19 February Tuesday

അമ്മ അറിയാന്‍ വിനീതിന്റെ മുദ്രകള്‍

സതീഷ്ഗോപിUpdated: Tuesday Aug 26, 2014

കണ്ണൂര്‍: വിനീത് കൃഷ്ണന്റെ ചിലങ്കകള്‍ മുഴങ്ങുന്നത് അമ്മയ്ക്കുള്ള പ്രണാമമായാണ്. തീയെടുക്കാത്ത ഓര്‍മകളില്‍ അണയാതെയുണ്ട് അമ്മയുടെ സ്വരവും സാന്ത്വനസാന്നിധ്യവും. ചാല ടാങ്കര്‍ ദുരന്തത്തില്‍ പൊള്ളലേറ്റ ശരീരവുമായി വിനീതും അച്ഛനും തിരിച്ചെത്തിയെങ്കിലും അമ്മ കാണാലോകത്തേക്ക് യാത്രയായി. മകന്‍ നാടറിയുന്ന നര്‍ത്തകനാകണമെന്ന് സ്വപ്നം കണ്ടിരുന്ന അമ്മയ്ക്കുള്ള അര്‍ച്ചനയാണ് വിനീതിന് അരങ്ങുകള്‍ ഓരോന്നും. വേദികളില്‍ വിജയം ചൂടുമ്പോള്‍ അമ്മ പുഷ്പലതയുടെ അനുഗ്രഹം മൂര്‍ധാവില്‍ പതിയുന്നതായി ഈ മകന്‍ തിരിച്ചറിയുന്നു.

ചാലയില്‍ വെന്തുമരിച്ച 20 ഹതഭാഗ്യര്‍ക്കുമുള്ള അഞ്ജലികൂടിയാവുകയാണ് വിനീതിന്റെ നൃത്തജീവിതം. കൊല്ലം അമൃതാ എന്‍ജിനിയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ വിനീത് കോളേജ് കലോത്സവത്തില്‍ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും സമ്മാനിതനായി. രണ്ടുവര്‍ഷത്തിനപ്പുറം ഓണനാളിനു മുമ്പത്തെ ആ ദുരന്തരാത്രി വിനീതിന്റെയും അച്ഛന്‍ കുഞ്ഞിക്കൃഷ്ണന്റെയും ഓര്‍മകളെപോലും പൊള്ളിക്കുന്നു. തീമഴയില്‍ മാരകമായി പൊള്ളലേറ്റ പുഷ്പലത മൂന്നുനാള്‍ ദുരിതം തിന്നാണ് മരണത്തിന് കീഴടങ്ങിയത്. കൃഞ്ഞികൃഷ്ണനും വിനീതും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് മണിപ്പാല്‍ ആശുപത്രിയില്‍ ഒരു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞശേഷവും.അമ്മയില്ലാത്ത വീടിന്റെ മൗനനൊമ്പരങ്ങളില്‍നിന്നാണ് വിനീത് അമ്മയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ പ്രതിജ്ഞയെടുത്തത്.

ആശുപത്രിക്കിടക്കയിലും മനസുനിറയെ ഈ ചിന്തയായിരുന്നു. കാടാച്ചിറ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു അപ്പോള്‍. ഇളംപ്രായത്തിലേ നൃത്തമുദ്രകളുടെ ലോകത്തെത്തിയ വിനീതിന് അമ്മയായിരുന്നു എല്ലാം. മത്സരവേദികളിലേക്ക് ചമയിച്ച് ആനയിക്കാന്‍, പിന്നണിയില്‍ ആകാംക്ഷയോടെ ഫലം കാത്തുനില്‍ക്കാന്‍ അമ്മയില്ല. വിജയപ്രഖ്യാപനം വരുമ്പോഴുള്ള സ്നേഹചുംബനവും ഇനിയില്ല. എന്നിട്ടും മകന്‍ നൃത്തവേദിയില്‍ നേട്ടങ്ങള്‍ കൊയ്യണമെന്ന അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ വിനീത് വീണ്ടും ചിലങ്ക കെട്ടി.

നൃത്താധ്യാപികയായ കലാമണ്ഡലം കലാവതിയുടെയും ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും അനുമതിയോടെ. മകന്റെ ആഗ്രഹത്തിന് കുഞ്ഞികൃഷ്ണനും സമ്മതമേകി. പൊള്ളല്‍ മാറാത്ത ശരീരവുമായി ആ വര്‍ഷത്തെ ഉപജില്ലാ കലോത്സവത്തില്‍ നാടോടിനൃത്തത്തില്‍ ഒന്നാമനായി അമ്മയ്ക്ക് പ്രണാമം അര്‍പ്പിച്ചു. തീപ്പൊള്ളലിന്റെ പ്രശ്നങ്ങള്‍ ഇപ്പോഴും ശരീരത്തെ അലട്ടുന്നുണ്ടെങ്കിലും മനസിന്റെ നിശ്ചയങ്ങള്‍ക്കു മുന്നില്‍ അവ പരാജയം സമ്മതിക്കുന്നു. ആയുര്‍വേദ ചികിത്സ നടത്തിയാണ് വിനീതും അച്ഛനും ആരോഗ്യം വീണ്ടെടുത്തത്. പൊള്ളിയഭാഗത്ത് ചമയമിടുന്നത് ഇപ്പോഴും പ്രയാസമുണ്ടാക്കുന്നു. വരുമാനമാര്‍ഗമായിരുന്ന പീടികയെയും ദുരന്താഗ്നി വിഴുങ്ങിയിരുന്നു. എട്ടാംക്ലാസുമുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നൃത്തയിനങ്ങളില്‍ ജേതാവായ വിനീത് കുച്ചുപ്പുടി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അച്ഛനൊപ്പം അനുജന്‍ വിപിനും നൃത്തവേദികളിലേക്ക് വിനീതിന് തുണപോകുന്നു.

പ്രധാന വാർത്തകൾ
 Top