07 July Tuesday

ആകാശത്തിലേക്ക് ഒരു തളപ്പ്

കെ ഗിരീഷ്Updated: Sunday Sep 11, 2016

'തളപ്പ്' എന്ന നാടകത്തില്‍നിന്ന്

ആകാശത്തിന് തൊട്ടുതാഴെയിരുന്ന് മണ്ണിലേക്ക് നോക്കിയാല്‍ കാണുന്ന കാഴ്ചയെന്താകും. ഗൂഗിള്‍ മാപ്പ്് പോലൊരു ഭൂമിയല്ല പച്ചപ്പ് നിറഞ്ഞ്,  അതിരുകള്‍ മാഞ്ഞുപോയ മനോഹരചിത്രമാണ്. ഒന്നുപോലെയുള്ള മനുഷ്യര്‍. വര്‍ണഭേദവും ലിംഗഭേദവുമില്ലാത്തൊരു ലോകം. ഇക്കാഴ്ച ആസ്വദിക്കാന്‍ എല്ലാവര്‍ക്കുമാകില്ല. മുകളിലേക്കുള്ള കയറ്റം നിഷേധിച്ചവര്‍ക്കേ ആകൂ. പെണ്ണുങ്ങള്‍ക്ക് അതൊരു അസാധാരണ കാഴ്ചയാകും, കാരണം അവര്‍ക്ക് മുകളിലേക്ക് കയറാന്‍ അനുവാദമില്ല. എന്നും ഭൂമിയുടെ അതിരുകളില്‍ വട്ടംകറങ്ങുന്നവര്‍. മുകളിലേക്ക് നോക്കിനില്‍ക്കാനല്ലാതെ മുകളില്‍ കയറി താഴേക്ക് നോക്കാന്‍ വിധിയില്ലാത്തവര്‍. പക്ഷേ ഏതെങ്കിലും നിമിഷത്തില്‍ അവര്‍ മുകളിലേക്കൊന്നു കയറിപ്പോയാല്‍ നിശ്ചയം താഴെ ഭൂമിയുടെ ഗതി മാറും. മുകളിലിരുന്ന് അവര്‍ സുന്ദരമായ ഭൂമിയെയും സൌന്ദര്യമുള്ള മനുഷ്യരെയും കാണും. താഴെയുള്ളവരെ മുഴുവന്‍ മുകളിലേക്ക് ക്ഷണിക്കും. ഏറ്റവും സുന്ദരമായ ഭൂമിയും ജീവിതവും കാണിച്ചുതരാന്‍.

ആറങ്ങോട് കലാപാഠശാലയുടെ നാടകം 'തളപ്പ്' നാട്ടുജീവിതത്തില്‍ ഇത്തരമൊരു കാഴ്ചയുണ്ടാക്കുന്ന വ്യതിയാനത്തെയാണ് പറയുന്നത്.

അസീസ് പെരിങ്ങോട്

അസീസ് പെരിങ്ങോട്

നാരായണന്‍ തിരക്കുള്ള തെങ്ങുകയറ്റക്കാരനാണ്. രാവിലെ മുതല്‍ രാത്രിവരെ തെങ്ങിലേക്ക് പാഞ്ഞുകൊണ്ടിരിക്കുന്നയാള്‍. തെങ്ങുകയറ്റത്തിന്റെ തിരക്കിനിടെ വീട്ടിലൊന്നിരിക്കാന്‍ ഒന്നിച്ചൊരു നേരമുണ്ണാന്‍, ഒന്നു സന്തോഷിക്കാന്‍ അയാള്‍ മറന്നുപോയി. ഒടുവില്‍ ഭാര്യ കാര്‍ത്യായനിയുടെ നിരന്തര പരാതിയെത്തുടര്‍ന്ന് നാരായണന്‍ തെങ്ങുകയറ്റമുപേക്ഷിച്ച് കുടുംബത്തോടൊപ്പമിരിക്കാന്‍ തുടങ്ങുന്നു. തൊട്ടയല്‍പക്കത്ത് എല്‍ഐസി ജീവനക്കാരന്‍ രാമകൃഷ്ണനും ഭാര്യ പ്രേമയുമുണ്ട്. നേരമ്പോക്കിന് ഏറെ സമയമുള്ളവര്‍. നാരായണന്‍ തെങ്ങുകയറ്റമുപേക്ഷിക്കുന്നതോടെ പെണ്ണുങ്ങള്‍ക്ക് തോന്നുന്ന ആശയമാണ് കാര്യങ്ങള്‍ തകിടംമറിച്ചത്. എങ്കില്‍ തെങ്ങുകയറ്റം ഞങ്ങളെ പഠിപ്പിക്കൂ എന്നായി അവര്‍. നാരായണന്‍ തെങ്ങുകയറ്റം പഠിപ്പിക്കുന്ന പരിശീലകനായി. കാര്‍ത്യായനിയും ലളിതയും പ്രേമയും തെങ്ങുകയറ്റം പഠിക്കാനെത്തുന്നു. മരം കേറുന്ന പെണ്ണുങ്ങള്‍ രാമകൃഷ്ണന് രസിക്കാത്ത കാര്യമാണ്. ഈ പരിശീലനം തകര്‍ക്കാന്‍ പോത്ത് ബാബുവിന് ക്വട്ടേഷന്‍ നല്‍കുന്നു രാമകൃഷ്ണന്‍. പോത്ത് ബാബു കടന്നുവരുന്നതോടെ ഭയന്ന് പെണ്ണുങ്ങള്‍ പലപാടും പായുന്നു. കാര്‍ത്യായനി പേടികൊണ്ട് എങ്ങനെയോ തെങ്ങില്‍ ഓടിക്കയറുന്നു. എല്ലാവരും കാര്‍ത്യായനിയെ തിരക്കുന്ന സമയത്ത് അവള്‍ തെങ്ങിന്റെ മുകളിലിരുന്ന് അതുവരെ കാണാത്ത ഭൂമിയെ കാണുകയായിരുന്നു. തുടക്കത്തില്‍ പറഞ്ഞതുപോലെ സമത്വസുന്ദരമായ ഭുമി. എല്ലാ പെണ്ണുങ്ങളെയും അവള്‍ മുകളിലേക്ക് വിളിക്കുന്നു. അവരെല്ലാവരും ആ കാഴ്ചയില്‍ രസിക്കുമ്പോള്‍ ഉണ്ടാകുന്ന തോന്നല്‍ ഈ കാഴ്ച കാണേണ്ടത് ആണുങ്ങളാണ് എന്നാണ്. എല്ലാവരും തളപ്പ് ആണുങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുന്നു.

തനി ഗ്രാമീണമായ അന്തരീക്ഷത്തെ രംഗവേദിയിലേക്ക് പകര്‍ത്തിവയ്ക്കാനായതോടൊപ്പം ഗ്രാമീണമായ വിഷയത്തിലൂന്നി വലിയ രാഷ്ട്രീയം പറയാനും നാടകകൃത്തും സംവിധായകനുമായ അസീസ് പെരിങ്ങോടിനായി. തികഞ്ഞ നടീനടന്മാരുടെ സാന്നിധ്യമാണ് നാടകത്തിന്റെ മികവിന് മറ്റൊരു കാരണം. ഒപ്പം നാടകത്തില്‍ വെളിച്ചത്തിന്റെയും സംഗീതത്തിന്റെയും ധര്‍മം കൃത്യമായി പാലിക്കാനും അണിയറപ്രവര്‍ത്തകര്‍ക്കായി.

സി എം നാരായണന്‍, കെ വി ശ്രീജ, ബീന പള്ളിപ്പുറം, രാമകൃഷ്ണന്‍, വിദ്യ തൃശൂര്‍, മണികണ്ഠന്‍ എന്നിവരാണ് അരങ്ങില്‍. സംഗീതം: പ്രസാദ് പൊന്നാനി, സാന്ദീപന്‍. ദീപവിതാനം: ബാപ്പു പൂലാത്ത്. സെറ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടി: ശരത്.

പ്രധാന വാർത്തകൾ
 Top