ക്യാപ്റ്റൻ

ഫോട്ടോ: ജയകൃഷ്‌ണൻ ഓമല്ലൂർ


തുടരെത്തുടരെ മൂന്ന‌് യുദ്ധങ്ങള്‍. ഓഖി, നിപാ, മഹാപ്രളയം. മൂന്നു ദുരന്തങ്ങളെ അക്ഷോഭ്യനായി നേരിട്ട നായകന് വിശ്രമിക്കാന്‍ സമയമില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കിപ്പണിയണം. പ്രളയത്തിനുമുമ്പുള്ള കേരളമല്ല, പുതിയൊരു കേരളമാണ് ലക്ഷ്യം.    മഹാപ്രളയത്തെ അതിജീവിച്ചതിന്റെ ആശ്വാസമല്ല, ഇനിയെന്ത് ചെയ്യാനാകുമെന്ന ആശങ്കയുമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാനാകുക.  ഈ പ്രളയത്തെയും പ്രളയാനന്തരകാലത്തെയും കേരളം അതിജയിക്കുമെന്ന  നിശ്ചയദാര്‍ഢ്യം നല്‍കുന്ന കരുത്തും ആത്മവിശ്വാസവും അദ്ദേഹത്തില്‍നിന്ന് വായിച്ചെടുക്കാം. ഓഖിദുരന്തത്തിന് ഇരയായവര്‍ക്ക് പരാതിയില്ലാത്തവിധം നഷ്ടപരിഹാരവും പുനരധിവാസവും. കോഴിക്കോട് ജില്ലയില്‍ നിപാ ആപൽക്കരമായി പടര്‍ന്നപ്പോള്‍ അത് മറ്റെങ്ങും പടരാതിരിക്കാനുള്ള കരുതല്‍. കൃത്യമായ ഏകോപനത്തിന്റെ ഫലമായി ഈ രണ്ട‌് വെല്ലുവിളികളും അതിജീവിക്കാനായി. അതിനേക്കാളേറെ കഠിനാധ്വാനവും ഏകോപനവും വേണ്ടിവന്നു പ്രളയകാലത്ത്. അങ്ങനെ ആ യുദ്ധവും വിജയിച്ചിരിക്കുന്നു പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയും കേരളവും.  ഈദ്‌ നാളിലും അവിശ്രമം പ്രവര്‍ത്തിക്കുകയാണ് സെക്രട്ടറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്.  മുഖ്യമന്ത്രിയുടെ ഓഫീസിനുമുന്നില്‍ തടിച്ചുകൂടിയവര്‍ ഊഴമിട്ട് അകത്തേക്ക് കയറുന്നു. വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അവര്‍ കൈമാറുന്ന ചെക്കിലെ അക്കങ്ങളുടെ വലിപ്പച്ചെറുപ്പം ഇവിടെ പ്രസക്തമല്ല. ആ കടലാസുകഷണങ്ങളില്‍ രേഖപ്പെടുത്തിയതുതന്നെ നമ്മള്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ്.    തിരക്കിനിടയിലും അദ്ദേഹം വാചാലനായത് ദുരന്തത്തിന്റെ തീവ്രതയെക്കുറിച്ചല്ല, ദുരന്താനന്തരകാലത്ത് എന്തുചെയ്യാനാകും എന്നതിനെക്കുറിച്ചാണ്. മാറ്റിവച്ച ചികിത്സയെക്കുറിച്ചും ഇന്നലെവരെ എതിര്‍ത്തവര്‍ ഇന്നു പിശുക്കില്ലാതെ പ്രശംസിക്കുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയിലൊതുക്കി. ഈ ദുരന്തം നമുക്ക് എന്തു പാഠമാണ് നല്‍കുന്നത്?    ഒരുമയോടെ നിന്നാല്‍ ഏതു ദുരന്തത്തെയും നമുക്ക് അതിജീവിക്കാനാകുമെന്ന പാഠംതന്നെ. എല്ലാ മലയാളികളും ഒരേമനസ്സോടെയാണ് പ്രവര്‍ത്തിച്ചത്. ഇനി ദുരന്തത്തില്‍ തകര്‍ന്ന മേഖലകളുടെ പുനര്‍നിര്‍മാണത്തിനും മലയാളികള്‍ ഒന്നടങ്കം ഒരുമിച്ചുനില്‍ക്കും.    വലിയ വിമര്‍ശങ്ങള്‍ക്ക് ഇടവയ്ക്കുമായിരുന്ന  ദൗത്യം പഴുതുകളില്ലാതെ വിജയകരമായി പൂര്‍ത്തിയാക്കിയ ക്യാപ്റ്റനായാണ് കേരളജനത മുഖ്യമന്ത്രിയെ കാണുന്നത്. പ്രളയാനന്തരകാലത്തെക്കുറിച്ച് എന്തു പറയുന്നു.?    നൂറുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്. കണക്കെടുക്കാനാകാത്ത വിധമാണ് നഷ്ടങ്ങള്‍. 357 ജീവന്‍ നഷ്ടമായി. തകര്‍ന്നത് 26,000 വീടുകള്‍. 46,000 ഹെക്ടറില്‍ കൃഷിനശിച്ചു. രണ്ടുലക്ഷം കോഴികളും 46,000 കന്നുകാലികളും ചത്തു. ഇപ്പോള്‍ കണക്കാക്കിയത് 20,000 കോടി രൂപയുടെ നഷ്ടം. അന്തിമവിശകലനത്തില്‍ അത് എത്രയോ മടങ്ങ് വര്‍ധിക്കും. വെള്ളം പൂര്‍ണമായും ഇറങ്ങിയാല്‍മാത്രമേ വ്യക്തമായ കണക്ക് കിട്ടൂ. 535 ഉരുള്‍പൊട്ടലുകളുണ്ടായി.  ഈ ദുരന്തത്തില്‍നിന്ന് നമ്മള്‍ പുതിയൊരു കേരളം സൃഷ്ടിക്കും. ദുരന്തത്തിനുമുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരികയല്ല, പുതിയൊരു കേരളമാണ് നമ്മുടെ ലക്ഷ്യം. എല്ലാവരും അതിന് ഒന്നിച്ചുനില്‍ക്കും.    മത്സ്യത്തൊഴിലാളികളുടെ സഹായം തേടുക എന്ന ആശയം രക്ഷാപ്രവര്‍ത്തനത്തിലെ ഒരു കേരളമോഡലായാണ് വിലയിരുത്തപ്പെടുന്നത്. ആ ആശയം ഇത്രയും ഫലപ്രദമാകുമെന്നതില്‍ ആത്മവിശ്വാസമുണ്ടായിരുന്നോ. ?    രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര‐സംസ്ഥാന സര്‍ക്കാരുകളുടെ വലിയ ഏകോപനമുണ്ടായിരുന്നു. പൊലീസും അഗ്നിശമനസേനാ വിഭാഗവും ആര്‍മിയും നേവിയും കോസ്റ്റ്ഗാര്‍ഡും എന്‍ഡിആര്‍എഫും എല്ലാം പ്രവര്‍ത്തിച്ചു. മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനായി വിളിക്കുന്ന കാര്യം ആദ്യ അവലോകനയോഗത്തില്‍ത്തന്നെ ചര്‍ച്ച ചെയ്തിരുന്നു. ഫിഷറീസ് വകുപ്പിനെ അതിന്റെ ചുമതല ഏല്‍പ്പിച്ചു.    കേരളത്തിനെതിരെയുള്ള തുടര്‍ച്ചയായ വിദ്വേഷപ്രചാരണം ഈ ദുരന്തവേളയിലും കണ്ടു. പട്ടാളക്കാരുടെ വേഷത്തില്‍ ഒരു വ്യാജന്‍. കേരളത്തിലുള്ളവര്‍ സമ്പന്നരായതുകൊണ്ട് സഹായം നല്‍കേണ്ടെന്ന് മറ്റൊരാള്‍. ബീഫ് കഴിക്കുന്നവര്‍ക്കുവേണ്ടി എന്തിന് നേരംകളയണമെന്ന് വേറൊരാള്‍. ദൈവകോപമാണെന്ന് മറ്റു ചിലര്‍. ഇവര്‍ക്ക് മറുപടിയുണ്ടോ. ?   പ്രത്യേകതരം മാനസികാവസ്ഥയുള്ളവര്‍ സമൂഹത്തിലുണ്ട്. അവര്‍ ദുരന്തകാലത്തും പ്രത്യക്ഷപ്പെട്ടു. പൊതുസമൂഹം ഇവര്‍ക്കെതിരാണ്. ഒരുമയോടെ നില്‍ക്കുകയാണ് ജനങ്ങള്‍. വിദ്വേഷപ്രചാരണമൊന്നും അവര്‍ കാര്യമാക്കില്ല. നമുക്ക് വലിയതോതിലുള്ള സഹായം ആവശ്യമുണ്ട്. യുഎഇ 700 കോടി രൂപ നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. ഔപചാരികമായ ഒരു അപേക്ഷയും നല്‍കാതെയാണ് ഈ സഹായം. മറ്റു രാജ്യങ്ങളും സഹായങ്ങള്‍ വാഗ‌്ദാനം ചെയ്തിട്ടുണ്ട്. ഷാര്‍ജയും സഹായം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. വിദേശത്തുനിന്ന് സഹായം ലഭിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. എല്ലാ നാട്ടില്‍നിന്നും കേരളത്തില്‍ സഹായം ലഭിക്കുമെന്ന് കേന്ദ്രം ഉറപ്പുവരുത്തണം.   ചങ്കുറപ്പിന്റെ ചങ്ങാടം ആഴിയും തിരയും കാറ്റും ആഴവും കണ്ടവര്‍. കലികൊണ്ട കടല്‍ത്തിരകളുടെ വീര്യം നിത്യവും കാണുന്നവര്‍. എല്ലാ ആണ്ടിലും വറുതിയുടെ പെരുമഴക്കാലം താണ്ടുന്നവര്‍. സുനാമിയാലും ഓഖിയാലും പരീക്ഷിക്കപ്പെട്ടവര്‍. ഏത‌് വെല്ലുവിളി സ്വീകരിക്കാനും മനക്കരുത്തും കായികബലവുമുള്ളവര്‍. ഒരു വിളി, പ്രളയജലത്തിലുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഉടനെത്തണമെന്ന ഒരാഹ്വാനം.  രായ്‌ക്കുരാമാനം കേരളത്തിന്റെ കടലോരങ്ങളില്‍നിന്ന് ലോറികളില്‍ ഫൈബർ ബോട്ട‌് കയറ്റി അവര്‍ പുറപ്പെട്ടു. ട്രോളിങ് നിരോധനത്തിന്റെ ആലസ്യംവിട്ട് വള്ളവും കീശയുമൊക്കെ നിറയാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, മറ്റൊന്നുമോര്‍ക്കാന്‍ നേരമില്ല. പ്രളയജലത്തില്‍നിന്ന് കൂടപ്പിറപ്പുകള്‍ ജീവനുവേണ്ടി അലമുറയിടുമ്പോള്‍ എങ്ങനെ ശാന്തമായി കിടന്നുറങ്ങാനാകും കടലിന്റെ മക്കള്‍ക്ക്. സുനാമിയും ഓഖിയും ആഞ്ഞടിച്ചപ്പോള്‍ ആയിരങ്ങളുടെ മുറവിളി കേട്ടവരാണവര്‍.     പരിചിതമല്ലാത്ത വെള്ളപ്പരപ്പിലേക്കാണ് യാത്ര. കടല്‍ ഇങ്ങനെയല്ല. കാറും കോളുമുള്ളപ്പോഴും കടലിനൊരു മര്യാദയുണ്ട്. കടലമ്മ ചതിക്കില്ല ഒരിക്കലും. ഓരോ ഋതുവിലും തിരയുടെ ദിശയും കാറ്റിന്റെ ദിശയും മത്സ്യത്തൊഴിലാളിക്ക് മനപ്പാഠം. ഓരോ ദിക്കിലും കടലിന് ഓരോ മണമാണ്. ഇത്രദൂരത്ത് ഇന്ന മീന്‍ കിട്ടുമെന്ന് കൃത്യമായി അറിയാം.     പ്രളയജലം അങ്ങനെയായിരുന്നില്ല. അത് എവിടെനിന്ന് എങ്ങോട്ട് ഒഴുകിപ്പരക്കുമെന്ന് ഒരു നിശ്ചയവുമില്ല. അത് വള്ളത്തെ കറക്കിച്ചുറ്റിയടിക്കും. കടലിലെ ചുഴലികളും മലരികളുമൊന്നും പ്രളയജലത്തിനുമുന്നില്‍ ഒന്നുമല്ല.    ‘‘രാത്രി ഉറക്കംപിടിച്ച സമയത്താണ് സിപിഐ എം ഏരിയ സെക്രട്ടറിയും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ മനോഹരന്‍ ചേട്ടന്റെ വിളി. ഉടുത്ത വസ്ത്രങ്ങളുമായി തുറമുഖത്ത് പാഞ്ഞെത്തി. അപ്പോഴേക്കും 40 ബോട്ടുകൾ തയ്യാര്‍; തൊഴിലാളികളും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞതുപ്രകാരം ഉടന്‍ ചെങ്ങന്നൂരിലെത്തണമെന്നാണ് നിര്‍ദേശം. പാര്‍ടി പറഞ്ഞാല്‍ പിന്നെന്ത‌് നോക്കാന്‍. അപ്പോഴേക്കും മത്സ്യഫെഡ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. 40ബോട്ടുകള്‍ ഇവിടെനിന്ന് പോയി. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ മത്സ്യത്തൊഴിലാളികളും ആ സമയത്ത് ഞങ്ങളെപ്പോലെ പലയിടത്തായി രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടതായി അറിഞ്ഞു.'' നീണ്ടകരയില്‍നിന്ന് ആഗസ്ത് 15ന് രാത്രി ചെങ്ങന്നൂര്‍ക്ക് പോയി നാലുദിവസം രക്ഷാപ്രവര്‍ത്തനം നടത്തിയ പീറ്ററും അഗസ്റ്റിനും പറയുന്നു.    എത്രപേരെ കരയ്‌ക്കെത്തിച്ചു എന്ന് ചോദിച്ചാല്‍ എത്രയോ പേരെ എന്നാണ് മറുപടി. എൻജിന്‍ ഘടിപ്പിച്ച ബോട്ടുകളിലെ നാലുദിവസത്തെ രക്ഷാദൗത്യം ദുഷ്‌കരമായിരുന്നു. വെള്ളത്തിനടിയില്‍ റബര്‍ മരക്കൊമ്പുകള്‍, വൈദ്യുതിക്കമ്പികള്‍, വീടിന്റെയും പള്ളികളുടെയും മതിലുകള്‍, ഗേറ്റിന്റെ കൂര്‍ത്ത അഗ്രം. ഇവ മറികടന്നുവേണം വീടുകളിലുള്ളവരെ തേടി കണ്ടുപിടിക്കാന്‍. പലര്‍ക്കും ഇറങ്ങിവരാന്‍ മടി. എത്രയോ നിര്‍ബന്ധിക്കേണ്ടിവന്നു. താഴെ നിലയില്‍നിന്ന് ഒന്നാംനിലയിലേക്കും അവിടെനിന്ന് ടെറസിലേക്കും. എന്നിട്ടും ജലം ഭയപ്പെടുത്തിയപ്പോഴാണ്‌ അവർ വരാൻ സമ്മതിച്ചത്‌.  വൈദ്യുതിക്കമ്പിയില്‍ കയര്‍ കെട്ടിയാണ് പലപ്പോഴും വീടുകളിലേക്ക് ബോട്ട്‌ അടുപ്പിച്ചത്. വീടുകളില്‍ സുരക്ഷിതരെന്ന് തോന്നിയവര്‍ അവിടെത്തന്നെ നിന്നു. അവര്‍ക്കുവേണ്ടി ബോട്ടില്‍ ഭക്ഷണ പായ്ക്കറ്റുകള്‍ നിറച്ചുകൊണ്ടാണ് പോയത്. കിടപ്പുരോഗികള്‍, ഡയാലിസിസ് വേണ്ടവര്‍, പ്രായാധിക്യമുള്ളവര്‍, പല പ്രായക്കാര്‍, പല ജാതിയിലും മതത്തിലും പെട്ടവര്‍, മറ്റ‌് സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥിത്തൊഴിലാളികള്‍ തുടങ്ങിവരെയെല്ലാം ബോട്ടുകളിൽ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു.    വലിയൊരു ദൗത്യത്തില്‍ പതിനായിരങ്ങളുടെ ജീവന്‍ രക്ഷിക്കാനായതിന്റെ അഭിമാനമുണ്ട് കേരളതീരത്തെ ഓരോ മത്സ്യത്തൊഴിലാളിക്കും. മീന്‍ ചൂരുള്ള തുറകളില്‍ വസിക്കുന്ന, ഈ മനുഷ്യരാണ് ഇന്ന് മലയാളികളുടെ വീരനായകര്‍. രക്ഷാപ്രവര്‍ത്തനത്തിലെ കേരളമോഡല്‍. കെട്ടിടങ്ങളിലിടിച്ചും വെള്ളമിറങ്ങിയപ്പോള്‍ നിലത്തുരഞ്ഞും ബോട്ടുകള്‍ പലതും ഉപയോഗശൂന്യമായിട്ടുണ്ട്. അതെല്ലാം അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗയോഗ്യമാക്കിത്തരാമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ഈ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നു. തങ്ങള്‍ ചെയ്ത സേവനത്തിന് എന്തിന് പ്രതിഫലമെന്നും അതു ഞങ്ങളുടെ ചുമതലയെന്നും ചോദിച്ച കൊച്ചിയിലെ ഖയാസ് എന്ന മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ വികാരാധിക്യത്തോടെയാണ് കേരളം കേട്ടത്. സ്വന്തം ശരീരത്തെ സഹജീവികൾക്ക്‌ രക്ഷയിലേക്കുള്ള ചവിട്ടുപടിയായി മാറ്റിയ താനൂരിലെ മത്സ്യത്തൊഴിലാളി ജയ്‌സലിനെ ആദരവോടെയാണ്‌ കേരളം കണ്ടത്‌. ബര്‍ണാഡ് ഷായുടെ ഓള്‍ഡ് മാന്‍ ആന്‍ഡ് ദ സീ എന്ന നോവലില്‍ പറയുന്നുണ്ട്‐ ‘നിങ്ങള്‍ക്ക് എന്തില്ലെന്ന‌് ആലോചിക്കാനുള്ള സമയമല്ലിത്. നിങ്ങള്‍ക്കവിടെ ഉള്ളതുമായി എന്തുചെയ്യാനാകുമെന്ന് ആലോചിക്കുക' എന്ന്.  സഹജീവിസ്നേഹവും സേവനസന്നദ്ധതയും മനക്കരുത്തുമാണ് ഈ തൊഴിലാളികള്‍ക്കുള്ളത്. അവരത് തെളിയിച്ചു. വെറുതെയല്ല മുഖ്യമന്ത്രി ഇവരെ വിശേഷിപ്പിച്ചത്, കേരളത്തിന്റെ സൈന്യമെന്ന്. Read on deshabhimani.com

Related News