പുഴ മെലിഞ്ഞതല്ല അടിത്തട്ട‌് ഒലിച്ചുപോയതാണ്കോഴിക്കോട‌് പ്രളയാനന്തരം പുഴകളിൽനിന്ന‌് ഒരുമീറ്റർ ആഴത്തിൽ അടിത്തട്ട‌് ഒലിച്ചുപോയതായി പ്രാഥമിക നിരീക്ഷണം. സിഡബ്ല്യുആർഡ‌ിഎം ശാസ‌്ത്രസംഘം കോഴിക്കോട‌് ജില്ലകളിലെ  ഇരുവഴിഞ്ഞി, പൂനൂർ, ചെറുപുഴ, കുറ്റ്യാടി, കോരപ്പുഴ, ചാലിയാർ  എന്നിവിടങ്ങളിൽ നടത്തിയ പ്രാഥമിക പഠനത്തിലാണ‌് ഈ കണ്ടെത്തൽ. സാധാരണ ഗതിയിൽ വലിയ മഴയ‌്ക്ക‌് ശേഷം അടിത്തട്ട‌് 20 മുതൽ 25 സെന്റി മീറ്റർ ആഴത്തിലാണ‌് ഒലിച്ചുപോകാറ‌്.  പ്രളയം രൂക്ഷമായ ജില്ലകളിലെ പുഴകളിൽ 100 സെന്റിമീറ്ററിലേറെ അടിത്തട്ട‌് നീങ്ങിയിട്ടുണ്ടാകുമെന്നാണ‌് വിലയിരുത്തൽ.  സിഡബ്ല്യുആർഡ‌ിഎം നടത്താനൊരുങ്ങുന്ന വിശദമായ പഠന ശേഷമേ ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിക്കൂ. പുഴയുടെ ആഴം കൂടുന്തോറും അത‌് ഭൂഗർഭ ജലവിതാനത്തെ  ബാധിക്കും.അതേ സമയം ജലവിതാനം കുറയുന്നതിൽ ആശങ്ക വേണ്ടെന്നും തുലാവർഷം നല്ല രീതിയിൽ ലഭിച്ചാൽ അടുത്തവേനലിൽ വരൾച്ചയെ അതിജീവിക്കാനാകുമെന്നുമാണ‌് വിദഗ‌്ധർ പറയുന്നത‌്.   ഹൈഡ്രോളജി ആൻഡ‌് വാട്ടർ റിസോഴ‌്സസ‌് എൻജിനിയറിങ‌് വിഭാഗം സീനിയർ പ്രിൻസിപ്പൽ സയന്റിസ‌്റ്റ‌് വി പി ദിനേശന്റെ നേതൃത്വത്തിലാണ‌് ആറ‌് പുഴകൾ സന്ദർശിച്ചത‌്. പുഴകളിലെയും സമീപത്തെയും കിണറുകളിലെ ജലവിതാനം, പുഴയോരത്തുണ്ടായ മണ്ണൊലിപ്പ‌്, വശങ്ങൾ ഇടിയൽ എന്നീ വിവരങ്ങളെടുത്തു. പുഴകളുടെ തുടക്ക ഭാഗങ്ങളിലാണ‌് മേൽത്തട്ട‌് ഒലിച്ചുപോയത‌്.  അതേസമയം മറ്റിടങ്ങളിൽ മണ്ണിന്റെയും മറ്റും നിക്ഷേപവും എത്തി. അടിത്തട്ട‌് ഒലിച്ചുപോയ പുഴകളുള്ള മേഖലകളിലെ കിണറുകളിലാണ‌് പ്രധാനമായും  വെള്ളത്തിൽ  കുറവുള്ളത‌്. അടിത്തട്ട‌് ഒലിച്ച‌് പുഴയുടെ ഘടനതന്നെ മാറി.  വെള്ളത്തെ നിലനിർത്തുന്ന  ക്ലേ ലെയർ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു. ചില ഭാഗങ്ങളിൽ ക്ലേ ലെയർ ഒഴുകിയെത്തി. തകർന്ന ക്ലേ ലെയറിലൂടെ വെള്ളം ഭൂമിക്കടിയിലേക്ക‌് ഇറങ്ങിയതും പുഴകളിലെ വെള്ളം കുറച്ചു.    ചിലയിടങ്ങളിൽ മാത്രമാണ‌് അടിത്തട്ട‌് ഒഴുകിയത‌്. വ്യത്യസ‌്ത നിലകളിൽ അടിത്തട്ട‌് രൂപീകരിക്കപ്പെടുമ്പോൾ ഉയർന്ന ഭാഗത്തുനിന്ന‌് അടിത്തട്ട‌് താഴ‌്ന്നയിടത്തേക്ക‌് (ഹൈഡ്രോളജി  ഗ്രേഡിയന്റ‌്)  ഭൂഗർഭ ജലം കൂടുതൽ പ്രവേഗത്തോടെ ഒഴുകും. ഈ പ്രതിഭാസം  ഭൂഗർഭ ജലവിതാനത്തെ കാര്യമായി സ്വാധീനിക്കും.  അതിവേഗത്തിൽ വെള്ളം കുത്തിയൊലിച്ച‌്  അടിത്തട്ട‌് ഒലിച്ച‌് പുഴകളുടെ ആഴം കൂടുമ്പോൾ  സ്വാഭാവികമായി കൂടുതൽ ഭൂഗർഭജലം പുഴകളിലെത്തും. ഇതിന്റെ തുടർ പ്രക്രിയയായാണ‌് ഈ  മേഖലകളിൽ  കിണറുകളിലെ വെള്ളം കുറയുന്നത‌്. Read on deshabhimani.com

Related News