കഥ വന്നു, പാട്ടുംപാടിഅടുത്ത തിരിവിനപ്പുറം എന്തെന്നറിയാത്ത അനിശ്ചിതത്വമാണ് ജീവിതത്തിന് അർഥവും ആവേശവും നൽകുന്നതെന്ന് പറയാറുണ്ടല്ലോ. 45‐ാംവയസ്സിൽ ജീവിതം അപ്രതീക്ഷിതമായി വെട്ടിത്തിരിഞ്ഞ ഒരു ഹെയർപിൻ വളവാണ് എന്റെ ജീവിതത്തെ മറ്റൊന്നാക്കിയത്. ഇന്ന്, കഷ്ടിച്ച് അഞ്ചുവർഷത്തെ എഴുത്തുജീവിതത്തിൽനിന്ന് ഒന്നും എഴുതാതിരുന്ന 45 വർഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മലമുകളിൽനിന്ന് കാണുന്ന താഴ്വരയിലെ പുഴവരയാകുന്നു അന്നത്തെ ജീവിതം. ഇഴകീറിപ്പിരിച്ചാൽ എന്തെങ്കിലുമൊക്കെ കണ്ടെത്താമെങ്കിലും ഭ്രാന്തിന്റെ ഒരംശം എന്നും എന്നെത്തന്നെ നോക്കിച്ചിരിച്ച് ഉള്ളിലുണ്ടായിരുന്നതൊഴിച്ചാൽ എഴുതിത്തുടങ്ങുന്നതിന് വ്യക്തമായൊരു കാരണം ഇപ്പോഴും എനിക്ക് ചികഞ്ഞെടുക്കാനായിട്ടില്ല. പത്തിൽ പഠിക്കുമ്പോൾ മാതൃഭൂമി ചെറുകഥാമത്സരത്തിൽ സംസ്ഥാനതലത്തിൽ സമ്മാനം കിട്ടിയതും ആ കഥ അച്ചടിച്ചുവന്നതും ആ അവധിക്കാലത്ത് 200 പേജിന്റെ ബുക്കിൽ നിറയെ കഥയെഴുതിക്കൂട്ടിയതും ഒഴിച്ചാൽ എഴുത്ത് പിന്നെ സ്വിച്ചിട്ടപോലെ നിന്നു. എഴുതുന്നതിനേക്കാൾ വായിക്കാനായിരുന്നു കമ്പം. ഉപനിഷത്തുമുതൽ ഫ്രിജോകാപ്രവരെ. കപിലസംഹിതമുതൽ മാർക്സിസംവരെ. വായിച്ചതിനെപ്പറ്റിയെല്ലാം കുറിപ്പെടുക്കുകയും ചെയ്തിരുന്നു ആ മഹാവ്യക്തി! വായിക്കുന്നതെല്ലാം പുതിയകാര്യമായതിനാൽ കുറിപ്പുകൾ പലപ്പോഴും പുസ്തകത്തേക്കാൾ വലുതായി. ഒഎംസിയുടെ ഋഗ്വേദ തർജമയുടെ കുറിപ്പുകൾ 200 പേജിന്റെ 14 ബുക്കുകളിൽ തയ്യാറാക്കിയത് അടുത്തിടെ കണ്ടുകിട്ടിയപ്പോഴാണ് എന്തൊരു ഭ്രാന്തൻ കാലമായിരുന്നു അതെന്ന് ഞാൻതന്നെ അമ്പരന്നത്. സത്യത്തിൽ ശരിയായ ഇഷ്ടം എഴുത്തും വായനയുമൊന്നുമായിരുന്നില്ല. ചിരിക്കരുത്, യേശുദാസാകാനായിരുന്നു മോഹം. ഗായകനാകാനല്ല, യേശുദാസാകാൻതന്നെ. ഇന്നും ആ അത്യാഗ്രഹത്തിന് മാറ്റമില്ല. കുട്ടിക്കാലത്ത് ഏറ്റവുമധികം ദൈവത്തോട് പ്രാർഥിച്ചത് എന്നെ യേശുദാസാക്കണേ എന്നായിരുന്നു. യേശുദാസിന്റെ ശബ്ദവുമായി എന്റെ ശബ്ദത്തിന് എത്രശതമാനം ഛായയുണ്ടെന്ന് അനിയനെക്കൊണ്ട് പറയിക്കുന്നതായിരുന്നു മറ്റൊരു പാതകം. എന്റെ രോഗമറിയാൻ ബുദ്ധിയുള്ളവനായതിനാൽ അവൻ 90 ശതമാനംവരെ മാർക്ക് തരും. അപ്പോൾ തൊണ്ണൂറേയുള്ളോ എന്ന് എനിക്ക് സങ്കടമായി. അത് നൂറിലെത്തിക്കാൻ പിന്നെയും പാടിത്തകർക്കലായി. അഞ്ചിലും ആറിലും പഠിക്കുമ്പോഴേ ദാസേട്ടന്റെ ശബ്ദവുമായി 90 ശതമാനം ഛായയുള്ള ഒരാളെന്നുവച്ചാൽ ചില്ലറക്കാര്യമാണോ? ഏഴാംക്ലാസിൽ പഠിക്കുമ്പോൾ, സംഗീതം പഠിച്ചിട്ടില്ലാത്ത ഞാൻ ക്ലാസിൽ 'നക്ഷത്രദീപങ്ങൾ തിളങ്ങി' വച്ചുകാച്ചിയത് ഇപ്പോഴും നാണംകൊണ്ട് തലകുനിയാതെ ഓർക്കാനാകില്ല. പിൽക്കാലത്ത് സംഗീതം പഠിക്കാൻ പോയപ്പോഴാണ് അന്നത്തെ കടുംകൈയുടെ വലിപ്പം മനസ്സിലായത്. അതോടെ പാവം യേശുദാസ് ജീവിച്ചുപൊയ്ക്കോട്ടെ’എന്നഭാവത്തിൽ ഞാൻ ലജ്ജയോടെ ജീവിതത്തിന്റെ ഒരരികിലേക്ക് മാറി. കുറച്ചുകാലം പതിഞ്ഞമട്ടിലായിരുന്ന വായന അതോടെ, പൊടുന്നനെവന്ന് എന്നെ വിഴുങ്ങി. ദാസേട്ടനനുകൂലമായി ഒ വി വിജയനും എം മുകുന്ദനും സക്കറിയയും ആഷാമേനോനും നടത്തിയ ഉപജാപങ്ങളായിരുന്നോ അതിനുപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു!  ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ സ്വയംപ്രഖ്യാപിത സാഹിത്യനിരൂപകനും ചലച്ചിത്രവിമർശകനും ആയിട്ടായിരുന്നു പ്രവേശം. അരവിന്ദനെയും അടൂർ ഗോപാലകൃഷ്ണനെയും  മാത്രമല്ല, ഫെല്ലിനിയെയും ഗൊദാർദിനെയുംപോലും സ്വന്തം ഇഷ്ടത്തിൽ വ്യാഖ്യാനിച്ചു. ഇപ്പോൾ പകലെന്ന് പറഞ്ഞാൽ രാത്രിയെന്നും രാത്രിയെന്ന് പറഞ്ഞാൽ പകലെന്നും തർക്കിക്കാനുള്ള അഹന്ത ശീലിച്ചു. ഇതിനിടയിൽ വിവരക്കേടിന്റെ ബിഎയും എംഎയും മാത്രമല്ല, വിവാഹവും കഴിഞ്ഞു. അതോടെ തൊഴിൽരഹിതന്റെ ധർമസങ്കടപ്പുഴയിൽ അഹങ്കാരവും തർക്കവും അക്ഷരവും സംഗീതവുമെല്ലാം അപ്പാടെ ഒലിച്ചുപോയി. ഭാഗ്യത്തിന് അധികം കഷ്ടപ്പെടാതെ ജോലികിട്ടി. അതും മോഹിച്ചപോലെ പത്രപ്രവർത്തനംതന്നെ. (അതല്ലാതെ മറ്റൊരു ജോലിയും ഇപ്പോഴും അറിയില്ലെന്നത് സത്യം!) ജീവിതം അങ്ങനെ മര്യാദയ്ക്ക് പോകുമ്പോഴാണ് പഴയ ഭ്രാന്തൻ പിന്നെയും വന്ന് വിളിക്കുന്നത്.  പത്രപ്രവർത്തനത്തിന്റെ രണ്ടുദശകത്തിന്റെ പങ്കപ്പാടുകൾ ഒരു ആയുർവേദചികിത്സയുടെ നിർവികൽപ്പസമാധിയിലേക്ക് എന്നെ കൊണ്ടെത്തിച്ചതായിരുന്നു ആ സവിശേഷ സാഹചര്യം. ആശുപത്രിമുറിയിൽ എങ്ങനെ സമയം കളയുമെന്ന് ആലോചിച്ചു. വായിക്കാമെന്ന് തീരുമാനിച്ചു. മറ്റുള്ളവർ എഴുതുന്നത് വായിച്ചിരിക്കാതെ നിനക്കെന്തെങ്കിലുമെഴുതി മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ചുകൂടേ എന്ന് ചോദിച്ചു, ഭ്രാന്തൻ. കഥയെഴുതൂ എന്നു നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്ന പലരും അപ്പോഴേക്കും ഇവന്റെ കഥ തീർന്നു എന്നമട്ടിൽ ആ കലാപരിപാടി അവസാനിപ്പിച്ചത് ചിന്ത തട്ടിയുരുട്ടിക്കൊണ്ടുവന്നു. എന്നാലൊരു കഥയെഴുതിയാലോ എന്നാലോചിച്ചതും ഭ്രാന്തൻ ആവേശത്തോടെ വിരലിൽ പിടിച്ചുകഴിഞ്ഞു. ആദ്യത്തെ കഥ ദൈവമരത്തിലെ ഇല. അത് വായിച്ച ചിലർ എഴുതാതിരിക്കരുതെന്ന് ശകാരിച്ചു. അതോടെ എഴുതിക്കളയാമെന്നങ്ങു തീരുമാനിച്ചു. സമാധാനത്തിന്റെ വഴികൾ, ദൈവവിചാരം എന്നീ കഥകൾ പിന്നാലെ ഉണ്ടായി. ദൈവവിചാരം ആ വർഷത്തെ ഏറ്റവും മികച്ച കഥയായി പല നിരൂപകരും പ്രശംസിച്ചതോടെ ആത്മവിശ്വാസമായി. രസകരമായി കഥയെഴുതാനാകുന്നവന് നോവലും വഴങ്ങുമെന്ന് ചിലർ ഉപദേശിച്ചപ്പോൾ, ഇനിയൊരു നോവൽ എന്നുറപ്പിച്ചു. അങ്ങനെയാണ് തമോവേദം വരുന്നത്. ഇന്റർനെറ്റ് യുഗത്തിലും കത്തുകൾ... വിദേശത്തുനിന്നുപോലും ഫോൺകോളുകൾ... കാവതി എന്ന സാങ്കൽപ്പികഗ്രാമത്തിന്റെ തനിരൂപം കാണാനെത്തുന്നവർ...സ്വാമിയമ്മാവനെ തൊഴാനെത്തുവന്നവർ... ഭാവന വിട്ട് കഥയും കാര്യവും നാലുമണിവെയിൽപോലെ എങ്ങോട്ടൊക്കെയോ നീണ്ടുപോയി. തമോവേദത്തിനുപിന്നാലെ പ്രാണസഞ്ചാരം, കൽപ്രമാണം, പുത്രസൂക്തം, കാറൽ മാർക്സ്; കൈലാസം വീട്, മറപൊരുൾ, കലിപാകം എന്നീ നോവലുകൾ, ദൈവമരത്തിലെ ഇല, ഗൂഢം എന്നീ കഥാസമാഹാരങ്ങൾ. പുതിയ നോവൽ അടുത്തുവരാനിരിക്കുന്നു. എഴുത്തൊന്നു നിർത്താമോ എന്നു പണ്ടത്തെ ഉത്സാഹക്കമ്മിറ്റിക്കാർ ചോദിക്കുന്ന കാലം വിദൂരമല്ലെന്ന് ചുരുക്കം..!  എന്തൊരു സ്പീഡാണ് എഴുത്തിനെന്ന് പലരും മൂക്കത്ത് വിരൽവയ്ക്കാറുണ്ടെങ്കിലും എനിക്ക് അത്ഭുതം തോന്നാറില്ല. കാരണം, കഥയെഴുതാഞ്ഞ കാലത്ത് ഞാൻ മനസ്സിൽ എഴുതിമായ്ച്ചുകളഞ്ഞവയുടെ ഏഴയലത്തുപോലും വരുന്നില്ല ഇത്. പല അഭിമുഖങ്ങളിലും സൂചിപ്പിച്ചതുപോലെ അടച്ചുവച്ച പ്രഷർകുക്കർ തുറന്നുവിട്ട അവസ്ഥയാണിന്ന്. എഴുത്ത് ഇപ്പോൾ ആവേശമാണ്. എഴുതാതിരിക്കാനാകില്ലെന്ന അവസ്ഥ. ഭാഷയിലും ക്രാഫ്റ്റിലും കാഴ്ചയിലും വിഷയത്തിലുമെല്ലാം ഞാൻ വൈവിധ്യം തേടാൻ ശ്രമിക്കുന്നുണ്ട്. സാത്താൻപൂജയാണ് തമോവേദത്തിലെ വിഷയമെങ്കിൽ ശങ്കരാചാര്യരുടെ ജീവിതമാണ് മറപൊരുൾ. കേരളത്തിന്റെ പരിസ്ഥിതിപ്രശ്നങ്ങളാണ് കൽപ്രമാണമെങ്കിൽ കലിയുടെ വേറിട്ട ജീവിതമാണ് കലിപാകം. അടുത്തുവരാനിരിക്കുന്ന നോവലായ പെണ്ണരശാകട്ടെ, സ്ത്രീകളുടെ പ്രശ്നങ്ങളാണ് ചർച്ചചെയ്യുന്നത്. എന്റെ ഒരു രചനയും കൈയിലെടുത്താൽ ഒരാളും വായിക്കാതെ പോകരുതെന്ന് നിർബന്ധമുണ്ട്. വായിച്ചുകഴിഞ്ഞ് വിമർശിച്ചോട്ടെ. പക്ഷേ, വായിക്കണം. വായിപ്പിക്കാനുള്ള വഴികൾ പലതും പരീക്ഷിക്കാറുണ്ട്. ആദ്യ പത്തുപേജിൽ മനസ്സ് മടുത്താൽ വായനക്കാർ എന്നെന്നേക്കുമായി ആ പുസ്തകം അടച്ചുവച്ചുപോകും എന്നതാണ് നോവലിനുള്ള പരിമിതിയും വെല്ലുവിളിയും. അത് നേരിടാൻ എനിക്കിഷ്ടമാണ്. മറപൊരുൾ എഴുതാൻ അദ്വൈതത്തിന്റെ തലനാരിഴ കീറിയുള്ള നൂറിലേറെ ഗ്രന്ഥങ്ങൾ പഠിക്കേണ്ടിവന്നു. എന്റെ രചനകൾ വായിച്ചും അഭിനന്ദിച്ചും എവിടെയായിരുന്നു ഇതുവരെ എന്നൊക്കെ വായനക്കാർ ഇപ്പോൾ ചോദിച്ചുകേൾക്കുമ്പോൾ കണ്ണുനിറയും. ആത്മവിശ്വാസമില്ലായ്മ നഷ്ടപ്പെടുത്തിയ നാലുപതിറ്റാണ്ടുകളുടെ സങ്കടം ഉള്ളിൽനീറും. ഒരുപക്ഷേ, മലയാളസാഹിത്യത്തിന്റെ ഭാഗ്യം പാട്ടുമൂളുന്നതിനിടയിൽ ഉള്ളിലെ ഭ്രാന്തൻ അടക്കം പറയും. ശരിയെന്ന് ഞാനും തലകുലുക്കും. Read on deshabhimani.com

Related News