കുടുംബശ്രീ കൂട്ടായ്മയിലൊരുങ്ങിയ ഒരു പറ്റം നാടക കാഴ്ചകള്‍'നാരികൾ നിങ്ങൾ ധീരരാം നാരികൾ നാടിന്റെ കാവലാം നാരികളാകട്ടെ നിങ്ങൾ...' പാലക്കാടിന്റെ തെരുവോരങ്ങളിൽ മുഴങ്ങുകയാണ് ഈ ഗാനം. കുടുംബശ്രീ കൂട്ടായ്‌മയിൽ ഒരു കൂട്ടം സ്‌ത്രീകൾ അവതരിപ്പിച്ച 'മായക്കണ്ണാടി' തെരുവുനാടകത്തിലെ വരികളാണിവ.  ജില്ലയിലെ വിവിധയിടങ്ങളിൽ ഇതിനോടകം നാടകം അരങ്ങേറി. കുടുംബശ്രീ പാലക്കാട് ജില്ലാമിഷന്റെ നേതൃത്വത്തിൽ രംഗശ്രീ നാടക സംഘം രൂപീകരിച്ചാണ് പരിശീലനവും അവതരണവും. സംസ്ഥാനത്ത് ആദ്യമായാണ് കുടുംബശ്രീക്കു കീഴിൽ വനിതകൾ തെരുവു നാടകവുമായി രംഗത്തെത്തുന്നത്. സ്ത്രീ ശാക്തീകരണം, അവകാശങ്ങൾ, അക്രമങ്ങൾക്കെതിരെ പോരാടാനുള്ള ആഹ്വാനം, തൊഴിലവസരങ്ങളെകുറിച്ചുള്ള വിവരങ്ങൾ തുടങ്ങി സ്ത്രീ സ്വയംപര്യാപ്തതക്കുള്ള ആഹ്വാനമാണ് നാടകം. മായക്കണ്ണാടിക്കു പുറമെ 'നല്ല നാളേക്ക്' എന്ന പേരിൽ മറ്റൊരു നാടകവും സംഘം അവതരിപ്പിക്കുന്നുണ്ട്. ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശിക് യോജനക്ക് കീഴിലെ തൊഴിൽ വൈദഗ്ധ്യ പരിശീലനവും അവസരങ്ങളും പരിചയപ്പെടുത്തുന്നതാണ് ഇത്. 'കാടും മലകളും കൂടി ചേർന്നൊരു നാടാണ് നമ്മൾടെ പാലക്കാട്...' പാലക്കാടിന്റെ സ്വന്തം പൊറാട്ടുനാടകത്തിന്റെ ശീലുകളിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. പത്ത് വനിതകളാണ് ഇന്ന് നാടകസംഘത്തിലുള്ളത്. കടമ്പഴിപ്പുറം നാട്യശാസ്ത്രയിൽ നാടകക്യാമ്പ് നടത്തിയാണ് നാടക അഭിരുചിയുള്ളവരെ തെരഞ്ഞെടുത്തത്. പത്ത് ദിവസത്തെ പരിശീലനവും നൽകി. എല്ലാവരും കുടുംബശ്രീയുമായി ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്നവരാണ്. ജോലി കഴിഞ്ഞ് വൈകിട്ട് പാലക്കാട് ശിക്ഷക്‌സദനിൽ ഒത്തുകൂടും. ഇവിടെ വച്ചാണ് പരിശീലനം. പലദിവസങ്ങളിലും ഇത് പുലർച്ചെവരെ തുടരും.  ഇൻഡസ്ട്രിയൽ ഓഫ് ഇന്ത്യൻ ടെക്സ്റ്റയിൽ ഡിസൈനിങ്ങിൽ ജോലി ചെയ്യുന്ന ലതാ മോഹനാണ് സംഘത്തെ നയിക്കുന്നത്. കാഞ്ചന വിജയൻ, കെ കാർത്യായനി, എ ഗീത, വി വത്സല, കെ സുമിത്ര, എം വിജയലക്ഷ്മി, കെ ശ്രീലത, വിജി നാരായണൻ, ടി അമ്മിണി എന്നിവരാണ് അഭിനേതാക്കൾ. തേങ്കുറിശ്ശി, കടമ്പഴിപ്പുറം, കൊടുവായൂർ, ഷൊർണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പത്തുപേരും. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി സൈതലവിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.  38 വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന രവി തൈക്കാടാണ് നാടകങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പൊള്ളുന്ന യാഥാർഥ്യങ്ങൾക്കിടയിൽ കലാമോഹങ്ങൾ മാറ്റിവച്ച ഒരുകൂട്ടമാളുകൾ കൈ കോർത്തിടത്താണ് രംഗശ്രീ പിറക്കുന്നത്. ഇന്നിവർക്ക് തെരുവുനാടകം വെറും കളിയല്ല, ആവശ്യങ്ങളും അവകാശങ്ങളും ഉച്ചത്തിൽ വിളിച്ചു പറയാനുള്ള വേദികൂടിയാണ്. അതേ, നിങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക... കാലത്തിന്റെ കണ്ണാടിയാവുക... Read on deshabhimani.com

Related News