മഞ്‌ജുദേവി, പോർട്ടർ നമ്പർ 15; രാഷ‌്ട്രപതി ആദരിച്ച 90 വനിതകളിൽ ഒരാൾ ഭർത്താവിന്റെ പോർട്ടർ ജോലി തേടി ജയ‌്പൂർ റെയിൽവേ സ‌്റ്റേഷനിലേക്ക്‌ എത്തുമ്പോൾ നിരക്ഷരയായ മഞ്ജുവിന‌് പ്ലാറ്റുഫോമുകളെ കുറിച്ചോ ട്രെയിനുകളെ കുറിച്ചോ പ്രാഥമിക അറിവുപോലും ഉണ്ടായിരുന്നില്ല. പക്ഷേ, ഒന്നറിയാമായിരുന്നു  തന്നെയും പ്രതീക്ഷിച്ച‌് മൂന്നു കുട്ടികൾ വീട്ടിൽ ഒഴിഞ്ഞ വയറുമായി കാത്തിരുക്കുന്നുണ്ടെന്ന‌്. ആ തിരിച്ചറിവാണ‌് മഞ്ജുദേവിയെന്ന നോർത്ത‌്‐വെസ്‌റ്റ്‌ റെയിൽവേയിലെ ആദ്യ വനിതാ പോർട്ടറെ സൃഷ‌്ടിച്ചത‌്. ഈ വർഷം രാഷ‌്ട്രപതി ആദരിച്ച വ്യത്യസ‌്ത മേഖലകളിൽ വിജയിച്ച 90 വനിതകളിൽ ഒരാൾ, ജയ‌്പൂർ റെയിൽവേ സ‌്റ്റേഷനിലെ പോർട്ടറായ മഞ്ജുദേവിയുടെ കഥയാണിത‌്. മനസിലെ ചുമടുകളിറക്കി തലയിൽ ചുമടെടുത്ത‌് ചരിത്രം കുറിച്ച സ‌്ത്രീയുടെ കഥ. കുടുംബം പുലർത്താൻ ട്രെയിൻ സ‌്റ്റേഷനുകളിലേക്കടുക്കുമ്പോൾ പ്ലാറ്റ‌്ഫോമുകളിൽ നിന്ന‌്  ഓടിക്കയറി വന്ന‌് ചുമടുമായി നീങ്ങുന്ന പോർട്ടർമാർ ട്രെയിൻ യാത്രകളിലെ സ്ഥിരം കാഴ‌്ചയാണ‌്. അങ്ങനെയൊരു പോർട്ടറായിരുന്ന മഞ്ജുവിന്റെ ഭർത്താവ‌് മഹാദേവ‌്. ജയ‌്പുർ റെയിൽവേ ‌സ‌്റ്റേഷനിലെ പോർട്ടർ നമ്പർ 15. പത്ത‌് വർഷം മുമ്പ‌് അസുഖം ബാധിച്ച‌് മഹാദേവ‌് മരണത്തിന‌് കീഴടങ്ങി‌. പിന്നെ മൂന്നു കുട്ടികളും മഞ്ജുവും തനിച്ചായി. ആദ്യ കാലത്ത‌് ചെറിയ ജോലികൾ ചെയ‌്ത‌് കുടുംബം പുലർത്താൻ നോക്കിയെങ്കിലും പട്ടിണി വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെയാണ‌് അവസാനം തന്റെ ഭർത്താവിന്റെ ജോലി തനിക്ക‌് നൽകണമെന്ന ആവശ്യവുമായി മഞ്ജു റെയിൽവേ അധികൃതരെ സമീപിച്ചത‌്. കാലങ്ങളായി പുരുഷന്മാർ മാത്രം ചെയ‌്ത‌് വരുന്ന പോർട്ടർ ജോലി  സ‌്ത്രീകൾക്കാവില്ല എന്ന‌് പറഞ്ഞ‌് റെയിൽവേ കൈമലർത്തി. തല ഉയർത്തി ജീവിതത്തിലേക്ക്‌ എന്നാൽ റെയിൽവേ മഞ്‌ജുവിന്റെ ആവശ്യം പലവട്ടം നിഷേധിച്ചെങ്കിലും തലകുനിക്കാൻ മഞ്‌ജു തയ്യാറായിരുന്നില്ല. മഞ്‌ജു പോർട്ടർ ജോലി ലഭിക്കാനായി എല്ലാ വാതിലുകളും മുട്ടി.മഞ്‌ജുവിന്റെ അമ്മ മോഹിനിയും മകൾക്ക‌് പിന്തുണ നൽകി. അങ്ങനെ അവസാനം അവർ നിബന്ധന വെച്ചു. ആറുമാസം പരിശീലനം. അതു വിജയിച്ചാൽ ജോലി. ജീവിതത്തിലേക്ക‌്, ചരിത്രത്തിലേക്കും മഞ്‌ജു ചുമടുമായി തലഉയർത്തി നടന്നുകയറിയത‌് ആ ആറുമാസം കൊണ്ടാ‌ണ‌്. ഏറെ വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നെങ്കിലും എല്ലാം വിജയിച്ച‌് പരിശീലനം പൂർത്തിയാക്കി. ചുവന്ന കുർത്തയും വെള്ള സൽവാറും ധരിച്ച പോർട്ടർ നമ്പർ 15 മഞ്ജുദേവി അങ്ങനെ ആൺകൂട്ടത്തിനിടയിൽ തല ഉയർത്തി നിന്നു. ‌ പോർട്ടർ നമ്പർ 15 @ രാഷ‌്ട്രപതി ഭവൻ പോയ വർഷം വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച രാജ്യത്തെ ശക്തരായ 90 വനിതകൾ ആദരിക്കപ്പെട്ടപ്പോൾ താരമായത‌് മഞ്ജുവാണ‌്. തന്റെ ജീവിത കഥ മഞ്‌ജു വിവരിച്ചപ്പോൾ കൈയടിക്കാതെ ഇരിക്കാൻ രാ‌ഷ‌്ട്രപതിക്ക‌് പോലും ആയില്ല. ജയ‌്പൂർ റെയിൽവേ സ‌്റ്റേഷനിലെ കൂലിക്കൊപ്പം ആദരമേറ്റു വാങ്ങി യ മറ്റുള്ളവർ ഐശ്വര്യറായ‌ിയും ടെസി തോമസുമടങ്ങുന്നവരാണ‌്. ചടങ്ങിൽ പ്രസംഗിക്കവെ  മഞ്ജു പറഞ്ഞു. ‘ ഞാൻ ചുമക്കുന്ന ചുമടിന‌് എന്നെക്കാൾ ഭാരമുണ്ട‌്. എന്നാൽ മൂന്നു കുട്ടികൾക്കുള്ള ഭക്ഷണം എനിക്ക‌് കിട്ടുന്നത‌് ആ ചുമടിൽ നിന്നാണ‌്.’ അതേ വിജയിച്ച ഓരോ സ‌്ത്രീക്ക‌് പിന്നിലും പറയാൻ ഇതുപോലൊരു കഥയുണ്ടാകും. Read on deshabhimani.com

Related News