്ട്. ഇടവേളയ്ക്കിപ്പുറം നാടകവേദി സജീവമായി രാഷ്ട്രീയം പറയാനും തുടങ്ങിയിട്ടുണ്ട്. ചുറ്റിലും അരാഷ്ട്രിയതയും അസഹിഷ്ണുതയും ആക്രമണവും പടരുന്നേടത്ത് നിശ്ശബ്ദമായിരിക്കാന്‍ നാടകവേദിക്കാവില്ല എന്നതുതന്നെയാണ് കാരണം. മറ്റു ദൃശ്യകലകളില്‍നിന്ന് വിഭിന്നമായി നാടകവേദി നില്‍ക്കുന്നതിനുകാരണവും അതുതന്നെയാണ്. വളരെ കുറഞ്ഞ അഭിനേതാക്കളുമായി തെരുവുമുലകളിലും ചെറിയ ഇടങ്ങളിലും ലഘുനാടകങ്ങളും സമീപകാലത്തായി ഏറെ അരങ്ങേറുന്നുണ്ട്. അവയാകട്ടെ പലപ്പോഴും വെളിച്ചത്തിന്റെയും അലങ്കാരങ്ങളുടെയും മറകളില്ലാതെ കാണിയുമായി നേരില്‍ വര്‍ത്തമാനം പറയുകയും കാലത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ആകുലതകള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു എന്നതാണ് ആശാവഹമാകുന്നത്. ഈ ആകുലതകള്‍ എയ്ഡ്സിനെക്കുറിച്ചാകാം, മാലിന്യത്തെക്കുറിച്ചാകാം, ദളിത്ജീവിതത്തെക്കുറിച്ചാകാം, ഫാസിസത്തെക്കുറിച്ചാകാം, പെണ്‍ജീവിതദുരിതത്തെക്കുറിച്ചാകാം. ഇത്തരം വേവലാതികള്‍ മനുഷ്യരുമായി പങ്കുവച്ചാണ് കോഴിക്കോട് അരങ്ങ് നാടകവേദി ശ്രദ്ധേയമാകുന്നത്. കാണികളുമായി നേരിട്ട് സംവദിക്കുന്ന നാടകങ്ങളിലൂടെ നൂറുകണക്കിന് അരങ്ങുകളിലാണ് ഇവര്‍ എത്തിച്ചേര്‍ന്നത്

മടിശ്ശീലയ്ക്ക് കനമുള്ളവന് ഇരുട്ടിനെ ഭയമാണ്. നഷ്ടപ്പെടാന്‍ ഏറെയുണ്ടാകുമ്പോള്‍ അതിനെക്കുറിച്ചുള്ള വേവലാതികൊണ്ട് മനുഷ്യന് ഭ്രാന്തുപിടിക്കും. ആ ഭ്രാന്തില്‍ സഹജാതനെപ്പോലും അവന് ഭയക്കേണ്ടിവരുന്നു. സംശയത്തിന്റെ നൂറുനൂറ് കടന്നലുകള്‍ അവന്റെ തലച്ചോറില്‍ ഇരമ്പും. അത്തരമൊരു മാനുഷികാവസ്ഥയെക്കുറിച്ചാണ് അരങ്ങിന്റെ നാടകം 'ഞാറ്റുവേല' പറയുന്നത്. കര്‍ഷകനായ കൃഷ്ണനും സഹായിയായ സദാശിവനും പച്ചക്കറിവില്‍ക്കുന്നതിനാണ് നഗരത്തിലെത്തിയത്. കൃഷ്ണന്റെ കൈയില്‍ ധാരാളം പണമുണ്ട്. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താല്‍ ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചു. രാത്രി ലോഡ്ജില്‍ മുറിയെടുക്കേണ്ടി വന്നു. രാത്രിയുടെ ഇരുട്ട് കൃഷ്ണനെ ഭയപ്പെടുത്തുന്നു. സദാശിവന്‍ തന്റെ നെഞ്ചില്‍ കത്തിയിറക്കി പണം കൊണ്ടുപോകുമോ എന്ന ഭയം. ഒപ്പം സഞ്ചരിക്കുന്ന, ജീവിക്കുന്ന കാര്യസ്ഥനെപ്പോലും അവിശ്വസിക്കേണ്ടുന്ന നിലയിലേക്ക് മടിശ്ശീലയിലെ പണം കൃഷ്ണനെ എത്തിക്കുന്നു. രാത്രി കനക്കുംതോറും ഈ ഭ്രാന്ത് പെരുകിപ്പെരുകി വരുന്നു. പണം മനുഷ്യന്റെ മാനസികാവസ്ഥയിലും കാഴ്ചയിലും ഉണ്ടാക്കുന്ന മാറ്റങ്ങളെ നാടകം നന്നായിത്തന്നെ പ്രതിഫലിപ്പിക്കുന്നു. 

തികച്ചും ലളിതമായ

ഷൈജു പി ഒളവണ്ണയും ധീരജ് പുതിയനിലത്തും

ഷൈജു പി ഒളവണ്ണയും ധീരജ് പുതിയനിലത്തും

ഭാഷയില്‍ ഏതിടത്തും എപ്പോഴും കളിക്കാവുന്ന നിലയിലാണ് നാടകം ഒരുക്കിയിട്ടുള്ളത്. ഒട്ടും സംശയങ്ങളില്ലാതെ സാധാരണ കാണിയിലേക്കുപോലും കടന്നുകയറുന്ന നാടകം ഒരേസമയം വൈകാരികതകൂടി നിലനിര്‍ത്തുന്നുണ്ട്.

ഷൈജു പി ഒളവണ്ണയും ധീരജ് പുതിയനിലത്തുമാണ് നാടകം എഴുതിയതും സംവിധാനം ചെയ്തതും അഭിനയിക്കുന്നതും. ഇരുവരും ചേര്‍ന്നുള്ള നാടകപ്രവര്‍ത്തനം ഇതിനകം ആയിരത്തോളം വേദികള്‍ പിന്നിട്ടുകഴിഞ്ഞു. കോഴിക്കോട്ടെ സമൃദ്ധമായ നാടകപാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് ഇരുവരും. പ്രഗത്ഭ നാടകപ്രവര്‍ത്തകരുടെ കളരികളില്‍നിന്ന് കുട്ടിക്കാലംമുതലേ ആര്‍ജിച്ച ഊര്‍ജവും രാഷ്ട്രീയനിലപാടുകളുമാണ് ഇരുവരുടെയും കൈമുതല്‍. അക്ഷയ് കണ്ണാടിക്കല്‍, സി പി ആകാശ് എന്നിവരാണ് ഞാറ്റുവേലയ്ക്ക് സംഗീതമൊരുക്കിയത്. പരാഗ് പന്തീരാങ്കാവ് പിന്നണിസഹായവും നല്‍കുന്നു.

ഴശൃശവെ.ിമശേസമ@ഴാമശഹ.രീാ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top