02 April Sunday

ചോദ്യങ്ങള്‍ ചോദിക്കുന്നവരാണ് ശരി

കെ ഗിരീഷ്Updated: Sunday Jul 2, 2017

ചോദ്യങ്ങള്‍ ചോദിക്കുകയാണ് ശരി. ഉത്തരം പറയരുത്. കലുഷിതമായ മനസ്സും പുതിയ തിരിച്ചറിവുമായി ജനങ്ങളെ മടക്കാനാണ് സോക്രട്ടീസിനിഷ്ടം. കാരണം, അവിടെയാണ് തീയുയരുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അറിവിനെയാണ് ജനവിരുദ്ധഭരണകൂടങ്ങള്‍ എന്നും  ഭയപ്പെടുകയെന്നും അത്തരം വ്യവസ്ഥയുള്ളിടത്തോളംകാലം മരണംവരിക്കാന്‍ തന്നെപ്പോലുള്ളവരുണ്ടാകുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. വ്യാജതെളിവുകളിലൂടെയും തലതിരിഞ്ഞ കോടതിവിധികളിലൂടെയും നിരപരാധിക്ക്് വിഷക്കോപ്പകളുണ്ടാകുമെന്നും സോക്രട്ടീസ് ജീവിതംകൊണ്ട് പറഞ്ഞുവച്ചു.

സോക്രട്ടീസിന്റെ ജീവിതം അധികരിച്ച് ഒട്ടേറെ രചനകളുണ്ടായിട്ടുണ്ടെങ്കിലും പി ജെ ആന്റണിയുടെ വിഖ്യാതരചന ആ ഇതിഹാസജീവിതത്തിന്റെ എല്ലാ തീപ്പൊരികളെയും വെളിച്ചത്തുകൊണ്ടുവരുന്നതാണ്. പലപ്പോഴും ചില രംഗങ്ങളില്‍ പി ജെയെന്ന മഹാപ്രപഞ്ചത്തിന്റെ സ്വന്തം ജീവിതരേഖ നിഴല്‍പോലെ നാടകത്തിലുണ്ട്. വിശേഷിച്ച് തത്വജ്ഞാനംകൊണ്ട് വിശപ്പ് മാറുമോയെന്നു ചോദിക്കുന്ന, ഭര്‍ത്താവിനെ നിരന്തരം പഴിക്കുന്ന സോക്രട്ടീസിന്റെ ഭാര്യ സാന്തിപ്പിയില്‍. എറണാകുളം വല്ലാര്‍പാടം പനമ്പുകാട് നവോത്ഥാന സാംസ്കാരികകേന്ദ്രമാണ് സോക്രട്ടീസ് എന്ന നാടകം ഇപ്പോള്‍ അതിന്റെ മുഴുവന്‍ ഭാവതീവ്രതയോടുംകൂടി അരങ്ങിലെത്തിച്ചത്. തികച്ചും റിയലിസ്റ്റിക് അവതരണരീതിയില്‍ പി ജെ ആന്റണിയുടെ രചനയ്ക്ക് രംഗഭാഷ്യം നല്‍കിയത് പ്രശസ്ത നാടകപ്രവര്‍ത്തകനായ എ ആര്‍ രതീശനാണ്.

രാജ്യം ഇന്നൊരു സാംസ്കാരിക വിനാശത്തിലാണെന്ന സോക്രട്ടീസിന്റെ ചിന്ത സമകാലീന ഇന്ത്യനവസ്ഥകളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ പ്രേക്ഷകനെ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് കണ്ണോടിക്കാന്‍ പ്രേരിപ്പിക്കുന്നു. നാടകത്തിന്റെ ഓരോ രംഗം കഴിയുന്തോറും സോക്രട്ടീസിന്റെ ചിന്തകളും കണ്ടെത്തലുകളും ഇന്നും പ്രസക്തമാണെന്ന് ആസ്വാദകര്‍ തിരിച്ചറിയുന്നതാണ് നാടകത്തിന്റെ വിജയം.

സംഗീത നിയന്ത്രണം: ജയിംസ്.  പ്രകാശനിയന്ത്രണം: സാജന്‍, രംഗസജ്ജീകരണം: അശോകന്‍ അമ്പാട്ട്കാവ്. ചമയം: ബൈജു സി ആന്റണി. നാട്ടുകാരായ കെ പി ലെനിന്‍, വി കെ വിശ്വന്‍ എന്നിവരുടെ രംഗചിത്രങ്ങള്‍ നാടകവിജയത്തിലെ മുഖ്യഘടകങ്ങളായി. സഹസംവിധാനം വിശ്വം പനമ്പുകാടും നിര്‍മാണ നിര്‍വഹണം കെ എം ശരത്ചന്ദ്രനും നിര്‍വഹിച്ചു.

ചന്ദ്രന്‍ മനയത്ത്, ടി ആര്‍ ഷിബു, കൃഷ്ണകുമാര്‍, കെ എം സയന്‍, ജലജ ഉണ്ണി, കെ എം ഷൈജു, കെ ബി ബിജീഷ്, വി കെ അഭിലാഷ്, ഷാഹിം കെ സുരേന്ദ്രന്‍, ഷീജ സുരേഷ്, ഐ ബി സുനില്‍, കെ ആര്‍ രാജേഷ്, ശ്രാവണ്‍ കെ ഷെല്ലി, ഗൌരി സുരേന്ദ്ര എന്നിവരാണ് വേഷമിട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top