ഈ പോരാട്ടം പരാജയപ്പെടാനുള്ളതല്ല: ജെഎന്‍യു ജനറല്‍ സെക്രട്ടറി ദുഗ്ഗിരാല ശ്രീകൃഷ്ണ സംസാരിക്കുന്നുഅനുഭവങ്ങളില്‍നിന്നാണ് ജെഎന്‍യു ജനറല്‍ സെക്രട്ടറിയായ ദുഗ്ഗിരാല ശ്രീകൃഷ്ണ ഏറെയും പഠിച്ചത്. ജീവിതത്തെ പോരാട്ടങ്ങളുടെ തുടര്‍ച്ചയായാണ് ഈ വിദ്യാര്‍ഥി നേതാവ് വിശേഷിപ്പിക്കുന്നത്. പ്ളസ്ടുവിനുശേഷം പഠനം വഴിമുട്ടിയപ്പോള്‍ വിദ്യാഭ്യാസം തുടരാന്‍ ചെയ്ത പതിനേഴിലധികം ജോലികള്‍ക്കൊപ്പമാണ് ആ പോരാട്ടം തുടങ്ങുന്നത്. സ്ഥിരതയില്ലാത്ത ജോലികള്‍ ചെയ്യുമ്പോഴും  വേതനത്തില്‍ തട്ടിപ്പുകാട്ടുന്ന കരാറുകാര്‍ക്കെതിരെ ശബ്ദിക്കാന്‍ തയാറായതോടെ പല തവണ ജോലി പോയി. ചോദ്യമുന്നയിക്കേണ്ടയിടത്ത് പിന്നീടും ദുഗ്ഗിരാല ശ്രീകൃഷ്ണ മടിച്ചുനിന്നിട്ടില്ല. വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നില്ല അവയൊന്നും. ഉറച്ച ബോധ്യങ്ങളുടെ പിന്‍ബലത്തിലുള്ള ആ ചോദ്യങ്ങള്‍  ഇപ്പോഴും തുടരുന്നു. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ (2082 വോട്ടുകള്‍) നേടിയാണ് ഇടതുസഖ്യത്തിനൊപ്പം ദുഗ്ഗിരാല ശ്രീകൃഷ്ണ തന്റെ ത്രസിപ്പിക്കുന്ന വിജയം  അടയാളപ്പെടുത്തിയത്. ജെഎന്‍യു നേരിടുന്ന ഭീഷണികള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തുടരുന്ന ചെറുത്തുനില്‍പ്പിനെക്കുറിച്ച് ദുഗ്ഗിരാല ശ്രീകൃഷ്ണ സംസാരിക്കുന്നു: 'ജനറല്‍ സെക്രട്ടറിയായ ഞാന്‍....' ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യം നേടിയ വിജയം സംഘപരിവാര്‍ ആശയം നടപ്പാക്കുന്ന ഫാസിസ്റ്റ് വൈസ് ചാന്‍സലര്‍ക്ക് എതിരെയാണ്. വിദ്യാര്‍ഥി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി എസ്എഫ്ഐയും യൂണിയനും തുടരുന്ന പേരാട്ടത്തിന്റെ വിജയം. സര്‍വകലാശാലയുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കണമെന്ന വിദ്യാര്‍ഥികളുടെ അഭിലാഷമാണ് ഇതിലൂടെ വിജയിച്ചത്. കാത്തിരിക്കുന്ന വെല്ലുവിളികള്‍ സംഘപരിവാറുമായും സര്‍ക്കാരുമായും ബന്ധമുള്ള വിസി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ യൂണിയനുമായി ചര്‍ച്ചയ്ക്ക് വിസി തയാറാകുന്നില്ല. ഇടത്-പുരോഗമന വിദ്യാര്‍ഥികള്‍ പറയുന്നതു കേള്‍ക്കാന്‍ തയാറാകുന്നില്ല. വിദ്യാര്‍ഥികളുമായും യൂണിയനുമായും ആലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഒന്നിലേറെ സംഭവങ്ങളാണ് ഉണ്ടായത്. കോഴ്സുകള്‍ക്കുള്ള സീറ്റ് വെട്ടിക്കുറച്ചത് ഒരു കൂടി ആലോചനയും ഇല്ലാതെയാണ്. അക്കാദമിക് കൌണ്‍സില്‍ യോഗത്തില്‍ നിന്നും വിസി ഓടി ഒളിക്കുകയായിരുന്നു. സര്‍വ്വകലാശാലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ പുറത്താക്കാനുള്ള നീക്കം ശക്തമാണ്. എതിര്‍ അഭിപ്രായങ്ങള്‍ ഉയര്‍ത്താനുള്ള അവകാശം നിഷേധിക്കുന്നു. ഭക്ഷണശാലയുടെ സമയം ഏകപക്ഷീയമായി വെട്ടിക്കുറച്ചു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ കമ്മിറ്റി എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് - ജിഎസ്കാഷ്് സമിതിയെ ഇല്ലാതാക്കാന്‍ അധികൃതര്‍ ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. ഇത്തരം വിദ്യാര്‍ഥി വിരുദ്ധ നീക്കങ്ങള്‍ എതിര്‍ക്കുക എന്നതാണ് ആദ്യം ഏറ്റെടുക്കാനുള്ളത്. പോരാട്ടങ്ങളുടെ തുടര്‍ച്ച കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബിനുവേണ്ടി ഒരു വിട്ടുവീഴ്ചയുമില്ലാത്ത ഇടപെടല്‍ ഉണ്ടാകും. രാജ്യത്തെ പ്രമുഖ സര്‍വകലാശാലയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിയെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. നജീബിനെ കണ്ടെത്തുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ തുടരുന്ന അലംഭാവം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന നീക്കങ്ങളുമായി യൂണിയന്‍ മുന്നോട്ടുപോകും. രാജ്യത്താകെയും ജെഎന്‍യുവിലും ന്യൂനപക്ഷങ്ങളും ദളിതുകളും പ്രത്യേകിച്ച് മുസ്ളിം വിഭാഗം ഭീതിയിലാണ് കഴിയുന്നത്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകണം. വിദ്യാഭ്യാസം നേടാന്‍, ഇഷ്ടമുള്ളത് ഭക്ഷിക്കാന്‍, എതിര്‍ അഭിപ്രായം പറയാന്‍ ഭരണഘടന നല്‍കുന്ന അവകാശം സംരക്ഷിക്കേണ്ടതുണ്ട്. ഈ അവകാശങ്ങളെയെല്ലാം കൊലയ്ക്കുകൊടുക്കുകയാണ് വിസി. ഞാന്‍ കഴിഞ്ഞ യൂണിയനിന്റെയും ഭാഗമായിരുന്നു. വിസിയുടെ ഓരോപ്രവര്‍ത്തനവും വീക്ഷിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്ന വിസി തന്നെ നിയന്ത്രിക്കുന്ന സംഘപരിവാറിന്റെ ആജ്ഞ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത്  ജനാധിപത്യത്തിനുനേരെയുള്ള അപായ ചിഹ്നമാണ്്. 'പഠിക്കുക പോരാടുക' 'പഠിക്കുക പോരാടുക' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന എസ്എഫ്ഐയുടെ പ്രവര്‍ത്തകന്‍ എന്നനിലയില്‍ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം ഏറ്റെടുക്കുക എന്നതാണ് അടിയന്തര പ്രാധാന്യം നല്‍കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശവും ക്യാമ്പസിന്റെ ജനാധിപത്യ സ്വഭാവവും ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങള്‍ തുടരുകയാണ്. പ്രതിഷേധിച്ചാല്‍ ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് എത്തും. പ്രതിഷേധിച്ചവര്‍ക്കെതിരെ പിഴ ഈടാക്കും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഒന്നിലേറെ സംഭവങ്ങളാണ് ഉണ്ടായത്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ യൂണിയന്‍ പ്രസിഡന്റിന്റെ രജിസ്ട്രേഷന്‍ നഷ്ടമായത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. 24 മണിക്കൂര്‍ റൂഡിങ്ങ്റൂം സമരം സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷണ വിദ്യാര്‍ഥിയാണ് ഞാന്‍.  സ്കൂളില്‍ റീഡിങ്ങ്റൂം 24 മണിക്കൂറും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ ഞങ്ങള്‍ വിജയിച്ചു. വളരെ സാധാരണ കുടുംബത്തില്‍നിന്ന് വരുന്ന വിദ്യാര്‍ഥിയാണ് ഞാന്‍. എനിക്ക് വിദ്യാഭ്യാസത്തിന്റെ മൂല്യമെന്തെന്ന് നന്നായി അറിയാം. അതിനാലാണ് ഇത്തരം ഒരു ആവശ്യത്തിനുവേണ്ടി സമരം ചെയ്യാന്‍ മുന്നോട്ടുവന്നത്. കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്എഫ്ഐ ആണ് എനിക്ക് പ്രവര്‍ത്തന രംഗത്തേക്ക് എത്താന്‍ വഴിയൊരുക്കിയത്. എന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി പോരാടാന്‍ പഠിപ്പിച്ചത്. 'മേയ്ക്കപ്പ് മാന്‍, വെയിറ്റര്‍, പ്രസ് ജീവനക്കാരന്‍' അനുഷ്ക ഷെട്ടി, കാജള്‍ അഗര്‍വാള്‍, പ്രിയ ആനന്ദ്, ഹരിപ്രീയ തുടങ്ങിയ നടിമാരുടെ മേയ്ക്കപ്പ്മാനായിരുന്നു. അനുഷ്ക ഷെട്ടി, സംവിധായകന്‍ രാജമൌലി എന്നിവരെ ഒരുപാട് ബഹുമാനിക്കുന്നു. സിനിമാ സെറ്റിലെ എല്ലാവരെയും ബഹുമാനിക്കുന്നതാണ് അനുഷ്ക ഷെട്ടിയുടെ രീതി. തന്റെ ജോലി ആത്മാര്‍ഥമായി എത്ര കഷ്ടപ്പെട്ടും പൂര്‍ത്തിയാക്കാനാണ് രാജമൌലി ശ്രമിക്കുന്നത്. ഇതാണ് ഇരുവരോടും തോന്നിയ ബഹുമാനത്തിന്റെ കാരണം. പ്ളസ്ടു പഠനം കഴിഞ്ഞ് വിദ്യാഭ്യാസം തുടരാനാണ് തെലുങ്ക് സിനിമകളില്‍ മേയ്ക്കപ്പ്മാനായി  ജോലി ചെയ്തു തുടങ്ങിയത്. വേതനം നല്‍കുന്നതില്‍ കരാറുകാര്‍ നടത്തുന്ന വെട്ടിപ്പ് ചോദ്യം ചെയ്തതോടെ പല തവണ ജോലിയില്‍ നിന്ന് പുറത്താക്കി. ഹോട്ടലുകളില്‍ വിവിധ ജോലികള്‍ ചെയ്തു. 50 വിദ്യാര്‍ഥികളെ ചേര്‍ത്ത് കാറ്ററിങ്ങ് സംഘം രൂപീകരിച്ചു. ടെന്നീസ് താരം സാനിയ മിര്‍സയുടെ സ്വഹ്രബ് മിര്‍സയുമായുള്ള വിവാഹ നിശ്ചയം നടന്നപ്പോള്‍ അവിടെ വെയിറ്ററായിരുന്നു. ഈ സമയം ഹൈദരാബാദിലെ നിസാം കോളേജില്‍ ഡിഗ്രി പഠനം തുടങ്ങി. എസ്എഫ്ഐ പ്രവര്‍ത്തനത്തിലും സജീവമായി. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പഠനം പിന്നീട് വിദൂര പഠന സര്‍വകലാശാലയിലൂടെ പൂര്‍ത്തിയാക്കി. ഇതിനുശേഷം സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിനു ചേര്‍ന്നു. ഇവിടെ 50,000 രൂപ ഫീസ് നല്‍കാന്‍ രാത്രിയില്‍ പ്രസ് ജീവനക്കാരനായി. 2013ല്‍ റെയില്‍വേയില്‍ ജോലി ലഭിച്ചു. ഈ സമയത്താണ് ജെഎന്‍യുവില്‍ പ്രവേശനം ലഭിച്ചത്. ഇതിനിടയില്‍ പതിനേഴോളം ജോലികളാണ് ചെയ്തത്. ഓരോദിവസവും പോരാട്ടം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ജനറല്‍ സെക്രട്ടറിയായി എനിക്ക് സധൈര്യം പ്രവര്‍ത്തിക്കാന്‍ കഴിയും. "ജെഎന്‍യുവിലെ സബര്‍മതി ഹോസ്റ്റലില്‍ ശ്രീകൃഷ്ണയുടെ 54-ാം റൂം നിറയെ സിനിമാ-കായിക താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ചിത്രങ്ങളാണ്. അനുഷ്ക ഷെട്ടി, നിത്യാ മോനോന്‍, സൈന നെഹ്വാള്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങി കാള്‍ മാര്‍ക്സും ലെനിനും സീതാറാം യെച്ചൂരിയുടെയും ചിത്രങ്ങളുണ്ട് അവിടെ. കഥയും കവിതയും സാഹിത്യവും ഇഷ്ടപ്പെടുന്ന ശ്രീകൃഷ്ണ ശ്രീരങ്കം ശ്രീനിവാസ റാവുവിന്റെ വിപ്ളവ കവിതകളുടെ ആരാധകനാണ്.'' കുടുംബം ഹൈദരാബാദിലെ ലിംഗമ്പള്ളിയിലെ ദളിത് കുടുംബാംഗമാണ്.  കൂലിവേല ചെയ്യുന്ന അച്ഛന്റെയും വീട്ടമ്മയായ അമ്മയുടെയും ഏക മകന്‍. വിജയത്തെ കുറിച്ച് അറിഞ്ഞ ഇരുവരും സന്തുഷ്ടരാണ്. വ്യാജ രാജ്യ സ്നേഹത്തിന്റെ പ്രചാരകര്‍ വ്യാജ രാജ്യ സ്നേഹമാണ് എബിവിപി പ്രചരിപ്പിക്കുന്നത്.  ഭരണഘടന വിഭാവനം ചെയ്യുന്നത് എന്താണെന്നും യാഥാര്‍ഥ രാജ്യസ്നേഹം എന്താണെന്നും അവര്‍ക്കറിയില്ല. കുറേയേറെപ്പേര്‍ അതില്‍ ആകൃഷ്ടരായി അവര്‍ക്കൊപ്പം പോകും. വരുംകാലത്ത് അവര്‍ തിരിച്ചറിയും എന്താണ് ജെഎന്‍യുവിന്റെ സംസ്ക്കാരമെന്ന്. തങ്ങള്‍ സഞ്ചരിക്കുന്നത് തെറ്റായ വഴിയിലൂടെയാണെന്ന് അവര്‍ മനസിലാക്കും. എബിവിപി വിദ്വേഷ പ്രചരണങ്ങള്‍ മാത്രമാണ് ഏറ്റെടുക്കുന്നത്. വിദ്യാര്‍ഥിക്കളുടെ പ്രശ്നങ്ങള്‍ ഒന്നുംപോലും അവര്‍ ഏറ്റെടുക്കാറില്ല. അതുവഴി വിസിയുടെ നയങ്ങളെയാണ് എബിവിപി സംരക്ഷിക്കുന്നത്. സര്‍ക്കാരിന്റെയും വിസിയുടെയും ഭാഗത്തുനിന്ന് സര്‍വകലാശാലയ്ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെ ഉണ്ടാകുന്ന ഓരോ നീക്കവും മുന്‍കൂട്ടി എബിവിപി അറിയുന്നുണ്ട്. അതിനെതിരെ ഒരിക്കല്‍പോലും ശബ്ദിക്കാറില്ല. സര്‍വകലാശാലയിലെ കോഴ്സുകളില്‍ സീറ്റുകള്‍ വെട്ടിക്കുറച്ചതിനെതിരായ പോരാട്ടത്തില്‍ എബിവിപി ഇല്ല.    തെരഞ്ഞെടുപ്പില്‍ തങ്ങള്‍ രാജ്യ സ്നേഹികളാണെന്നും മറ്റുള്ളവര്‍ രാജ്യദ്രോഹികളാണെന്നും പ്രഖ്യാപിച്ചാണ് അവര്‍ വോട്ട് തേടിയത്. എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ മറ്റുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക്, തൊഴിലാളികള്‍ക്ക്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ രാജ്യദ്രോഹികളാണെന്നാണ് ഇവരുടെ പക്ഷം. എല്ലാവരും സംഭവങ്ങള്‍ വീക്ഷിക്കുന്നുണ്ട്. ഒരു തെളിവുമില്ലാത്ത കാര്യങ്ങളാണിത്. കനയ്യ കുമാറിനെതിരെയും ഇത്തരം ആരോപണമാണ് ഉന്നയിച്ചത് അതിലും ഒരു തെളിവും ഇല്ല. ഇടത് സഖ്യം ഫാസിസ്റ്റ് രീതികള്‍ നടപ്പാക്കുന്ന വിസിക്കെതിരെ ഇടത് സംഘടനകള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. കാരണം കഴിഞ്ഞ ഒരു വര്‍ഷം വിദ്യാര്‍ഥികള്‍ അത്രയേറെ പ്രശ്നങ്ങള്‍ നേരിട്ടു. തെരഞ്ഞെടുപ്പിന് മുന്‍പ് എഐഎസ്എഫിനെയും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. പക്ഷെ, അവര്‍ അവരുടേതായ നിലപാടുമായി മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ സംഘപരിവാര്‍ സര്‍ക്കാരിനും എബിവിപിക്കും എതിരായ പോരാട്ടങ്ങളില്‍ എല്ലാ ഇടത്-പുരോഗമന ശക്തികളെയും ഒരുമിപ്പിച്ചു മുന്നോട്ടുപോകും. അവകാശവാദങ്ങളില്‍ മാത്രം ചിലര്‍ ഇടത്-പുരോഗമന പ്രസ്ഥാനങ്ങള്‍ ഈ കാലയളവില്‍ സന്ധിയില്ലാത്ത പോരാട്ടമാണ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയത്. ആ ഇടപെടലുകളാണ് ഈ ക്യാമ്പസിന് പ്രതിരോധിച്ചുനില്‍ക്കാന്‍ കരുത്തുനല്‍കിയത്. അതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഇത്തവണയും ഞങ്ങളെ തെരഞ്ഞെടുത്തത്. ചെറിയ തുകയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ സൌകര്യം ഉറപ്പാക്കിയത്് ഇടത് സംഘടനകളുടെ സമരങ്ങളെ തുടര്‍ന്നാണ്. എന്നാല്‍, എബിവിപി എന്താണ് വിദ്യാര്‍ഥികള്‍ക്കായി ചെയ്തിട്ടുള്ളതെന്നതാണ് പ്രസക്തമായ ചോദ്യം. വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത ഒരു സമരത്തിലും എബിവിപി രംഗത്തുണ്ടായിട്ടില്ല. കോഴ്സുകളുടെ സീറ്റുകള്‍ വെട്ടിക്കുറച്ചപ്പോള്‍ അവര്‍ മൌനം പാലിച്ചു. അവകാശവാദമുന്നയിക്കുന്നതില്‍ കാര്യമില്ല, വിദ്യാര്‍ഥികള്‍ക്കായി ഇടപെടുന്നതിലാണ് കാര്യം. ക്യാമ്പസിലെ ഏറ്റവും വലിയ സംഘടനയാണെന്നും എല്ലാം ഞങ്ങളാണ് ചെയ്തതെന്നും എബിവിപി പ്രഖ്യാപിക്കും. തങ്ങളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ എന്ന അവരുടെ പ്രഖ്യാപനം പോലെയാണിതും. മറ്റുള്ളവര്‍ രാജ്യദ്രോഹികളാണെന്നാണ് എബിവിപിയുടെ പ്രചരണം. ഞങ്ങള്‍ രാജ്യദ്രാഹികളാണെങ്കില്‍ വിദ്യാര്‍ഥികള്‍ അവരുടെ പ്രതിനിധികളായി ഞങ്ങളെ തെരഞ്ഞെടുക്കുമോ.? വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി ഞങ്ങള്‍ പോരാടുന്നതിനാലാണ് അവര്‍ ഞങ്ങളെ തെരഞ്ഞെടുത്തത്. എബിവിപിയെക്കാള്‍ 1107 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനറല്‍ സെക്രട്ടറിയായി ഞാന്‍ ജയിച്ചത്. അതില്‍നിന്നുതന്നെ എത്ര ആധികാരികമാണ് ഞങ്ങളുടെ വിജയമെന്നത് വ്യക്തമാണ്. പോരാട്ടം തുടരുക തന്നെ ചെയ്യും.. ഈ ക്യാമ്പസിനെ കൂടുതല്‍ ജനാധിപത്യ പരമാക്കാന്‍ ദളിത്-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടി ഞങ്ങള്‍ പേരാട്ടം തുടരുക തന്നെ ചെയ്യും.. ഇത് പരാജയപ്പെടാനുള്ള സമരമല്ല.. ഫോട്ടോ: കെ എം വാസുദേവന്‍ Read on deshabhimani.com

Related News