19 February Tuesday

കോര്‍പ്പറേറ്റുകാലത്തെ കോരന്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 7, 2014

നാടകം സംസാരിക്കേണ്ട ഭാഷയെക്കുറിച്ച് തര്‍ക്കങ്ങളുണ്ടാകും. ആഗോള വല്‍ക്കരണ കാലത്തെ നാടകവേദിക്ക് തിളക്കവും മിനുപ്പും കൂടുതലാണ്. ജീവിതത്തിന്റെ പരുക്കന്‍ വര്‍ത്തമാനങ്ങളെ അത് തള്ളിക്കളയുകയോ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിലും അലങ്കാരങ്ങളിലും മൂടിപ്പൊതിഞ്ഞ് പറയുകയോ ചെയ്യുന്നു. എണ്‍പതുകളുടെ ഒടുക്കംവരെ നേരിട്ട് ജീവിതവും അതിന്റെ രാഷ്ട്രീയവും പറഞ്ഞ അവതരണങ്ങള്‍, വിശേഷിച്ച് തെരുവവതരണങ്ങള്‍ മലയാളിക്ക് സുപരിചിതമായിരുന്നു.

 അവ വേരറ്റുപോകുന്നതിന്റെ കാര്യകാരണങ്ങള്‍ പലതാണ്. ലോകത്തിലെ എല്ലാ ആഢ്യവേദികളിലും മലയാളനാടകം ചിവിട്ടിക്കയറുന്ന ഈ കാലത്ത് രാഷ്ട്രീയവും ദൈനംദിനജീവിതവും പറയാന്‍ അവ മടിക്കുന്നതിന്റെ കാരണം വ്യക്തമാണ്. ഇക്കാലത്താണ് തൃശൂരിലെ തലോര്‍ സ്വദേശി പി ഡി പൗലോസ് ചില സത്യങ്ങള്‍ ഒറ്റയ്ക്ക് വിളിച്ചുപറയുന്നത്. പൗലോസിന്റെ ഒറ്റയാള്‍ നാടകം "കോരനും കോര്‍പറേറ്റും" രാഷ്ട്രീയംതന്നെയാണ് പറയുന്നത്. കൊടിവച്ച നാടകക്കാര്‍ പറയാന്‍ മടിക്കുന്ന രാഷ്ട്രീയം. നാടകസൈദ്ധാന്തികര്‍ക്ക് ഈ അവതരണത്തിന്റെ ഗുണഗണങ്ങളെ ആക്രമിച്ച് കൊല്ലാനാകും. കാരണം, ഈ മനുഷ്യന്‍ നാടകത്തെയും രാഷ്ട്രീയത്തെയും സ്നേഹിക്കുന്നതുകൊണ്ടുമാത്രം നാടകം കളിക്കുന്ന ഒരാളാണ്.

 അയാള്‍ക്ക് നടനുവേണ്ട തികവോ, അയാളുടെ നാടകത്തിന് ലക്ഷണങ്ങളോ തികഞ്ഞിട്ടുണ്ടാകില്ല. കോര്‍പറേറ്റ് വാഴ്ചയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കാലമാണിത്. കോര്‍പറേറ്റ് ഭരണകൂടത്തെ നിശ്ചയിക്കുകയും അവരെ പിടിച്ചുനിര്‍ത്തുകയും മാറ്റി പുതിയവരെ വാഴിക്കുകയും ചെയ്യുന്ന നാട്ടിലെ ജീവിതമാണ് കോരന്റേത്. നാട്ടിലെങ്ങും കോര്‍പറേറ്റിനെക്കുറിച്ചുള്ള വാഗ്ധോരണികള്‍ ഒഴുകി നടക്കുമ്പോഴും കോരന് അറിയില്ല ഈ സാധനം എന്താണെന്ന്. സ്വജീവിതത്തെ ഇത് എങ്ങനെയാണ് കടന്നാക്രമിക്കുന്നതെന്ന്. പൗലോസിന്റെ നാടകം പറഞ്ഞുകൊടുക്കുന്നത് അതാണ്. കോരന്റെ കുമ്പിളിലേക്ക് കോര്‍പറേറ്റ് കഞ്ഞിവെളളം ഒഴുകിയെത്തുന്നത് എങ്ങനെയെന്ന്.

 അവന്റെ ഭക്ഷണത്തിന്റെ രൂപമാറ്റമായും അവന്റെ വിത്തായും വളമായും പണവായ്പയായും കൃഷിയിടത്തിലെ കീടമായും കീടനാശിനിയായും കൃഷിനാശമായും കോര്‍പറേറ്റെത്തുന്നുണ്ട്. ആഹ്ലാദത്തിന്റെയും ദുഃഖത്തിന്റെയും കാലത്ത് വലിയ കുപ്പികളിലെ നിറമുള്ള മദ്യമായും ഒടുവില്‍ ഒരു കഷണം കയറായും കോരന്റെ ജീവിതത്തിലേക്ക് കോര്‍പറേറ്റെത്തുന്നു. ആക്ഷേപഹാസ്യത്തിന്റെയും പരിഹാസത്തിന്റെയും മൂര്‍ച്ചയോടെ തീക്ഷ്ണമായ ഒരു സാമ്പത്തിക- രാഷ്ട്രീയ പ്രശ്നത്തെ നാട്ടുഭാഷയില്‍ പറയാനായി എന്നതുതന്നെയാണ് നാടകത്തിന്റെ സവിശേഷത. നാടകരചനയും സംവിധാനവും പൗലോസുതന്നെയാണ് നിര്‍വഹിച്ചത്. എണ്‍പതുകളില്‍ തൃശൂരിലെ തെരുവുനാടകപ്രവര്‍ത്തനത്തില്‍ സജ്ജീവമായിരുന്ന പൗലോസ് ദീര്‍ഘകാലം വിദേശത്തായിരുന്നു.

 പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോള്‍ പഴയ കൂട്ടായ്മകളെല്ലാം അറ്റുപോയതായി അറിഞ്ഞു. തുടര്‍ന്നാണ് ഇത്തരമൊരു സംരംഭത്തിന് മുതിര്‍ന്നത്. നാടകത്തിന് ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത് പൗലോസിന്റെ മകന്‍ സതീഷ് പൗലോസും രംഗനിര്‍ദേശവും വസ്ത്രാലങ്കാരവും വര്‍ഗീസ് കൊള്ളന്നൂരുമാണ്. പി എസ് വിനയന്‍, സി എ പ്രേമചന്ദ്രന്‍ എന്നിവര്‍ രചനാനിര്‍ദേശങ്ങള്‍ നല്‍കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top