അതിരുകൾ മായ‌്ച്ച‌് മൊസാംബിക്കും നിക്കൊളാസുംകോഴിക്കോട‌് എൻഐടിയിൽനിന്ന‌് ബിഇഎം സ‌്കൂളിലേക്ക‌് നിക്കൊളാസ‌് വെറുതെ വന്നതല്ല. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഒാരോന്നായി ഒരുക്കി സഹായിക്കുമ്പോൾ ഈ ആഫ്രിക്കക്കാരന‌് അതൊരു പ്രായശ‌്ചിത്തം കൂടിയാണ‌്. കാരണം അവനറിയാം വെള്ളപ്പൊക്കം സൃഷ്ടിക്കുന്ന ദുരിതത്തിന്റെ ആഴം. അവന്റെ നാട‌് എത്രയോ പ്രളയത്തെ അതിജീവിച്ചതാണ‌്.  കോഴിക്കോട്ട‌് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കുള്ള ഭക്ഷണക്കിറ്റ‌് ഒരുക്കുന്നവരുടെ കൂട്ടത്തിലാണ‌് മൊസാംബിക്കിൽ നിന്നുള്ള നിക്കോളാസ‌് ഹലുംഗോയും പങ്കാളിയാകുന്നത‌്. വലിയൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കേരളം കൈകോർക്കുമ്പോൾ അതിൽ തന്റെ കൈയും ചേർക്കുന്നതിൽ സന്തോഷമുണ്ടെന്ന‌്  ഈ ആഫ്രിക്കക്കാരൻ പറയുന്നു. എന്നാൽ ഇതിലും വലിയൊരു  ദുരന്തത്തിന്റെ കഥയുണ്ട‌് അവന‌് പറയാൻ. 2000 ത്തിൽ നാട‌് പ്രളയത്തിൽ മുങ്ങിയ കഥ വീട്ടുകാർ പറഞ്ഞത‌് നിക്കോളാസ‌് ഓർക്കുന്നു. അന്ന‌് അവന‌് രണ്ട‌് വയസ‌്. മൊസാംബിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ ഏകദേശം 700 പേർ  മരിച്ചു. 40000ത്തിലധികം വീടുകളും റോഡുകളും തകർന്നു. കന്നുകാലികൾ ചത്തു. എന്നാൽ 2011 ലെ വെള്ളപ്പൊക്കത്തിൽ നിക്കോളാസിന്റെ വീടിരിക്കുന്ന തലസ്ഥാന നഗരിയായ മാപുറ്റോയിലും വെള്ളം കയറി. അതിന്റെ ഭീകരത അവൻ അനുഭവിക്കുകയും ചെയ‌്തു. ചെറിയ പ്രായമായതിനാൽ അന്നൊന്നും രക്ഷാപ്രവർത്തനത്തിലോ ദുരിതാശ്വാസ ക്യാമ്പിലോ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ബയോടെക‌്നോളജിയിൽ രണ്ടാം വർഷ വിദ്യാർഥിയായ നിക്കൊളാസ‌് 2017ലാണ‌് എൻഐടിയിൽ ചേർന്നത‌്. അടുത്ത നവംബറിൽ നാട്ടിൽപോയി ഇവിടത്തെ കഥകളെല്ലാം വീട്ടുകാരോട‌് പങ്കുവയ‌്ക്കുമെന്ന‌്  നിക്കൊളാസ‌് പറഞ്ഞു.  കാരുണ്യത്തിനു മുന്നിൽ രാജ്യത്തിന്റെയും   ഭാഷയുടെയും അതിരുകൾ മായുമ്പോൾ കോഴിക്കോട്ടുകാർ  ഈ മൊസാംബിക്കുകാരനോടു പറയുന്നതും അതേ വാക്കാണ‌് നന്ദി... നിക്കോളാസ‌് നന്ദി... Read on deshabhimani.com

Related News