25 April Thursday

വെല്ലുവിളിയുള്ള രംഗഭാഷ്യം

വെബ് ഡെസ്‌ക്‌Updated: Monday Jul 7, 2014

ചില രചനകളുടെ രംഗാവതരണം അങ്ങേയറ്റം ദുഷ്കരമാണ്. അങ്ങേയറ്റം സൂക്ഷ്മതലത്തില്‍ രംഗവ്യാഖ്യാനം നല്‍കേണ്ടിവരുന്ന അത്തരം രചനകളിലാണ് ചില സംവിധായകരുടെ പ്രതിഭ ഒളിമിന്നാറുള്ളത്. മലയാളത്തിന്റെ നാടകശാഖയെ പ്രതിഭകൊണ്ടും ദര്‍ശനംകൊണ്ടും വ്യാഖ്യാനംകൊണ്ടും സമൃദ്ധമാക്കിയ ഒരാളാണ് സി ജെ തോമസ്. സി ജെയുടെ "1128ല്‍ ക്രൈം 27" മലയാളത്തിലെ ആദ്യത്തെ പരീക്ഷണനാടകമായും വിലയിരുത്തപ്പെടുന്നു.

 നിലവിലെ നാടകപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും ജനിക്കുംമുമ്പേ എഴുതപ്പെട്ട ക്രൈം ഇന്നും നാടകവിദ്യാര്‍ഥികളോട് വായിക്കാനും പഠിക്കാനും ആവശ്യപ്പെടുന്ന രചന എല്ലാ അര്‍ഥത്തിലും നാടകചരിത്രത്തിലെ നാഴികക്കല്ലുതന്നെയാണ്. ഒരുപാട് സങ്കീര്‍ണതകളുള്ള രചനയുടെ രംഗാവിഷ്കാരം എക്കാലത്തും നാടകപ്രവര്‍ത്തകന്റെ വെല്ലുവിളിയും അഭിമാനവുമായി കരുതുന്നു. ഒപ്പം നാടകത്തിലുന്നയിക്കുന്ന സാമൂഹ്യവിമര്‍ശനം, അത് ഭരണകൂടസംബന്ധിയാകട്ടെ, മാധ്യമവിമര്‍ശമാകട്ടെ ഇക്കാലത്തും പ്രസക്തമാണ്. ഒട്ടേറെ മനോവ്യാപാരങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍, വിഭിന്നമായ തലങ്ങളില്‍ അരങ്ങേറുന്ന കഥാസന്ദര്‍ഭങ്ങള്‍, മനഃശാസ്ത്രത്തിന്റെ അരികുകളിലൂടെയുള്ള യാത്ര തുടങ്ങി അല്‍പ്പമൊന്ന് വഴിമാറിയാല്‍ നാടകം കൈവിട്ടുപോകാനുള്ള സാധ്യത ഏറെയുണ്ട്.

 

 തൃശൂര്‍ രംഗചേതനയുടെ സണ്‍ഡേ തിയറ്റര്‍ നാടകപഠനക്കളരിയുടെ പത്താമത് ബാച്ചിനുവേണ്ടി ശശിധരന്‍ നടുവില്‍ 1128ല്‍ ക്രൈം 27 സംവിധാനം ചെയ്തപ്പോള്‍ നാടകപാഠത്തോട് പരിമിതികള്‍ക്കുള്ളില്‍നിന്ന് പൂര്‍ണമായും നീതിപുലര്‍ത്തിയ അവതരണമാണ് കണ്ടത്. പരിമിതികളില്‍ പ്രധാനം രംഗത്തെത്തിയ അഭിനേതാക്കളില്‍ പലരും ഇരുത്തംവന്നവരോ അക്കാദമിക് പഠനംനേടിയവരോ അല്ലഎന്നതാണ്. ക്രൈം 27ലെ കഥാപാത്രങ്ങള്‍ പലതും തെളിഞ്ഞ നടന്മാര്‍ക്കുമാത്രം കൈകാര്യംചെയ്യാവുന്നതാണ്. റിയലിസ്റ്റിക് സ്വഭാവമുള്ള കഥാപാത്രങ്ങളാണ് നാടകത്തിലേത്. റിയലിസവും സിംബോളിസവും കലരുന്ന രചന. ഇതിനെയാണ് രംഗചേതന അനായാസം അവതരിപ്പിച്ചത്. മൂന്നു തലങ്ങളിലായാണ് കഥാപാത്രങ്ങള്‍ കടന്നുവരുന്നത്. ഇതിലേക്കായി അങ്ങേയറ്റം ലളിതമായ സെറ്റും മറ്റു രംഗസജ്ജീകരണങ്ങളും ഒരുക്കി. ഒപ്പം സംഭാഷണങ്ങളിലെ സരസതയും നാടകാവതരണത്തിന് മുതല്‍ക്കൂട്ടായി.

 നാടകത്തിന്റെ ലാളിത്യത്തിനായി അഴിച്ചുപണികള്‍ നടത്തി തികച്ചും വ്യത്യസ്തമായ

രംഗഭാഷ നല്‍കാന്‍ ശശിധരനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്രൈം മികച്ചനാടകാനുഭവവുമായി. അഞ്ഞൂറോളം നാടകങ്ങള്‍ സംവിധാനംചെയ്യുകയും മുന്നോറോളം വേദികളില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട് തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ ശശിധരന്‍ നടുവില്‍. ഡല്‍ഹി നാട്യസമാരോഹ്, ഭാരത് രംഗ്മഹോത്സവ്, മഹീന്ദ്രാ തിയറ്റര്‍ എക്സലന്‍സ് അവാര്‍ഡ് തുടങ്ങി ഇന്ത്യയിലെ മികച്ച നാടകോത്സവങ്ങളിലെല്ലാം സാന്നിധ്യമറിയിച്ചിട്ടുണ്ട് ശശിധരന്‍.

 കെപിഎസിക്കുവേണ്ടി ഭീഷ്മാ സാഹ്നിയുടെ തമസ്സ്, വിവിധ സംഘങ്ങള്‍ക്കുവേണ്ടി ശിവരാമ കാരന്തിന്റെ ചോമനദുഡി, ആസിഫ് കരീംഭായിയുടെ മൂകനര്‍ത്തകന്‍, ഹിഗ്വിറ്റ, കിഴവനും കടലും തുടങ്ങി ലോകസാഹിത്യത്തിലെ നാഴികക്കല്ലുകള്‍ക്ക് വിജയകരമായ രംഗഭാഷ്യവും നല്‍കി. സത്യജിത്താണ് നാടകത്തിന്റെ സംഗീതം. മുരളീധരന്‍ തയ്യില്‍ ദീപസംവിധാനം. ആന്റണി കുരിയച്ചിറ, വി സി ബിന്നി, വിപിന്‍, ഇ എഫ് സ്റ്റീഫന്‍, അരുണ്‍ ജെന്‍സന്‍, വിജയന്‍, പോള്‍സണ്‍, സിന്ധു, ബാലഗോപാല്‍, സുജിത് ഗോപാലന്‍, പി സി സുധാകരന്‍, ഷമീര്‍, വര്‍ഗീസ് കോടന്നൂര്‍, ശരത് വാസു, ആതിര എന്നിവരാണ് അരങ്ങില്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top