26 September Tuesday

കാഴ്‌ചയ‌്ക്ക്‌ ‘ഡാർക്ക്‌ തിങ്സ്‌’ ഉള്ളിൽ തട്ടിയത്‌ ‘ദ വെൽ’

കെ ഗിരീഷ‌്Updated: Tuesday Jan 22, 2019

തൃശൂർ > ഇറ്റ്‌ഫോക്കിന്റെ രണ്ടാം ദിനവും കാണികളെ ആഹ്ലാദിപ്പിച്ചതും വേദനിപ്പിച്ചതും ഇറാനിയൻ നാടകമായ ‘ദ വെൽ’തന്നെയാണ്‌. നാടകത്തിന്റെ പുനരവതരണത്തിന്‌ കാണികൾ സമൃദ്ധമായിരുന്നു. അതേസമയം കാഴ്‌ചയുടെ വലിയലോകം തുറന്നുവച്ച്‌ ഡൽഹിയിലെ പെർഫോമൻസ്‌ കലക്ടീവ്‌ സ്‌റ്റഡി അവതരിപ്പിച്ച ഇംഗ്ലീഷ്‌ അവതരണം ‘ഡാർക്ക‌് തിങ്ങ്‌സ്‌’ വലിയൊരു വിഭാഗം കാണികളേയും ആകർഷിച്ചു. രണ്ടാം ദിവസം പുതിയ ഒരു നാടകം മാത്രമാണ്‌ അവതരിപ്പിച്ചത്‌. നവീന ഇന്ത്യൻ നാടകവേദിയിലെ പ്രതിഭകളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന  അനുരാധ  കപൂറും സിനോഗ്രഫിയിലെ പരീക്ഷണപ്രയോഗങ്ങൾകൊണ്ട്‌ എന്നും അമ്പരപ്പിച്ച മലയാളി നാടകപ്രവർത്തകൻ ദീപൻ ശിവരാമനുമാണ്‌ ഡാർക്ക‌് തിങ്ങ്‌സ്‌ ഒരുക്കിയത്‌.  നാടകഭാഷയെക്കുറിച്ച‌് വലിയ ചർച്ചകൾക്ക്‌ ഈ അവതരണങ്ങൾ ഇടയാക്കിയിട്ടുണ്ട്‌. സിനോഗ്രഫിയിലേയും രംഗപ്രതല പരീക്ഷണത്തിന്റേയും ഇടമാക്കി കാഴ്‌ചാസുഖം പകരുന്ന ദൃശ്യങ്ങളുടെ കലയാക്കി നാടകത്തെ മാറ്റുന്നുവെന്ന ചർച്ച ഇതോടെ ചുടുപിടിക്കുകയാണ്‌.

എന്നാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാമൂഹ്യപ്രതിസന്ധികളെയും ദുരന്തങ്ങളെയും ചർച്ചചെയ്യുന്ന നാടകം ഇരുണ്ട കാലത്തെക്കുറിച്ചു തന്നെയാണ്‌ സംസാരിക്കുന്നത്‌. ആഗോള മൂലധനവ്യവസ്ഥ തൊഴിലാളികളിൽ ഏൽപ്പിക്കുന്ന ദുരിതങ്ങൾ, ആഫ്രോ- ഏഷ്യൻ പശ്ചാത്തലത്തിൽ നാടകം പരിശോധിക്കുന്നുണ്ട്‌. പലായനം, യുദ്ധം, അധിനിവേശം, അഭയാർഥി പ്രവാഹം എന്നിവയും നാടകം ചർച്ചചെയ്യുന്നു. അഭിനേതാവിന്റെ ശബ്ദവും സംഗീതവും ഒപ്പം ശരീരവും ചേർത്തുള്ള ദൃശ്യഭാഷയിലേക്ക്‌ വെളിച്ചത്തിന്റെയും തിയറ്റർ സാങ്കേതികതകളുടെയും കൂട്ടിച്ചേർക്കലുകൾ നടത്തിയുള്ള രംഗഭാഷ കാഴ്‌ചയ‌്ക്ക‌് സുഖകരവും പ്രേക്ഷകനെ തൃപ്‌തിപ്പെടുത്തുന്നതുമായിരുന്നു.
ശ്രീലങ്കൻ നാടകമായ തിത്ത കഹാത്തയുടെ പുനരവതരണം രണ്ടാം ദിവസവും വലിയ പ്രതികരണമുളവാക്കിയില്ല. പറഞ്ഞ വിഷയത്തിന്റെ വേദന മുഴുവൻ പ്രതിഫലിപ്പിക്കാൻ നാടകത്തിനായില്ല എന്ന അഭിപ്രായം കാണികളിൽ പലർക്കുമുണ്ടായി.

രണ്ടാം ദിവസം നടന്ന സെമിനാർ: സ്‌പോക്കൺ വേർഡ്‌, ആക്ടർ  ആൻഡ്‌ സിനോഗ്രഫി ശ്രദ്ധേയമായി. പ്രസന്ന, നീലം മാൻസിങ‌് ചൗധ‌രി, നരിപ്പറ്റ രാജു എന്നിവർ സംസാരിച്ചു. തിയറ്ററിലെ പുതിയ പ്രവണതയെക്കുറിച്ചുള്ള ചൂടേറിയ ചർച്ച കൗതുകമായി. അതേസമയം മുൻവർഷങ്ങളെ അപേക്ഷിച്ച്‌ നാടകോത്സവത്തിൽ
 കാണികളുടെ കുറവനുഭവപ്പെട്ടു. മലയാള നാടകങ്ങളുടെ ടിക്കറ്റുകൾ മാത്രമേ പൂർണമായും വിറ്റു തീർന്നിട്ടുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top