ജെഎന്‍ യു വൈസ് ചാന്‍സലര്‍ക്കെതിരെ പരസ്യ അന്വേഷണം പ്രഖ്യാപിച്ച് അധ്യാപക സംഘടനന്യൂഡല്‍ഹി > ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരായ ഗുരുതര ആരോപണങ്ങളില്‍ പരസ്യ അന്വേഷണം പ്രഖ്യാപിച്ച് അധ്യാപകരുടെ സംഘടന. ജെഎന്‍യു വി സി ജഗദീഷ് കുമാര്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പെരുമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജെഎന്‍ യു ടീച്ചേഴ്‌സ് അസോസിയേഷന്‍(ജെഎന്‍യുടിഎ) അന്വേഷണം പ്രഖ്യാപിച്ചത്. വൈസ് ചാന്‍സലര്‍ക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന 'കുറ്റപത്രം' ജെഎന്‍ യുടിഎ ചൊവ്വാഴ്‌ച വിസിയുടെ ഓഫീസിന് നല്‍കിയിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും വാദത്തിന് നേരിട്ടോ പ്രതിനിധി മുഖേനയോ ഹാജരാകുമോ എന്നതില്‍ മറുപടി നല്‍കാനും അധ്യാപക സംഘടന അറിയിച്ചു. അധ്യാപക നിയമന പ്രക്രീയയുടെ വിശ്വാസ്യത ഇല്ലാതാക്കി, സംവരണ ചട്ടങ്ങള്‍ ലംഘിച്ചു, അധ്യാപകരെ അധിക്ഷേപിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്‌തു, വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള സമിതി(ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ കമ്മിറ്റി എഗെയ്ന്‍സ്‌റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്- ജിഎസ്‌കാഷ്)യെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു, ജെഎന്‍യുവില്‍നിന്ന് കാണാതായ വിദ്യാര്‍ഥി നജീബിനെ കണ്ടെത്തുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ നടത്തിയില്ല തുടങ്ങിയ കുറ്റങ്ങളാണ് വി സി ജഗദീഷ് കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. വി സിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ഈ മാസം 23 മുതല്‍ 27 വരെ വാദം നടക്കും. വി സിക്ക് നേരിട്ടോ പ്രതിനിധി വഴിയോ ആരോപണങ്ങളെ എതിര്‍ക്കാനും വിശദീകരണം നല്‍കാനും അവസരമുണ്ടാകും. 20ന് ഉള്ളില്‍ എഴുതി തയാറാക്കിയ മറുപടി നല്‍കാനും അവസരമുണ്ട്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനോ ചര്‍ച്ചയ്‌ക്കു വഴിയൊരുക്കാനോ വി സി തയാറാകാത്തതിനാലാണ് പരസ്യ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ജെഎന്‍ യുടിഎ പ്രസിഡന്റ് ആയിഷ കിദ്വായി പറഞ്ഞു. സര്‍വകലാശാലയില്‍ അധികാരം ഒരാളില്‍ കേന്ദ്രീകരിക്കുന്ന അപകടകരമായ പ്രവണതയിലേക്കാണ് നീങ്ങുന്നത്. ആരെ നിയമിക്കണം, എന്ത് പഠിപ്പിക്കണം, ഏത് വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കണം എന്നതെല്ലാം ഒരാള്‍ തീരുമാനിക്കുന്ന സ്ഥിതിയായി. സംഘടനയുടെ ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചാണ് വി സിക്ക് എതിരായ അന്വേഷണം നടത്തുന്നതെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു. നിയമ വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ജൂറിയാകും വാദം കേള്‍ക്കുക. ജൂറിയുടെ കണ്ടെത്തലുകള്‍ അധികരിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആയിഷ പറഞ്ഞു.   Read on deshabhimani.com

Related News