ലാഭകരമല്ലാത്ത ജീവിതങ്ങൾ

മണൽപ്പെട്ടി എന്ന നാടകത്തിൽനിന്ന്‌


 ഒരു വൃദ്ധജീവിതംകൊണ്ട് എന്ത് നേട്ടം? ഒട്ടും ലാഭകരമല്ലാത്തവ ഉപേക്ഷിക്കുക എന്നത് കച്ചവടത്തിലെ നിയമമാണ്. കച്ചവടവും ലാഭവും നിയന്ത്രിക്കുന്ന ലോകത്ത് മാനുഷികതപോലും ചരക്കാണ്. ലാഭനഷ്ടങ്ങളുടെ കോളങ്ങളിൽ തരം തിരിച്ച് എഴുതാവുന്ന കണക്ക്. അവിടെ യൗവനം നഷ്ടപ്പെടുന്നതോടെ വലിച്ചെറിയാവുന്ന ഡിസ്പോസിബിൾ ഉൽപ്പന്നമാണ് മനുഷ്യൻ. വാർധക്യം ഭാരമാകുന്ന കാലമാണിത്. ഗുരുവായൂർ അമ്പലനടയിലും മിയാമി ബീച്ചിലും ഉപേക്ഷിക്കപ്പെടുന്നു വൃദ്ധജന്മങ്ങൾ. അവിടെയൊക്കെ ഒരായിരം അച്ഛനമ്മമാരുടെ ദീർഘനിശ്വാസങ്ങളും തേങ്ങലുകളും ഉയർന്നുകേൾക്കാറുമുണ്ട്. സ്വസ്ഥജീവിതത്തിന്’ തടസ്സമാകുമ്പോൾ മക്കൾ വലിച്ചെറിയുന്ന നിരുപയോഗജന്മങ്ങളുടെ കഥകൾ കൗതുകമല്ല ഇന്ന്. വിഖ്യാത അമേരിക്കൻ നാടകകൃത്ത് എഡ്വേർഡ് ആൽബിയുടെ ചെറുരചന സാൻഡ്ബോക്സ് പറഞ്ഞത് ഇത്തരത്തിലൊരു തേങ്ങലിന്റെ കഥയാണ്. മലയാളത്തിലാദ്യമായി ഈ നാടകം രംഗത്തെത്തിച്ചത് തിരുവനന്തപുരം നാട്യഗൃഹമാണ്, മണൽപ്പെട്ടി എന്ന പേരിൽ. വൃദ്ധയായ അമ്മൂമ്മയെ ബീച്ചിൽ ഉപേക്ഷിക്കാനെത്തുന്ന മക്കളുടെ മനോവ്യാപാരവും വൃദ്ധയുടെ ചിന്തകളുമാണ് നാടകം. താൻ സുരക്ഷിതയാണെന്ന് വൃദ്ധ ചിന്തിക്കുമ്പോൾത്തന്നെ എത്രയുംവേഗത്തിലുള്ള ഇവരുടെ മരണത്തിന്റെ സാധ്യതയാണ് മക്കൾ ചിന്തിക്കുന്നത്. അതിസൂക്ഷ്മമായിത്തന്നെ ഈ മനോവിചാരങ്ങളെ അളന്നെടുക്കാൻകഴിഞ്ഞ ആൽബിയുടെ വൈഭവം അരങ്ങിൽ പ്രതിഫലിക്കുന്നു. അതിനെ അതേ അളവിൽ പകർത്താൻ വിവർത്തകനും സംവിധായകനുമായ അലക്സ് വള്ളികുന്നത്തിന് കഴിഞ്ഞിരിക്കുന്നു എന്നതാണ് മണൽപ്പെട്ടിയുടെ വിജയം. ലളിതവ്യാഖ്യാനത്തിലൂടെ, രംഗഭാഷയിലൂടെ അലക്സും നാട്യഗൃഹവും സാൻഡ് ബോക്സിന്റെ മൂർച്ചയുള്ള സന്ദേശം പകർന്നു. അഭിനേതാക്കളിൽ സൂക്ഷ്മമായി കേന്ദ്രീകരിക്കാനും കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളെ കാണിയിലെത്തിക്കാനുമുള്ള  വലിയ അധ്വാനത്തെ അനായാസമായാണ് അഭിനേതാക്കൾ കൈകാര്യംചെയ്തത്. രജുല മോഹൻ, ലൈല വേണുകുമാർ, ക്രിസ്റ്റി, ബാബു പാല, ബൈജു പൂജപ്പുര എന്നിവരാണ് അരങ്ങിൽ. ദീപസംവിധാനം അലക്സ് തന്നെയാണ് നിർവഹിച്ചത്. ഡോ. വി ജി മോഹനൻ നായർ സംഗീതവും ചിറയ്ക്കൽ രാജു രംഗമേൽനോട്ടവും നിർവഹിക്കുന്നു.   Read on deshabhimani.com

Related News