10 December Tuesday

അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവൽ മൂന്നാം എഡിഷൻ 2025 ഫെബ്രുവരിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

തൃശൂർ > തൃശൂരിലെ, സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സിന്റെ അന്താരാഷ്ട്ര തിയറ്റർ സ്‌കൂൾ ഫെസ്റ്റിവൽ (International Festival of Theatre Schools - IFTS) മൂന്നാം എഡിഷൻ 2025 ഫെബ്രുവരി മൂന്നു മുതൽ എട്ടു വരെ നടക്കും. 'ബോധനശാസ്‌ത്രോത്സവം’: 'തിയേറ്ററും നൈതികതയും' എന്ന വിഷയത്തിലാണ് ഫെസ്റ്റിവൽ നടക്കുകയെന്ന് മന്ത്രി ആർ ഹിന്ദു പറഞ്ഞു.  

ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ സർവ്വകലാശാലകൾ ഐഎഫ്ടിഎസ് 2025ൽ പങ്കെടുക്കും. അരണാട്ടുകര ക്യാമ്പസിലെ വ്യത്യസ്ത ഇടങ്ങളിലായി നടക്കുന്ന ശില്പശാലയോടൊപ്പം പാനൽ ചർച്ചകളും പ്രബന്ധാവതരണങ്ങളും ഉണ്ടാകും. രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും കേരളത്തിലെ വിവിധ സംഘങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന നാടകപ്രവർത്തകരുമടക്കം ഇരുനൂറോളം പേർ പരിപാടിയിൽ പങ്കെടുക്കും. പരിശീലനക്കളരി, പാനൽ ചർച്ചകൾ, ഓപ്പൺ ഫോറം, പെഡഗോജി, ഡെമോൺസ്‌ട്രേഷൻ എന്നിവ കൂടാതെ, പങ്കാളികളാവുന്ന സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുടെ നാടകാവതരണങ്ങളും ആറു ദിവസങ്ങളിൽ അരങ്ങേറും.

രണ്ടാമത് ഐഎഫ്ടിഎസിന്റെ ഭാഗമായി രൂപം കൊടുത്ത നാല് റിസർച്ച് ഫെല്ലോഷിപ്പുകൾ ഈ വർഷവും തുടരും. അധ്യാപകർക്കായി ഓരോ സീനിയർ ഫെല്ലോഷിപ്പും ഒരു എഡ്യുക്കേഷൻ എക്‌സലൻസ് അവാർഡും ഈ വർഷം ഏർപ്പെടുത്താനും ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.

സ്കൂൾ ഓഫ് ഡ്രാമയിൽ മൂന്ന് റിസർച്ച് ചെയറുകൾ ആരംഭിക്കാൻ ധാരണയായിതായും മന്ത്രി വ്യക്തമാക്കി. ബൗദ്ധിക പര്യവേഷണം, കലാപരമായ സംരക്ഷണം, സാംസ്കാരിക പൈതൃകങ്ങളുടെ പോഷണം എന്നിവയെ പ്രതിനിധീകരിച്ചു കൊണ്ടാണ് മൂന്നു റിസർച്ച് ചെയറുകൾ ആരംഭിക്കുക. പ്രൊഫ. ജി ശങ്കരപ്പിള്ള, പ്രൊഫ. വയലാ വാസുദേവൻ പിള്ള, പ്രൊഫ. രാമചന്ദ്രൻ മൊകേരി എന്നിവരുടെയും പേരിലുള്ളതാവും റിസർച്ച് ചെയറുകൾ.

ഏഷ്യൻ പെർഫോമൻസിനെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ പേരിലുള്ള ചെയർ ഫോർ സൗത്ത് ഏഷ്യൻ തിയേറ്റർ ആൻഡ് പെർഫോമൻസസ് റിസർച്ച്. പെർഫോമൻസുകളുടെ സമഗ്രമായ ഡോക്യുമെൻ്റേഷനും വിപുലമായ ഡിജിറ്റൽ ലൈബ്രറിയും ഉൾപ്പെട്ടതായിരിക്കും സംരംഭം.

കേരളത്തിൻ്റെയും മലയാള നാടകവേദിയുടെയും സമ്പന്നമായ പാരമ്പര്യത്തെ കേന്ദ്രീകരിച്ചുള്ള സ്കോളർഷിപ്പ് മുഖ്യഘടകമായിട്ടുള്ളതാണ് പ്രഫ. വയലാ വാസുദേവൻ പിള്ള ചെയർ ഫോർ റിസർച്ച് ഇൻ കേരള ആൻഡ് മലയാളം തിയേറ്റർ ആൻഡ് പെർഫോമൻസ്. സാമൂഹ്യമാറ്റം, ഭാഷാസമ്പാദനം, തിയേറ്റർ തെറാപ്പി എന്നിവയുടെ വിവിധ വശങ്ങൾ പഠനവിധേയമാക്കിക്കൊണ്ടാവും പ്രഫ. രാമചന്ദ്രൻ മൊകേരി ചെയർ ഫോർ അപ്ലൈഡ് തിയേറ്റർ ആൻഡ് പ്രാക്ടീസ്. യുജിസിയും കാലിക്കറ്റ് സർവ്വകലാശാലയും നിഷ്കർഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാവും ഈ മൂന്ന് ചെയറുകളുമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top