Deshabhimani

വാക്കിനെ വാളാക്കിയ മണ്ണിൽ നിന്നും ജ്വലിച്ചുയർന്ന ഹാർട് ലാമ്പ്

Bhanu Mushtaq
avatar
എൻ എ ബക്കർ

Published on May 21, 2025, 02:47 PM | 5 min read

ഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരമായ ‘ഹാർട്ട് ലാംപ്' എന്ന കന്നഡ സാഹിത്യകൃതി ഇന്റർനാഷനൽ ബുക്കർ പ്രൈസ് നേടി. കന്നഡ സാഹിത്യത്തിലെയും സാംസ്കാരിക ജീവിതത്തിലെയും ചെറുത്തുനിൽപ്പിന്റെതായ ഒരു ധാരയ്ക്കുള്ള അംഗീകാരം കൂടിയാണ് ഇതോടെ അടയാളപ്പെടുത്തുന്നത്.


1990 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ബാനു മുഷ്താക് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. ബുക്കർ ഇൻ്റർനാഷണൽ ലഭിക്കുന്ന ആദ്യത്തെ ചെറുകഥാ സമാഹാരമായ 'ഹാർട്ട് ലാമ്പ്' ഇതിനായുള്ള മത്സരപ്പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ പുസ്തകമായിരുന്നു. ദീപാ ഭാസ്തി അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടുന്ന ആദ്യ ഇന്ത്യൻ പരിഭാഷകയുമാണ്. രണ്ട് വനിതകൾ ഇവിടെ ഒരുമിച്ചതും യാദൃശ്ചികമല്ല.


അന്താരാഷ്ട്ര ബുക്കർ സമ്മാനം (International Booker Prize) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും യുകെ അല്ലെങ്കിൽ അയർലണ്ടിൽ പ്രസിദ്ധീകരിച്ചതുമായ മികച്ച കൃതികൾക്ക് നൽകുന്ന പുരസ്കാരമാണ്. ഇത് ഇംഗ്ലീഷ് ഭാഷയിൽ എഴുതപ്പെട്ട കൃതികൾക്ക് നൽകുന്ന ബുക്കർ സമ്മാനത്തിൽ നിന്ന് വ്യത്യസ്തമാണ്. 2025 ലെ സമ്മാനമായി ലഭിക്കുന്ന 50,000 പൌണ്ട് (ഏകദേശം ₹52 ലക്ഷം) ബാനു മുസ്താഖും ദീപാ ഭാസ്തിയും പങ്കുവെക്കും.

Bhanu Mushtaq and Deepa Bhasthi

ർണാടകയിലെ മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ ജീവിതം, അവർ നേരിടുന്ന സാമൂഹിക വെല്ലുവിളികൾ, പുരുഷാധിപത്യ ചുറ്റുപാടുകളിൽ നേരിടുന്ന അടിച്ചമർത്തലുകൾ എന്നിവയെ ആഴത്തിൽ അവതരിപ്പിക്കുന്നതാണ് നെഞ്ചത്തെ വിളക്ക് എന്ന പേരിലുള്ള ഈ കൃതി. 12 കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ബാനു മുസ്താഖ് ഒരു അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയും കൂടിയാണ്. കന്നഡയിൽ തീപ്പൊരി ചിതറിയ ബന്ദായ സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അവർ. ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ നടക്കുന്ന സാമൂഹിക അനീതികളെ തന്റെ സാഹിത്യത്തിലൂടെ തുറന്നുകാട്ടിയ എഴുത്തുകാരിയാണ്.


ദീപാ ഭാസ്തി കോഡഗുവിൽ നിന്നുള്ള എഴുത്തുകാരിയും പരിഭാഷകയുമാണ്. ബാനു മുസ്താഖിന്റെ കഥകളെ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ആഗോള വായനക്കാർക്ക് പരിചയപ്പെടുത്തിയ അവർക്ക് English PEN Translates പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കന്നഡയിൽ നിന്നുള്ള അവരുടെ വിവർത്തനങ്ങളിൽ കോട്ട ശിവരാമ കാരന്തിന്റെയും കൊടഗിന ഗൗരമ്മയുടെയും കൃതികളും ഉൾപ്പെടുന്നു.


ലണ്ടനിലെ ടേറ്റ് മോഡേൺ (Tate Modern) ആർട്ട് ഗാലറിയിൽ നടന്ന സമ്മാനദാന ചടങ്ങിൽ  ജഡ്ജിംഗ് പാനലിന്റെ അധ്യക്ഷൻ മാക്സ് പോർട്ടർ (Max Porter) ഹാർട്ട് ലാമ്പ്  കഥകളിലെ ഭാഷാ പരവും വികാരപരമായ ആഴത്തെ കുറിച്ച് പ്രത്യേക പരാമർശം നടത്തി. കൃതിയുടെ പരിഭാഷ "ഭാഷയുടെ ആകൃതിയിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ" കൊണ്ടുവന്നതായും പറഞ്ഞു.


"ഭാഷയെ സങ്കീർണ്ണമാക്കുന്ന ഒരു സമൂലമായ വിവർത്തനം, അത് വിവർത്തനത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ വെല്ലുവിളിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു." - മാക്സ് പോർട്ടർ



സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദിലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവാകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻസെൻസോ ലാട്രോനികോയുടെ ‘പെർഫെക്‌ഷൻ’, ആന്ന സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയായിരുന്നു ചുരുക്കപ്പട്ടികയിലെ മറ്റു പുസ്തകങ്ങൾ.

ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 2022-ൽ ഗീതാഞ്ജലി ശ്രീയുടെ "ടൊംബ് ഓഫ് സാൻഡ്" എന്ന കൃതിക്കാണ് നേരത്തെ ബുക്കർ ലഭിച്ചത്.


പുരോഗമന കലാസാഹിത്യ ശ്രേണിയിൽ പിറന്ന കൃതി


ന്നഡയിൽ ബന്ദയ എന്നാൽ വിമത അല്ലെങ്കിൽ കലാപം എന്നാണ് അർത്ഥം. 1970 കളിലാണ് കർണാടക സംസ്കാരത്തിലും രാഷ്ട്രീയത്തിലും ബന്ദയ സാഹിത്യ പ്രസ്ഥാനം കടന്നുവരുന്നത്.


അധികാര കേന്ദ്രങ്ങളിലൂടെ നടപ്പാക്കപ്പെട്ട ഹിന്ദി ആധിപത്യത്തിനെതിരെ കന്നഡ അഭിമാനം പ്രകടിപ്പിക്കപ്പെടുന്നത് ഈ ചലനത്തിലൂടെയാണ്. കന്നഡ സാംസ്കാരിക മേഖലയിൽ അരികു വൽക്കരിക്കപ്പെടുകയും ജാതീയമായി മാറ്റി നിർത്തപ്പെടുകയും ചെയ്ത സർഗ്ഗാത്മക ധാരകൾ മുകൾപരപ്പിലേക്ക് എത്തി.


 “കന്നഡ സാഹിത്യ ലോകത്തിന്റെ വേരുകൾ ഇളകാൻ തുടങ്ങി” എന്ന് ഇതിനെ കുറിച്ച് എൻ കെ. ഹനുമന്തയയുടെ പ്രതികരണം യാഥാസ്ഥിതികരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ദശാബ്ദങ്ങൾക്ക് മുൻപായിയുന്നു അത്.


basavalingappa


ഗരഭരണ മന്ത്രിയായിരുന്ന ബി. ബസവലിംഗപ്പ 1973 നവംബർ 19 ന് അംബേദ്കർ സ്കൂൾ ഓഫ് തോട്ട് സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ, കന്നഡയിൽ അഭിമാനം ഉണ്ടായിരിക്കണം, പക്ഷേ "കന്നഡ സാഹിത്യത്തിൽ ധാരാളം ബൂസയുണ്ട്" എന്ന് അഭിപ്രായപ്പെട്ടു. ബൂസ എന്നാൽ വൈക്കോൽ എന്നാണ്. കന്നഡ സാഹിത്യം എങ്ങനെയാണ് ഉയർന്ന ജാതി ജീവിത ലോകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നില്ലെന്നും എടുത്തുകാണിക്കുന്നതായിരുന്നു ബസവലിംഗപ്പയുടെ പ്രകോപനം. അന്ന് ബസവലിംഗപ്പയുടെ രാജി ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ തെരുവിലിറങ്ങി. ബന്ദയ സാഹിത്യ പ്രസ്ഥാനം കന്നഡയിൽ ഒരു പോരാട്ടമായി ഉയർന്നു വരുന്നതിന് തുടക്കമിട്ട ഘട്ടമായിരുന്നു അത്.


സാഹിത്യം ജനങ്ങൾക്കായി തുറന്നു കൊടുത്തു


ന്ന് കന്നഡയിൽ സാധാരണ ജീവിതത്തിൽ സാമൂഹിക-സാമ്പത്തിക അവകാശങ്ങളിലെ വിടവും വിതരണത്തിലെ സമത്വത്തിന്റെ അഭാവവും വലിയ വെല്ലുവിളിയായിരുന്നു. ഈ വിടവുകൾ  നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങളിലേക്കുള്ള ദരിദ്രരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും പ്രവേശനം പരിമിതപ്പെടുത്തി.

സുസ്ഥിരമായ പോരാട്ടത്തിന്റെ ആവശ്യകത ശക്തമായി.


Bandhaya Kannada


സമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ആധിപത്യ മതപര വ്യവഹാരത്തെക്കുറിച്ചുള്ള ഒരു പുതിയ ആശങ്ക പരക്കെ ചർച്ച ചെയ്യപ്പെട്ടു. വ്യവസ്ഥാപിത സങ്കൽപ്പങ്ങളെ ആക്രമിക്കുകയും കന്നഡ സംസ്കാരത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഒരു ഭാവന അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വയംഭരണ സാംസ്കാരിക പ്രസ്ഥാനം വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന വാദം ശക്തമായി. ബന്ദയ സാഹിത്യ പ്രസ്ഥാനമായിരുന്നു ഈ പോരാട്ടത്തിന്റെ കാതൽ. ഖഡ്ഗവാഗലി കാവ്യ (കവിത വാളാകട്ടെ) എന്ന മുദ്രാവാക്യമാണ് അവർ സ്വീകരിച്ചത്. അടിച്ചമർത്തപ്പെട്ട വർഗങ്ങളുടെയും സമൂഹങ്ങളുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾക്കായുള്ള തുടർച്ചയായ പോരാട്ടങ്ങളിൽ സജീവത കൈവന്നു.


ദന്തഗോപുരങ്ങളിൽ വാക്കിന്റെ പടവാളുമായി


ർക്കാർ ഉടമസ്ഥതയിലുള്ള കന്നഡ സാഹിത്യ പരിഷത്ത് സാഹിത്യത്തെ നിഷ്പക്ഷവും അടയാളപ്പെടുത്താത്തതുമായ ഒന്നായി അവതരിപ്പിക്കണം എന്ന ഔദ്യോഗിക നിലപാട് ആവർത്തിച്ചപ്പോഴും “വളരെയധികം പക്ഷപാതവും ഒഴിവാക്കലും സ്വീകരിക്കുന്ന” ഒന്നായി രക്ഷാകർതൃ സ്വഭാവത്തോടെ നിലകൊണ്ടു. ഇതിന് എതിരെ ബന്ദായ പടവാൾ ഉയർത്തി.


എഴുത്ത് ഭാഷയുടെ നിയമങ്ങളെ തന്നെ ബന്ദായ സമൂലമായി പരിവർത്തനം ചെയ്തു. സിദ്ധലിംഗിയയുടെ കവിതയായ എ സോങ്ങ് ആരംഭിക്കുന്നത് "ഇക്കേർല വോഡിർല" എന്ന വരിയോടെയാണ്, 'അവരെ അടിക്കുക, ചവിട്ടുക' എന്നാണ് ഇതിനർത്ഥം. 'ഇക്കേർല', 'വോഡിർല' എന്നീ വാക്കുകൾ നാഗരികർ ഉപയോഗിക്കുന്നതല്ല. കന്നഡയിലെ കവിതയിലും സാഹിത്യകൃതികളിലും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് അസ്വീകാര്യമാണെന്ന് കരുതപ്പെട്ടിരുന്നു. ബന്ദായ ശക്തമായി. സംസാര ഭാഷയ്ക്കും എഴുത്ത് ഭാഷയ്ക്കും ഇടയിലുള്ള പരിമിതമായ ഇടങ്ങളിൽ കൃതികൾ രചിക്കപ്പെട്ടു.

 Bhandaya


സാഹിത്യം ജനങ്ങൾക്കായി തുറന്നുകൊടുത്തു. പ്രതിഷേധ ഗാനങ്ങളായും തെരുവ് നാടകങ്ങളായും അവതരിപ്പിച്ചു. ലഘുലേഖകളായി വിതരണം ചെയ്തു. ചുവരുകളിൽ ചുവരെഴുത്തുകളായി പ്രസിദ്ധീകരിച്ചു. ബാനറുകളിൽ ഉയർത്തി. ഡപ്പു, തംതെ (സംഗീതോപകരണങ്ങൾ) എന്നിവയോടൊപ്പം പാരായണം ചെയ്തു. മുദ്രാവാക്യങ്ങളായി വിളിച്ചു. പത്രങ്ങളിൽ പ്രസ്താവനകളായി അച്ചടിച്ചു. എഴുത്ത് ഭാഷയുടെ പരിധികൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി.


ഒരു സ്റ്റാൻഡേർഡ് ലിഖിത കന്നഡയ്ക്ക് പകരം, എഴുത്തുകാർ അവർ ഉൾപ്പെട്ട പ്രദേശവും ജാതിയും അനുസരിച്ച് കൂടുതൽ സംഭാഷണ ശൈലികൾ സ്വീകരിച്ചു. നാടോടി സംഗീത ഈണങ്ങളും പ്രാസ പാറ്റേണുകളും പ്രതിഷേധ ഗാനങ്ങളിൽ സ്വയം കണ്ടെത്തി. നവോദയ തരംഗം, നവ്യ തരംഗം എന്നിങ്ങനെ കാലഗണന ചെയ്യപ്പെട്ടതിന് ഒപ്പം ബന്ദായ സാഹിത്യം ഇന്ന് കന്നഡ സാഹിത്യ വ്യവഹാര ചരിത്രത്തിലെ ഒരു തരംഗമായി അംഗീകരിക്കപ്പെട്ടു. ബാനു മുഷ്താകിന്റെ നെഞ്ചിലെ വിളക്കും (The Heart Lamp) ആ തുടർച്ചയുടെ അംഗീകാരമായി.


ഒറ്റ ആകാശത്ത് തിളങ്ങുന്ന ആയിരം മിന്നാമിനുങ്ങുകൾ

 

 1948-ൽ കർണാടകയിലെ ഹസ്സനിൽ ജനിച്ച ബാനു മുഷ്താഖിന്റെ ജീവിതകഥ, പ്രതിരോധശേഷിയുടെയും പരിവർത്തനത്തിന്റെയും ഒരു തെളിവാണ്. ഗ്രാമീണ കർണാടകയിൽ വളർന്ന അവർ, കുട്ടിക്കാലത്ത് കാളവണ്ടിയിൽ യാത്ര ചെയ്തിരുന്നതായി ഓർമ്മ പങ്കുവെക്കുന്നുണ്ട്. തന്റെ ആദ്യകാല ലോകവീക്ഷണത്തെയും അടിസ്ഥാന യാഥാർത്ഥ്യങ്ങളുമായുള്ള ബന്ധത്തെയും രൂപപ്പെടുത്തിയ അനുഭവം എന്നാണ് ഇതിനെ കുറിച്ച് പറയുന്നത്.


പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മുഷ്താഖ് വിദ്യാഭ്യാസം നേടുകയും പുരുഷാധിപത്യ പ്രതീക്ഷകളെ ധിക്കരിക്കുകയും ഒടുവിൽ ഒരു അഭിഭാഷക, പത്രപ്രവർത്തക, അധ്യാപക, സാമൂഹിക പ്രവർത്തകയായി മാറുകയും ചെയ്തു. മിഡിൽ സ്കൂളിൽ നിന്നാണ് അവരുടെ സാഹിത്യ യാത്ര ആരംഭിച്ചത്, 26 വയസ്സുള്ളപ്പോൾ, അവരുടെ ആദ്യ കഥ പ്രജാമതയിൽ പ്രസിദ്ധീകരിച്ചു. ഇപ്പോൾ 72 വയസായി. 1948-ൽ കർണാടകയിലെ ഹസ്സനിലാണ് ജനിച്ചത്.

heart Lamp

ന്താരാഷ്ട്ര ബുക്കർ സമ്മാനത്തിലേക്കുള്ള തന്റെ ജീവിത പാതയെ മുഷ്താഖ് "കാളവണ്ടിയിൽ യാത്ര ചെയ്യുന്നതിൽ നിന്ന് ഈ ആഗോള വേദിയിൽ " എന്ന് വിശേഷിപ്പിക്കയുണ്ടായി.


"ഒറ്റ ആകാശത്തെ പ്രകാശിപ്പിക്കുന്ന ആയിരം മിന്നാമിനുങ്ങുകൾ - ഹ്രസ്വവും, ഉജ്ജ്വലവും, പൂർണ്ണമായും കൂട്ടായതും" എന്നാണ് അവരുടെ പുരസ്കൃതമായ ഹാർട് ലാമ്പ് എന്ന കഥാസമാഹാരം പ്രശംസിക്കപ്പെട്ടത്.


''ഹെജെ മൂടിദ ഹാദി (പാത്ത് ഓഫ് ദി സ്റ്റെപ്പ്ഡ് വണ്‍), ബെങ്കി മളെ(ഫയര്‍ ആന്‍ഡ് റെയിന്‍), എദേയ ഹന തേ ,(ഹാര്‍ട്ട് ലാംപ്) സഫിറ, ബഡവറ മകളു ഹെന്നല്ല(A poor man's daughter is not a woman.), കുബ്ര എന്ന നോവല്‍, ഇബ്ബാനിയാ കാവു എന്ന ലേഖന സമാഹാരം, ''ഒദ്ദേ ബാഗിന ''എന്ന കവിതാസമാഹാരം, ''നിയമ കൃതികള്‍ ' എന്നിവയാണ് പ്രധാന കൃതികൾ. ഉറുദു, ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home