ദുരിതമൊപ്പാൻ 8685 രൂപകൊച്ചി വർഷയും വൃന്ദയും ചൊവ്വാഴ‌്ച വൈകിട്ടാണ‌് തീരുമാനമെടുത്തത‌്. വെള്ളിയാഴ‌്ച രാവിലെ അച്ഛന്റെ അടുത്തെത്തി കാര്യം അവതരിപ്പിച്ചു. തങ്ങളുടെ കുടുക്കകളിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകണം. അച്ഛൻ സന്തോഷത്തോടെ സമ്മതം മൂളി. പിന്നെ മൂവരും ഒരുമിച്ചിരുന്ന‌് രണ്ട‌് കുടുക്കയിലെയും പണം എണ്ണി‐ 8685 രൂപ. പൂണിത്തുറ ഗാന്ധി സ‌്ക്വയർ വേദപുരി ഗാർഡൻസിൽ വിശ്വനാഥന്റെയും മേരി സാമുവലിന്റെയും മക്കളായ വർഷയും വൃന്ദയും തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളാണ‌്. വർഷ ഒന്നാം ക്ലാസിലും വൃന്ദ അഞ്ചാം ക്ലാസിലും. രണ്ട‌ുവർഷം മുമ്പാണ‌് ഇരുവരും കുടുക്കയിൽ പണം ശേഖരിച്ചു തുടങ്ങിയത‌്. പത്രവായന പതിവാക്കിയവരാണ‌് ഇരുവരും. അതിൽവന്ന വാർത്തകളാകണം ഇവർക്ക‌് പ്രചോദനമായതെന്ന‌് വിശ്വനാഥൻ പറയുന്നു. ചൊവ്വാഴ‌്ച ഉച്ചയ‌്ക്ക‌് റസിഡൻസ‌് അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കാൻപോയ അച്ഛനൊപ്പം ഇരുവരും പോയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് പണം നൽകുന്നതിനെക്കുറിച്ചും പ്രളയക്കെടുതികളെക്കുറിച്ചും യോഗം ചർച്ച ചെയ‌്തിരുന്നു. ഇത‌് കേട്ടിരുന്ന ഇരുവരും വീട്ടിലെത്തി തങ്ങളുടെ സമ്പാദ്യവും നൽകാൻ തീരുമാനിക്കുകയായിരുന്നു. Read on deshabhimani.com

Related News