ഹിന്ദുത്വം: അധിനിവേശത്തിന്റെ പ്രച്ഛന്നവേഷംഹിന്ദുത്വവാദികളെല്ലാം ഇപ്പോൾ  ചരിത്രമാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. മുഗൾരാജാക്കന്മാരെക്കുറി ച്ചാണ് അവരുടെ മുഖ്യ ‘ഗവേഷണം'.  ബിജെപി  എംഎൽഎമാർ, മന്ത്രിമാർ  തുടങ്ങി ആർഎസ്എസ് ശിക്ഷണം കിട്ടിയവരെല്ലാം ഈ ഗവേഷണത്തിൽ  വ്യാപൃതർ. പിതാവിനെ തടവറയിലിട്ട നരാധമനാണ് താജ്മഹൽ  ഉണ്ടാക്കിയതെന്നത്രേ യോഗി ആദിത്യനാഥ് കണ്ടെത്തിയത്. വാസ്തവത്തിൽ  ഷാജഹാൻ പിതാവിനെ തടവിലിട്ടിട്ടില്ല. ഷാജഹാന്റെ പുത്രൻ ഔറംഗസീബാണ് അത്‌ ചെയ്‌തത്‌. അക്ബർ വിദേശിയാണെന്നും ആദിത്യനാഥ് കണ്ടെത്തി. അക്ബർ ജനിച്ചത് സിന്ധിലെ ഉമർകോട്ടിലാണ്. സിന്ധ്‌ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു. പ്ലാസ്‌റ്റിക്‌ സർജറിയിലൂടെയാണ് ഗണേശന്റെ മുഖം ഇന്ന് കാണുന്ന തരത്തിലായതെന്ന് പറഞ്ഞത്‌ പ്രധാനമന്ത്രി. സരസ്വതി നദി ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ  കുഴൽക്കിണർ കുഴിച്ചവരാണ് സംഘപരിവാർ  ‘ചരിത്രകാരന്മാർ'. അശാസ്ത്രീയതയുടെ ഇരുണ്ടമേഘങ്ങൾ വിജ്ഞാനമണ്ഡലത്തിലെ ആകെ മൂടുകയാണ്. ചരിത്രം തിരുത്തിയെഴുതാൻ മാത്രമല്ല, വിദ്യാഭ്യാസരംഗത്തെയാകെ വർഗീയവൽക്കരിക്കുന്ന നടപടികളാണ് അരങ്ങേറുന്നത്. വി ഡി സവർക്കറെ അവർ സ്വാതന്ത്ര്യസമരസേനാനിയായി പ്രഖ്യാപി ച്ചു. ഗാന്ധിയെ പതിയെ പാഠപുസ്തകങ്ങളിൽനിന്ന് നീക്കംചെയ്‌ത്‌ സവർക്കറിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. മിത്തിനെ ചരിത്രമായി വായിക്കാനുള്ള പരിശീലനവും നൽകുന്നു.  അശോകന്റെ ധർമശാസനത്തിന് മനുസ്മൃതിയാണത്രേ പ്രചോദനം! യഥാർഥ അറിവിനെ ഭയക്കുന്നവർ സൃഷ്ടിക്കുന്ന, അസംബന്ധപൂർണമായ ഇത്തരം വെളിപ്പടുത്തലുകളെയാണ് സാമാന്യമായി നാം ‘കാവിവൽക്കരണം' എന്ന് പറയുന്നത്. കാവിവൽക്കരണത്തിന്റെ അപകടം തുറന്നുകാട്ടുന്ന അതിശക്തമായ കൃതിയാണ് ഡി  എൻ  ഝാ എഴുതിയ Against The Grain: Notes on Identity, Intolerance and History.   പത്ത് പ്രബന്ധങ്ങളും അനുബന്ധമായി ചേർത്ത  അഭിമുഖങ്ങളുമാണ്   ഉള്ളടക്കം. ഹിന്ദുത്വവാദത്തിന് മേൽക്കൈ കിട്ടുന്ന സാംസ്‌‌കാരികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളെ പ്രശ്നവൽക്കരിക്കുന്നവയാണ് ഈ കുറി പ്പുകൾ. ഹിന്ദുരാഷ്ട്രം, ഹിന്ദുസ്വത്വം, പശു രാഷ്ട്രീയം തുടങ്ങി  സാമാന്യബോധത്തെ ആഴത്തിൽ  ഗ്രസിച്ച നിരവധി ആശയങ്ങളോട് മൽപ്പിടിത്തം നടത്തുന്നുണ്ട്‌ ഝാ.  ഹിന്ദുമതം സഹിഷ്ണുതയുടെ മതമാണ്,  മിത്തുകൾ ശരിയായ ചരിത്രംതന്നെ, ഇന്ത്യൻ ചരിത്രകാരന്മാർ മെക്കാളെയുടെ കുഞ്ഞുങ്ങളാണ്‌ തുടങ്ങി ഹിന്ദുത്വവാദികൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പല അസംബന്ധങ്ങൾക്കും ഗ്രന്ഥകാരൻ മറുപടി പറയുന്നു.  പരിവാർ ആശയങ്ങൾ അവർക്കിടയിൽ  ഒതുങ്ങുന്നില്ല. അത് പൊതുസ്ഥലങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ചർച്ചയാകുന്നു. അജ്ഞതയുടെ കട്ടിയായ പുകയ്‌‌ക്കകത്താണ് നമ്മുടെ സംവാദങ്ങൾ ആവിഷ്കരിക്കപ്പെടുന്നത് എന്നത് ഒട്ടും ആശാസ്യമല്ല. ഹിന്ദുമതത്തിന്റെ പൂർവഘട്ടത്തിൽ അതെത്രമാത്രം അക്രമോത്സുകമായിരുന്നു എന്നും കപടദേശീയതയുടെ ഉറവിടങ്ങളേതെല്ലാമെന്നും ചരിത്രത്തിന്റെ കാവിവൽക്കരണം കൊളോണിയൽ  ചരിത്രത്തിന്റെ തുടർച്ചയാകുന്നതെങ്ങനെയെന്നും പുസ്തകം വിവരിക്കുന്നു. ധൈഷണികപ്രതിരോധം തീർക്കുക എന്ന ഉദ്ദേശ്യത്താടെ നിർവഹിക്കപ്പെട്ട കൃതിയാണിത്.   സ്വാതന്ത്ര്യലബ്ധി ഒട്ടും ആഹ്ലാദകരമായ പര്യവസാനമായിരുന്നില്ല. വിഭജനത്തിലും വർഗീയകലാപങ്ങളിലും കൂട്ടക്കുരുതികളിലുമാണ് അത് ചെന്നവസാനിച്ചത്. അതുകൊണ്ടുതന്നെ പണ്ഡിറ്റ് നെഹ്‌‌റുവിന്റെ മുന്നിലുണ്ടായിരുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ഇന്ത്യയെ ഒരു സെക്കുലർ, സോഷ്യലിസ്റ്റ് രാഷ്ട്രമായി  പുനർനിർവചിക്കുന്ന ദൗത്യമാണ് ആദ്യ ഗവൺമെന്റിന് നിറവേറ്റാനുണ്ടായിരുന്നത്. ജാതിരഹിതവും മതസ്പർധയില്ലാത്തതുമായ രാഷ്ട്രസംസ്കാരം അവർക്ക് സൃഷ്ടിച്ചെടുക്കണമായിരുന്നു. ഈ ലക്ഷ്യങ്ങളോടെ മുന്നോട്ടുപോകുന്ന  സമൂഹത്തിനാവശ്യമായ ജ്ഞാനോൽപ്പാദനമായിരുന്നു അക്കാലത്തെ അക്കാദമിക് സമൂഹത്തിന്റെ ലക്ഷ്യം. ചരിത്രഗവേഷണത്തിന്റെ ഉദ്ദേശ്യവും വ്യത്യസ്തമായിരുന്നില്ല. ഇ ന്ത്യയുടെ ഭൂതകാലത്തെ ശാസ്ത്രീയമായും സെക്കുലറായും അപഗ്രഥിക്കുക എന്നതായിരുന്നു ദേശീയ ചരിത്രകാരന്മാരുടെ മുന്നിലുള്ള വെല്ലുവിളി. ചരിത്രപഠനം നിലയുറപ്പിച്ചിരിക്കുന്നത് അതിന്റെ ശാസ്ത്രീയതയിലാണ്.   ശാസ്ത്രീയരീതി കൈയൊഴിഞ്ഞാൽപിന്നെ ചരിത്രം എന്ന വിജ്ഞാനശാഖയ‌്ക്ക് നിലനിൽപ്പില്ല. പുരാതത്വവിജ്ഞാനീയം, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം എന്നീ വിഷയങ്ങളുടെയെല്ലാം സ്വാധീനം ചരിത്രവിജ്ഞാനീയത്തെ സമ്പന്നമാക്കിയിട്ടുണ്ട്‌. ഇതിന്റെ  ഫലമായി സ്വാതന്ത്ര്യാനന്തര   ഇന്ത്യയിൽ  ഏറ്റവുമധികം വികസിച്ച പഠനമേഖലകളിലൊന്ന് ചരിത്രവിജ്ഞാനീയമാണ്. ഈ വളർച്ചയെ പൂർണമായും ഇല്ലാതാക്കുന്നതാണ് ചരിത്രം എന്ന ജ്ഞാനശാഖയ‌്ക്കെതിരെ ഹിന്ദുത്വവാദികൾ നടത്തുന്ന കൈയേറ്റങ്ങൾ.   പ്രാചീന ഇന്ത്യക്ക് ചരിത്രമില്ലെന്ന് ആദ്യം പറഞ്ഞത്‌ കൊളോണിയൽ  ചരിത്രകാരന്മാരാണ്‌. ഏറെക്കുറെ അതിനെ സാധൂകരിക്കുന്നതാണ് സംഘപരിവാർ നിലപാട്. അതുകൊണ്ടാണ് രാമായണവും മഹാഭാരതവുമല്ലാതെ അക്കാലത്തെക്കുറിച്ചറിയാൻ  മറ്റൊന്നുമില്ലെന്നാണ്‌ അവർ ആവർത്തിച്ച് പറയുന്നത്. ശാസ്ത്രീയമായി വിശകലനം ചെയ്യാവുന്ന ഉപാദാനങ്ങളെ അവർ തള്ളിക്കളയുന്നു. ഇന്ത്യൻ സമൂഹം നിശ്ചലസമൂഹമാണെന്ന് പറഞ്ഞതും ബ്രിട്ടീഷുകാരാണ്. ആർഷഭാരതത്തിന്റെ അനാദിയായ തുടർച്ചയിൽ  അഭിമാനിക്കുന്ന ഹിന്ദുത്വവാദികളും ഇക്കാര്യം ആവർത്തിക്കുന്നു. ഇന്ത്യ ആത്മീയതയുടെ ദേശമാണെന്ന പൗരസ്ത്യവാദ സങ്കൽപ്പത്തെയും സംഘപരിവാരം ആവർത്തിച്ചുറപ്പിക്കുന്നു. ഇന്ത്യയുടെ സുവർണദശയെ തകർത്തത് മുഗൾഭരണമാണെന്ന ബ്രിട്ടീഷ് ആരോപണത്തെയും ആർഎസ്എസ് വെള്ളം ചേർക്കാതെ വിഴുങ്ങിയിരിക്കുന്നു.    ആര്യന്മാരുടെ പിന്തുടർച്ചക്കാരാണ് ഹിന്ദുക്കൾ എന്ന വാദം ഇന്ത്യാചരിത്രത്തെ വംശീയമായി നിർവചിക്കുന്നതിലേക്ക് നയിച്ചു. തിലകനും ഹെഡ്ഗേവാറും സവർക്കറും ഈ അഭിപ്രായം ആവർത്തിച്ചിട്ടുണ്ട്. തിലകൻ വേദങ്ങൾക്ക് 8000 ബിസിയോളം പഴക്കമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു. വേദങ്ങളുടെ പഴമയ്‌ക്കൊത്ത് ഹിന്ദുമതത്തിന്റെ പ്രാചീനത്വം തെളിയിക്കാനാകുമെന്ന് അദ്ദേഹം കരുതി. മഹർഷി അരവിന്ദോ ഹിന്ദുത്വത്തെ സനാതനധർമമായി വ്യാഖ്യാനിച്ചു. ഇന്ത്യയിൽ  ജനിച്ചവരും ഹിന്ദു മാതാപിതാക്കളുടെ രക്തത്തിൽ  പിറന്നവരും ആര്യവംശത്തിന്റെ മഹത്വത്തിൽ  അഭിമാനിക്കുന്നവരും സംസ്കൃതത്തിന്റെ സംസ്കാരം ഉൾക്കൊള്ളുന്നവരുമായ ഹിന്ദുക്കളാണ് യഥാർഥത്തിൽ  ഈ രാജ്യത്തിന്റെ അവകാശികൾ എന്ന് സവർക്കർ ആരാണ് ഹിന്ദു എന്ന പുസ്തകത്തിൽ  ആശങ്കയ‌്ക്ക് ഇടയില്ലാത്തവിധം പറഞ്ഞുവയ്‌ക്കുന്നുണ്ട്. ഗോൾവാൾക്കറാകട്ടെ ആര്യന്മാർ ഇന്ത്യയിലേക്ക് വന്നവരാണെന്ന സിദ്ധാന്തത്തെ പൂർണമായി തള്ളിക്കളഞ്ഞ്‌ അവർ തദ്ദേശീയരാണെന്നും ഹിന്ദുക്കളുടെ പൂർവികരാണെന്നും സിദ്ധാന്തിച്ചു. ഇത്തരം സിദ്ധാന്തങ്ങളെ സാധൂകരിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രാചീന ഇന്ത്യാചരിത്ര വിഭാഗവും ഇസ്ലാമിക ചരിത്രവിഭാഗവും ഇന്ത്യൻ സർവകലാശാലകളിൽ  ആദ്യഘട്ടംമുതൽതന്നെ പ്രവർത്തിക്കാൻ തുടങ്ങി. ഈ പഠനവകുപ്പുകളിൽനിന്ന് ഉൽപ്പാദിപ്പിക്കപ്പെട്ട പല ആശയങ്ങളും ആദ്യകാല ദേശീയനേതാക്കളെ വലിയ തോതിൽ  ആകർഷിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള എതിർപ്പ് പുനരുത്ഥാനപരമായിത്തീരുന്നതിന് ഇത് ഇടയാക്കി. ആർ സി മജുംദാറിന്റെ ഇന്ത്യാചരിത്രം ഈ കാഴ്ചപ്പാടിൽ  രചിക്കപ്പെട്ടതാണ്. ഭാരതീയ വിദ്യാഭവൻ പുറത്തിറക്കിയ ഇന്ത്യൻ ജനതയുടെ ചരിത്രവും സംസ്കാരവും എന്ന പുസ്തകത്തിന്റെ എഡിറ്റർ മജൂംദാറായിരുന്നു. ഹിന്ദുഭൂതകാലത്തെ വാഴ്ത്തിയും മധ്യകാലം ഹിന്ദുമുസ്ലിം സംഘട്ടനങ്ങളുടെ കാലമാണെന്ന് വരുത്തിയും ചരിത്രരചന നിർവഹിച്ച മറ്റൊരാൾ ജതുനാഥ് സർക്കാറാണ്. മതപരിവർത്തനം, ബീഫ് എന്ന ഭക്ഷണം, ആചാരങ്ങൾ എന്നിങ്ങനെയുള്ള പ്രമേയങ്ങളെല്ലാം ചരിത്രരചനയുടെ മുഖ്യവിഷയങ്ങളായി വരുന്നത് ഇക്കാലത്താണ്. ഇന്ത്യാചരിത്രം മതങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ ചരിത്രമാണെന്ന് വരുത്തിത്തീർത്ത നിരവധി രചനകൾ സാമാന്യബോധത്തെ വർഗീയമായി വേർതിരിക്കുന്നതിലേക്ക് നയിച്ചു. ഈ ചരിത്രസങ്കൽപ്പത്തോട്‌   ഏറ്റുമുട്ടിയാണ് സ്വാതന്ത്ര്യാനന്തര  ഇന്ത്യയിലെ അക്കാദമിക് ചരിത്രം മുന്നേറിയത്. ആർ എസ് ശർമയും റോമിലാ ഥാപ്പറും കെ എൻ പണിക്കരും ഇർഫാൻ ഹബീബും സൃഷ്ടിച്ചെടുത്ത ജ്ഞാനമണ്ഡലത്തിന്റെ പ്രസക്തി മനസ്സിലാക്കണമെങ്കിൽ  പുനരുത്ഥാനവാദപരമായ ഇ ന്ത്യാചരിത്ര ത്തിന്റെ സാന്ദ്രത എത്രമാത്രമുണ്ടെന്ന് തിരിച്ചറിയുകതന്നെ വേണം. ഝായുടെ പുസ്തകം ഈ ദിശയിലേക്കുള്ള സൂചന നൽകുന്നുണ്ട്.   പശു എന്ന കടങ്കഥ, ഭാരതമാതാവ് നടന്നുതീർത്ത ദീർഘപാത, പ്രാചീന ഇന്ത്യയിലെ ബ്രാഹ്മണിക്കൽ  അസഹിഷ്ണുത, ബൗദ്ധസ്‌തൂപങ്ങൾക്ക് സംഭവിച്ചത്, ദേവതകളുടെ പാനീയം, ചരിത്രരചനാശാസ്ത്രം: കൊളോണിയൽഘട്ടം മുതൽ  പോസ്റ്റ് കൊളോണിയൽ  ഘട്ടംവരെ, ഡി  ഡി കൊസാംബി: ശാസ്ത്രീയ ഇന്ത്യാ ചരിത്രത്തിന്റെ പിതാവ്, ആർ  എസ്  ശർമയും ചരിത്രരചനാശാസ്ത്രവും, ഒരു വർഗീയവാദിയോടുള്ള പ്രതികരണം എന്നിങ്ങനെ പത്ത് പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. തലക്കെട്ടിൽനിന്നുതന്നെ ഇവയുടെ പ്രസക്തി ബോധ്യപ്പെടുമല്ലോ? ഏറ്റവും പ്രസക്തമായ കാര്യം ഗ്രന്ഥകാരന് ചരിത്രം എന്ന ജ്ഞാനപദ്ധതിയോടുള്ള കടുത്ത പ്രതിബദ്ധതയെ വെളിപ്പെടുത്തുന്നുണ്ട് ഈ പുസ്തകം എന്നതാണ്. ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട അരുൺ ഷൂരിയുടെ ഇ ന്ത്യാ ചരിത്രവീക്ഷണത്തെ നിശിതമായി വിമർശിക്കുന്നതാണ് ഒരു വർഗീയവാദിയോടുള്ള പ്രതികരണം എന്ന കുറിപ്പ്. ഉത്തരാധുനികതയുടെ പേരിൽ  ചരിത്രത്തിന്റെ അടിസ്ഥാനസങ്കൽപ്പങ്ങളെ നിരാകരിക്കുന്ന സമ്പ്രദായത്തോടും  ഝായ്‌ക്ക് കഠിനമായ വിയോജിപ്പാണുള്ളത്. 'ചരിത്രം തിരു ത്തി എഴുതിക്കോളൂ. നിങ്ങൾക്ക് അതിനുള്ള തെളിവുകൾ ഉണ്ടെങ്കിൽ! അജ്ഞതയാകരുത് തിരുത്തിയെഴുത്തിന്റെ മാനദണ്ഡം.' ഝാ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. അധികാരത്തോടടുക്കുമ്പോൾ  സത്യങ്ങൾ  കൈയൊഴിയുന്ന ഒരു പണ്ഡിതനോടും ഇദ്ദേഹത്തിന് മതിപ്പില്ല. ഉണർന്നിരിക്കുന്ന ഇത്തരം മനീഷികളിൽ  മാത്രമേ നമുക്കിനി പ്രതീക്ഷയുള്ളൂ.   ayansarang@gmail.com Read on deshabhimani.com

Related News