27 September Wednesday

ദീപൻ ശിവരാമന്റെ "ദി ക്യാബിനറ്റ് ഓഫ് ഡോ. കാലിഗരി' നാടകം 8, 9, 10 തീയതികളിൽ എറണാകുളത്ത്

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

കൊച്ചി> ഇന്ത്യൻ നാടക വേദിയിൽ പുതു തരംഗം സൃഷ്ടിച്ച "ഖസാക്കിന്റെ ഇതിഹാസ'ത്തിനു ശേഷം ദീപൻ ശിവരാമൻ സംവിധാനം ചെയ്ത ദി ക്യാബിനറ്റ് ഓഫ് ഡോ കാലിഗരി എന്ന നാടകം എറണാകുളത്ത് അവതരിപ്പിക്കുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ സെന്റിനറി ഓഡിറ്റോറിയത്തിൽ 8, 9, 10 തീയതികളിൽ വൈകീട്ട് 6.30 നും 8.30നുമായി നാടകത്തിന്റെ ആറ് ഷോകളാണ് അരങ്ങേറുക.

പ്രശസ്ത നടനും നിർമാതാവുമായ പ്രകാശ് ബാരെ യാണ് ടൈറ്റിൽ വേഷമായ കാലിഗരിയെ അവതരിപ്പിക്കുന്നത്. ന്യൂഡൽഹി, ബെംഗളൂരു എന്നിവിടിങ്ങളിൽ നിന്നുള്ള പ്രമുഖ അഭിനേതാക്കൾ പങ്കെടുക്കുന്ന നാടകത്തിൽ സംവിധായകൻ ദീപനും, ഡ്രാമറ്റർജ് പുരവ് ഗോസ്വാമിയും രണ്ട് പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ബെംഗളൂരുവിലെ ബ്ലൂ ഓഷ്യൻ തിയറ്ററും, നെകാബും, ന്യൂഡൽഹി ആസ്ഥാനമായ പെർഫോമൻസ് ആർട് കളക്ടീവും സംയുക്തമായി അവതരിപ്പിക്കുന്ന ദി ക്യാബിനറ്റ് ഓഫ് ഡോ കാലിഗരി ഇതിനകം ബെംഗളൂരു, ന്യൂഡൽഹി, ജയ്‌പൂർ, ചൈന തുടങ്ങിയയിടങ്ങളിലായി 40ൽ പരം പ്രദർശങ്ങൾ നടത്തിയിട്ടുണ്ട്. ഇറ്റ്ഫോക്, ഭാരത് രംഗ് മഹോത്സാവ്, മെറ്റാ, വുഷേൻ തുടങ്ങിയ അന്താരാഷ്‌ട്ര നാടകോത്സവങ്ങളിൽ ഈ നാടകം വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. ഒക്ടോബറിൽ നടന്ന ചൈനയിലെ പ്രശസ്തമായ വൂഷേൻ നാടകോത്സവത്തിലേക്ക് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട 16 നാടകങ്ങളിലെ ഏക ഇന്ത്യൻ പ്രാതിനിധ്യമായിരുന്ന കാലിഗരി യെ നിറഞ്ഞ സദസ്സുകളോടെയും സ്റ്റാന്റിംഗ് ഒവേഷനോടെയുമാണ് ചൈന എതിരേറ്റത്. വരും മാസങ്ങളിൽ നാടകം ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ ഐക്യനാടുകളിലും പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് സംഘാടകർ.

1920 ൽ റോബർട്ട് വെയ്ൻ സംവിധാനം ചെയ്ത ഇതേ പേരിലുള്ള ജർമ്മൻ എക്സ്പ്രഷനിസ്റ്റ് സിനിമയുടെ സ്വതന്ത്ര രംഗഭാഷ്യമാണ് ദീപന്റെ നാടകം. ജർമ്മൻ ചലച്ചിത്ര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി പരിഗണിക്കപ്പെടുന്ന ദി ക്യാബിനറ്റ് ഓഫ് ഡോ കാലിഗരി ഫാസിസവും ഏകാധിപത്യവും എങ്ങിനെയാണ് സാധാരണക്കാരായ ജനങ്ങളെ അപമാനവീകരിക്കുകയും കൊലപാതകമടക്കമുള്ള നിന്ദ്യമായ കുറ്റകൃത്യങ്ങളിലേയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നതെന്ന് കലാത്മകമായി പ്രതിപാദിക്കുന്നു.

ഫ്രാൻസിസ് എന്ന ചെറുപ്പക്കാരൻ, തനിക്കുണ്ടായ തികച്ചും ഭയാനകമായ അനുഭവങ്ങളെ വിവരിക്കുന്ന രീതിയിലാണ് നാടകം വികസിക്കുന്നത്. ഫ്രാൻസിസിന്റെ ഗ്രാമത്തിൽ നടക്കുന്ന ഒരു വാർഷിക വ്യാപാരമേളയിൽ സ്വന്തം പ്രദർശന വസ്തുവുമായി, അത്യന്തം ദുരൂഹത നിറഞ്ഞ ഡോ. കാലിഗരിയെത്തുന്നു. ശവപ്പെട്ടിയിൽ കാലിഗരി ഉറക്കിക്കിടത്തിയ സെസാരേ എന്ന ചെറുപ്പക്കാരനാണ് അയാളുടെ പ്രദർശനവസ്തു. സദാസമയവും ഉറക്കത്തിലാണ്ട സെസാരേ ഒരു നിദ്രാടകനാണ്.

ഉറക്കത്തിൽ സഞ്ചരിക്കുന്ന സെസാരെയെക്കൊണ്ട് ഡോ. കാലിഗരി നടത്തുന്ന പ്രവൃത്തികൾ ഫ്രാൻസിസിന്റെ ജീവിതത്തെ ഭയാനകമായ അവസ്ഥകളിലേയ്ക്ക് നയിക്കുന്നു. അയാളുടെ സുഹൃത്ത് അലൻ കൊല്ലപ്പെടുകയും അധികം താസിയാതെ അയാളുടെ പ്രതിശ്രുത വധു ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇതേത്തുടർന്നുള്ള സംഭവങ്ങൾ അധികാരത്തിന്റെയും വിധേയത്വത്തിന്റെയും കെട്ടുപിണഞ്ഞ സങ്കീർണ്ണതകളിലേയ്ക്കും അതുൽപ്പാദിപ്പിക്കുന്ന ഭയാനകവും ദാരുണവുമായ നിസ്സഹായതകളിലേയ്ക്കും വെളിച്ചം വീശുന്നു.

നാടകങ്ങളെ വാക്ക് കേന്ദ്രീകൃത രീതികൾക്കപ്പുറത്തേക്ക് പ്രതിഷ്ഠിക്കാനുള്ള ശ്രമം ദീപൻ കാലിഗരിയിലും തുടരുന്നുണ്ട്. മഹീന്ദ്രയുടെ നാടകോത്സവത്തിൽ മികച്ച രംഗസംവിധാനത്തിനുള്ള അംഗീകാരം നേടിയ നാടകത്തിൽ സീനോഗ്രഫി തന്നെയാണ് താരം. പതിവ് പ്രൊസീനിയം രീതികളിൽ നിന്ന് മാറി ഒരു ഗോഡൗൺ രൂപത്തിൽ സജ്ജീകരിച്ച വേദിയ്ക്കകത്താണ് കാണികൾക്കായുള്ള ഗാലറിയൊരുക്കുന്നത്. അഭിനേതാക്കൾക്കും വാക്കുകൾക്കുമൊപ്പം സംഗീതം, വീഡിയോ, സെറ്റ് ഡിസൈൻ, ലൈറ്റ് ഡിസൈൻ തുടങ്ങിയവയും കാണികളുമായി സംവദിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

റോട്ടറി ക്ലബ് ഓഫ് കൊച്ചി യുണൈറ്റഡിന്റെ പിന്തുണയോടെയാണ് ഡോ. കാലിഗരി ആദ്യമായി കൊച്ചിയിലെത്തുന്നത്. കൊച്ചിയിലെ പ്രദർശനങ്ങൾ പ്രളയബാധിതരെ പുനരധിവസിപ്പിക്കുവാനുള്ള പദ്ധതികൾക്കും റോട്ടറിയുടെ കാൻസർ കെയർ പ്രോജെക്ടിനും വേണ്ടിയുള്ള ധനശേഖരണാർത്ഥമാണ് സംഘടിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top