ചിറാപുഞ്ചിയിലെ മഴനേരങ്ങള്‍ ഇളവെയിലുമായി ഒളിച്ചുകളിക്കുന്ന കഥയില്ലാ കുഞ്ഞു മഴ . ഉച്ചത്തിൽ പ്രാകി ശപിച്ച് ആഞ്ഞു തുപ്പി പാഞ്ഞു പോകുന്ന ഭ്രാന്തി മഴ . വെള്ളിക്കമ്പികൾ മീട്ടി താഴ്ന്ന സ്വരത്തിൽ നിറുത്താതെ പാടുന്ന സുന്ദരിമഴ . പൊടി യും ഇലയും പ്ളാസ്റ്റിക് കവറുകളും അടിച്ചുയർത്തി ഒന്നു നിന്നു പെയ്യാതെ പോകുന്ന അഹങ്കാരി മഴ . രാത്രി ജനൽ പാളിയിൽ മുട്ടി വിളിക്കുന്ന ഇലത്തുമ്പുകളെ ഇക്കിളിക്കൂട്ടുന്ന പാദസരമണിഞ്ഞ പെൺ മഴ . കറുത്ത മുഖവുമായി എല്ലാം തല്ലിയുതിർത്ത് അട്ടഹസിച്ച്  താണ്ഡവമാടുന്ന വില്ലൻ മഴ. മലയാളിക്ക് അങ്ങനെ പലതരം മഴകളുണ്ട് . എന്നാൽ ചിറാപുഞ്ചിയിലെ മഴ ഇതൊന്നുമല്ല . ഇവിടെ മഴ ഉതിരുകയോ പൊഴിയുകയോ ചെയ്യുന്നില്ല . ചിറാപുഞ്ചിയിൽ മഴ ഒരു അവസ്ഥയാണ് . ഓട്ട വീണ തട്ടിൻപുറം ചോർന്നൊലിക്കുന്നതു പോലെ , ചന്തമില്ലാത്ത ചെത്തമില്ലാത്ത മഴ . രാപകൽ , മാനത്തു നിന്നും , വെള്ളം താഴെക്ക് വീഴുന്നതാണ് ചിറാപുഞ്ചി മഴ. വെള്ളം വീണു വീണ് തറഞ്ഞു പോയ ഭൂമിക്ക് കരിങ്കല്ലിന്റെ കാഠിന്യം . ചെളിക്കെട്ടുകളോ വഴുക്ക ലോ ഒന്നുമില്ല . സമുദ്രനിരപ്പിൽ നിന്നും ഏകദേശം അയ്യായിരം  അടി മുകളിൽ കിടക്കുന്ന ഇവിടെ , മഴവെള്ളം , ആയിരമായിരം ചാലുകളായി നൂറു നൂറു വെള്ളച്ചാട്ടങ്ങളായി മാറുന്നു. മലഞ്ചെരിവുകൾ വൃക്ഷ നിബിഡമാണ് . സമതലത്തിലാകെ , മഴ കൊണ്ടു നില്ക്കുന്ന വാശിക്കുടുക്കകളെപ്പോൽ  കുഞ്ഞു പുല്ലുകൾ മാത്രം . ഒട്ടും വളർച്ചയില്ലാത്ത , ഇളം മഞ്ഞ നിറമുള്ള പുല്ലുകൾക്കും തീരെ മയമില്ല . ഇടക്കിടെ എവിടെ നിന്നോ ഓടി വന്ന് , ആകെ പൊതിഞ്ഞു ശ്വാസം മുട്ടിച്ച് , ഒന്നും പറയാതെ ഓടിപ്പോകുന്ന കട്ടി മഞ്ഞ് . നീർച്ചാലുകളുടെ തർക്കുത്തരവും , വെള്ളച്ചാട്ടങ്ങളുടെ അട്ടഹാസവും , ഇടക്കിടെ വീശിയടിക്കുന്ന കാറ്റിന്റെ അഹങ്കാരവും ..... ചിറാപുഞ്ചിക്ക് ഒരു നിമിഷം പോലും മിണ്ടാതിരിക്കാൻ ആവുന്നില്ല . ഇവിടത്തെ കാഴ്്‌ച  വെള്ളമാണ് . മഴയായും, ചാലുകളായും, ചാട്ടങ്ങളായും , നദികളായും, തടാകങ്ങളായും .... എങ്ങുമെങ്ങും വെള്ളം മാത്രം. വെള്ളം നിറഞ്ഞു കിടക്കുന്ന  നിരവധി ഗുഹകൾ ഉണ്ടിവിടെ. ചില ഗുഹകളിലേക്കുള്ള പ്രവേശനം തന്നെ നദികളിലൂടെയാണ്. മാസ്വൊയ് എന്ന ഗുഹക്കകത്ത് നെഞ്ചോളം വെള്ളത്തിൽ തുഴഞ്ഞ് പുറത്തിറങ്ങിയതോടെ, ഞങ്ങൾ മഴ കോട്ട്, കുട തുടങ്ങിയ അലങ്കാര വസ്തുക്കൾ ഉപേക്ഷിച്ചു . ആകെ നനഞ്ഞാൽ കുളിരില്ല .... റെയ്ൻ കോട്ട്,  കുട തുടങ്ങിയവ ചിറാപുഞ്ചി സന്ദർശനത്തിൽ ഉപയോഗിക്കരുത്. ഇവിടെ നമുക്ക് ചെയ്യാനുള്ളത്, നനയുക , വീണ്ടും നനയുക, വീണ്ടും വീണ്ടും നനയുക ......   ചെറിയൊരു സമതലത്തിൽ വണ്ടി നിർത്തി ഇറങ്ങിയാൽ, ചുറ്റി നില്ക്കുന്ന ഉന്നത പർവ്വത ശൃംഖങ്ങളിൽ നിന്നും, മലമടക്കുകളിൽ നിന്നും , നൂറു നൂറു ജലപാതങ്ങൾ കാണാം . പലപ്പോഴും മൂക്കിനു തൊട്ടു മുന്നിൽ, മഞ്ഞ് , തിരശീല നിവർത്തി നില്ക്കും . ഇടക്ക് വീശിയടിക്കുന്ന കാറ്റ് ശീല വകഞ്ഞു മാറ്റുമ്പോൾ, നേരെ മുന്നിൽ വെള്ളച്ചാട്ടങ്ങളുടെ തിരനോട്ടം . മേഘം മൂടിയ ഏതോ ഔന്നത്യത്തിൽ നിന്നും, മഞ്ഞ് മൂടിയ ഏതോ ആഴങ്ങളിലേക്ക് വാശിയോടെ ചാടുന്ന വെള്ളം . സെവൻ സിസ്റ്റേർ സ് അത്യുന്നതനായ ഒരു പർവ്വത ശ്രേഷ്ഠന്റെ , സ്ഥൂല ഗാത്രികളായ ഏഴു പുത്രിമാർ. ഏഴും ഒന്നിച്ച് ഒരിക്കലും വെളിപ്പെടില്ല. മഞ്ഞിന്റെയും. കാറ്റിന്റെയും ഗതിക്കനുസരിച്ച്, ചിലപ്പോൾ മൂന്ന് , അഞ്ച് അങ്ങിനെ പ്രത്യക്ഷപ്പെടും. ചിലപ്പോൾ വളരെയേറെ സമയം, കറുത്ത പുതപ്പു പുതച്ച് അവർ അലറിക്കൊണ്ടിരിക്കും. പ്രാർത്ഥിച്ചു നിന്നാൽ അവർ ഒന്നിച്ചു വരും ആരോ പറഞ്ഞു. ഇവരെ മെരുക്കാൻ, ഇവരിലും കരാള രൂപിയായ ഒരുവൾ തന്നെ വേണം എന്ന ചിന്തയാൽ, കാളി... ഭദ്രകാളി ... എന്ന് ഉറക്കെപ്പാടിക്കൊണ്ട്, ഞങ്ങൾ മഴയത്തു നിന്നു. കയ്യിലേയും കാലിലേയും തൊലി പാൽപ്പാട പോലെ വിളറി വെളുത്തു കഴിഞ്ഞിരുന്നു. ഇതിൽക്കൂടുതൽ ഇനി ഒന്നും സംഭവിക്കാനില്ലായെന്ന നിർമമതയോടെ വിരലുകൾ കണ്ണടച്ചു കിടന്നു. ഇനിയും വരാനിരിക്കുന്നതേയുള്ളു എന്ന പരിഹാസത്തിൽ ചുണ്ടുകൾ വക്രിച്ചു നിന്നു . അതൊരു മനോഹരമായ വ്യു പോയിന്റായിരുന്നു . മലകൾക്കു നടുവിൽ , നല്ല ഉയരത്തിൽ , ഒരു കുഞ്ഞു മൈതാനം . ചുറ്റും അത്യഗാധമായ മലഞ്ചെരുവുകൾ . മേഘങ്ങൾക്കിടയിൽ മുഖമൊളിപ്പിച്ച കൊടുമുടികൾ . മൈതാനത്ത് എവിടെ നിന്നാലും , മേഘാലയയുടെ അതി മനോഹരക്കാഴ്ച്കൾ കാണാം . ദൂരെ ബംഗ്ളാദേശ് . ഒരല്പം മഞ്ഞു മാറിയ വേളയിൽ , ബംഗ്ളാദേശിലെ ഒരു ചെറു പാതയിലൂടോടുന്ന മഞ്ഞ നിറമുള്ള കാറു കണ്ടു . മേൽക്കൂരകളുള്ള ഒന്നോ രണ്ടോ ഷെൽട്ടറുകൾ ഒഴിച്ചാൽ , മുഴുവൻ തുറന്ന ആകാശമാണ് . ഞങ്ങളുടെ ഉത്സാഹത്തിന് ആകാശം പോലും അതിരിടാത്തതിനാൽ , ഷെൽട്ടറുകളിൽ കയറിയില്ല . ഒളിച്ചു കളിക്കുന്ന ഏഴു സഹോദരിമാരെ പ്രസാദിപ്പിക്കുവാൻ ശ്രമിച്ചും , കാലുകൾക്കിടയിലൂടെ ഓടിപ്പോയി , അറ്റം കാണാത്ത അഗാധതയിലേക്ക് തലകുത്തി മറിയുന്ന  കുഞ്ഞൻ വെള്ളച്ചാട്ടങ്ങളുടെ  തോന്ന്യാസം ക്ഷമിച്ചും മൈതാനം മുഴുവൻ ചുറ്റി നടന്നു . അപ്പോൾ വന്നു നിന്ന ടൂറിസ്റ്റ് ബസിൽ നിന്നും കുറെ സ്ത്രീകൾ , കുടയും ചൂടി പുറത്തിറങ്ങി . മഴയിൽ നിന്നും പരമാവധി സുരക്ഷ ഉറപ്പു വരുത്തി കൊണ്ട് , അവർ പ്രധാന  ഷെൽട്ടറിലേക്ക് നടന്നു കയറി . ആംഗ്യ വിക്ഷേപങ്ങളോടെ അവർ ശബ്ദമുയർത്തി സംസാരിക്കുന്നതും , തിരക്കി മുന്നിലേക്ക് നടക്കുന്നതും , അതേ വേഗത്തിൽ പിൻവാങ്ങുന്നതും കണ്ടാണ് ഞങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത് . അപ്പോഴാണ്, ഷെൽട്ടറിന്റെ, അത്യഗാധതയിലേക്കു തുറക്കുന്ന വിശാലമായ ജനാലയെ  പൂർണ്ണമായും മറച്ചുകൊണ്ട് നില്ക്കുന്ന അയാളെ കണ്ടത് . നല്ല ഉയരവും , വണ്ണവും , വീതിയുമുള്ള ഒരു പുരുഷൻ , ജനാലക്കൽ , പുറത്തേക്കു നോക്കി നില്ക്കുകയാണ് . സിഗാർ പോലൊന്ന് അയാൾ വലിക്കുന്നുണ്ട് . അതിന്റെ ചാര നിറത്തിലുള്ള പുക , തണുത്ത അന്തരീക്ഷത്തിൽ കലരാതെ , മുഖം വീർപ്പിച്ച് നില്ക്കുന്നുണ്ട് . ഇടത്തേ കൈ ചുവരിൽ വെച്ച് നില്ക്കുന്ന അയാളോട് , അവിടെ നിന്നൊരല്പം മാറാനും , കാഴ്ച്ചകൾ മറയ്ക്കാതിരിക്കുവാനും , ഫോട്ടോ എടുക്കുവാനും സ്ത്രീകൾ നിരന്തരം അഭ്യർത്ഥിക്കുന്നുണ്ട് .ചിലർ തല ചെരിച്ച് ബസിലേക്കു നോക്കി എന്തൊ വിളിച്ചു പറയുന്നു . ബസിന്റെ  ജനാല മൂടിയിരുന്ന തിരശീല വകഞ്ഞു മാറ്റി ചിലർ നോക്കുന്നു .ഷെൽട്ടറിനകത്ത് അക്ഷമ ചിറകടിക്കുന്നു . കടും പിങ്ക് നിറത്തിലുള്ള മഴക്കോട്ടും തൊപ്പിയുമണിഞ്ഞ് , പുറത്തേക്ക് പുകയൂതി , കല്ലു പോലെ , ലോകത്തിന് പുറം തിരിഞ്ഞു നില്ക്കുന്ന ആ മനുഷ്യൻ, വളരെ വിചിത്രക്കാഴ്ച്യായി . മുഖം കാണുന്നില്ലായെങ്കിലും , അയാളെന്തെങ്കിലും കാഴ്ച്ചകളിൽ രസിക്കുകയാണെന്നു തോന്നുന്നില്ല . അസംസ്കൃതമായ ഒരു തരം ധാർഷ്ട്യവും , അഹങ്കാരവും , വാശിയുമാണാ നില്‌പെന്നു  തോന്നി . സ്ത്രീകൾ അയാളുടെ മുതുകിൽ തട്ടി വിളിക്കുന്നു . ഒരുവൾ അയാളുടെ കൈക്കടിയിലൂടെ ക്യാമറയും കൊണ്ട് നൂഴ്ന്നു കേറുവാൻ ശ്രമിച്ച് പിൻവാങ്ങുന്നു . കുറച്ചു നേരം കൂടെ തിക്കിത്തിരക്കി , അവർ വന്നതു പോലെ , നനയാതെ കുടയും ചൂടി ബസിലേക്കു കയറി . ജനാലക്കൽ നില്ക്കുന്ന സ്ഥൂലരൂപിയുടെ തൊപ്പിക്കിരുവശവുമുള്ള ഫ്ളാപ്പുകൾ , കടവാതിലുകളെപ്പോലെ ചിറകടിക്കുന്നു . പെട്ടെന്ന് മോനു പറഞ്ഞു അയാളെക്കണ്ടാൽ ബാം സ്റ്റോക്കറുടെ  ഡ്രാക്കുള പോലെയുണ്ട് .കൊട്ടാരത്തിന്റെ ജനാൽക്കൽ പൈപ്പു പുകച്ചു നില്ക്കുന്ന രക്തദാഹിയായ ഡ്രാക്കുള . ഒരിടപോലും മാറിക്കൊടുക്കാതെ , അയാൾ മറ്റുള്ളവരിൽ നിന്ന് ഏതു കാഴ്ച്കൾ മറയ്ക്കാനാണ് ശ്രമിച്ചത് ? ആദിയും അന്ത്യവും മറച്ച് , മദ്ധ്യഭാഗം മാത്രം ഇടക്കിടെ വെളിപ്പെടുത്തിത്തരുന്ന ആ അത്ഭുത ഭൂമിയിൽ , എങ്ങുനിന്നെന്നറിയാതെ വെള്ളം ചോർന്നൊലിച്ചു കൊണ്ടിരിക്കുന്ന ആ വിചിത്ര ഭൂമിയിൽ  , ആ മനുഷ്യന്റെ പ്രസക്തിയെന്താണ് ? നാലു ചുറ്റിലും വെള്ളച്ചാട്ട നിറമാലകൾ ചാർത്തി , മഞ്ഞിലും കുളിരിലും പൊതിഞ്ഞ് , കണ്ടു തീരാത്തത്രയും മായക്കാഴ്ച്കൾ ഒരുക്കി , പ്രകൃതി ,  തന്റെ മേൽക്കൂരയില്ലാത്ത പ്രപഞ്ച മന്ദിരം തുറന്നിട്ടിരിക്കെ , ആ സ്ത്രീകൾ എന്തിനാണ് ആ ജനാലക്കൽച്ചെന്ന് യാചിക്കുകയും കയർക്കുകയും ചെയ്തത് ? ഒന്നും വ്യക്തമാവുന്നില്ല , മഞ്ഞിലും മേഘത്തിലും മൂടിയ മേഘാലയ പോലെ . വീണ്ടും യാത്ര തുടരവേ , ഞങ്ങൾ ചിറാപുഞ്ചിയിലെ കുട്ടികളെക്കുറിച്ച് സംസാരിച്ചു . ഒഴിവുവേളകളിൽ അവരെന്തു ചെയ്യുന്നു ? മഴയത്ത് കളിക്കാവുന്ന എന്തെങ്കിലും കളികൾ അവർക്കുണ്ടായിരിക്കുമോ ? സദാ ഈർപ്പം പറ്റി നില്ക്കുന്ന വീടിനകത്ത് വെളിച്ചം തട്ടാതെ അവർ എങ്ങിനെ വളരുന്നു ? നീളത്തിലും വണ്ണത്തിലും വീതിയിലും വളർന്ന ആ മനുഷ്യന്റെ മുരടിച്ച കുരുട്ടു മനസിനെക്കുറിച്ചോർത്തപ്പോൾ , വിളറിയ നീളമില്ലാത്ത ചിറാപുഞ്ചിയിലെ കുഞ്ഞു പുല്ലുകൾ വേദനിപ്പിക്കുന്ന കാഴ്ച്ചയായി .   Read on deshabhimani.com

Related News