പ്രണയം മതിലുകളിലും എടലാക്കുടിയിലുംജയിലിലെ മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ബഷീറിയൻ പ്രണയം. വനിതാ സെല്ലിലെ തടവുകാരിയുടെ ശബ്ദംമാത്രം കേട്ട് പ്രണയിക്കുന്ന ബഷീർ എന്ന രാഷ്ട്രീയത്തടവുകാരൻ.   മോചിതനാകുമ്പോൾ ബഷീർ ചോദിക്കുന്നു, ആർക്കുവേണം സ്വാതന്ത്ര്യം? പ്രണയത്തിന്റെ സൗന്ദര്യവും സാർവലൗകികതയും നമ്മെ അനുഭവിപ്പിച്ചു മതിലുകൾ. അത് ബഷീറിന്റെ പ്രണയം. ഭാവനയോ യാഥാർഥ്യമോ എന്ന് തിരിച്ചറിയാനാകാത്തവിധം ഇഴപിരിഞ്ഞുകിടക്കുന്നു ആ പ്രണയം.    എന്നാൽ, പരസ്പരം കാണാതെയും കേൾക്കാതെപോലും പ്രണയിച്ച രണ്ടുപേരുണ്ട് നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൽ.  കൃഷ്ണപിള്ളയും തങ്കമ്മയും. അതെ, സഖാവ് പി കൃഷ്ണപിള്ളതന്നെ. കേരളത്തിൽ കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാൾ. എല്ലാ സഖാക്കളുടെയും സഖാവ്. അവരുടെ പ്രണയം നാമ്പിടുന്നത് മതിലുകളിലേതുപോലെതന്നെ ജയിലിൽ. നായകൻ ബഷീറിനെപ്പോലെതന്നെ രാഷ്ട്രീയ തടവുകാരൻ. പതിനേഴുകാരിയായ നായിക തടവുകാരിയല്ല, ജയിലിന്  പുറത്ത് ഹിന്ദി വിദ്യാർഥി. പ്രണയം കേരളത്തിലല്ല, നാഗർകോവിലിൽ. അവിടെ എടലാക്കുടിയിലെ ജയിലിൽ. മതിലുകളിലെ പ്രണയം  ശബ്ദം കേട്ടുകൊണ്ടായിരുന്നുവെങ്കിൽ  എടലാക്കുടിയിൽ ശബ്ദംപോലുമില്ല.    അയ്യൻപിള്ള എന്ന പൊലീസുകാരൻവഴി ജയിലിലെത്തിച്ച ഹിന്ദി പുസ്തകങ്ങളുടെ പുറംചട്ടയിൽ ഒളിപ്പിച്ച ഹിന്ദി കുറിപ്പുകളിലൂടെയാണ് കൃഷ്ണപിള്ളയും തങ്കമ്മയും പരിചയപ്പെട്ടതും   പ്രണയിച്ചതും. തിരുവിതാംകൂറിലെയും മലബാറിലെയും സഖാക്കൾക്ക് കൈമാറാനുള്ള സന്ദേശങ്ങൾക്കൊപ്പം പ്രണയവും കൈമാറി. മതിലുകളിലേതിനെക്കാൾ തീവ്രവും വ്യത്യസ്തതകൾ ഉള്ളതുമായ പ്രണയം.   ഉഷ്ണരാശി എന്ന നോവലിനു വേണ്ടിയുള്ള സഞ്ചാരങ്ങളും അന്വേഷണങ്ങളും വായനയുമാണ്‌ എന്നെ കൃഷ്ണപിള്ള‐തങ്കമ്മ പ്രണയത്തിലേക്ക് വലിച്ചടുപ്പിച്ചത്‌. ഉഷ്ണരാശിയിൽ കൃഷ്ണപിള്ളയുടെ ജീവിതവും മരണവും  മാത്രമേ പരാമർശിക്കുന്നുള്ളൂ. അതിൽ  പ്രണയം പ്രസക്തമല്ല. സഖാവ് (ടി വി കെ), ഓർമകളുടെ ചെപ്പ‌് (എൽ തങ്കമ്മ), സഖാവ് പി കൃഷ്ണപിള്ള (ചന്തവിള മുരളി), ശുചീന്ദ്രം രേഖകൾ (ടി എൻ ഗോപകുമാർ), സഖാക്കളുടെ സഖാവ്, സഖാവിന്റെ കത്തുകൾ തുടങ്ങിയ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ ജീവിതം പഠിക്കാൻ വിശദമായി വായിച്ചു.  അതിന്റെ ഫലമാണ് എടലാക്കുടി പ്രണയരേഖകൾ എന്ന നോവൽ.   പ്രാരാബ്ധങ്ങളിലേക്ക് ജനിച്ചുവീണയാളാണ് കൃഷ്ണപിള്ള.  അമ്മയും അച്ഛനും ഒരു വർഷത്തെ ഇടവേളയിൽ മരണമടഞ്ഞതോടെ സഹനങ്ങളുടെ മറ്റൊരു കാലം. ബന്ധുവായ ഗൗരിപ്പാപ്പ വൈക്കത്തുനിന്ന് ആലപ്പുഴയ്ക്ക് കൂട്ടിക്കൊണ്ടുപോയി ബാലനായ കൃഷ്ണപിള്ളയെ. അവിടെ പക്കർ സേട്ടിന്റെ പാണ്ടികശാലയിലും കയറ്റാപ്പീസിലും തൊഴിലെടുത്തു. എങ്ങും മനസ്സുറച്ചില്ല. രായ്ക്കുരാമാനം ആലപ്പുഴവിട്ട് വൈക്കത്തെത്തി.   ഹിന്ദിപഠിക്കാനായി അലഹബാദിലേക്ക് കള്ളവണ്ടി കയറി. അവിടെ ഹിന്ദി വിശാരദ് പൂർത്തിയാക്കിയാൽ നാട്ടിൽ ഹിന്ദി പ്രചാരകനായി ജോലിചെയ്യാം. കോൺഗ്രസ് പ്രവർത്തനവും തുടരാം. ഹരിദ്വാറിൽ തലമൊട്ടയടിച്ചും പൂണൂലിട്ടും നടന്നു, ധർമാലയങ്ങളിൽനിന്ന്  അന്നദാനം തരപ്പെടുത്താൻ.  ഹിന്ദി പഠിച്ചതോടെ സാഹിത്യവും പരിചിതമായി. പ്രേംചന്ദിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടനായി. ഇന്ത്യൻ സാമൂഹ്യജീവിതം ആഴത്തിൽ പഠിപ്പിച്ചു ആ പുസ്തകങ്ങൾ. അവയാണ് കൃഷ്ണപിള്ളയെ കമ്യൂണിസ്റ്റാക്കിയത്. നാട്ടിൽ തിരിച്ചെത്തിയതോടെ സാമൂഹ്യജീവിതത്തിൽ ഇടപെടാൻ തുടങ്ങി. വൈക്കം സത്യഗ്രഹംപോലുള്ള പ്രക്ഷോഭങ്ങളിൽ പങ്കാളിയായി.    1940ൽ മട്ടന്നൂർ‐മൊറാഴ സംഭവങ്ങൾക്കുപിന്നാലെയാണ് കൃഷ്പിള്ളയെ ഒളിവിൽ കഴിയവെ വൈക്കത്തുവച്ച് അറസ്റ്റ്ചെയ്യുന്നത്. പിന്നെ തിരുവനന്തപുരത്ത് ജയിൽവാസം. ജയിലിൽ സഹതടവുകാരുടെ അവസ്ഥയെക്കുറിച്ചായിരുന്നു  ഉൽക്കണ്ഠ. വാർഡന്മാർ തടവുകാരെ മർദിക്കുമ്പോൾ തടഞ്ഞു. 'നിർത്തിനെടാ ചെറ്റകളേ' എന്നാക്രോശിച്ചു. തടവുകാരെ സംഘടിപ്പിച്ച് ക്രൂരന്മാരായ വാർഡന്മാരെ കായികമായി നേരിട്ടു. ഇത് ജയിൽ അധികൃതരെ പ്രകോപിപ്പിച്ചു.  ശുചീന്ദ്രത്തു നിന്ന് ഒന്നര മൈൽ വടക്ക് നാഗർകോവിൽ എത്തുംമുമ്പ്  എടലാക്കുടിയിൽ ഒരു ജയിലുണ്ട്. കൊലക്കുറ്റത്തിന് വിധിക്കപ്പെട്ടവരാണ് അവിടെ. കൃഷ്ണപിള്ളയെ രഹസ്യമായി അങ്ങോട്ടു മാറ്റി. തമിഴരായ ഒട്ടുംമയമില്ലാത്ത ജയിൽവാർഡന്മാർ അവരുടെ  കൈക്കഴപ്പ് തീർത്തോളുമെന്ന്‌ പൊലീസ്‌ കരുതി.   കൃഷ്ണപിള്ളയെ ജയിലിൽനിന്ന് കാണാതായത് വലിയ കോലാഹലമുണ്ടാക്കി. കൃഷ്ണപിള്ള എവിടെ എന്ന ചോദ്യവുമായി നാടൊട്ടുക്ക് പൊതുയോഗങ്ങൾ.  സഖാവിന്റെ തിരോധാനത്തെക്കുറിച്ച് മാതൃഭൂമി യുടെ ഉശിരൻ മുഖപ്രസംഗം.    കൃഷ്ണപിള്ള എടലാക്കുടിയിൽ മറ്റൊരാളായിരുന്നു. സദാ വായനയും കുറിപ്പെടുക്കലും. മറ്റുള്ളവരുടെ കാര്യങ്ങളിലൊന്നും ഇടപെട്ടില്ല. വാർഡന്മാരിൽ ഇത് മതിപ്പുളവാക്കി. അയ്യൻപിള്ള എന്ന അഞ്ചുരൂപ പൊലീസുകാരനുമായി കൃഷ്ണപിള്ള തഞ്ചത്തിൽ അടുത്തു. ഹിന്ദി പുസ്തകം വായിക്കാൻ കിട്ടുമോ എന്നന്വേഷിച്ചു. അലഹബാദിൽ ഒപ്പം പഠിച്ച ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സഹപാഠിയായ കൃഷ്ണദാസിനെക്കുറിച്ച് തിരക്കി. മൊറാഴയിലും ചിറയ്ക്കലും തലശേരിയിലും എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകുമെന്നറിയണം. സഖാവ് ഇ എം എസ് എവിടെയെന്നറിയണം. തിരുവനന്തപുരം ജയിലിൽവച്ച് കൃഷ്ണപിള്ളയെ കൊന്നെന്ന കിംവദന്തി തെറ്റാണെന്ന് തെളിയിക്കണം. അതിന്് ജയിലിന് പുറത്തുള്ള ഒരാളുമായി ബന്ധം സ്ഥാപിക്കണം.    ഹിന്ദി പുസ്തകം തേടിയുള്ള അയ്യൻപിള്ള പൊലീസിന്റെ അന്വേഷണം എത്തിയത് ശുചീന്ദ്രത്തെ ഹനുമാൻ ക്ഷേത്രത്തിലെ പോറ്റി നടത്തുന്ന കാപ്പി ശാപ്പാട് കടയിൽ. അവിടെനിന്നിറങ്ങുമ്പോഴാണ് പോറ്റിയുടെ മകൾ മാറത്തടക്കിപ്പിടച്ച ഹിന്ദി പുസ്തകങ്ങളുമായി വരുന്നത്. തങ്കത്തെ പിന്തുടർന്ന് ‘ഇന്ദി പുത്തകം’ ആവശ്യപ്പെട്ടു. തങ്കം അമ്മയുടെ നാടായ കുഴിത്തുറയിലും തിരുവനന്തപുരം പേട്ട പെൺപള്ളിക്കൂടത്തിലുമാണ് പഠിച്ചത്.  കൃഷ്ണപിള്ളയുടെ രാഷ്ട്രീയജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരു വഴിത്തിരിവാകുകയായിരുന്നു അയ്യൻപിള്ളയുടെയും തങ്കത്തിന്റെയും കൂടിക്കാഴ്ച. ജയശങ്കർ പ്രസാദിന്റെ ചന്ദ്രഗുപ്ത് എന്ന പുസ്തകം തങ്കം അയാൾക്ക് കൈമാറി. തുടർന്നങ്ങോട്ട് അങ്ങനെ എത്രയോ പുസ്തകങ്ങൾ. പുസ്തകത്തിന്റെ ചട്ടയിലൊളിപ്പിച്ച സന്ദേശങ്ങൾ അവർ കൈമാറി. ആദ്യമൊക്കെ അവർ ഹിന്ദിയിൽ പേരെന്തെന്ന് ചോദിച്ച് പരിചയപ്പെട്ടു. തുടർന്ന് ആ പതിനേഴുകാരിയെ സന്ദേശങ്ങളിലൂടെ അദ്ദേഹം രാഷ്ട്രീയാഭിമുഖ്യമുള്ളവളാക്കി മാറ്റി. ഹിന്ദിയിലുള്ള സന്ദേശങ്ങൾ മൊഴി മാറ്റി അദ്ദേഹം പറഞ്ഞ സഖാക്കൾക്ക് രഹസ്യമായി അയച്ചുനൽകി. അപകടകരമായ ആ രഹസ്യ രാഷ്ട്രീയപ്രവർത്തനത്തിൽ തങ്കം പങ്കാളിയായി. ഒപ്പം പരസ്‌പരം കാണാതെ, കേൾക്കാതെ പ്രണയിച്ചു. ഒരിക്കൽ മാത്രം അവർ കണ്ടു. തടവുകാരെ കുളിപ്പിക്കാനായി വാർഡന്മാർ പുഴയിലേക്ക് കൊണ്ടുവരുന്ന വഴിക്ക്. സന്ദേശങ്ങൾ വായിക്കുകയും മൊഴിമാറ്റുകയും ചെയ്തതോടെ തങ്കമ്മ ഉശിരൻ കമ്യൂണിസ്റ്റായി. ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിറ്റേന്ന് ഹനുമാൻ പോറ്റിയെ കണ്ട് കൃഷ്ണപിള്ള കാര്യം അവതരിപ്പിച്ചു. "ഒരു കാര്യം പറയാം. ജീവിതത്തിൽ ഞാൻ കല്യാണം കഴിക്കുന്നെങ്കിൽ അത് തങ്കമ്മയെയായിരിക്കും. തങ്കമ്മയ്ക്ക് എന്നെ ഇഷ്ടമുള്ളിടത്തോളം കാലം മറ്റൊരാൾ തങ്കമ്മയുടെ കഴുത്തിൽ താലി ചാർത്തില്ല.'' പിറ്റേന്ന് തന്നെ രജിസ്റ്റർ കല്യാണം. ഒന്നരവർഷം നീണ്ടുനിന്ന പ്രണയം വെറും കാൽപ്പനികമായ ഒന്നായിരുന്നില്ല. ഏഴുവർഷത്തെ ദാമ്പത്യത്തിലും അവർ പ്രണയികളും അതേസമയം വിപ്ലവകാരികളുമായിരുന്നു.    മഹാനായ ഈ വിപ്ലവകാരിയുടെ പ്രണയത്തെക്കുറിച്ച് പഠിക്കാൻ സുഹൃത്തുക്കൾക്കൊപ്പം എടലാക്കുടിവരെ പോയി.  നമ്മൾ വായിച്ചറിഞ്ഞ പ്രണയങ്ങളേക്കാളെല്ലാം ഉദാത്തമായ ഒരു പ്രണയത്തിനുവേദിയായ ആ ജയിൽ ഇന്ന് സ്കൂളാണ്. ഏറെക്കാലമായി തുറക്കാതിരുന്ന തൂക്കുമുറി  തുറന്നുകാണിച്ചുതന്നു അധ്യാപകർ. എടലാക്കുടി പ്രണയരേഖകൾ എന്ന നോവലിന്റെ പിറവിക്ക് കാരണമായ ആ നാട് ഞങ്ങളന്ന‌് വിശദമായി കണ്ടു. ഓരോ ആഗസ്ത് പത്തൊമ്പതിനും ഓർക്കാനുള്ള അനുഭവങ്ങളുമായാണ് അന്ന് ഞങ്ങൾ മടങ്ങിയത്. Read on deshabhimani.com

Related News