ചൂളം വിളിക്കും; തീവണ്ടിയും സ്റ്റേഷൻ മാസ്റ്ററും

എം കെ ബിജോയ്‌


ജോലി കഴിഞ്ഞ് താളത്തിൽ ചൂളമടിച്ചാണ് വൈപ്പിൻ മാലിപ്പുറം വളപ്പ് മരങ്ങാട്ടുവീട്ടിൽ എം സി കൊച്ചുബാവ വീട്ടിലേക്ക് കയറിയിരുന്നത്. പൊതുമരാമത്തുവകുപ്പിലെ ജീവനക്കാരനായ അച്ഛന്റെ ചൂളമടി മകൻ എം കെ ബിജോയിയും പകർത്തി. അച്ഛന്റെ വരവറിയിച്ചുള്ള സിഗ്നൽ അനുകരിച്ച് അമ്മ രമണിയെ പറ്റിക്കാൻ ചൂളമടിച്ചു തുടങ്ങിയ ബിജോയി ഇപ്പോൾ ചുണ്ടുകൂർപ്പിക്കുന്നത് ചുറ്റുമുള്ളവർ കാതോർക്കും. ശ്രുതിശുദ്ധമായ ഗാനങ്ങൾ ആ ചുണ്ടുകളിൽനിന്ന് ഉതിരും. മറ്റുള്ളവർ ബിജോയിയുടെ ചൂളംവിളിപ്പാട്ടിന് കാതോർക്കുമ്പോൾ ബിജോയി ശ്രദ്ധിക്കുന്നത് ട്രെയിന്റെ ചൂളംവിളി. ഇനിയും അംഗീകരിക്കപ്പെടാത്ത ചൂളംവിളിയെന്ന കലാരൂപത്തിൽ പുതുവഴികൾ തേടുന്ന ബിജോയ്‌ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററാണ്. തൊഴിലിലും ഉപാസിക്കുന്ന കലയിലും പ്രാധാന്യം ചൂളംവിളിക്ക്.  മലയാളം, ഹിന്ദി, തമിഴ് ഭേദമില്ലാതെ ചൂളംവിളിയുടെ ലിപിയില്ലാത്ത ഭാഷയിൽ, എഴുതപ്പെട്ട പാഠങ്ങളില്ലാത്ത, ഇനിയും അംഗീകരിക്കപ്പെടാത്ത കലാരൂപത്തിൽ അത് ഒഴുകിക്കൊണ്ടേയിരിക്കും. അച്ഛനെ അനുകരിച്ച് തുടങ്ങിയ ചൂളംവിളിയിൽ അത്ഭുതങ്ങൾ സാധിക്കുമെന്ന് തിരിച്ചറിയാൻ പിന്നെയും വർഷങ്ങൾ വേണ്ടിവന്നു. അതിന് വഴിവച്ചത് ഇൻകം ടാക്സ് ഉദ്യോഗസ്ഥനായ അമ്മാവൻ രമേഷ്ബാബു സമ്മാനമായി നൽകിയ ഒരു ഓഡിയോ കാസറ്റ്. ബാസിഗർ എന്ന  ഷാരൂഖ്‌ഖാൻ ചിത്രത്തിലെ പാട്ടുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങി ചുണ്ടുകൾക്കിടയിലെ ശ്വാസത്തിലൂടെ പുറത്തേക്ക് ഒഴുക്കുകയായിരുന്നു. ബാസിഗറിലെ 'യേ മേരെ ഹം സഫർ' എന്ന ഗാനത്തിന്റെ തുടക്കത്തിലെ ചൂളംവിളിയിൽ ആകൃഷ്ടനായി. പിന്നെ വരികൾക്കും ചൂളംകൊണ്ട് ശബ്ദം നൽകി.   കൊച്ചിൻ കോളേജിലെ ഡിഗ്രി വിദ്യാർഥിയായിരിക്കെ എൻഎസ്എസ് ക്യാമ്പിൽവച്ചാണ് ബിജോയിയുടെ കഴിവ് നാലാൾ അറിയുന്നത്. സന്ധ്യാസദസ്സിൽ പരിപാടി അവതരിപ്പിക്കാനുള്ളവരുടെ പട്ടികയിൽ  ബിജോയിയുടെ പേര് രഹസ്യമായി എഴുതിച്ചേർത്തത് കൂട്ടുകാരൻ. അത് വഴിത്തിരിവായി. ഒരുകൈ നോക്കാമെന്ന ആത്മവിശ്വാസത്തിൽ അന്ന് ബിജോയി അറിഞ്ഞ് 'പാടി'. സർഗത്തിലെ 'സംഗീതമേ അമരസല്ലാപമേ' എന്ന ഗാനത്തെ എല്ലാവരും അഭിനന്ദിച്ചു. അന്നുമിന്നും ചൂളമടിച്ചുപാടാൻ ഏറെയിഷ്ടം ഈ ഗാനം. ഇതിനിടെ കോളേജിലെ ഗാനമേള ടീമിൽ അവസരം കിട്ടാൻ ഗായകവേഷമണിഞ്ഞെങ്കിലും തന്റെ വഴി അതല്ലെന്ന് തിരിച്ചറിഞ്ഞ ബിജോയി പക്കമേളക്കാരനായി. ഒരുതവണപോലും തബല വായിക്കാതെ മനസ്സിലെ താളബോധം കൈമുതലാക്കി ഗാനമേളയ്ക്ക് തബല വായിച്ചു. അതോടെ ഗാനമേള പഠിപ്പിക്കാനെത്തിയ ഗുരു തബല പഠിക്കാൻ നിർബന്ധിച്ചു. രണ്ടുവർഷം ആ വഴി നടന്നു. റെയിൽവേയിൽ ജോലി കിട്ടി തിരുനെൽവേലിക്ക് വണ്ടികയറിയതോടെ തബലയുടെ താളം അകന്നു, ട്രെയിന്റെ താളം ജീവിതതാളമായി.  പോളിടെക്നിക് വിദ്യാർഥിയായിരിക്കെ സംസ്ഥാന പോളി കലോത്സവത്തിൽ രണ്ടുവട്ടം വൃന്ദവാദ്യത്തിൽ സമ്മാനം നേടിയിട്ടുണ്ട് ബിജോയ്‌. ആ കഥ ഓർക്കുമ്പോൾ ബിജോയിയുടെ മുഖത്ത് ചിരിവിടരും. എസ്എഫ്ഐ പാനലിൽ ആർട്്സ് ക്ലബ് സെക്രട്ടറിയായിരിക്കെ നെയ്യാറ്റിൻകരയിലും കാഞ്ഞങ്ങാട്ടും നടന്ന കലോത്സവങ്ങളിലാണ് ബിജോയി എതിരാളികൾക്ക് 'പണികൊടുത്ത'ത്. 1998ൽ നെയ്യാറ്റിൻകരയിൽ നടന്ന പോളി കലോത്സവത്തിൽ പങ്കെടുക്കാൻ കൈവീശിയെത്തിയ ബിജോയി തിരൂർ പോളിയിൽനിന്ന് മത്സരിക്കാനെത്തിയ ഗിരിജന്റെ ട്രിപ്പിൾ ഡ്രം കടംവാങ്ങിയാണ് മത്സരിച്ചത്. ഫലം വന്നപ്പോൾ ബിജോയിക്ക് രണ്ടാംസ്ഥാനം; സ്നേഹംകൊണ്ട് ട്രിപ്പിൾ ഡ്രം കടം നൽകിയ ഗിരിജന് മൂന്നാംസ്ഥാനം. അടുത്തവർഷം കാഞ്ഞങ്ങാട്ട് ഇതേയിനത്തിൽ മത്സരിക്കാനെത്തിയ ബിജോയിക്ക് ജാസ് ഡ്രംസ് കടം നൽകിയ സഹപാഠി റജിമോനും 'പണികിട്ടി'. പഠനമോ പരിശീലനമോ ഇല്ലാതെ സദസ്സിനെ ഇളക്കിമറിച്ച പ്രകടനത്തോടെ ബിജോയി ഒന്നാംസ്ഥാനം കൊണ്ടുപോയപ്പോൾ റജിമോൻ രണ്ടാമതായി. സംഘഗാനത്തിൽ തബലയും ഓർക്കസ്ട്രയിൽ റിഥം ബോക്സും ബിജോയി വായിച്ചു. രണ്ടിനത്തിലും ടീമിന് ഒന്നാംസ്ഥാനം.  ജോലി കിട്ടി തിരുനെൽവേലിയിൽ എത്തിയപ്പോഴേക്കും ചൂളംവിളി (വിസിലിങ്)ക്കായി കൂടുതൽ സമയം നീക്കിവച്ച ബിജോയി പുതിയ ഗാനങ്ങൾ പഠിച്ച് ചൂളംവിളിച്ചുപാടുന്നത് ശീലമാക്കി. ഇതിനിടെ വ്യത്യസ്തമായ ഈ കഴിവുള്ള മറ്റു ചിലരെ കണ്ടെത്തി. ഒരുവർഷത്തോളം നീണ്ട തിരുനെൽവേലിജീവിതത്തിന് സ്ഥലംമാറ്റത്തിലൂടെ അവസാനമായെങ്കിലും സഹ വിസിലടിക്കാരുമായി സമ്പർക്കം പുലർത്തി. 2008ൽ ചെന്നൈയിൽ ഇന്ത്യൻ വിസിലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 48 പേരിൽ ഒരാളായി പങ്കെടുത്തു. സാരേ ജഹാം സേ അച്ഛാ ചൂളംവിളിയിലൂടെ ആലപിച്ച സംഘം ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. ആ പ്രകടനത്തിന് പത്തുവർഷം പൂർത്തിയാകാനിരിക്കെ കേരളത്തിൽ നൂറുപേരെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോഡിലേക്ക് ചൂളംവിളിച്ച് കയറാനുള്ള ഒരുക്കത്തിലാണ് ബിജോയി. സംഘടനയുടെ കേരളഘടകം രൂപീകരിച്ച് അതിനുള്ള ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് ബിജോയിയും കൂട്ടരും.  ഇതിനിടെ തൃശൂർ കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യ വിസിൽ ബാൻഡിലും (വിസിൽ സിംഫണി) ബിജോയ്‌ അംഗമായി. നാലുപേരാണ് സംഘത്തിലുള്ളത്. ഉപകരണങ്ങളുടെ അകമ്പടിയോടെ ചൂളംവിളിച്ചുപാടുന്ന ബാൻഡിന് ആവശ്യക്കാരേറുമ്പോൾ മറ്റൊരു നേട്ടത്തിലേക്ക് വിളി പ്രതീക്ഷിക്കുകയാണ് ബിജോയി. ജപ്പാനിൽ 2018 മേയിൽ നടക്കുന്ന ലോക വിസിലിങ് പ്രകടനത്തിൽ ഇന്ത്യയിൽനിന്ന് പങ്കെടുക്കാനുള്ള ക്ഷണമാണത്. ആദ്യഘട്ട ഓഡിഷനിൽ വിജയിച്ച ബിജോയിക്ക് അതിന് വഴിതുറന്നത് ചൂളംവിളിയിലെ പുതുപരീക്ഷണമാണ്. ചൂളംവിളിച്ചുപാടുന്നതിനൊപ്പം ഉപകരണത്തിൽ താളമൊരുക്കുകയെന്ന വെല്ലുവിളിയാണ് ബിജോയി സാധ്യമാക്കിയത്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ജപ്പാനിലേക്ക് ചൂളമടിച്ചുപറക്കുന്ന ഇന്ത്യൻ സംഘത്തിൽ ബിജോയിയും ഉണ്ടാകും.  ചുണ്ടുകൾക്കിടയിലൂടെ ശ്വാസത്തിന്റെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിൽ ശബ്ദം പുറപ്പെടുവിക്കാൻ ബിജോയിക്ക് കഴിയും. അങ്ങനെ റെയിൽവേ ജോലിയും ചൂളംവിളിയുമായി ഇരുവഴികളിലും താളം കണ്ടെത്തി മുന്നേറുന്ന ബിജോയിക്ക് ഭാര്യ മാലയും നാലാംക്ലാസ് വിദ്യാർഥി മകൻ അദ്വൈതുമാണ് കൂട്ട്.    ംീൃഹറീളമിമിറ@ഴാമശഹ.രീാ Read on deshabhimani.com

Related News