സഞ്ചാരികളെ കാത്ത്, അണിഞ്ഞൊരുങ്ങി കോഴിക്കോട് സൗത്ത് ബീച്ച്  കോഴിക്കോടിന്റെ ടൂറിസം ഭൂപടത്തിൽ എന്നും മുന്നിലുള്ള സൗത്ത‌് ബീച്ച‌് സൗന്ദര്യ വൽക്കരണത്തിന്റെ അവസാന ഘട്ടത്തിൽ. ഭിന്നശേഷി സൗഹൃദ ബീച്ച് കൂടിയായ സൗത്ത‌് ബീച്ചിന‌് ഇനിയുള്ളത‌് വൈദ്യുതീകരണ ജോലി മാത്രമാണ‌്. 80 ശതമാനം ജോലികളും പൂർത്തിയായി. ജൂണിനുള്ളിൽ സൗത്ത‌് ബീച്ച‌് സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ‌് സാധ്യത. ബീച്ചിലെ പ്രധാന പ്ര‌ശ‌്നമായ ലോറി പാർക്കിങ‌് അടുത്ത ആഴ‌്ചയോടെ മാറ്റാൻ നടപടിയെടുക്കുമെന്ന‌് കോർപറേഷനും അറിയിച്ചിട്ടുണ്ട‌്. ഇതോടെ സൗത്ത‌് ബീച്ചിലേക്ക‌് സന്ദർശകരുടെ ഒഴുക്കാകും ഉണ്ടാകുക.  3.85 കോടി രൂപ ചെലവിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറിങ് വകുപ്പാണ‌് നിർമാണ ചുമതല ഏറ്റെടുത്തത‌്. പി സി റഷീദാണ‌് ആർകിടെക‌്ചർ.  സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങൾകൊണ്ട‌് നാശോന്മുഖമായ സൗത്ത‌് ബീച്ചിനെ  പുത്തൻ രൂപത്തിലാക്കാനാണ‌് ടൂറിസം വകുപ്പ‌് മുന്നിട്ടിറങ്ങിയത‌്. 2016 ജൂണിൽ സൗത്ത‌് ബീച്ച‌് നവീകരണം ആരംഭിച്ചു. സൗത്ത‌് കടൽപാലത്തിന‌് തെക്കുഭാഗത്ത‌് നിന്ന‌് 800 മീറ്റർ നീ‌ളത്തിലും 10 മീറ്റർ വീതിയിലുമാണ‌് മോടികൂട്ടൽ നടന്നത‌്. 330 മീറ്റർ നീളത്തിൽ കടലിനോട‌് ചേർന്ന‌് നടപ്പാതയും നിർമിക്കലായിരുന്നു ആദ്യഘട്ടം. തുടർന്ന‌് മനോഹരമായ ചുറ്റുമതിലും നിർമിച്ചു. കടലിലേയ്ക്ക‌് ഇറങ്ങി നിൽക്കുന്ന വൃത്താകൃതിയിലുള്ള വ്യൂപോയന്റ‌് സഞ്ചാരികളെ ആകർഷിക്കും.  മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള ഷെൽട്ടർ,  കടലിലേക്കിറങ്ങാനുള്ള പടവുകൾ എന്നിവ സൗന്ദര്യ വൽക്കരണത്തിന്റെ  പ്രധാന ആകർഷണമാണ‌്. അലങ്കാര വിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട‌്‌. കുടിവെള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട‌്.   ബീച്ചിലെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക‌് വാഹന പാർക്കിങ്ങിനായി പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട‌്.  ബീച്ച‌് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത‌് നാല‌് വർഷം മുമ്പായിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കാൻ വൈകിയതിനാൽ നിർമാണ പ്രവർത്തനങ്ങളും തുടങ്ങാനായില്ല.   നവീകരണ പ്രവർത്തനങ്ങളിലെ വൈദ്യുതീകരണം ഉടൻ പൂർത്തിയാക്കുമെന്ന‌് ഡിടിപിസി സെക്രട്ടറി ബിനോയ‌്  വേണുഗോപാൽ പറഞ്ഞു. സൗത്ത‌് ബീച്ചിന്റെ രണ്ടാംഘട്ട നവീകരണവും സർക്കാർ ലക്ഷ്യമിടുന്നുണ്ട‌്. Read on deshabhimani.com

Related News