മലയാളി ഡാ (പ്രളയസമയത്ത‌് ടൂറിസം മേഖലകളിൽ പെട്ടുപോയ അന്യസംസ്ഥാന, അന്യരാജ്യ ടൂറിസ്റ്റുകളിൽ ചിലർ   രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു എന്ന‌് വാർത്തയുണ്ടായിരുന്നല്ലോ. അങ്ങനെ, പ്രളയത്തിന‌് സാക്ഷിയായ  ഒരു സഞ്ചാരി തന്റെ നാട്ടിൽ തിരിച്ചുചെന്ന‌്, സുഹൃത്തിനോ‌ട‌് പറഞ്ഞിരിക്കാവുന്ന കേരള യാത്രാവിവരണം ‐ സ്വതന്ത്രപരിഭാഷ) കേട്ടോ ചങ്ങാതീ, കേര‌ളത്തെക്കുറിച്ച‌് പൊതുവെയും മലയാളികളെക്കുറിച്ച‌് പ്രത്യേകിച്ചും ഹാൻഡ‌്  ബുക്കുകളിലും ഗൂഗിളിലും ഒക്കെ നോക്കിപ്പഠിച്ചിട്ടാണല്ലോ ഞാൻ പ്ലെയിൻ കയറിയത‌്. മലയാളികളെക്കുറിച്ച‌് രസകരമായ ഒരുപാട‌് കാര്യങ്ങൾ കേട്ടിരുന്നു. ഒന്ന‌് കഥാരൂപത്തിലാണ‌്. അതിങ്ങനെ: അടപ്പില്ലാത്ത ഒരു ചരുവത്തിൽ അഞ്ച‌് ഞണ്ടുകളെ കൊണ്ടുവച്ച‌ു. അടപ്പില്ലെങ്കിൽ ഞണ്ട‌് ചാടിപ്പോകില്ലേ എന്ന‌് കണ്ടുനിന്ന ആരോ ചോദിച്ചു. ഇപ്പോൾ കണ്ടോ എന്ന‌് ഞണ്ടിനെ വച്ച ചങ്ങാതിയുടെ മറുപടി. അതാ ഒരു ഞണ്ട‌് രക്ഷപ്പെടാൻ നോക്കുമ്പോഴുണ്ട‌് മറ്റു ഞണ്ടുകളെല്ലാംകൂടി അവനെ താഴേക്ക‌് വലിച്ചിടുന്നു. രണ്ടാമൻ കയറാൻ നോക്കുമ്പോഴും ഇങ്ങനെതന്നെ. ഒരുത്തനെ രക്ഷപ്പെടാൻ മറ്റുള്ളവർ സമ്മതിക്കുന്നില്ല. കൗതുകത്തോടെ ഇതു കണ്ടുനിന്നവരോട്‌ ഞണ്ടിന്റെ ഉടമ പറഞ്ഞു. ‘‘ഇത‌് കേരളത്തിലെ ഞണ്ടുകളാണ‌്. അവർക്ക‌് അടപ്പുവേണ്ട. മലയാളികളുടെ പൊതുസ്വഭാവം ഇവർക്കുമുണ്ട‌്. ഒരുത്തനെ രക്ഷപ്പെടാൻ മറ്റുള്ളവർ സമ്മതിക്കില്ല’’. ഞാനും ആ ഒരു  മൈൻഡ്‌സെറ്റിലാണ‌് പോകുന്നത‌്. ചെന്ന‌് ഒരു നാലുദിവസം കഴിഞ്ഞപ്പോഴാണ‌് ചങ്ങാതീ പ്രളയത്തിന്റെ തുടക്കം.   പ്രളയം കേട്ടറിഞ്ഞതുവച്ച‌് പ്രളയം വന്നതോടെ മലയാളി ഇനി ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഞാൻ ഊഹിച്ചു. മറ്റവന്റെ പിടലിക്ക്‌ ചവിട്ടി താൻ മാത്രം രക്ഷപ്പെടുക. ഹെലികോപ‌്റ്റർ രക്ഷിക്കാൻ വന്നാൽ അതിൽ കയറാൻ വെട്ടും കുത്തും നടത്തുക. തുരുത്തുകളിൽ ഭക്ഷണമെറിഞ്ഞാൽ അതിന്‌ കടിപിടികൂടുക. (ദുരന്തവും യുദ്ധവും പ്രളയവും കലാപവും പകർച്ചവ്യാധികളും ഒക്കെ പിടിക്കപ്പെടുമ്പോൾ പൊതുവേ അങ്ങനാണല്ലോ. ഒരു അരാജകത്വം അങ്ങ‌് വ്യാപിക്കും. ആദ്യം താൻ, പിന്നെ തന്റെ കുടുംബം. മറ്റുള്ളവരുടെ ജീവന‌് ഒരു വിലയുമില്ല. തനിക്ക‌് ജീവിക്കാൻവേണ്ടി മറ്റേയാളിനെ കൊല്ലാൻകൂടി മടിക്കില്ല). പക്ഷേ അളിയാ എനിക്ക‌് വിശ്വസിക്കാൻ പറ്റിയില്ല. താൻ കഷ്ടപ്പെട്ടാലും  സാരമില്ല, മറ്റേയാളിനെ രക്ഷിക്കാനായിരുന്നു മത്സരം. സ്വന്തം വീടുകൾ അങ്ങ‌് തുറന്നിടുകാ. മറ്റുള്ളവർക്ക‌് വന്ന‌് താമസിക്കാൻ. സുരക്ഷിതസ്ഥാനങ്ങളിലിരുന്നവരും ദുരന്തസ്ഥലത്തോട്ട‌് പാഞ്ഞെത്തുകാ. അപ്പൊഴാ എനിക്ക‌് തോന്നിയത‌്, മറ്റേ ഞണ്ടിന്റെ കഥയുണ്ടല്ലോ, അത‌് ഇവർക്ക‌് രസിക്കാൻ ഇവർതന്നെ ഉണ്ടാക്കിയതായിരിക്കും.  രസികശിരോമണികളാണല്ലോ മലയാളീസ‌്. കുഞ്ചൻനമ്പ്യാർ എന്നൊരു അടിപൊളി കവി ഉണ്ടായിരുന്നു കേട്ടോ, കേരളത്തിൽ. ഫലിതക്കാരനാ. ആ ഫലിതം ഇപ്പോൾ ഇവർക്ക‌് മൊത്തം കിട്ടിയിട്ടുണ്ട‌്. അങ്ങനെയായിരിക്കും ഇവർതന്നെ മലയാളിക്കഥകൾ ഉണ്ടാക്കുന്നത‌്.   ആറു മലയാളിക്ക‌്  ആറു മലയാളിക്ക‌്  നൂറുമലയാളം. അതും ഇവർതന്നെ ഇവരെക്കുറിച്ച‌് പറയുന്നതാ, പരസ‌്പരം കളിയാക്കാൻ. എന്നുവച്ചാൽ തെക്കൻ വടക്കനെ കളിയാക്കും. വടക്കൻ തെക്കനെ കുറ്റം പറയും. അതാെക്കെ ഒരു രസത്തിനുവേണ്ടിയാണെന്ന‌് എനിക്ക‌് പൂർണവിശ്വാസമായി. പതിനാല‌് ജില്ലകളാ കേട്ടോ ആ നാട്ടില്‌. അതിൽ തിരുവനന്തപുരത്തിന്റെ ഭാഷയ്‌ക്ക്‌ എന്തോ കോമഡിയുണ്ടെന്ന‌് വേറെ ചില ജില്ലക്കാർ പറയും. മലബാറിൽ അടിയും തല്ലുമൊക്കെയാണല്ലോ എന്ന‌് തെക്കുള്ളവർ തിരിച്ചടിക്കും. മധ്യ തിരുവിതാംകൂറിൽ റബർപണമാണെന്ന്‌ ബാക്കിയുള്ളവർ. ചില ജില്ലകളിൽ പ്രത്യേക മതവിഭാഗങ്ങൾക്ക‌് പരിഗണന എന്ന‌് പരിഭവം പറയും. ബിരിയാണി കഴിക്കണമെങ്കിൽ തലശേരിയിൽ വരണം. തിരുവനന്തപുരത്തൊക്കെ എന്തു ബിരിയാണി എന്ന‌് ഭക്ഷണപരമായി ചില സംഘങ്ങൾ മേൽക്കൈ അവകാശപ്പെടും. പക്ഷേ ടോ, മഴയങ്ങ‌് കടുത്ത‌് വെള്ളമങ്ങ‌് ഉയർന്നപ്പോഴാണ‌് കാണുന്നത‌് ആറുമലയാളിക്ക‌് നൂറുമലയാളമല്ല,  ആറു മലയാളിക്ക‌് ഒറ്റ മലയാളമാണെന്ന‌്. പറഞ്ഞതൊക്കെ നേരംപോക്കാണെന്ന‌്. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒന്നുമില്ല. തലശേരി ബിരിയാണിയും കോഴിക്കോടൻ ഹൽവയും കണ്ണൂരിന്റെ ഊർജവും തിരുവനന്തപുരത്തിന്റെ എന്തരും തൃശൂരിന്റെ എന്തൂട്ടായും  കോട്ടയത്തിന്റെ എന്നതായും ഒക്കെ ഒറ്റമലയാളിയുടെ വിവിധ ഭാവങ്ങ‌ളാണെന്ന‌്.   ആരംഭ ശൂരത്വമോ മലയാളികളെക്കുറിച്ച‌് പറയുന്ന മറ്റൊരു കാര്യം ആരംഭശൂരത്വക്കാർ ആണ‌് ഇവരെന്നാണ‌്. എന്നുവച്ചാൽ തുടക്കം അങ്ങ‌് തകർക്കും. പിന്നെയങ്ങ‌് ഉഴപ്പുമത്രെ. ആ പ്രളയത്തിന്റെ കാര്യത്തിലും എനിക്ക‌് അങ്ങനെ ഒരു തോന്നൽ വന്നു.  ആദ്യബഹളം തീരുന്നതോടെ ആവേശവും തീരുമെന്ന‌്. ഇതാ മഴതോർന്നു. പക്ഷേ ആവേശം തോർന്നില്ലാന്ന്‌ മാത്രമല്ല, ചിലേടങ്ങളിലെങ്കിലും കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ. വെള്ളം വറ്റിക്കാൻ, ചെളി കോരി മാറ്റാൻ, വീട്‌ വൃത്തിയാക്കാൻ ബാച്ച്‌ ബാച്ചായാണ്‌ മലയാളികൾ കാത്തുനിൽക്കുന്നത്‌. പനി പിടിക്കുമെന്നോ കൊതുകുകടിക്കുമെന്നോ ഒന്നും ആരും ശ്രദ്ധിക്കുന്നില്ല.    ചമഞ്ഞു കിടക്കേണ്ട ‘ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം’ എന്നതാണ്‌ മലയാളികളുടെ പൊതുസ്വഭാവത്തെക്കുറിച്ചുള്ള ചൊല്ല‌്‌. എന്നുവച്ചാൽ അൽപ്പം ബുദ്ധിമുട്ടാണെങ്കിലും പുറത്തെ ഗ്ലാമർ കുറയ്‌ക്കാൻ പാടില്ല. രണ്ടു നേരം കുളിക്കുക, പുതിയ വസ്‌ത്രം ധരിക്കുക തുടങ്ങിയവ ബേസിക്‌ ശീലങ്ങളാ. കല്യാണം, പാലുകാച്ച്‌, ജന്മദിനം തുടങ്ങിയവ ആഘോഷമായിട്ടല്ല, മാമാങ്കമായിട്ടാണ്‌ നടത്തുന്നതെന്നാണ്‌ വയ്‌പ‌്. പക്ഷേ ഇപ്പോൾ അവരുടെ ദേശീയ ഉത്സവമായ ഒാണവും ഓണാഘോഷവും അവർ കൈയടിച്ച്‌ പാസാക്കിയാണ്‌ മാറ്റിവച്ചത്‌. ആർക്കും ഒരു പരിഭവവുമില്ല. കൃത്രിമത്തിളക്കങ്ങൾ കുറയ്‌ക്കാൻ അവർക്ക്‌ ഒട്ടും ബുദ്ധിമുട്ടുണ്ടായിട്ടില്ലെടേ... കല്യാണങ്ങളൊക്കെ ഇപ്പോൾ സിംപിൾ കല്യാണങ്ങളാ. വീടിനും സ്ഥലത്തിനും വാരിക്കോരി ഇൻവെസ്റ്റ‌് ചെയ്യുന്നതും കുറയ്‌ക്കുകയാണ്‌.   ചങ്കൂറ്റം  അടികണ്ടാൽ ഓടുന്നവർ, അപ്പുറത്തെ വീട്ടിൽ കള്ളൻ കയറിയാൽ ഇപ്പുറത്തെ വീട്ടിൽ കതകു കുറ്റിയിടുന്നവർ എന്നൊക്കെയും മലയാളീസിനെക്കുറിച്ച്‌ പറയാറുണ്ട്‌. അത്‌ ഭാവനാസൃഷ്ടിയാണെന്നും പച്ചക്കള്ളമാണെന്നും തെളിയിച്ചിരിക്കയാ അവര്‌. വന്നത്‌ വെറും പ്രളയമല്ല. മഹാപ്രളയം. പക്ഷേ അവർ ഒരു നിൽപ്പ്‌ അങ്ങ്‌ നിന്നെടോ. അവരുടെ പരമ്പരാഗത വസ്‌ത്രമുണ്ട‌്. മുണ്ട്‌ എന്നാണ്‌ അവരതിനെ വിളിക്കുന്നത്‌. മുണ്ട്‌ മടക്കി കുത്തുക എന്ന്‌ വച്ചാൽ അവരെ സംബന്ധിച്ചിടത്തോളം മാസ്‌ ഐറ്റമാണ്‌. പ്രളയമിങ്ങനെ വന്നപ്പോൾ അവർ മുണ്ടും മാടിക്കുത്തി മീശയും പിരിച്ച്‌ ഒരു നിൽപ്പങ്ങ്‌ നിന്നു. ചങ്കൂറ്റത്തോടെ ഒരാൾ നിൽക്കുമ്പോൾ എത്ര ശക്തനായ ശത്രുവും ഒന്നു പതറും. പ്രളയം അങ്ങനെ ഒരു പതർച്ചയങ്ങ്‌ പതറി. മുക്കിക്കൊല്ലാൻ നോക്കിയിട്ടും അവർ നീന്തിക്കയറി രക്ഷപ്പെടാതെ അവിടെത്തന്നെ നിന്നു. അതിൽ പ്രളയം തോറ്റു.  കേട്ടോടേ ഫ്രണ്ടേ, അടുത്ത വർഷം മറ്റേതെങ്കിലും രാജ്യത്തിലേക്ക്‌ വേണം ടൂർ എന്നാണ്‌  ഞാൻ പ്ലാൻ ചെയ്‌തിരുന്നത്‌. ആ പ്ലാൻ മാറ്റി. വീണ്ടും പോകുന്നത്‌ കേരളത്തിലേക്കു തന്നെ. കൂടുതൽ ഭംഗിയുള്ള കേരളം കാണാൻ. Read on deshabhimani.com

Related News