07 June Wednesday

അടുക്കളയില്‍നിന്ന് അരങ്ങത്തുവന്ന സ്ത്രീകളുടെ സമരസാക്ഷ്യം

ഡോ. എന്‍ ആര്‍ ഗ്രാമപ്രകാശ്Updated: Friday Jan 4, 2019

നമ്പൂതിരി സ്‌ത്രീകളിൽനിന്നുയർന്നുവന്ന നവോത്ഥാന മുന്നേറ്റത്തിന്റെ ആവിഷ്‌കാരമായിരുന്നു തൊഴിൽകേന്ദ്രത്തിലേക്ക്‌ എന്ന നാടകം. ജാതി‐ജന്മി‐ നാടുവാഴിത്തം സൃഷ്ടിച്ച പുരുഷമേൽക്കോയ്‌മയ‌്ക്കെതിരെ ശക്തമായി പ്രതികരിച്ച നാടകത്തിന്‌ എഴുപതാണ്ട്‌ പിന്നിടുന്നു. സ്‌ത്രീകളുടെ കഥ പ്രമേയമാക്കി സ്‌ത്രീകളുടെ കൂട്ടായ്‌മയിൽ തയ്യാറാക്കി സ്‌ത്രീകൾ തന്നെ അഭിനയിച്ച ആദ്യ നാടകമാണ് തൊഴിൽകേന്ദ്രത്തിലേക്ക്

1947 ജൂണ്‍ 21ന് പാലക്കാട് ലക്കിടിയില്‍ മംഗലത്തു മനയില്‍ സ്ഥാപിതമായ പാർവതി മെമ്മോറിയല്‍ തൊഴില്‍ പരിശീലനകേന്ദ്രം സന്ദര്‍ശിച്ചശേഷം പി കൃഷ്ണപിള്ള പറഞ്ഞു:  ‘‘ഇന്ന് നമ്മുടെ നാട്ടിലെ ഇടത്തരക്കാരായ എല്ലാ ജാതിയിലേയും  സ്‌ത്രീജനങ്ങള്‍ക്കും മനുഷ്യരായി ജീവിക്കാനും സ്വതന്ത്രഭാരതത്തിലെ പൗരനാകാനും പുരുഷന്മാരോടൊപ്പംനിന്ന് നാടിന്റെ പൂര്‍ണമോചനത്തിനും സാമ്പത്തിക പുനരുദ്ധാരണത്തിനും പ്രവര്‍ത്തിക്കാനും ഇത്തരം പരിശ്രമങ്ങള്‍ അടിയന്തരമായ ഒരാവശ്യമാണ്.'' (യോഗക്ഷേമം, 1123 കന്നി 29.)

തൊഴില്‍കേന്ദ്രത്തിലെ പ്രദര്‍ശനം ഉദ്ഘാടനംചെയ്‌ത വേളയിൽ അവിടെ പരിശീലനം നടത്തുന്ന പതിനാറുപേരെ അഭിനന്ദിച്ച്‌ ഇ എം എസ് പറഞ്ഞു: ‘‘ഇന്ന് യോഗക്ഷേമസഭയിലുള്ളതിലധികം നമ്പൂതിരിമാര്‍ മുറജപത്തിന് പോയിട്ടുണ്ടാവാം, ഈ സമ്മേളനത്തില്‍ വന്നതിലധികം നമ്പൂതിരി സ്‌ത്രീകളെ സിര്‍സിക്കും സിദ്ധാപുരിലേക്കും നാടുകടത്തീട്ടുണ്ടാകാം. എന്നാല്‍ കൂടി ഈ പതിനാറ് സ്വതന്ത്രകളായ സ്‌ത്രീകളുടെ ബോംബില്‍ പൊട്ടിത്തെറിക്കാത്ത വാരങ്ങളോ മുറജപമോ ആചാരക്കോട്ടയോ ഇല്ല. ഏത് പത്മനാഭ ദാസനും ഇവരുടെ മുമ്പില്‍ മുറജപം നടത്താനാവില്ല'' (യോഗക്ഷേമം, 1123 ധനു 17)

മാനവികതയാണ് നവോത്ഥാനത്തിന്റെ കാതൽ. മത‐ജാതി‐വംശ‐ലിംഗ വിവേചനങ്ങളില്ലാത്ത  വ്യവസ്ഥ നവോത്ഥാനത്തിന്റെ സംഭാവന.  മനുഷ്യനാണിവിടെ മാനദണ്ഡം. നരകയാതന അനുഭവിച്ച അടിത്തട്ടിലെ മനുഷ്യർമുതൽ  മേൽത്തട്ടിലെ സവർണരിലടക്കം മാറ്റമുണ്ടാക്കിയ കാലം. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും സ്ഥാപിക്കാനുള്ള വെമ്പൽ ആ കാലത്തിന്റെ പ്രത്യേകത. ഭൂദേവന്മാരെന്ന്‌ അവകാശപ്പെട്ട ബ്രാഹ്മണസമുദായത്തിനകത്തും അനവധി അസ്വസ്ഥതകൾ പുകഞ്ഞിരുന്നു. ഭൗതികസമ്പന്നതയേക്കാൾ വിലപ്പെട്ടതാണ് മാനുഷികമായ അന്തസ്സും അംഗീകാരവുമെന്ന് ആ സമുദായത്തിലെ യുവത തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഉണ്ണിനമ്പൂതിരി പ്രസ്ഥാനവും അന്തർജനസമാജവും. ഇവയുടെ പ്രവർത്തനങ്ങളിൽ ശ്രീനാരായണഗുരുവിന്റെ ആദർശമാണ് വഴികാട്ടിയെന്ന്  വി ടി ഭട്ടതിരിപ്പാട്  പറയുന്നുണ്ട്. രണ്ടാമത്തെ പ്രചോദനം ‘നമ്പൂതിരിയെ മനുഷ്യനാക്കാൻ' എന്ന പേരിൽ പ്രശസ്‌തമായ ഇ എം എസിന്റെ 1944ലെ ഓങ്ങല്ലൂർ പ്രസംഗം.  

മാനസിക അടിമത്തം വെടിയാനും തൊഴിലെടുത്തു ജീവിക്കാനുമുള്ള ആഹ്വാനം അന്തർജനങ്ങളെ പിടിച്ചുലച്ചു. അതിന്റെ ഫലമായിരുന്നു തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നീക്കം. നൂൽനൂൽപ്പ്, നെയ്‌ത്ത്‌, തുന്നൽ, ഹിന്ദിപഠനം തുടങ്ങിയവ അഭ്യസിപ്പിക്കാൻ ലക്ഷ്യമിട്ട്‌  ആദ്യ തൊഴിൽ കേന്ദ്രം അന്തർജനസമാജത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ട് ലക്കിടി മംഗലത്ത്‌ മനയിൽ 1947 ജൂണിൽ ഉദ്ഘാടനംചെയ്‌തു. മനയുടെ ഉടമ സി എം സി നമ്പൂതിരിപ്പാടിന്റെ ഭാര്യ ശ്രീദേവി അന്തർജനമാണ്‌ സ്‌ത്രീകളുടെ ഈ ആദ്യ കമ്യൂൺ ഉദ്‌ഘാടനംചെയ്‌തത്‌.

നമ്പൂതിരിമാർക്കിടയിൽ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഇതിനോടകം കടന്നുചെന്നിരുന്നു. സംബന്ധവിരോധവും സജാതി വിവാഹവും വിധവാവിവാഹവും നടപ്പിലായിരുന്നു. സ്‌ത്രീകൾ അടുക്കളക്കാരികൾ തന്നെ ആയിരിക്കട്ടെ എന്നു നിശ്ചയിച്ച ആൺകോയ്‌മ മനോഭാവത്തിനു കിട്ടിയ അടിയായിരുന്നു തൊഴിൽ കേന്ദ്രം. യാഥാസ്ഥിതികർ കുപ്രചാരണങ്ങൾ അഴിച്ചുവിട്ടു. തോന്ന്യാസക്കാരികളായി തൊഴിൽ കേന്ദ്രത്തിലെ അന്തേവാസികളെ ചിത്രീകരിച്ചു. തൊഴിൽ കേന്ദ്രത്തെ വ്യഭിചാരശാലയായും അന്തേവാസികളെ വ്യഭിചാരിണികളുമായും മുദ്രകുത്തി. തെക്കേടത്തു ഭട്ടതിരി നടത്തിയ ‘പതാക' പത്രമായിരുന്നു ഇതിന്റെ കേന്ദ്രം.

വിവാഹശേഷം അടുക്കളയിലെ ഉപകരണമായും പുരുഷന്റെ സുഖസാധനമായും ഭാര്യയെ കണക്കാക്കിയ ഭർത്താവിനോട് കലഹിച്ചിറങ്ങിയ ദേവകിയുടെ ധീരപ്രവൃത്തിയാണ് എഴുപതു വർഷംമുമ്പ്‌ അവതരിപ്പിക്കപ്പെട്ട തൊഴിൽകേന്ദ്രത്തിലേക്ക്‌ എന്ന നാടകത്തിലെ ഒരു പ്രമേയം. വീട്ടിലെ ഭാരം ഒഴിവാക്കാനും പണം മോഹിച്ചും നമ്പൂതിരി പെൺകിടാങ്ങളെ  സിർസി, സിദ്ധാപുർ  എന്നിവിടങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. ധർമവേളിയെന്നു പേരിട്ട ഈ വിൽപ്പനയ്‌ക്ക‌് നിശ്ചയിക്കപ്പെട്ട  ദേവസേനയെന്ന പതിമൂന്നുകാരിയുടെ രക്ഷപ്പെടുത്തലാണ് നാടകത്തിന്റെ രണ്ടാം പ്രമേയം. ഭർത്താവിന്റെ കാഴ്‌ചപ്പണ്ടമല്ലെന്നു പ്രഖ്യാപിച്ചിറങ്ങിയ ദേവകിക്കും വിൽപ്പനയിൽനിന്ന‌് രക്ഷപ്പെട്ട ദേവസേനയ‌്ക്കും സംരക്ഷണമേകിയത് തൊഴിൽ കേന്ദ്രമാണ്. സ്‌ത്രീ അടിമത്തത്തിനെതിരെ പൊരുതാനും ലോകത്തിന്റെ വിശാലതയിലേക്കു വളരാനുമുള്ള സ്വാതന്ത്ര്യാഭിലാഷങ്ങളുടെ ആവിഷ്‌കാരങ്ങൾ എഴുപതുവർഷം മുമ്പ‌് പ്രകടിപ്പിച്ച നാടാണ് കേരളം.

അടുക്കള, മറക്കുട, ഋതുമതി എന്നീ അവസ്ഥകൾ തീർത്ത തടവറകളാണ് അവർ പൊളിച്ചു രംഗത്തുവന്നത്. അതിനൊരു പിന്മടക്കം സംഭവിച്ചെങ്കിൽ ആരാണുത്തരവാദി? മുച്ചൂടും  നശിച്ചുപോകാതിരുന്ന ഭൂപ്രഭുത്വ‐നാടുവാഴി മൂല്യവ്യവസ്ഥ തന്നെ. പതാക പത്രത്തിന്റെ നടത്തിപ്പുകാരനും ദേവകിയുടെ  ഭർത്താവായ വക്കീലും അതിന്റെ പ്രതിനിധികൾ.

ആധുനികവിദ്യാഭ്യാസം ലഭിച്ചെങ്കിലും യാഥാസ്ഥിതികമനോഭാവക്കാരനായ വക്കീലിനെ പരിഷ്‌കാരത്തിന്റെ സൂട്ടിലുള്ള തന്ത്രശാലിയായ പിന്തിരിപ്പനെന്നാണ് നാടകത്തിൽ പരിചയപ്പെടുത്തുന്നത്. ആർഎസ്എസ് സമരഭടനാണെന്ന് ഊറ്റംകൊള്ളുന്ന അയാളുടെ അഭിപ്രായപ്രകാരം,  സ്‌ത്രീകൾ പാടരുത്‌. യോഗക്ഷേമ പ്രവർത്തനം കമ്യൂണിസ്റ്റുകാരുടെ തെറി കേൾക്കാൻ പോകലാണ്. സ്‌ത്രീകൾ ഹൈന്ദവ മഹാസമ്മേളനത്തിനാണ് പോകേണ്ടത്. അവർ പൂമുഖത്തു വരരുത്. പെൺകുട്ടികളെ ലേലത്തിൽ വിൽക്കുന്നതിൽ തെറ്റില്ല. എന്നാൽ, മുഴുവൻ സംഖ്യയും മുൻകൂട്ടി വാങ്ങണം. ഭർത്താക്കന്മാരുടെ ഹിതംനോക്കി നടക്കുന്നതാണ് സ്‌ത്രീകൾക്കു നല്ലത്. സ്വാതന്ത്ര്യം തേടി പുറത്തിറങ്ങുന്നവർ പിഴച്ചവരാണ്. തൊഴിൽശാലകൾ വ്യഭിചാരശാലകളാണ്. ഇങ്ങനെ പോകുന്നു വക്കീലിന്റെ വെളിപാടുകൾ.  ഈ യാഥാസ്ഥിതികതയ‌്ക്കെതിരെ നടന്ന സമരത്തിന്റെ സാക്ഷ്യമാണ് യോഗക്ഷേമസഭ, ഉണ്ണിനമ്പൂതിരി, അന്തർജനസമാജം പ്രവർത്തനങ്ങളിൽ പ്രകടമായ സ്‌ത്രീസാന്നിധ്യം. ദേശീയ പ്രസ്ഥാനത്തിലും നവോത്ഥാനമുന്നേറ്റങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലും ഈ അന്തർജനങ്ങളും തമ്പുരാട്ടിമാരും സജീവമായി.  സഞ്ചാരസ്വാതന്ത്ര്യത്തിനായി നടന്ന പാലിയം സത്യഗ്രഹത്തിലും  ഇവരുടെ പങ്കാളിത്തമുണ്ടായി.  

എത്ര ശക്തമായാണ് ജാതി‐ജന്മി‐ നാടുവാഴിത്തം സൃഷ്ടിച്ച പുരുഷമേൽക്കോയ്‌മയ‌്ക്കെതിരെ നാടകം പ്രതികരിച്ചതെന്ന് ദേവകിയും വക്കീലും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചാൽ മനസ്സിലാക്കാം. നാടകാവസാനം ദേവസേനയെ രക്ഷപ്പെടുത്താൻ പോകുന്ന സമാജം പ്രവർത്തകർക്ക് ഒപ്പമിറങ്ങിയ ദേവകിക്ക് ഉപേക്ഷിക്കേണ്ടിവന്നത് സ്വന്തം കുടുംബജീവിതം.  

ദേവകി: ക്ഷോഭിക്കാണ്ടിരിക്കൂ, ഞാൻ യാതൊരു ധിക്കാരോം പ്രവർത്തിക്കിണ്‌ല്യ. എന്റെ മനസ്സാക്ഷിക്കനുസരിച്ച് ഞാൻ പ്രവർത്തിക്കും. അത് മറ്റുള്ളോരടെ ഇഷ്ടത്തിന് ബലികൊടുക്കാൻ ഒരുക്കോല്യ.

വക്കീൽ: എന്ത്? അത്ര താന്തോന്നിത്തം ഇവടെ തരാവില്യ. ഞാനാ പറയാൻ. പാടില്യാ പോവാൻ.

ദേവകി:  പാടില്യേ? ഒരു കാര്യണ്ട്. നിങ്ങളും ഞാനും തമ്മിലുള്ള ബന്ധം എന്താന്നറിയേ്ാ? ഭാര്യേം ഭർത്താവും തമ്മില്ള്ള ബന്ധാണ്. അടിമേം യജമാനനും തമ്മിലുള്ള ബന്ധല്ല. ഇത്രനാളും നിങ്ങള് നേരെയാവുംന്ന് നിരീച്ച്, നിങ്ങള് നേരെയായി കണ്ടാൽക്കൊള്ളാമെന്നു മോഹിച്ച്, ഞാനെല്ലാം സഹിച്ചു. ഇനി നിങ്ങടെ താന്തോന്നിത്തങ്ങള് സഹിക്കാൻ ഞാൻ വിചാരിക്കണ്‌ല്യ. എന്റിഷ്ടം പോലെ നടക്കാൻ എനിക്കധികാരോം അവകാശോണ്ട്. ഞാൻ പോണു.

വക്കീൽ: (കൈ പിടിച്ച്) ഭ്രാന്തത്തി, പൂവ്വോ കേന്ദ്രത്തിലേക്ക് എന്റെ സമ്മതല്യാണ്ടെ? എന്നാ കാണണലോ, ആ വ്യഭിചാരശാലേൽക്കുള്ളൊരു പോക്ക്!

ദേവകി: (പെട്ടെന്ന് കൈ തട്ടിനീക്കി സങ്കടത്തോടും ദ്വേഷ്യത്തോടും കൂടി) വ്യഭിചാരശാല! ഭ്രാന്തത്തി! ഹൌ? നിങ്ങള് പുരുഷനാണല്ലേ. സ്വാതന്ത്ര്യം പുരുഷന്മാരടേം അടിമത്തം സ്‌ത്രീകളുടേം കുത്തകയാണല്ലേ? വ്യഭിചാരശാല! ഭ്രാന്തത്തി! (പൂണൂൽ ചരടുപൊട്ടിച്ച്) താൻ വ്യഭിചരിക്കാനവടെ വരുമ്പോൾ ഇതുകൂടി കൊണ്ടുപോരൂ‐ (മുഖത്തേക്ക് വലിച്ചെറിഞ്ഞ് പോകുന്നു.)

തളിയിൽ ഉമാദേവി, ഇ എസ് സരസ്വതി, ആലമ്പിള്ളി ഉമ, പി എം  ശ്രീദേവി, എം സാവിത്രി, പി  പ്രിയദത്ത, വി എൻ  ദേവസേന, കാവുങ്കര ഭാർഗവി എന്നിവരാണ്‌ നാടകാവതരണത്തിൽ പങ്കെടുത്തത്. അന്തർജനസമാജത്തിന്റെയും യോഗക്ഷേമസഭ, ഉണ്ണിനമ്പൂതിരി പ്രസ്ഥാനത്തിലെയും ഉൽപ്പതിഷ്ണുക്കളായ യുവാക്കൾ നാടകാവതരണത്തിന് പിന്തുണ നൽകി. നിരവധി  വേദികളിൽ അവതരിപ്പിച്ച നാടകം മലബാർ ജില്ലാ അധികാരികൾ പുറപ്പെടുവിച്ച ഡ്രമാറ്റിക് പെർഫോമൻസ് ആക്ട് പത്താം വകുപ്പുപ്രകാരം മുൻകൂട്ടി അവതരണാനുമതി വേണമെന്ന ഉത്തരവോടെ തുടർന്നുള്ള അവതരണം പ്രതിസന്ധിയിലായി. അച്ചടിച്ച കോപ്പികളാവട്ടെ ഭൂരിപക്ഷവും സൂക്ഷിച്ചിരുന്ന പരിയാനംപറ്റ ഇല്ലത്ത‌ുനിന്ന്‌  പൊലീസ് പിടിച്ചെടുത്തു. സ്‌ത്രീകളുടെ കഥ പ്രമേയമാക്കി സ്‌ത്രീകളുടെ കൂട്ടായ്‌മയിൽ തയ്യാറാക്കി സ്‌ത്രീകൾതന്നെ അഭിനയിച്ച ആദ്യ നാടകമാണ് തൊഴിൽകേന്ദ്രത്തിലേക്ക്. പുരുഷ കഥാപാത്രങ്ങളെ സ്‌ത്രീകൾ തന്നെയാണ് അവതരിപ്പിച്ചത്. എം ആർ ബി, പ്രേംജി, എസ് നമ്പൂതിരി, അക്കിത്തം തുടങ്ങിയവർ പിന്നണിയിൽ സജീവമായിരുന്നു.

1948ൽ തൊഴിൽ കേന്ദ്രത്തിലേക്ക് പുസ്‌തകമായി അന്തർജനസമാജം പ്രസിദ്ധീകരിച്ചപ്പോൾ ആമുഖത്തിൽ എം  സി  നമ്പൂതിരിപ്പാട്‌ എഴുതി: അന്ന് വി ടിയുടെ "അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' എന്ന പ്രഹസനം വൈദികാധികാരത്തിന്റെ ആയുധശാലയ‌്ക്കാണ് തീ കൊടുത്തതെങ്കിൽ ഇന്ന് തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകം പുരുഷമേധാവിത്തത്തിന്റെ നേർക്കാണ് കൈയോങ്ങുന്നത്'.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top