01 June Thursday

നാളെയുടെ സ്മൃതിചിത്രങ്ങള്‍

എം എസ് അശോകന്‍Updated: Sunday May 7, 2017

സമൃദ്ധിയുടെ വാഗ്ദാനവുമായി കാസര്‍കോട് കാര്‍ഷികഗ്രാമങ്ങളിലേക്ക് എന്‍ഡോസള്‍ഫാന്‍ എന്ന ഭീകരന്‍ കടന്നുവന്ന കാലം വിനോദ് അമ്പലത്തറ എന്ന യുവചിത്രകാരന്റെ ഓര്‍മകളിലുണ്ട്. ജനവാസകേന്ദ്രങ്ങള്‍ക്കും കശുവിന്‍മാന്തോട്ടങ്ങള്‍ക്കും മുകളിലൂടെ വിഷക്കാറ്റൂതി ഇരമ്പിപ്പറന്ന ഹെലികോപ്റ്ററുകള്‍. വരുംവരായ്ക അറിയാതെ കൃഷിഭവനില്‍നിന്ന് വാങ്ങിയ എന്‍ഡോസള്‍ഫാന്‍ കുപ്പികളുമായി കൃഷിയിടങ്ങളിലേക്ക് പോയിരുന്ന കര്‍ഷകര്‍. കണ്‍പാര്‍ത്തിരുന്ന സമൃദ്ധിക്കു പകരം കെട്ടകാലത്തെ മരുപ്പറമ്പായി പരിണമിച്ച ജീവിതങ്ങള്‍ക്ക് സാക്ഷിയാകുമ്പോള്‍ ചിത്രകാരന്റെ സമകാലകാഴ്ചകള്‍ തീക്ഷ്ണമാകാതെ വയ്യ.

തൃശൂര്‍ കോളേജ് ഓഫ് ഫൈനാര്‍ട്സില്‍നിന്ന് പെയ്ന്റിങ് ബിരുദം നേടിയ വിനോദ് അമ്പലത്തറയുടെ ചിത്രങ്ങള്‍ പുറമേക്ക് ശാന്തമാണെങ്കിലും വിസ്മൃതിയിലേക്ക് മറയാത്ത അനുഭവങ്ങളുടെ കനല്‍ ഉള്ളിലെരിക്കുന്നു. വിശാലഭൂമികകളുടെ ചിത്രീകരണമാണ് പലതും. ദൂരക്കാഴ്ചകളില്‍ അവ ചിതലെടുത്തും തീവിഴുങ്ങിയും അവസാനങ്ങളിലേക്ക് സഞ്ചരിക്കുന്നു. നിസ്സഹായതയുടെ നേര്‍ത്ത ജനപഥങ്ങളിലേക്കും ദുഃസ്വപ്നങ്ങള്‍ അതിക്രമിച്ച് കയറുന്നത് കാഴ്ചകളെ അലോസരപ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ച കെടുതികള്‍ക്കു പുറമെ നഗരവല്‍ക്കരണവും പരിസ്ഥിതി നാശവുമൊക്കെ ജീവിതത്തിന്റെ ആകെത്തുകയില്‍ വരുത്തിയ ജീര്‍ണത വിനോദിന്റെ രചനകളുടെ അടിയൊഴുക്കായിനില്‍ക്കുമ്പോള്‍ സംവേദനത്തിന്റെ പുതിയൊരു തലത്തിലേക്ക് ആ ചിത്രങ്ങള്‍ ആസ്വാദകനെ നടത്തുന്നു. കാസര്‍കോടന്‍ ഗ്രാമജീവിതത്തില്‍ ഊന്നിനിന്നുകൊണ്ടാണ് വിനോദ് ഇത്തരം മുന്‍കാഴ്ചകള്‍ക്ക് ചായമിടുന്നത്. തന്റെ ബാല്യ കൌമാരങ്ങള്‍ ചുറ്റുപാടും കണ്ട കാഴ്ചയും ജീവിതവുമൊക്കെ വല്ലാതെ മാറിപ്പോയെന്ന് വിനോദ് പറയുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിലെല്ലാം ആദ്യകാലംമുതല്‍ ചിത്രകാരനെന്ന നിലയില്‍ വിനോദ് തന്റെതായ പങ്ക് വഹിക്കുന്നു. വീര്‍ത്ത് ഭാരംതൂങ്ങുന്ന കുമിളകള്‍പോലുള്ള ബിംബങ്ങള്‍ വിനോദിന്റെ ചിത്രങ്ങളിലെല്ലാം ആവര്‍ത്തിക്കുന്നു. മരങ്ങളും മലകളുമൊക്കെയായി അവ അവതരിക്കുന്നു. നിര്‍മലമായിരുന്ന ഗ്രാമജീവിതത്തെ എന്നെന്നും അലോസരപ്പെടുത്തുന്ന ദുരന്തസാന്നിധ്യത്തെ കടന്നുപോകാവുന്ന വഴികളൊന്നും ചിത്രകാരനു മുന്നിലില്ല.

ജലച്ചായത്തിലാണ് വിനോദിന്റെ രചനകളേറെയും. ചിത്രങ്ങളിലൂടെ വിനോദ് പ്രഖ്യാപിക്കുന്ന സമീപനത്തിനും നിലപാടിനും ഏറ്റവും ഇണങ്ങുന്നതാണ് എപ്പോഴുമുള്ള രചനാമാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. ഫാബ്രിയാനോ പേപ്പറില്‍ വെള്ളംപൂശി വര്‍ണങ്ങള്‍ നിരത്തിയും വര്‍ണങ്ങള്‍ക്കുമീതെ വെള്ളമിറ്റിച്ചുമുള്ള രചനയിലൂടെ ദൃശ്യമിഴിവോടെ ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നു. പ്രകൃതിപഠനങ്ങളും കറുത്ത മഷിയില്‍ ചെയ്തിട്ടുള്ള ഇല്ലസ്ട്രേഷനുകളുമൊക്കെ നിറങ്ങളും വരകളും ഉപയോഗിക്കുന്നതില്‍ വിനോദിനുള്ള കൈയടക്കവും മൌലികതയും വ്യക്തമാക്കുന്നതാണ്. ആനുകാലികങ്ങള്‍ക്കുവേണ്ടി ഇല്ലസ്ട്രേഷന്‍ ചെയ്യാറുണ്ട്. ഹാര്‍ഡ്ബോര്‍ഡ് പേപ്പറിന്റെ ചുളിവുകളുള്ള പ്രതലത്തില്‍ രചിച്ച ഷട്ടര്‍ എന്ന ചിത്രത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരം ലഭിച്ചത്.

കേരളത്തിനകത്തും പുറത്തും നിരവധി പ്രദര്‍ശനങ്ങളിലും ക്യാമ്പുകളിലും പങ്കാളിയായിട്ടുള്ള വിനോദ് തിരക്കിട്ട രചനകളിലാണ് ഇപ്പോള്‍. വൈകാതെ ഒരുകൂട്ടം ചിത്രകാരന്മാരുമായി ചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് ഷോയിലേക്കുള്ള ചിത്രങ്ങളുടെ പണിപ്പുരയില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top