കാൽപ്പനിക ബിംബങ്ങളുടെ പ്രയോഗഭംഗി

ദൈവക്കളി/ കഥ/ അജിജേഷ്‌ പച്ചാട്ട്‌/ ഡി സി ബുക്ക്‌സ്‌/ വില: 160 രൂപ


മലയാളസാഹിത്യത്തിന്റെ വ്യവഹാരമേഖലകളിൽ കഥകൾക്കുണ്ടായ മാറ്റം അത്ഭുതാവഹമാണ്.  മൂല്യശോഷണത്തെ നാട്ടുഭാഷയുടെ തെളിമയിൽ ആവിഷ‌്‌കരിച്ച പത്ത് കഥകളുള്ള അജിജേഷ് പച്ചാട്ടിന്റെ 'ദൈവക്കളി’ എന്ന സമാഹാരത്തിൽ ഇൗ മാറ്റം അനുഭവിച്ചറിയാം. വരികൾക്കിടയിലൊളിപ്പിച്ച കൂരമ്പുകളാണ‌്  അജിജേഷിന്റെ കഥകളെ വേറിട്ടുനിർത്തുന്നത്.   സാമൂഹികാധഃപതനങ്ങളെ വാക്കുകളുടെ ചുഴികളിലേക്ക് എടുത്തെറിയണമെങ്കിൽ  ആത്മവിശ്വാസവും കൂസലില്ലായ‌്മയും ആജ്ഞാശക്തിയും വേണം. അതുണ്ട‌് ഈ പത്ത് കഥകളിലും. വിശ്വാസപ്രമാണങ്ങളെയും അന്ധവിശ്വാസങ്ങളെയും മിഥ്യാപ്രയോഗങ്ങളെയും നാട്ടുകുല ചിന്തകളെയും തകർത്തെറിയുന്ന ദൈവക്കളിതന്നെ ആദ്യ കഥ. കാൽപ്പനിക ബിംബങ്ങളാലുള്ള പ്രയോഗഭംഗിയിലൂടെ അരമണിക്കൂർ ദൈർഘ്യമുള്ള ചോദ്യപ്പേപ്പർ, കൂവൽക്കിണറുകൾ, പൊന്മൂർച്ച, താക്കോലുള്ള കുട്ടി, കാസ്ട്രോത്സവശേഷം, മ എന്ന കാർണിവലിലെ നായകനും നായികയും, പശുമതികൾ, റാഡ്ക്ലിഫിന്റെ കത്രിക, പേടിപ്പതിപ്പ് എന്നിങ്ങനെ വളരെ വ്യത്യസ‌്ത  പേരുകൾ നൽകി  ആമുഖക്കുറിപ്പില്ലാത്ത പുസ‌്തകം അനുവാചകരുടെ ചിന്തകളെ ഇളക്കിമറിക്കുന്നു.   ജീവനുള്ളതിന്റെയും അല്ലാത്തതിന്റെയും ഓരോ പരമാണുവിലും   ഉണ്ടെന്ന് പറയപ്പെടുന്ന ദൈവംതന്നെയാണ് അരുതായ‌്മക്ക‌്  മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്ന‌് ദൈവക്കളിയിൽ  കഥാകാരൻ പറയുന്നു.  ദൈവത്തിന്റെ വികൃതികൾക്കപ്പുറം ആൾദൈവക്കലമ്പലുകളും  കുഴഞ്ഞുമറിയുന്നു. ‘അര മണിക്കൂർ ദൈർഘ്യമുള്ള ചോദ്യപ്പേപ്പർ സദാചാര ഗുണ്ടായിസത്തിനും  ഹീറോയിസത്തിനും എതിരെയുള്ള യുവസാഹിത്യകാരന്റെ പ്രതിഷേധമാണ്. മത‐രാഷ്ട്രീയ‐തൊഴിൽമേഖലകളിലെ അസമത്വങ്ങളും  വാഹനാപകടത്തിൽ പെട്ട് മരണത്തോട് മല്ലടിക്കുന്നയാളെ ആശുപത്രിയിലെത്തിക്കുമ്പോഴുണ്ടാകുന്ന തരം തിരിവുകളാണ‌് പേടിപ്പതിപ്പിൽ അജിജേഷ് ഏകീകരിച്ചിട്ടുള്ളത്. 'പശുമതികൾ’ എന്ന കഥ തുറക്കുമ്പോൾത്തന്നെ വായനക്കാരന് ഗോരക്ഷാ മാർച്ചും സമരവും  ഗോ ആധാറുമൊക്കെ മണക്കും. അതിലുപരി തൊഴിലില്ലായ്മയുടെ ഭവിഷ്യത്തുകളുമെല്ലാം പരസ്‌പരം ഇടകലർത്തിയാണ് പശുമതികൾ ക്രമീകരിച്ചിട്ടുള്ളത്.      വൈവാഹികജീവിതത്തിൽ  ഒരുമിച്ച് നേടിയെടുക്കേണ്ടുന്ന അവകാശമാണ് ലൈംഗികസുഖം. പലപ്പോഴും ആണധികാരം   രതിമൂർച്ഛയെന്തെന്ന‌്  സ‌്ത്രീയെ അനുഭവിപ്പിക്കാതിരിക്കുന്നത‌് ഇതിവൃത്തമായ മികച്ചൊരു കഥയാണ് 'പൊന്മൂർച്ച’.  വാർധക്യത്തെ മൂലയിലേക്കൊതുക്കുന്ന പ്രമേയത്തിലൂടെയാണ് കാസ്ട്രോത്സവശേഷം, മ എന്ന കാർണിവലിലെ നായകനും നായകിയും എന്നീ കഥകൾ സഞ്ചരിക്കുന്നത്.     ബന്ധങ്ങളെ നിസ്സാരപൂർവം തിരസ‌്കരിച്ച് സ്വന്തമായി നിർമിച്ച പല രാജ്യങ്ങളുടെയും ആശയങ്ങളുടെയും രാജാവാകുന്ന അധീശത്വത്തെ അജിജേഷിന്റെ 'റാഡ്ക്ലിഫിന്റെ കത്രിക’ മുറിച്ചു കഷണങ്ങളാക്കുന്നുണ്ട്. പൂണൂൽധാരി ചേലാകർമം ചെയ്യുമ്പോഴുള്ള സാമൂഹിക എരിച്ചിലുകളും പുകച്ചിലുകളും അനുഭവിപ്പിക്കുന്നുണ്ട‌് ‘താക്കോലുള്ള കുട്ടി’.   അജിജേഷിന്റെ കഥാലോകത്തിലെ നാഴികക്കല്ലുതന്നെയാണ‌് ഈ കഥ.  കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന കൂട്ടമായതും ഒറ്റപ്പെട്ടതുമായ കുറെയേറെ പ്രശ്നങ്ങളെ ബീജം കണക്കെ അക്ഷര ഗർഭത്തിലേക്ക് ചീറ്റിത്തെറിപ്പിക്കാനും വളർത്തി ജനിപ്പിക്കാനും ഈ കഥാകൃത്തിന‌്  സാധിച്ചിട്ടുണ്ട്.     Read on deshabhimani.com

Related News