03 February Friday

മിഴിവോടെ വര്‍ണങ്ങള്‍... കാഴ്ചകള്‍

എം എസ് അശോകന്‍Updated: Sunday Aug 14, 2016

പ്രകാശന്‍ പുതൂരിന്റെ പെയിന്റിങ്

കരിവള്ളൂര്‍ പ്രക്ഷോഭത്തിന്റെ സ്മരണയില്‍ പ്രകാശന്‍ പുതൂര്‍ വരച്ച ചെ ഗുവേരയുടെ ചിത്രത്തിന്റെ ദൃശ്യമാനങ്ങള്‍ പലതാണ്. കടലാസിലെ വെളുത്ത പശ്ചാത്തലത്തില്‍ അനാദിയായ അതിരിലേക്ക് ഒഴുകിപ്പരക്കുന്ന ജലച്ചായമാണ് രചനാമാധ്യമം. കറുപ്പിനും വെളുപ്പിനുമിടയിലെ സ്നിഗ്ധമായ അടരുകള്‍. ലോകത്തിന് മറക്കാനാകാത്ത ചെയുടെ പരിചിതമായ മുഖപടത്തിലേക്ക് നടന്നുകയറുന്ന ജനാവലി. ചുവപ്പിന്റെ ചെറിയ കീറുകള്‍. ലോകമെങ്ങും ജീവന്‍വയ്ക്കുന്ന സമരചത്വരങ്ങളിലേക്ക് ഒരേ താളത്തില്‍ നടന്നുകയറുന്ന പ്രക്ഷോഭങ്ങളുടെ സമകാലചരിത്രത്തെ ഇതിലും മിഴിവോടെ ചിത്രീകരിക്കുന്നതെങ്ങനെ.

കണ്ണൂര്‍ കരിവള്ളൂര്‍ സ്വദേശി

യാണ് പ്രകാശന്‍. പയ്യന്നൂര്‍ കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി തലശേരി കേരള സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രകല അഭ്യസിച്ചു. അല്‍പ്പകാലം ചിത്രകലാ അധ്യാപകനും ആനിമേറ്ററുമായി പ്രവര്‍ത്തിച്ചശേഷം ഇന്റീരിയര്‍ ഡിസൈനിങ്ങിലേക്ക് തിരിഞ്ഞു. ഗള്‍ഫ്നാടുകളില്‍ തിരക്കുള്ള ഇന്റീരിയര്‍ ഡിസൈനറും ആര്‍ട്ടിസ്റ്റുമാണ് നിലവില്‍. ഒപ്പം പയ്യന്നൂരില്‍ വിന്റേജ് എന്ന പേരില്‍ ആര്‍ട്ട് ഗ്യാലറിയും സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നു. ഇതോടനുബന്ധിച്ചുതന്നെയാണ് പ്രകാശന്റെ സ്റ്റുഡിയോയും.

ആസ്വാദകരുടെ കാഴ്ചയെ തൃപ്തിപ്പെടുത്തുക എന്നതിനാണ് പ്രകാശന്‍ തന്റെ രചനകളില്‍ പ്രാമുഖ്യം നല്‍കുന്നത്. ജലച്ചായവും എണ്ണച്ചായവും അക്രിലിക്കുമെല്ലാം ഒരേ വൈദഗ്ധ്യത്തോടെ ഉപയോഗിക്കുന്നു. പ്രകൃതിദൃശ്യങ്ങളും സ്റ്റില്‍ ലൈഫും പകര്‍ത്തുന്ന പ്രകാശന്റെ ജലച്ചായരചനകളില്‍ അനാദൃശമായ ഊര്‍ജവും വേഗവും പ്രകടം. മീഡിയങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഗുണമേന്മ നിഷ്കര്‍ഷിക്കുന്നതിനാല്‍ രചനകളുടെയെല്ലാം പൊലിമ അത്യാകര്‍ഷകം. ജലച്ചായരചനയ്ക്ക് പുറംവാതില്‍ ചിത്രീകരണമാണ് കൂടുതല്‍ ചെയ്യുന്നത്. ഫോട്ടോഗ്രാഫുകളെ പരാവര്‍ത്തനം ചെയ്യുന്നതിനെ അപേക്ഷിച്ച് ജീവിതമുഖങ്ങളുമായി നേരിട്ട് സംവദിക്കാനും ചിത്രങ്ങള്‍ക്ക് സങ്കീര്‍ണ പ്രകൃതിവര്‍ണങ്ങളെ അറിയാനും അതുവഴി ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവുപകരാനും ഈ രീതികൊണ്ട് കഴിയുമെന്ന് പ്രകാശന്‍ കരുതുന്നു. നിസാരമെന്നുതോന്നാവുന്ന പല കാഴ്ചകളെയും ഈ രീതിയില്‍ പകര്‍ത്തിക്കഴിയുമ്പോള്‍ വലിയ ആസ്വാദകശ്രദ്ധ കിട്ടുന്നതായും പ്രകാശന്‍ പറഞ്ഞു. ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ ഫെയ്സ്ബുക്ക് പേജു

പ്രകാശന്‍ പുതൂര്‍

പ്രകാശന്‍ പുതൂര്‍

കളില്‍ പോസ്റ്റ് ചെയ്യുന്നു. ഇത് വില്‍പ്പനയെയും വലിയ തരത്തില്‍ സഹായിക്കുന്നു. ഉപയോഗശൂന്യമായ കിണറിന്റെ ചിത്രം അത്തരത്തില്‍ ഏറ്റവുമൊടുവില്‍ ചെയ്തതാണ്. അക്രിലിക്കായിരുന്നു മീഡിയം. ചിത്രം കണ്ട ഉടനെ നിരവധി ആവശ്യക്കാരെത്തി. ഇപ്പോഴും അതിനുവേണ്ടി അന്വേഷണം വരുന്നതായി പ്രകാശന്‍ പറഞ്ഞു.

അലങ്കാരമൂല്യംകൂടിയുള്ള ചിത്രങ്ങള്‍ക്ക് കേരളത്തിലും ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നതായി പ്രകാശന്‍ പറഞ്ഞു. പ്രകൃതിദൃശ്യങ്ങളുടെ ഫോട്ടോഗ്രാഫിനേക്കാള്‍ അതിന്റെ സ്വതന്ത്രചിത്രീകരണത്തെ ഏറെപ്പേര്‍ ഇഷ്ടപ്പെടുന്നു. പരസ്പരം വിശേഷാവസരങ്ങളില്‍ ചിത്രങ്ങള്‍  സമ്മാനിക്കുന്ന പ്രവണതയും ഏറിയിട്ടുണ്ടെന്ന് പ്രകാശന്‍ പറഞ്ഞു.

ജലച്ചായത്തില്‍ മികവു പുലര്‍ത്തുമ്പോഴും അക്രിലിക്കിലെ രചനയോടാണ് കൂടുതല്‍ കമ്പം. ചൂടുള്ള നമ്മുടെ കാലാവസ്ഥയില്‍ ഏറ്റവുമിണങ്ങുന്നത് അക്രിലിക്കാണ്. രചനാപരമായ സ്വീകാര്യങ്ങളുമുണ്ടെന്ന് പ്രകാശന്‍. കേരളത്തിനകത്തും പുറത്തും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ വാര്‍ഷിക പ്രദര്‍ശനത്തിലേക്ക് പതിവായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നു. കോളേജ് പഠനകാലത്തുതന്നെ ചിത്രരചനയില്‍ മികവുപുലര്‍ത്തിയിരുന്നു. മൂന്നുവട്ടം സര്‍വകലാശാലാ കലാപ്രതിഭയായി. ഒമാനില്‍ കോളേജ് ലക്ചററായി ജോലിചെയ്യുന്ന ബബിതയാണ് ഭാര്യ. മകന്‍: ദ്രാവണ്‍.
msasokms@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top